കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുന്നു.ഇന്ത്യപാക് പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു 1999 ജൂലൈ 26ലെ കാര്‍ഗില്‍ യുദ്ധ വിജയം. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ് കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തി ഇന്ത്യ വിജയക്കൊടി പാറിച്ചത്. 500 ഓളം ധീരയോദ്ധാക്കളുടെ ജീവനാണ് ഈ പോരാട്ടത്തില്‍ രാജ്യത്തിന് നഷ്ടമായത്. ജുലൈ 26 ‘കാര്‍ഗില്‍ വിജയ് ദിവസ്’ ആയി രാജ്യം കൊണ്ടാടുന്നത് കാര്‍ഗില്‍ മഞ്ഞുമലകളില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഈ വീരപോരാളികള്‍ക്കുള്ള ആദരമായാണ്.
1999 മെയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. 1999 മെയ് മാസത്തിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗര്‍ കുന്നുകളിലേക്ക് പാക് സൈന്യവും ഭീകരരും നുഴഞ്ഞു കയറിയത്. ആട്ടിടയന്മാരാണ് പാക് സൈന്യത്തെ ഈ ഭാഗത്ത് കണ്ടതായുളള വിവരം ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. അതിശൈത്യത്തെ തുടര്‍ന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിന്‍വലിച്ച തക്കം നോക്കിയായിരുന്നു പാക് സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയത്.
പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. മൂന്നു മാസത്തോളം ഓപ്പറേഷന്‍ നീണ്ടുനിന്നു. പാക്കിസ്ഥാന്‍ സൈന്യത്തെയും നുഴഞ്ഞു കയറ്റക്കാരെയും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യം പൂര്‍ണമായി തുരത്തി.
1999 ജൂലൈ 14 ന് ഓപ്പറേഷന്‍ വിജയ് വിജയകരമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. 527 ജവാന്മാര്‍ കാര്‍ഗിലില്‍ വീരചരമം പ്രഖ്യാപിച്ചു. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓര്‍മ പുതുക്കലാണ് കാര്‍ഗില്‍ ദിനം.