പ്രശ്‌നോത്തരി എന്നത് ഒരു വിജ്ഞാനകലാവിനോദം ആണ്. ബുദ്ധി, ബോധം, ഓര്‍മ്മശക്തി എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കണം. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്. എല്ലാ സ്‌കൂളുകളിലും, കലാലയങ്ങളിലും, ക്ലബ്ബുകളിലും സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു വിനോദമാണിത്. പത്രം, ടെലിവിഷന്‍, റേഡിയോ എന്നീ മാദ്ധ്യമങ്ങളിലും പതിവായി പ്രശ്‌നോത്തരികള്‍ പ്രസിദ്ധീകരിക്കാറുണ്ട്. പല രൂപങ്ങളിലും പ്രശ്‌നോത്തരികള്‍ നടത്താമെങ്കിലും സാധാരണ ഗതിയില്‍ വളരെ ഹ്രസ്വവും കൃത്യവുമായ ഉത്തരങ്ങളും അവ ലഭിക്കാവുന്ന തരം ചോദ്യങ്ങളുമാണ് പ്രശ്‌നോത്തരികളുടെ പ്രത്യേകത. കേരളം പ്രശ്‌നോത്തരി: കേരളത്തേയും മലയാളത്തിനേയും സംബന്ധിച്ച ചോദ്യോത്തരങ്ങളും ചര്‍ച്ചകളും ഉള്‍പ്പെടുത്തി വിജ്ഞാനവും വിനോദവും സമരസപ്പെടുത്തികൊണ്ടു് മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കള്‍ സംഘടിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ മത്സരമാണ് കേരളം പ്രശ്‌നോത്തരി.