തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന ഗൂഢഭാഷയാണ് മൂലഭദ്രി. മൂലമന്ത്രികാഭാഷയെന്നും മൂലദേവീ ഭാഷയെന്നും കൂടി ഇതിന് പേരുണ്ട്. മലയാളത്തിലെ അക്ഷരങ്ങളേയും അക്കങ്ങളേയും പരസ്പരം മാറ്റി മറിച്ച് ഉപയോഗിച്ച് വിവക്ഷിതാര്‍ത്ഥം പരസ്യമാക്കാതെ ആശയവിനിമയത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. ചാരന്മാരില്‍ നിന്നും സുപ്രധാന രഹസ്യങ്ങള്‍ മറച്ചു വയ്ക്കാന്‍ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാര്‍ മൂലഭദ്രി ഉപയോഗിച്ചിരുന്നു. ഈ ഭാഷയില്‍ എഴുതപ്പെട്ട ഓലകളും ഉണ്ട്.

പദാദിയിലുള്ള സ്വരങ്ങളോട് കകാരം ചേര്‍ക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സ്വരങ്ങള്‍ മാത്രം ഉപയോഗിക്കണം.
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അഃ
ക കാ കി കീ കു കൂ കൃ കെ കേ കൈ കൊ കോ കൗ കം കഃ

ഉദാ: അകം = കഅം

മറ്റ് അക്ഷരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം:

പരസ്പരം മാറ്റി ഉപയോഗിക്കണം.

ഖ ഗ ഘ ങ ച ട
ഛ ഠ ജ ഝ ഞ ണ
ഡ ഢ ത പ ദ ധ
ഥ ഫ ബ ഭ മ ന
യ ശ ര ഷ ല സ
വ ഹ ക്ഷ ള ഴ റ
ങ്ക ഞ്ച ണ്ട ന്ത
മ്പ ന്ന ന്റ റ്റ
ന്‍ ല്‍ ര്‍ ള്‍
ക്ക അഅ

സംഖ്യകളും തിരിച്ച് ഉപയോഗിക്കണം

1 2 3 4 5 6 7 8 9 0

നിയമങ്ങള്‍ ഓര്‍ത്തുവെക്കാന്‍

‘ അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാല്‍
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ന്‍ല്‍ ര്‍ള്‍’

ഈ നിയമമനുസരിച്ചു് (1) അകാരത്തിനു് പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സംക്രമിപ്പിക്കേണ്ടതാണ്. അ അ എന്ന് ക്ക’യ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ര്‍, ള്‍; ഈ അര്‍ദ്ധാക്ഷര (ചില്ലുകള്‍) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കണം. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേല്‍പ്രകാരത്തില്‍ മാററിമറിക്കേണ്ടതാകുന്നു.

ഒരു സംസ്‌കൃതശ്ലോകവും മൂലഭദ്രീ പരിഭാഷയും

ശ്ലോകം:

നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്തരൂപായ ദക്ഷിണാമൂര്‍ത്തയേ നമഃ

മൂലഭദ്രി:

മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേ
ലട്ടിധാമംധഷൂതാശ ധളിഞാനൂള്‍പ്പശേ മനഃ