ഗാഥാപ്രസ്ഥാനത്തില്‍ ഉണ്ടായ പ്രഥമഗണനീയമായ കൃതി. ചെറുശേ്ശരിയാണ് ഗ്രന്ഥകര്‍ത്താവ്. കൃഷ്ണപ്പാട്ട്, ചെറുശേ്ശരി ഗാഥ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരകേരളത്തില്‍ വടകര ചെറുശേ്ശരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ കര്‍ത്താവ് എന്നാണ് മലയാള ഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളത്. കൃഷ്ണഗാഥയുടെ കര്‍ത്താവ് പുനം നമ്പൂതിരിയാണെന്നു മറ്റൊരു പക്ഷവും ഉണ്ട്. കോലത്തിരി ഉദയവര്‍മ്മയുടെ ആജ്ഞാനുസരണം നിര്‍മ്മിച്ച കാവ്യമാണത്രെ കൃഷ്ണഗാഥ.
    കൊ.വ. 621 മുല്‍ 650 വരെയുള്ള കാലത്തിനിടയ്ക്കാണ് ഈ കൃതി രചിച്ചതത്രേ.
ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള അത്ഭുതകഥകളാണ് കൃഷ്ണഗാഥയില്‍. ഭാഗവതത്തെ അനുകരിക്കുന്ന കൃതിയാണ്. 47 കഥകളാണ് ഇതിലുള്ളത്. ഇതെല്ലാം ഭാഗവതത്തില്‍ ഉള്ളതുമാണ്. കവിയുടെ അനിതരസാധാരണമായ ഭാവനാവിലാസത്തിന് ഉദാഹരണങ്ങളാണ് കൃഷ്ണഗാഥയിലെ രുക്മിണീസ്വയംവരം, സുഭദ്രാഹരണം തുടങ്ങിയ ഭാഗങ്ങള്‍.
    ശുദ്ധമലയാളം, പച്ചമലയാളം എന്നൊക്കെ പറയാവുന്ന ഭാഷയില്‍ ഉണ്ടായ ആദ്യകൃതിയാണ് കൃഷ്ണഗാഥ. ലളിതങ്ങളായ സംസ്‌കൃതപദങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ. ശുദ്ധമലയാള പദങ്ങളുടെ ശക്തിയും വ്യക്തിയും മാത്രമല്ല, സ്വാരസ്യവും സൗന്ദര്യവും കാണാം.
ഉദാഹരണപദ്യങ്ങള്‍ഃ
1.    ശ്രീകൃഷ്ണന്റെ ശിശുക്രീഡ വര്‍ണ്ണിച്ചിരിക്കുന്നു.
    'മുട്ടും പിടിച്ചങ്ങു നിന്നുതുടങ്ങിനാര്‍,
    ഒട്ടുനാളങ്ങനെ ചെന്നവാറേ
    മുട്ടും വെടിഞ്ഞു നിന്നൊട്ടു നടക്കയും
    പെട്ടെന്ന് വീഴ്കയും കേഴുകയും
    അമ്മമാര്‍ ചെന്നങ്ങു തെറ്റെന്നെടുക്കയും
    എന്മകള്‍ വാഴ്‌കെന്നു ചൊല്ലുകയും
    പൂഴി തുടയ്ക്കയും മെയ്യില്‍ മുകയ്ക്കയും
    കേഴൊല്ലായെന്നങ്ങു ചൊല്ലുകയും
    ഇങ്ങനെയോരോരോ വേലകളുണ്ടായി
    മംഗലം പൊങ്ങുന്ന ഗോകുലത്തില്‍..''

2.    'പാരിച്ചു നിന്നുള്ള പാഴായ്മ ചെയ്കയാല്‍
    പാശത്തെക്കൊണ്ടു പിടിച്ചു കെട്ടി
    തിണ്ണം വലിച്ചു മുറുക്കി ഞാന്‍ നില്‍ക്കയാ-
    ലുണ്ണിപ്പൂമേനിയില്‍ പുണ്ണില്ലല്ലീ?
    എന്നങ്ങു ചൊല്ലിത്തലോടി തുടങ്ങിനാള്‍
    നന്ദജന്‍തന്നുടെ മേനി തന്നെ.
    നിത്യവും കണ്ട കിനാവുകളെല്ലാമേ
    സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോള്‍;
    മുന്നമേപ്പോലെ വന്നിന്നു ഞാനെന്നുടെ
    പൊന്നാരപ്പൈതലെപ്പൂണ്ടേനല്ലോ.
    എന്മുതുകേറി നിന്നാനകളിപ്പതി-
    നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ,
    തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി-
    ന്നെന്‍ കഴുത്തേറുക വേണ്ടായോച്ചൊല്‍?
    ഓടിവന്നെന്നുടെ നന്മടിതന്നിലായ്
    താടിപിടിച്ചു വലിക്കേണ്ടായോ?

3.     അല്ലിനെ വെല്ലുവാന്‍ വല്ലുമപ്പൂഞ്ചായല്‍
    വില്ലിനെ വെല്ലുവാന്‍ വല്ലും ചില്ലി

4.     ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു
    ചന്ദ്രികമെയ്യില്‍ പരക്കയാലെ
    പാലാഴി വെള്ളത്തില്‍ മുങ്ങിനിന്നീടുന്ന
    നീലാഭമായുള്ള ശൈലം പോലെ.

വൃന്ദാവനത്തില്‍ ഗോപികമാരും ശ്രീകൃഷ്ണനും കൂടി സഞ്ചരിക്കുന്ന ഒരു വര്‍ണ്ണന.
    'വൃന്ദാവനം തന്റെ വെണ്‍മയെ കാണ്മാനായ്
    മന്ദമായെന്നും നടന്നാരപ്പോള്‍
    മുല്ല തുടങ്ങീന വല്ലരിജാലത്തെ
    ചെല്ലവേ ചേര്‍ത്തു തന്‌മെയ്യിലെങ്ങും
    ശാഖകളാകിന പാണികളെക്കൊണ്ടു ചാലപ്പിടിച്ചു തഴുകുന്നേരം
    മെയ്യിലെഴുന്ന വിയര്‍പ്പുകളെപ്പോലെ
    വയ്യവേ തേന്തുള്ളി തൂകിത്തൂകി
    ചാരുക്കളായുള്ള ചാല നിറന്നുള്ള
    ദാരുക്കളോരോന്നേ കണ്ടുകണ്ട്
    പൂമണം തങ്ങിന തെന്നല്‍ക്കിടാവിനെ-
    ത്തൂമ കലര്‍ന്നുള്ളില്‍ കണ്ടുകൊണ്ട്,
    കോകപ്പിടകളും കേകിനിരകളും
    കൂകുന്നതെങ്ങുമേ കേട്ട് കേട്ട്
    വണ്ടിണ്ട തങ്ങളില്‍ കൂടിക്കലര്‍ന്നുടന്‍
    മങ്ങുന്നതെങ്ങുമേ നോക്കി നോക്കി…
ഓജസും സൗകുമാര്യവും നിറഞ്ഞ പദസമൂഹങ്ങളുടെയും ശൈലികളുടെയും അമൂല്യശേഖരം കൃഷ്ണഗാഥയിലുണ്ട്. അലങ്കരസമൃദ്ധമാണ് ഈ കൃതി. മിക്ക അലങ്കാരങ്ങളും കാണാമെങ്കിലും ഉല്‍പ്രേക്ഷ, ഉപമ, രൂപകം, എന്നിവയ്ക്കാണ് പ്രാധാന്യം. 'ഉപമാ കാളിദാസസ്യ' അതുപോലെ 'ഉല്‍പ്രേക്ഷാ കൃഷ്ണഗാഥായാം' എന്നൊരു ചൊല്ലുണ്ട്. ഉപമയുടെ കാര്യത്തിലും കൃഷ്ണഗാഥാകാരന്‍ ഒട്ടും പിന്നിലല്ല.
    ഫലിതസമൃദ്ധമാണ് കൃഷ്ണഗാഥ. നമ്പൂതിരിഫലിതമാണ് പലതും. സുഭദ്ര പരിഭ്രമംകൊണ്ട് കമിതാവായ അര്‍ജ്ജുനന് പഴത്തിന്റെ കാമ്പ് കളഞ്ഞ് തൊലി ഇലയില്‍ വിളമ്പിക്കൊടുക്കുന്നു. അര്‍ജ്ജുനന്‍ ആ തൊലിയെടുത്ത് പഴമാണെന്നു കരുതി ഭക്ഷിക്കുന്നതും ഫലിതത്തിന് ഉദാഹരണമാണ്. എന്നാല്‍, പൊട്ടിച്ചിരിയേക്കാള്‍ പുഞ്ചിരിയാണ് ചെറുശേ്ശരിക്ക് ഇഷ്ടം.
ഉദാ :     തീക്കും തന്നുണ്ണിലേ തോന്നിത്തുടങ്ങിതേ
    തീക്കായ വേണമെനിക്കുമെന്ന്
സംഭോഗശൃംഗാരത്തേക്കാള്‍ വിപ്രലംഭശൃംഗാരത്തിനാണ് കൃഷ്ണഗാഥയില്‍ മുന്‍തൂക്കം. ഗോപികാദുഃഖം, രാസക്രീഡ എന്നിവയില്‍ ശൃംഗാരരംഗങ്ങള്‍ കാണാം. ഗോപികാദു:ഖത്തില്‍ വിപ്രലംഭശൃംഗാരവും രാസക്രീഡയില്‍ സംഭോഗശൃംഗാരവും.
    'കവി വാക്കുകൊണ്ട് ചിത്രമെഴുതുന്നു' എന്ന പറയുന്നതു അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്ന രീതിയില്‍ ചെറുശേ്ശരി അനേകം ചിത്രങ്ങള്‍ കവിതയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാന്‍കൂട്ടം നില്‍ക്കുന്ന നില്പ് :
    'മാണ്‍പെഴുന്നോര്‍ ചില മാമ്പേടകളെല്ലാം
    ചാമ്പിമയങ്ങിന കണ്‍മിഴിയും
    ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലമ്പോടു
    വട്ടത്തില്‍ മേവിതേ പെട്ടന്നപ്പോള്‍
    മന്ഥരമായൊരു കന്ഥരം തന്നെയും
    മന്ദം നുറുങ്ങു തിരിച്ചുയര്‍ത്തി
    ചില്ലികളാലൊന്നു മെല്ലെന്നുയര്‍ത്തീട്ടു
    വല്ലഭീ വല്ലഭന്‍ തന്നെ നോക്കി
    കര്‍ണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
    കര്‍ണ്ണം കുഴല്ക്കു കൊടുത്തു ചെമ്മേ
    വായ്‌ക്കൊണ്ട പുല്ലെല്ലാം പാതിചവച്ചങ്ങു
    വായ്ക്കുന്ന മെയ്യിലൊഴുക്കി നിന്ന്
    കൈതവമറ്റു താന്‍ കൈ തുടര്‍ന്നു ചിലര്‍
    പൈതങ്ങളെയും മറന്നു ചെമ്മേ
    ചിത്രത്തില്‍ച്ചേര്‍ത്തു ചമച്ചകണക്കെയ-
    ന്നിശ്ചലമായൊരു മെയ്യുമായി''.
ലളിതസുന്ദരമായ പദങ്ങള്‍, അനുക്രമമായ അന്വയക്രമം, പെട്ടെന്നു മനസ്‌സില്‍പറ്റിപ്പിടിക്കുന്ന അര്‍ത്ഥം, പതിഞ്ഞിഴഞ്ഞ ഗാനരീതി, മനസ്‌സിനെ കുളിര്‍പ്പിക്കുകയും തളിര്‍പ്പിക്കുകയും ചെയ്യുന്ന കല്പനകള്‍, വിശ്വവിമോഹനമായ കഥാവസ്തു എന്നിവയാണ് കുടില്‍തൊട്ടു കൊട്ടാരംവരെ 'കൃഷ്ണഗാഥ'യ്ക്ക് പ്രചാരം നേടിക്കൊടുത്തത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ മഹാകാവ്യം എന്നാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള വിശേഷിപ്പിച്ചിട്ടുള്ളത്.