അനത്തോളിയ എന്നുകൂടി പേരുള്ള പുരാതന ഏഷ്യാമൈനറില്‍ സംസാരിച്ചിരുന്ന ഭാഷകളെ അനത്തോളിയന്‍ ഭാഷകള്‍ എന്നു പറയുന്നു. ഗ്രീക് ഭാഷയുടെ അധീശത്വം ആരംഭിക്കുന്ന എ.ഡി. ഒന്നാം നൂറ്റാണ്ടു വരെ ഇവയ്ക്ക് പ്രചാരം ഉണ്ടായിരുന്നു. അനത്തോളിയന്‍ ഭാഷകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഏറിയകൂറും ഗ്രീസില്‍ നിന്നാണ് ലഭിക്കുന്നത്. ഈജിപ്റ്റിലും മെസൊപ്പൊട്ടോമിയയിലും നിലവിലിരുന്ന ഒരു സമ്പുഷ്ട സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു. ബി.സി. 3000ത്തോടടുത്ത് മെസൊപ്പൊട്ടോമിയയിലെ അക്കേദിയന്‍ ആക്രമണകാരികള്‍ സുമേറിയന്‍ ഭാഷയുടെ ആദിരൂപത്തെ തങ്ങളുടെ സ്വന്തം ഭാഷയായി ഉപയോഗിച്ചുപോന്നിരുന്നു. ഈ ആദിരൂപം അനത്തോളിയന്‍ ഭാഷകളില്‍ പ്രകടമായിക്കാണാം. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ അനത്തോളിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കാക്കസസ് പ്രദേശങ്ങളില്‍ നിന്ന് മെസൊപ്പൊട്ടോമിയയിലേക്ക് വന്ന ഇന്തോ-യൂറോപ്യന്‍ ഭാഷകള്‍ സംസാരിച്ചിരുന്ന ഹിറ്റൈറ്റുകള്‍ എന്ന ആക്രമണകാരികളുമായുള്ള സമ്പര്‍ക്കംമൂലം അക്കാലത്ത് പുതിയൊരു ചിത്രലിപി രൂപം കൊണ്ടു. മധ്യ ഏഷ്യാമൈനറിലെ കനെഷ എന്ന സ്ഥലത്തുള്ള പുരാതന അസ്സീറിയന്‍ വാണിജ്യസംഘത്തിന്റെ രേഖകളില്‍ അനത്തോളിയന്‍ ഭാഷയുടെ ഏറ്റവും പ്രാചീനമായ സ്വരൂപം കാണാം. സാര്‍വജനീനമായ അനത്തോളിയന്‍ ഭാഷയ്ക്ക് രൂപംനല്കിയത് ഹിറ്റൈറ്റുകള്‍ തന്നെയാണ്. ബി.സി. ഒന്‍പതു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളില്‍ കസൈറ്റുകള്‍ എന്ന ആക്രമണകാരികള്‍ അനത്തോളിയന്‍ പ്രദേശത്തു കടന്നപ്പോള്‍ ഇന്തോ-യൂറോപ്യന്‍ അര്‍മീനിയന്‍ ഭാഷാഗോത്രവുമായി ബന്ധപ്പെട്ട അവരുടെ ഭാഷ അനത്തോളിയന്‍ ഭാഷകളെ വളരെ സ്വാധീനിച്ചു.
    ബി.സി. 750ഓടെ ഈജിയന്‍ പ്രദേശത്തും അനത്തോളിയന്‍ പ്രദേശത്തും ഗ്രീക് അക്ഷരമാല പ്രയോഗത്തില്‍ വന്നു. തന്നിമിത്തം അനത്തോളിയന്‍ ഭാഷയിലും ഒരു പുതിയ ലിപിമാല രൂപം കൊണ്ടു.
    ഇന്തോയൂറോപ്യന്‍ ഭാഷകളുമായി അനത്തോളിയന്‍ ഭാഷകള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താനുള്ള സാഹചര്യം ലഭിച്ചതുമൂലം ഇന്തോയൂറോപ്യന്‍ ഭാഷകളുടെ വ്യാകരണപരവും ശബ്ദപരവുമായ സാദൃശ്യങ്ങള്‍ എല്ലാ അനത്തോളിയന്‍ ഭാഷകളിലുമുണ്ടായി.