ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം
(ജീവചരിത്രം)
എം.കെ.സാനു
ഡി.സി ബുക്‌സ് 1988
മലയാളികളുടെ ഹരമായിരുന്ന കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ ജീവചരിത്രമാണിത്. ഗ്രന്ഥകര്‍ത്താവിന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു:
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം രചിക്കാനുള്ള പരിശ്രമം ഞാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പലരെയും കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. പലരുമായും അഭിമുഖസംഭാഷണം നടത്തി. കത്തുകളും രേഖകളുമായി കുറച്ചേറെ കാര്യങ്ങള്‍ സംഭരിക്കയും ചെയ്തു… കാലം ദ്രുതഗതിയില്‍ കടന്നുപോയതിനിടയ്ക്ക്, ഞാന്‍ ശേഖരിച്ചുവച്ച പലതും കൈയില്‍നിന്നു നഷ്ടപ്പെട്ടു.
ആളുകള്‍-ചങ്ങമ്പുഴയുടെ ബന്ധുക്കളും സ്‌നേഹിതരും-നല്‍കിയ വിവരങ്ങളില്‍ പൊരുത്തമില്ലാത്ത പലതുമുണ്ടായിരുന്നു. പരസ്പരം നിഷേധിക്കുന്ന വസ്തുതകളുമുണ്ടായിരുന്നു. അവയ്ക്കെല്ലാം ഒരു ‘പാറ്റേണ്‍’ നല്‍കി ഞാന്‍ ക്രമീകരിച്ചിരുന്നു. അവയും കാലപ്രവാഹത്തില്‍ അപ്രത്യക്ഷമായി. എങ്കിലും, കൈയിലുള്ളതെല്ലാം ചേര്‍ത്ത് എന്റെ എളിയ മനസ്സിന് ആവുന്ന രീതിയില്‍ ഒരു ജീവചരിത്രത്തിന് ഞാന്‍ രൂപം നല്‍കി-അതാണ് ഈ പുസ്തകം. ശ്രീമതി ശ്രീദേവി ചങ്ങമ്പുഴ, സര്‍വശ്രീ പോട്ടയില്‍ എന്‍.ജി. നായര്‍, ചങ്ങമ്പുഴ പ്രഭാകരന്‍, ശ്രീകുമാര്‍ മുതലായവരോട് ഞാന്‍ അത്യ ധികം കടപ്പെട്ടിരിക്കുന്നു. അവര്‍ നല്‍കിയ സഹകരണം വിലപ്പെട്ടതാണ്.
വസ്തുതാപരമായി ചില പാളിച്ചകള്‍ ഇതില്‍ വന്നുപോയിട്ടുണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു. എങ്കിലും, പലരോടും ചോദിച്ചും അന്വേഷിച്ചും. സമ്പാദിച്ച വസ്തുതകളെ അടിസ്ഥാനമാക്കി മാത്രം പുസ്തകം രചിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. ആ പരിശ്രമത്തിലുള്ള ആത്മാര്‍ത്ഥതയോര്‍ത്തെങ്കിലും, എനിക്കു പറ്റിയിരിക്കാവുന്ന തെറ്റുകള്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.
സഞ്ജീവിക്ക് ചങ്ങമ്പുഴ അയച്ച കുറച്ചു കത്തുകള്‍ ശ്രീ. സുകുമാരന്‍ പൊറ്റെക്കാട്ട് സ്‌നേഹപൂര്‍വം എനിക്കു തന്നിരുന്നു. ചങ്ങമ്പുഴയോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയും സ്‌നേഹവും പുലര്‍ത്തിയ ആ വിശിഷ്ടവ്യക്തിയുടെ കത്തുകളും കൈമോശം വന്നുപോയി. കുറ്റബോധത്തോടെ ആ വിവരം ഇവിടെ രേഖപ്പെടുത്തുകയല്ലാതെ മറ്റെന്തു നിവൃത്തി?
ഈ പുസ്തകം രചിക്കാന്‍ സഹായിച്ചവര്‍ പലരാണ്. അവരുടെ നേര്‍ക്ക് എനിക്ക് നിസ്സീമമായ കൃതജ്ഞതയുണ്ട്. ആരുടെയും പേരെടുത്തു പറഞ്ഞ് ആ കൃതജ്ഞതാബോധത്തെ മലിനീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
പലര്‍ക്കും രുചിക്കാത്ത പല കാര്യങ്ങളും ഇതിലെഴുതിപ്പോയിട്ടുണ്ട്. ക്ഷമിക്കൂ-പരമ്പരാഗത സദാചാരബോധത്തിനപ്പുറം നിന്നുകൊണ്ടേ ഇതെഴുതാവൂ എന്ന ധാരണയാണ് എന്നില്‍ ആധിപത്യം ചെലുത്തിയത്. ബാഹ്യചേഷ്ടകളില്‍ മാത്രം ഒതുക്കിക്കാണുന്ന സദാചാരബോധം അത്ര ആരോഗ്യകരമാണെന്ന പക്ഷവും എനിക്കില്ലല്ലോ.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴും, പരിശുദ്ധമായ സ്‌നേഹത്തോടെ ഈ യത്‌നത്തില്‍ എന്നെ സഹായിച്ചവരെക്കുറിച്ചുള്ള ഓര്‍മ്മ തെളിഞ്ഞുവരുന്നു. അത് സൗരഭ്യമായി എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
എം.കെ. സാനു
എറണാകുളം
Leave a Reply