Keralaliterature.com

ബസുകളിലും സീറ്റ് ബെല്‍റ്റ്…

കൊച്ചി: മോട്ടോര്‍വാഹന നിയമഭേദഗതി അനുസരിച്ച് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കും. മോട്ടോര്‍വാഹന നിയമഭേദഗതി 194എ എന്ന വകുപ്പിലാണ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ ഉള്ളത്. ഇത് പ്രകാരം യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍1000 രൂപ പിഴയീടാക്കും. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റോ മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലാത്തവരും ഇതേ പിഴ ഒടുക്കണം. എല്ലാ സീറ്റിനും ബെല്‍റ്റില്ലെങ്കിലും ഒരു സീറ്റിന് ബെല്‍റ്റില്ലെങ്കിലും ആര്‍.സി. ബുക്കിന്റെ ഉടമ 1000 രൂപ തന്നെ പിഴയടക്കണം.സീറ്റ് ബെല്‍റ്റ് ലംഘനത്തിന് പിഴ കര്‍ശനമാക്കുകയാണെങ്കില്‍ സ്‌കൂള്‍ബസുകള്‍ ഉല്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തില്‍പ്പെടും. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയില്‍നിന്ന് രണ്ടുസീറ്റ് കുറച്ചശേഷം (ഡ്രൈവറും കണ്ടക്ടറും) ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാന്‍ അനുവദിക്കുക. ബസിന് പെര്‍മിറ്റ് കൊടുക്കുമ്പോഴുള്ള വ്യവസ്ഥയാണിത്. സീറ്റൊന്നിന് 600 രൂപയും നില്‍ക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് പെര്‍മിറ്റ് ഇനത്തില്‍ ഈടാക്കുന്നത്. ഒരു ബസിന്റെ പെര്‍മിറ്റിനുള്ള മാനദണ്ഡത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്‌ക്കേണ്ടി വരും. തുടര്‍ന്ന് യാത്രക്കാരെ അവിടെയിറക്കി ബസ് കസ്റ്റഡിയിലെടുക്കും. ബസ്സ് ഓണേഴ്‌സ് തന്നെ വേണം യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കുള്ള വേറെ അവസരമൊരുക്കേണ്ടത്. നില്‍ക്കുന്ന യാത്രക്കാരെ ഒഴിവാക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കണം. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുകയുംവേണം. ഈ ഉത്തരവിറക്കുന്നതിനെക്കുറിച്ച് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് ഒന്നും സൂചിപ്പിച്ചിട്ടില്ല. ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിലെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കുമെന്നും. ബസ് സര്‍വീസിനെത്തന്നെ ബാധിക്കുന്ന ഇത്തരം വ്യവസ്ഥകള്‍ ഗതാഗതവകുപ്പ് ഉടന്‍ ചര്‍ച്ചചെയ്യ്ത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇതുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

Exit mobile version