ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള രേഖകളാണ് മതിലകം രേഖകള്‍. ഓലകളില്‍ എഴുതിയിട്ടുള്ള പ്രമാണങ്ങള്‍. മതിലകം എന്നതിന് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം എന്ന അര്‍ത്ഥമാണ് ശബ്ദതാരാവലി നല്‍കിയിരിക്കുന്നത്. എ.ഡി.1425 ല്‍ വീര ഇരവിവര്‍മന്റെ കാലം മുതലാണ് ഇവ സൂക്ഷിക്കാന്‍ ആരംഭിച്ചത്. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥവരി, തമിഴ് എന്നീ ലിപികളിലാണ് ഇത്. കടലാസ് പ്രചാരത്തില്‍ വരുന്നതിനു മുമ്പ്, പനയോല മുറിച്ച് പുഴുങ്ങി പാകപ്പെടുത്തി മഞ്ഞള്‍പുരട്ടി ഉണക്കി അതില്‍ നാരായം കൊണ്ടെഴുതുന്ന രീതിയായിരുന്നു. ഈ ഓലപ്രമാണങ്ങള്‍ പൊതുവെ ചുരുണകള്‍ എന്നാണറിയപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള മൂവായിരത്തോളം താളിയോലക്കെട്ടുകള്‍ അഥവാ ചുരുണകളാണ് മതിലകം രേഖകള്‍. ഓരോ കെട്ടും ആയിരത്തോളം താളിയോലകളടങ്ങിയതാണ്. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള മൂന്നു ലക്ഷത്തിലേറെ താളിയോലകളെക്കൂടാതെ ക്ഷേത്രത്തിലും താളിയോലക്കെട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖയാണ് മതിലകം താളിയോലരേഖകള്‍.
    മതിലകം രേഖകള്‍ മഹാകവി ഉള്ളൂരാണ് ക്രോഡീകരിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മതിലകം ഗ്രന്ഥവിധി പ്രകാരമുള്ള മുഴുവന്‍ രേഖകളും ലഭ്യമാണ്. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ മതിലകം രേഖകളുടെ പരിശോധനയ്ക്ക് തുടക്കംകുറിച്ചു]. ആലംകോട്, പരവൂര്‍, കൊല്ലം, കായംകുളം എന്നീ നാട്ടു രാജ്യങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ ശ്രീപത്മനാഭന് നിധി ശേഖരം സംഭാവന ചെയ്തതായി മതിലകം രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിയുടെ ആഭരണങ്ങളെക്കുറിച്ചും മതിലകം രേഖകളില്‍ വിവരണമുണ്ട്.
    മാണിക്യവും മരതകവും വൈഡൂര്യവും ഇന്ദ്രനീലക്കല്ലും ചേര്‍ത്ത പൊന്നാലി പട്ടത്താലിയെക്കുറിച്ച് 'ചീവെലി പെരുമാള്‍ക്കു ചാത്തിന മാണിക്കവും മരതകവും നീലവും വൈരവും ചേര്‍ത്ത പൊന്നാലി പട്ടത്താലി, വലിയ തിരുപ്പട്ടം, ചെങ്ങഴനീര്‍ മാല, പൊന്മണി താവടം, പവിഴ താവടം, മുത്തുതാവടം….' എന്നിങ്ങനെ പ്രാചീന മലയാളത്തില്‍ വിവരണമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വരുമാനം, നടവരവുകള്‍, സമര്‍പ്പണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി മതിലകം രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പ്രധാന കാര്യങ്ങളും എഴുതി സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങള്‍ രേഖപ്പെടുത്താനായി കരണക്കണക്കന്‍ എന്നും പണ്ടാരക്കണക്കന്‍ എന്നും രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരെ സഹായിക്കാനായി മറ്റ് ചിലരും ഉണ്ടായിരുന്നു. കരണക്കണക്കനെ നിയോഗിച്ചത് 1587 ല്‍ ഉദയമാര്‍ത്താണ്ഡവര്‍മ രാജാവിന്റെ കാലത്താണെന്ന് രേഖകളില്‍ കാണുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യനിലവറകളില്‍നിന്നും വന്‍ നിധിശേഖരം കണ്ടെടുത്തതോടെ മതിലകം രേഖകളുടെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്.
    പുരാരേഖ വകുപ്പിന്റെ കൈയിലുള്ള താളിയോലകള്‍ പൂര്‍ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതോടെപ്പം താളിയോലകളും സ്‌കാന്‍ചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്നു. ഉള്ളൂര്‍ എസ്. പരമേശ്വരയ്യരും ശൂരനാട്ട് കൂഞ്ഞന്‍പിള്ളയും മതിലകം രേഖകളുടെ ഒരുഭാഗം മൊഴിമാറ്റിയിരുന്നു. ഇനിയും കാണാത്ത നിരവധി രഹസ്യങ്ങള്‍ താളിയോലകളിലുണ്ടെന്ന് കരുതപ്പെടുന്നു. നിധിശേഖരത്തിലുള്ള പല അപൂര്‍വആഭരണങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകളെ കൂടാതെ തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങളും ഇവയില്‍ നിന്നും ലഭിക്കാം. രാജ്യത്തിന്റെ ജാതി സമ്പ്രദായം അടക്കമുള്ള സാമൂഹികാവസ്ഥകളെക്കുറിച്ച് വിശദമായ രേഖപ്പെടുത്തലുകള്‍ ഈ താളിയോലകളിലുണ്ട്.