പുസ്തകദിനം

    ലോകത്ത് എല്ല വര്‍ഷവും ഏപ്രില്‍ 23 ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വസാഹിത്യത്തിലെ അതികായരായ ഷേക്‌സ്പിയര്‍, മിഗ്വേല്‍ ഡേ സര്‍വെന്റ്റീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. സ്പാനിഷ് എഴുത്തുകാരനായിരുന്ന മിഗ്വെല്‍ ദെ സെര്‍വന്റസിന്റെ ചരമദിനമായതിനായ 1923 ഏപ്രില്‍ 23ന് സ്‌പെയിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ദിനം പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. അതാണ് പിന്നീട് ലോക പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. 1995 മുതല്‍ യുനസ്‌കോയും ലോക പുസ്തക പകര്‍പ്പവകാശ ദിനമായി ആചരിക്കുവാന്‍ ആരംഭിച്ചു.

പുസ്തകപ്പൂച്ചി

    പുസ്തകങ്ങളും വസ്ത്രങ്ങളും തുളച്ച് കേടുവരുത്തുന്ന ഒരു തരം ചെറുപ്രാണിയാണ് ഇരട്ടവാലന്‍. ചിറകുകളില്ലാത്ത ഷഡ്പദമായ ഇവ വെള്ളിമീന്‍ എന്നും പുസ്തകപ്പൂച്ചി എന്നും അറിയപ്പെടുന്നു. ഉണങ്ങിയ ഇലകളും കടലാസുമാണ് ഇവയുടെ പ്രധാന ഭക്ഷണം. നേര്‍ത്ത ശരീരവും നാരുപോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ്. മത്സ്യങ്ങളെപ്പോലെ തിളങ്ങുന്ന ശല്‍ക്കങ്ങളുള്ളതിനാലാണ് ഇവയ്ക്ക് സില്‍വര്‍ ഫിഷ് എന്ന പേരു വന്നത്. ആര്യവേപ്പിന്റെ ഇല വിതറി ഇവയെ അകറ്റാന്‍ കഴിയുമെന്നാണ് നാട്ടറിവ്.

പുസ്തകപ്രേമം

    പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനെയാണ് പുസ്തകപ്രേമം എന്നുപറയുന്നത്. ഒരു വ്യക്തി പുസ്തകത്തെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അദ്ദേഹത്തെ പുസ്തകപ്രേമി എന്ന് പറയുന്നു. ഇംഗ്ലീഷില്‍ ഇതിന്റെ ബിബ്ലിയോഫൈല്‍ എന്ന് പറയുന്നു. ഇംഗ്ലീഷില്‍ ബുക് വേം എന്നൊരു പ്രയോഗം കൂടി ഉണ്ട്. പുസ്തകപ്പുഴു എന്നാല്‍ ഒരു പുസ്തകത്തെ അതിന്റെ ഉള്ളടക്കത്താല്‍ ഇഷ്ടപ്പെടുന്നതോ, അല്ലെങ്കില്‍ ആ പുസ്തകം വായിക്കാന്‍ ഇഷ്ടപ്പെടുന്ന ആള്‍ എന്നാണ് അര്‍ഥമാക്കുന്നത്. പുസ്തകപ്രേമി പുസ്തകം വായിക്കാനും ആദരിക്കാനും ശേഖരിക്കാനും താല്പര്യപ്പെടുന്നു. പലപ്പോഴും പ്രത്യേകതയുള്ളതും വലുതുമായ പുസ്തകശേഖരം സൂക്ഷിക്കുന്നു. പുസ്തകപ്രേമത്തെ പുസ്തകഭ്രാന്തുമായി കൂട്ടിക്കുഴയ്ക്കരുത്. പുസ്തകഭ്രാന്ത് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ഒഴിയാബാധയായ ലഘുമനോരോഗമാവാം. സിസറോയും ആട്ടിക്കസും പോലുള്ള റോമാക്കാര്‍, സ്വകാര്യമായി പുസ്തകങ്ങള്‍ ശേഖരിക്കുന്നത് ഒരു ഫാഷനായി കരുതിയിരുന്നു. 1824ല്‍ ആണ്  ബിബ്ലിയൊഫിലെ എന്ന പദം ഇംഗ്ലീഷിലെത്തിയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ബുക്ക്മാന്‍ എന്നാണു പറഞ്ഞിരുന്നത്.