ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ഉത്തമമായി കീർത്തിക്കപ്പെടുന്ന ഒന്നത്രേ “സൊങ് ഒഫ് സൊങ്സ്” (ദിവ്യഗീതം). ഇതിനു ജയദേവകവിയുടെ ‘ഗീതഗോവിന്ദ’ വുമായി വലിയ സാദൃശ്യമുണ്ടെന്നാണ് അത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള ആദാം ക്ലാർക്കിന്റെ അഭിപ്രായം. ഗീതഗോവിന്ദത്തിന്റെ മറ്റൊരു പരിഭാഷകൻ എഡ്വിൻ ആർനോൾഡാണല്ലോ.
അദ്ദേഹം ഇവയ്ക്കുതമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ എന്നു ചിന്തിച്ചിട്ടില്ല. ഏതായാലും ക്ലാർക്കിന്റെ അഭിപ്രായത്തെ ഞാനിവിടെ വിമർശിക്കണമെന്നു വിചാരിക്കുന്നില്ല.
ലോകോത്തരമായ ഒരു മിസ്റ്റിക് കൃതിയായിട്ടാണ് ഇതിനെ പാശ്ചാത്യലോകം വാഴ്ത്തിയിട്ടുള്ളത്. ക്രൈസ്തവവേദഗന്ഥവും അതിനെക്കുറിച്ചുള്ള വിവിധവ്യാഖ്യാനങ്ങളും പരിശോധിച്ചുനോക്കുമ്പോൾ ഈ അനുമാനത്തിന് ഒന്നുകൂടി ബലം കിട്ടുന്നുണ്ട്. സഭയ്ക്കു ക്രിസ്തുവിനോടൂള്ള പ്രേമമാണ് ഇതിലെ പ്രതിപാദ്യത്തിന്റെ ജീവനാഡിയെന്നു സ്ഥാപിക്കുവാനാണ് ബൈബിളിന്റെ ശ്രമം. ഇതിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം എന്റെ ഗീതഗോവിന്ദപരിഭാഷ(ദേവഗീത)യിൽ ഞാൻ വിസ്തരിച്ചു പ്രതിപാദിക്കുന്നതാണ്. ഏതായാലും ഒന്നുമാത്രം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഐഹികമായ ഒരസ്തിവാരത്തിന്മേലാണ് ഈ മോഹനമായ കലാഹർമ്മ്യം സോളമൻ ചക്രവർത്തി കെട്ടിപ്പടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രണയാത്മകമായ ജീവിതാനുഭവം ഈ കാവ്യത്തിന് ഉത്തേജകമായി നിൽക്കുന്നുമുണ്ട്
ഒരു ഘോഷയാത്രാവസരത്തിൽ സർവ്വംഗസുന്ദരിയായ ഒരജപാലകന്യകയെ ഒരു നോക്കൊന്നുകാണുവാൻ ചക്രവർത്തിക്കിടയായി. അവളുടെ കുലീനസൗന്ദര്യം അദ്ദേഹത്തെ എന്തെന്നില്ലാതാകർഷിച്ചു. അവളെ വിവാഹം കഴിക്കുവാൻ ആശിച്ച് അദ്ദേഹം തന്റെ ഇംഗിതം അവളെ അറിയിക്കുകയുണ്ടായി. എന്നാൽ അവളാകട്ടെ മറ്റൊരു പ്രഭുകുമാരനിൽ അനുരക്തയായിരുന്നു. ചക്രവർത്തി അവളെ തന്റെ കൊട്ടാരത്തിൽകൊണ്ടുവന്നു താമസിപ്പിച്ചു. അവിടത്തെ ആഡംബരപരിപൂർണ്ണമായ ജീവിതം അവൾക്കൊരു മാനസാന്തരമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാമോഹം. രാജ്ഞിമാരും വെപ്പാട്ടികളും സദാ ചക്രവർത്തിയുടെ ഗുണഗണങ്ങൾ അവളുടെ മുൻപിൽ വാഴ്ത്തിക്കൊണ്ടിരുന്നു. പക്ഷേ, ഏരെനാൾ കഴിഞ്ഞിട്ടും അവളുടെ മനസ്സിന് അണുപോലും ചാഞ്ചല്യമുണ്ടായില്ല. ഒടുവിൽ ഗുണവാനായ സോളമൻ അവളുടെ അടിയുറച്ച പ്രണയത്തിൽ അദ്ഭുതപ്പെട്ട് അവളെ അവളുടെ കാമുകനുതന്നെ വിവാഹം കഴിച്ചുകൊടുത്തു. ഐഹികമായ ഈ പ്രണയാത്മകസംഭവത്തിൽനിന്നു സംജ്ഞാതമായ വികാരവീചികളാണ് ഈ കമനീയകലാശിൽപത്തിൽ ഉടനീളം സ്പന്ദിച്ചുകൊണ്ടിരിക്കുന്നതെന്നു കാണാം…. ആദ്ധ്യാത്മീകമായ ഒരർത്ഥം ഇതിനു കൊടുത്തുകൊണ്ട് ഈ കൃതിയെ വ്യാഖ്യാനിച്ചുവരുന്നതിൽ എനിക്കാക്ഷേപമില്ല. പക്ഷേ, അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കിൽപ്പോലും കലാപരമായി ഈ കൃതിക്ക് ഒരിടിവും തട്ടാനില്ലെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു എന്നുമാത്രം.
മൂവ്വായിരത്തിലധികം സംവത്സരം പഴക്കമുള്ള ഈ കാവ്യത്തിന്റെ പുതുമ ഇന്നും നശിച്ചിട്ടില്ലെങ്കിൽ, ഇതൊരദ്ഭുത കലാസൃഷ്ടിതന്നെയാണെന്ന് ആരും സമ്മതിക്കും. ഈ വിശിഷ്ടകൃതി എന്റെ എളിയ കഴിവനുസരിച്ച് മലയാളത്തിലേക്ക് വിവർത്തനംചെയ്യാൻ സാധിച്ചതിൽ എനിക്കു സന്തോഷമുണ്ട്.

ചങ്ങമ്പുഴ കൃഷ്ണപിള്ള.