മനുഷ്യരെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കിത്തീര്‍ക്കുന്നതാണ് ഭാഷ. മനസ്സ്, ചിന്ത, ഭാവന, പങ്കുവെയ്ക്കല്‍, സംസ്‌കാരം, ലോകബോധം, ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂര്‍ണ്ണമായി ഭാഷയുടെ ആവിഷ്‌കാരമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നു. മനുഷ്യരെ തമ്മില്‍ പ്രാഥമികമായി വേര്‍തിരിക്കുന്ന ഒന്നാമത്തെ സവിശേഷതയാണ് ഭാഷ.'സംസാരിക്കുന്ന ജീവി' എന്നനിലയില്‍ മനുഷ്യന്‍ മനുഷ്യനു തന്നെ ഒരത്ഭുതവസ്തുവാണ്. അതുകൊണ്ട് ഭാഷയുടെ ആവിര്‍ഭാവത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ മനുഷ്യന്‍ മനുഷ്യനെപ്പറ്റി അത്ഭുതപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ആരംഭിച്ചിരിക്കണം.
    പുരാതന ഇന്ത്യ, ചൈന, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ ഭാഷാപഠനത്തിന് സവിശേഷമായ പ്രാധാന്യം കല്പിച്ചിരുന്നു. മധ്യകാല അറബികള്‍, ജൂതന്മാര്‍ എന്നിവര്‍ക്കിടയിലും താല്പര്യം കണ്ടിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ് യൂറോപ്പില്‍ ഭാഷാപഠന വിഷയത്തില്‍ മൗലികമായ ചില അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ചരിത്രപരമായ ഭാഷാശാസ്ത്രത്തിന് (historical linguistics) ആരംഭമായത്. ഭാഷയുടെ ചരിത്രപരവും താരതമ്യപരവുമായ പഠനത്തിനു ലഭിച്ച അംഗീകാരം വലുതായിരുന്നു. വിവിധ ഭാഷാഗോത്രങ്ങളെ സംബന്ധിച്ച നൂതന സങ്കല്പനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പദങ്ങളുടെ നിരുക്തിയിലൂന്നിയുള്ള അന്വേഷണങ്ങള്‍ കൊണ്ടും ഭാഷാപഠനത്തിന് ശാസ്തീയാന്വേഷണത്തിന്റെ പദവിലഭിച്ചു. പൊതുവില്‍ ഭാഷാവിജ്ഞാനീയം (philology)എന്ന പേരില്‍ ഭാഷാപഠനം സര്‍വകലാശാലകളില്‍ ആദരിക്കപ്പെട്ടു. ഭാഷയെ അതിനുള്ളില്‍ നിന്നുകൊണ്ടു തന്നെ പഠിക്കുന്നതാണ് വിവരണാത്മകപഠനങ്ങള്‍. ബോദിന്‍ ദെ കോര്‍ത്‌നെ(Baudouin de courtenay)മുതലായ പുതിയ പണ്ഡിതര്‍ വന്ന കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായിത്തീര്‍ന്നത് ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍ ആയിരുന്നു. ആധുനികഭാഷാശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടാവുന്നത് അദ്ദേഹത്തെയാണ്. യൂറോപ്യന്‍ ഭാഷാപഠന രംഗത്ത് അദ്ദേഹം സ്വാധീനം ചെലുത്തി. സൊസ്സൂറിയന്‍ പാരമ്പര്യത്തിന്റെ ഭാഗമാകാതെ തന്നെ ജെ.ആര്‍. ഫിര്‍ത്തിനെപ്പോലുള്ള നരവംശപഠിതാക്കള്‍ വിവരണാത്മമായി ഭാഷയെ പഠിക്കാനുള്ള നീക്കം നടത്തി.അമേരിക്കന്‍ ഐക്യനാടുകളില്‍ മരിച്ചുകൊണ്ടിരിക്കുന്ന നാട്ടുഭാഷകളെപ്പറ്റി പഠനം നടത്തിയ ഫ്രാന്‍സ് ബോസ് ആണ് അമേരിക്കന്‍ ഭാഷാശാസ്ത്രപാരമ്പര്യത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന എഡ്വേര്‍ഡ് സപീര്‍ ഭാഷാശാസ്ത്രത്തിന്റെ അമേരിക്കന്‍ പാരമ്പര്യത്തിന് സ്വതന്ത്രമായ ഒരു ചിട്ട ഉണ്ടാക്കിയെടുത്തു. എന്നാല്‍ അമേരിക്കന്‍ ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും വലിയ സംഭാവന ലിയനാര്‍ഡ് ബ്ലൂംഫീല്‍ഡ് ആയിരുന്നു. അദ്ദെഹത്തിന്റെ ലാംഗ്വേജ് (1933) എന്ന ഗ്രന്ഥം അമേരിക്കന്‍ ഭാഷാശാസ്ത്രത്തിന്റെ പുതിയ പദ്ധതിയായി മാറി. ദത്തങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരണാത്മക വ്യാകരണ പദ്ധതിയുടെ കൃത്യമായ നിര്‍വചനം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
    ഇക്കാലത്ത് ഭാഷാപഠനം ഓരു ശാസ്ത്രശാഖയായി മാറുകയായിരുന്നു. യൂറോപ്പില്‍ ഭാഷാപഠനം സൈദ്ധാന്തികമായിട്ടാണ് വികാസം പ്രാപിച്ചത്. കസേരയിലിരുന്നുള്ള ഭാഷാപഠനമെന്ന് ഈ സമീപനം അമേരിക്കന്‍ പണ്ഡിതന്മാരാല്‍ പരിഹസിക്കപ്പെട്ടിരുന്നു. 1957ല്‍ ലോക ഭാഷാ പഠനത്തിന്റെ ദിശതന്നെ മാറ്റിക്കളഞ്ഞ നോം ചോംസ്‌കി (Noam Chomsky)യുടെ പഠനങ്ങളും സിദ്ധാന്തങ്ങളും പുറത്ത് വന്നു. ശാസ്ത്രീയ ഭാഷാപഠനത്തിന്റെ ചരിത്രം ചോംസ്‌കിയെ ചുറ്റിപ്പറ്റിയായിരുന്നു. ചോംസ്‌കിയന്‍ നിലപാടുകളും അവക്കെതിരായ വിമര്‍ശനങ്ങളും കൊണ്ട് മുഖരിതമായിരുന്നു അരനൂറ്റാണ്ടിലധികം കാലത്തെ ഭാഷാശാസ്ത്രലോകം. പ്രജനക വ്യാകരണം, സാര്‍വലൗകിക ഭാഷാവ്യാകരണം മുതലായ ചോംസ്‌കിയന്‍ ആശയങ്ങള്‍ ഭാഷാശാസ്ത്രരംഗത്ത് ഇന്നും സജീവമാണ്. ചോംസ്‌കിയന്‍ ആശയങ്ങള്‍ തികച്ചും നൂതനമായ ഒരു വിജ്ഞാനശാഖയ്ക്ക് -വൈജ്ഞാനികശാസ്ത്രം അഥവാ കോഗ്‌നിറ്റീവ് സയന്‍സ് രൂപംനല്‍കി.    ഭാഷാഭേദവിജ്ഞാനീയം ആണ് ഈ മേഖലയിലെ മറ്റൊന്ന്. സാമൂഹികഭാഷാശാസ്ത്രം എന്ന ശാഖ വേറൊന്ന്്. സൈക്കോ ലിംഗ്വിസ്റ്റിക്‌സ് മുതലായ മറ്റു ശാഖകളും വികസിച്ചുവന്നിട്ടുണ്ട്. ഭാഷയിലെ ലിംഗവിവേചനം, കീഴാളവല്‍ക്കരണ സ്വഭാവം, വംശീയത എന്നിങ്ങനെ നിരവധി പുതുപ്രശ്‌നങ്ങളും ഭാഷാപഠനരംഗത്ത് വന്നിട്ടുണ്ട്. ഭാഷാദര്‍ശനരംഗത്ത് ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക് ദെറീദ അവതരിപ്പിച്ച അപനിര്‍മ്മാണതത്വങ്ങള്‍ ഭാഷയെസംബന്ധിച്ച് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമാന്യധാരണകളെ അട്ടിമറിച്ചു.

ഭാരതീയ പാരമ്പര്യം
    സംസ്‌കൃതഭാഷയിലാണ് ലോകത്ത് ആദ്യമായി ഭാഷാപഠനത്തിന് നാന്ദി കുറിക്കപ്പെട്ടത്. വേദങ്ങളുടെ ഭാഗമായി രൂപപ്പെട്ട വേദാംഗങ്ങളുടെ ശാഖ എന്ന നിലയിലാണ് ഭാഷാപഠനം ആരംഭിക്കുന്നത്. വര്‍ണ്ണസ്ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശിക്ഷ, അര്‍ത്ഥജ്ഞാനത്തിനുതകുന്ന നിരുക്തം, ഭാഷാമര്‍മ്മം വെളിപ്പെടുത്തുന്ന വ്യാകരണം എന്നിങ്ങനെയുള്ള മൂന്നു വേദാംഗങ്ങള്‍ ഭാഷയുടേതാണ്. വേദസ്വരൂപ ജ്ഞാനത്തിന്റെ ഏകമാര്‍ഗ്ഗമെന്ന നിലയില്‍ വ്യാകരണത്തിന് മുഖ്യസ്ഥാനമാണുള്ളത്. 'പ്രധാനം ച ഷഡംഗേഷു വ്യാകരണം' എന്ന് മഹാഭാഷ്യത്തില്‍ കാണുന്നു. 'വേദസ്യമുഖം വ്യാകരണം സ്മൃതം'(വേദത്തിന്റെ മുഖം വ്യാകരണമാണ്) എന്ന കീര്‍ത്തിയും ഭാഷാപഠനത്തിന് വൈദികജനത കല്പിച്ചിരുന്നു. 'പ്രഥമം ഛന്ദസാമംഗം പ്രാഹുര്‍വ്യാകരണം ബുധാഃ'(വേദത്തിന്റെ അര്‍ത്ഥാവബോധത്തിന് പ്രധാന ഉപകാരി വ്യാകരണശാസ്ത്രമാണ്)  എന്ന് ഭര്‍തൃഹരിയും പറയുന്നു. പാണിനി മഹര്‍ഷി രചിച്ച അഷ്ടാദ്ധ്യായി എന്ന വ്യാകരണ ഗ്രന്ഥമാണ് ലോകത്തിലെതന്നെ പ്രഥമവും പ്രധാനവുമായ വ്യാകരണഗ്രന്ഥം. ബിസി 350നും 250നും ഇടയില്‍ രചിക്കപ്പെട്ട ഈ വ്യാകരണഗ്രന്ഥത്തെ 'മനുഷ്യബുദ്ധിയുടെ ഏറ്റവും മഹത്തായ സ്മാരകങ്ങളിലൊന്ന് 'എന്നാണ് വിഖ്യാത വിവരണാത്മക ഭാഷാശസ്ത്രജ്ഞനായ ബ്ലൂംഫീല്‍ഡ് വിശേഷിപ്പിച്ചത്. വിവരണാത്മക വ്യാകരണത്തിന്റെ ഈ മാതൃകാഗ്രന്ഥം ലോകഭാഷാപഠനത്തിന്റെ ഗതി തിരിച്ചുവിടുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ലോകഭാഷകളുടെ മാതാവാണ് സംസ്‌കൃതം എന്നൊരു വിശ്വാസം ഭാരതീയപണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ പാണിനീയത്തിന്റെ വിവരണത്മകമായ പൂര്‍ണ്ണത കാരണമായിത്തീര്‍ന്നു. സൂത്രരൂപത്തില്‍ രചിക്കപ്പെട്ടിട്ടുള്ള അഷ്ടാദ്ധ്യായി മനസ്സിലാക്കുക വളരെ ശ്രമകരമാണ്. അതുകൊണ്ട് അതിന് നിരവധി വാര്‍ത്തികങ്ങള്‍ (വ്യാഖ്യാനങ്ങള്‍) ഉണ്ടായി. അവയില്‍ കാത്ത്യായനന്റെ വാര്‍ത്തികം ഏറ്റവും ശ്രദ്ധേയമാണ്. ഇതിന് മഹാഭാഷ്യം എന്നൊരു വ്യാഖ്യാനം രചിച്ച മഹര്‍ഷിയാണ് പതഞ്ജലി. സംസ്‌കൃതഭാഷാപഠനത്തിന് പതഞ്ജലി നല്‍കിയിട്ടുള്ള സംഭാവനയുടെ സ്വാധീനം ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. പാണിനിക്കുമുന്‍പും ശേഷവും പല വയ്യാകരണന്മാരും ഉണ്ടായിട്ടുണ്ടെങ്കിലും പാണിനീയത്തെ വെല്ലുന്ന ഒരു വ്യാകരണകൃതി ഇന്ത്യയിലുണ്ടായിട്ടില്ല. വ്യാഡി എന്നും സ്‌ഫോടായനന്‍ എന്നും അറിയപ്പെട്ടിരുന്ന മറ്റൊരു ഭാഷാദാര്‍ശനികന്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഗ്രഹം എന്ന കൃതിയോ മറ്റു രചനകളോ കണ്ടുകിട്ടിയിട്ടില്ല. പതഞ്ജലിയുടെ മഹാഭാഷ്യത്തില്‍ ഇദ്ദേഹത്തിന്റെ ലക്ഷം ശ്ലോകങ്ങളുള്ള വ്യാകരണഗ്രന്ഥത്തെപ്പറ്റി സൂചനകളുണ്ട്. ' അവങ് സ്‌ഫോടായനസ്യ' എന്ന പാണിനീയസൂത്രത്തില്‍ പാണിനി വ്യാഡിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വ്യാഡിയുടെ സ്വാധീനം തികച്ചും പ്രത്യക്ഷപ്പെടുന്നത് ഭര്‍തൃഹരിയിലാണ്. അദ്ദേഹത്തിന്റെ വാക്യപദീയം എന്ന വ്യാകരണശാസ്ത്ര ഗ്രന്ഥം വ്യാകരണത്തെ ഒരു ഭാഷാദര്‍ശനമായി വികസിപ്പിച്ചു. വ്യാഡിയുടെ സംഗ്രഹത്തിന്റെ ചുരുക്കമോ യാസ്‌ക മുനിയുടെ നിരുക്തം അര്‍ത്ഥവിജ്ഞാനീയത്തിന്റെ മേഖലയില്‍ ഭാരതം കൈവരിച്ച വലിയ നേട്ടത്തെ വിളംബരംചെയ്യുന്നു. അമരസിംഹന്റെ അമരകോശം പദകോശങ്ങളുടെ പഠനത്തിലും ആനന്ദവര്‍ദ്ധനന്റെ ധ്വനിസിദ്ധാന്തം അര്‍ത്ഥവിജ്ഞാനീയരംഗത്തും വലിയ മുന്നേറ്റങ്ങള്‍ക്കു വഴിതെളിച്ചു.

തമിഴില്‍ വ്യാകരണം
    ഭാരതത്തിലെ ഏറ്റവും പഴക്കമേറിയ വ്യാകരണപാരമ്പര്യങ്ങളിലൊന്ന് തമിഴിന്റേതാണ്. നിരവധി പൂര്‍വസൂരികളെപ്പറ്റി സൂചന നല്‍കുന്ന തൊല്‍ക്കാപ്പിയം എന്ന വ്യാകരണഗ്രന്ഥമാണ് തമിഴില്‍ ലഭ്യമായ ആദ്യ വ്യാകരണ കൃതി. തൊല്‍ക്കാപ്പിയരാണ് ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഈ കൃതി എ.ഡി രണ്ടാം ശതകത്തോടെ രചിക്കപ്പെട്ടിരിക്കണം. ഭാഷ, സാഹിത്യം, വൃത്തശാസ്ത്രം മുതലായ വിവിധ ഭാഷാവ്യവഹാരങ്ങളെ വിവരിക്കുന്ന കൃതിയാണിത്. അകത്തിയംഎന്ന വ്യാകരണഗ്രന്ഥമാണ് തമിഴിലെ പ്രഥമവ്യാകരണമെങ്കിലും അത് കണ്ടെടുക്കപ്പെട്ടിട്ടില്ല. പാണിനീയത്തിന്റേതെന്ന് വ്യക്തമായി പറയാവുന്ന മുദ്രകളൊന്നും ഗ്രന്ഥത്തിലില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സംസ്‌കൃതത്തിന്റെ വ്യാകരണരീതിയെ തമിഴിന്റെ മുറയ്‌ക്കൊപ്പിച്ച് പരുവപ്പെടുത്തുകയായിരുന്നു തൊല്‍ക്കാപ്പിയര്‍. പാണിനിയെക്കാള്‍ പുരാതനനാണ് തൊല്‍ക്കാപ്പിയരെന്ന് ചില തമിഴ് പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. പന്ത്രണ്ടാം ശതകത്തിലെ ഇളംപൂരണര്‍, പതിനാലാം ശതകത്തിലെ സേനാവരൈയ്യര്‍, നച്ചിനാര്‍ക്കിനിയര്‍ എന്നിവര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിട്ടുള്ളവരാണ്. തൊല്‍കാപ്പിയം സൃഷ്ടിച്ച പാരമ്പര്യവഴി വിട്ട് തമിഴ് പണ്ഡിതസംഘം സഞ്ചരിച്ചതായി തെളിവില്ല. തമിഴ് വ്യാകരണ വിഷയത്തില്‍ അതുകൊണ്ടുതന്നെ വലിയ വ്യതിചലനങ്ങളൊന്നും പിന്നീടുണ്ടായില്ല.

മതസ്വാധീനം
ഭാഷകളെ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നു. സമൂഹത്തെയെന്ന പോലെ ഭാഷയേയും നിയന്ത്രിക്കേണ്ടത് മതപൗരോഹിത്യത്തിന്റെ ആവശ്യമായിത്തീര്‍ന്നു. ഭാഷാപരിണാമത്തിന്റെ പിടിയില്‍ നിന്ന് വൈദികമന്ത്രങ്ങളെ രക്ഷിക്കുക എന്ന ദൗത്യത്തില്‍നിന്നാണ് ഭാഷയുടെ വ്യാകരണചരിത്രം ആരംഭിക്കുന്നത്. വലിയ തെളിവ് പാണിനിയുടെ അഷ്ടാധ്യായിയാണ്.. ഇതേ പാത പിന്തുടര്‍ന്നാണ് എ.ഡി. എട്ടാം നൂറ്റാണ്ടില്‍ അറബിഭാഷയില്‍ നിഘണ്ടുനിര്‍മ്മാണവും വ്യാകരണചിന്തയും ആരംഭിച്ചത്. ഖുറാന്‍ വിവര്‍ത്തനം ആദ്യകാലത്ത് തികച്ചും നിഷിദ്ധമായിരുന്നു. അതിനാല്‍ ഖുറാന്റെ അന്തഃസത്ത മനസ്സിലാക്കാനായി ലോകമൊട്ടാകെയുള്ള മുസ്ലീങ്ങള്‍ക്ക് അറബിഭാഷ നേരിട്ട് പഠിക്കേണ്ടിവന്നു. തന്മൂലം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ അറബിഭാഷയുടെ ചരിത്രത്തിനും വ്യാകരണത്തിനും വലിയ വളര്‍ച്ചയും അംഗീകാരവും ലഭിച്ചു. ഹീബ്രു മുതലായ ഭാഷകളുടെ വളര്‍ച്ചയില്‍ ജൂതമതത്തിനുള്ള പ്രാധാന്യവും ശ്രദ്ധേയമാണ്. മതപരമായ ആവശ്യങ്ങളാണ് ആദ്യകാലത്തെന്നപോലെ പില്‍ക്കാലത്തും ഭാഷപഠനത്തിന്റെ വളര്‍ച്ചക്ക് വലിയ പങ്ക് വഹിച്ചത്. ഖുറാന്‍ വിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്ന വിലക്കിലൂടെയായിരുന്നു ആദ്യകാല ഇസ്ലാമിക ഭരണകൂടങ്ങള്‍ അറബി ഭാഷയെ വളര്‍ത്തിയെടുത്തതെങ്കില്‍, ക്രിസ്തുമത പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ആദ്യകാലത്ത് ലത്തീന്‍ ഭാഷയെ കൈ്‌സ്തവമതമേലധ്യക്ഷന്മാര്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നത്. പിന്നീട് പ്രാദേശിക ഭാഷകളിലൂടെ വിവര്‍ത്തനരൂപത്തില്‍ ലോകമെമ്പാടും ബൈബിള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് അതത് പ്രദേശങ്ങളിലെ ഭാഷകളുടെ വളര്‍ച്ചക്ക് കാരണമായി. ഭാഷാപഠനത്തിന് സാര്‍വലൗകികമായ ഒരടിസ്ഥാനം സൃഷ്ടിച്ചു കൊടുത്തതും അങ്ങനെയാണ്. ലോകത്തിലെ പ്രമുഖ മതങ്ങളുടെ ഉത്പത്തി കേന്ദ്രം ഏഷ്യയാണെന്നതുപോലെത്തന്നെ ഭാഷാപഠനത്തിന്റേയും ഉല്പത്തി കേന്ദ്രം ഏഷ്യയാണ്. മതഭാഷ (ദേവഭാഷ) എന്ന നിലയില്‍ സംസ്‌കൃതം ഇന്ത്യയിലെ പ്രാദേശികഭാഷയുടെ വളര്‍ച്ചയ്ക്ക് വഹിച്ചിട്ടുള്ള പങ്കും ശ്രദ്ധേയമാണ്.