മാര്‍ക്‌സിസം മലയാളത്തിന് സംഭാവന ചെയ്ത കുറെ വാക്കുകളുണ്ട്. മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലം എഴുതിയ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തേണ്ടി വന്നപ്പോള്‍ പ്രയോഗിച്ചതാണ് അത്തരം പദങ്ങളിലേറെയും. അവയില്‍ ചിലത് താഴെക്കൊടുക്കുന്നു.

ഭൗതികവാദം

ഭൗതികവസ്തുക്കള്‍ കൊണ്ടാണ് പ്രപഞ്ചം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന വാദമാണ് ഭൗതികവാദം. അതീന്ദ്രിയശക്തികളൊന്നും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നില്ല, ശാസ്ത്രീയമായി എന്തിനെയും നിര്‍വചിക്കാന്‍ കഴിയും എന്നൊക്കെയാണ് ഭൗതികവാദം പറയുന്നത്. ജര്‍മ്മന്‍ തത്ത്വചിന്തകനായിരുന്ന ഫോയര്‍ബഹ് ആണ് ഭൗതികപ്രപഞ്ചം എന്ന ചിന്താരീതി മുന്നോട്ടുവച്ചത്. മാറ്റങ്ങള്‍ വരാന്‍ ഇടയുള്ള മാറ്റങ്ങളാണ് ഭൗതികവാദപ്രകാരം ഭൗതികപ്രപഞ്ചത്തിലുണ്ടാവുക. ഭൗതികവാദം പിന്തുടരുന്നവരെ ഭൗതികവാദികള്‍ എന്നു പറയുന്നു.

ആശയ വാദം

പ്രപഞ്ചത്തില്‍ അനുഭവപ്പെടുന്നതെല്ലാം മനസ്സിന്റെ അല്ലെങ്കില്‍ ചിന്തയുടെ സൃഷ്ടിയാണെന്നും യഥാര്‍ത്ഥത്തില്‍ അവ ഇല്ല എന്നുമുള്ള ചിന്താധാരയാണ് ആശയവാദം. സാധാരണ ഒരു ദൈവത്തിന്റെ ചിന്തയുടെ ഫലമാണ് പ്രപഞ്ചം എന്നാണ് ആശയവാദികള്‍ പറയുക. ആശയവാദത്തെ പിന്തുടരുന്നവരെ ആശയവാദികള്‍ എന്നു വിളിക്കുന്നു.

യാന്ത്രികഭൗതികവാദം

ഒരേ രീതിയില്‍ ആവര്‍ത്തനസ്വഭാവത്തോടുകൂടിയ പ്രവര്‍ത്തനമാണ് പ്രപഞ്ചത്തിനുള്ളതെന്ന വാദമാണ് യാന്ത്രികഭൗതികവാദം. ചലനം യന്ത്രത്തിന്റെതുപോലെ ചാക്രികമായിരിക്കും. യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടുകൂടിയാണ് പ്രപഞ്ചത്തെ യന്ത്രമായി ഉപമിക്കാന്‍ തുടങ്ങിയത്. പ്രവൃത്തികളും ഫലങ്ങളും കാലാന്തരത്തില്‍ വ്യത്യാസപ്പെട്ടേക്കാമെങ്കിലും അവ മുന്നവസ്ഥയിലേക്ക് മടങ്ങിപ്പോകും എന്ന് യാന്ത്രികഭൗതികവാദം സിദ്ധാന്തിക്കുന്നു.

വൈരുദ്ധ്യാത്മക വാദം

ഒരു തത്ത്വത്തെയും അതിന്റെ എതിര്‍തത്ത്വത്തെയും പഠിച്ച് സത്യം കണ്ടെത്താം എന്ന വാദമാണ് വൈരുദ്ധ്യാത്മക വാദം. ഹെഗല്‍ ആണ് വൈരുദ്ധ്യാത്മക വാദത്തിന്റെ പിതാവ്. വിരുദ്ധശക്തികള്‍ പരസ്പരം ഏറ്റുമുട്ടി പുതിയൊരു വ്യവസ്ഥ ഉടലെടുക്കുന്നതിനും വൈരുദ്ധ്യാത്മകത കാരണമാകുന്നു. പുതിയതിനെ നിഷേധിച്ചു ഇനിയും പുതിയത് ഉണ്ടാവുന്നു. അടിമവ്യവസ്ഥയെ നിഷേധിച്ചു ഫ്യൂഡല്‍ വ്യവസ്ഥയും ഫ്യൂഡല്‍ വ്യവസ്ഥയെ നിഷേധിച്ചു മുതലാളിത്തവും രൂപമെടുക്കുന്നു. മുതലാളിത്തത്തെനിഷേധിച്ചു സോഷ്യലിസം ജന്മമെടുക്കുന്നു. സമൂഹത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുവയായി ഒന്നുമില്ല. എല്ലാം പരസ്പരം ബന്ധപെട്ടിരിക്കുന്നു.എല്ലാം പരസ്പരം സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. ഭൗതികപരിതഃസ്ഥിതിയും ആശയങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് വൈരുദ്ധ്യാത്മക വാദം

വൈരുദ്ധ്യാത്മക ഭൗതികവാദം

ഭൗതികവാദവും വൈരുദ്ധ്യാത്മക വാദവും ചേര്‍ത്തുള്ള മാര്‍ക്‌സിയന്‍ അടിസ്ഥാന സിദ്ധാന്തമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ആശയങ്ങളല്ല, പദാര്‍ത്ഥങ്ങളാണ് പ്രപഞ്ചത്തിലാദ്യമുണ്ടായതെന്നും, വിവിധ പദാര്‍ത്ഥങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളിലൂടെ പ്രപഞ്ചം നിലനില്‍ക്കുന്നുവെന്നുമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം സിദ്ധാന്തിക്കുന്നത്. പ്രപഞ്ചത്തില്‍ വസ്തുക്കളെല്ലാം പരസ്പരബന്ധിതമാണ്, പരസ്പരബന്ധിതമായ പദാര്‍ത്ഥങ്ങള്‍ ചലനാത്മകമാണ്, ചലനം മാറ്റത്തിനു കാരണമാകുന്നു എന്നിവയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മൂന്ന് അടിസ്ഥാന തത്ത്വങ്ങള്‍.

ചരിത്രപരമായ ഭൗതികവാദം

വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂന്നി ചരിത്രത്തിന്റെ പുനര്‍വായനയാണ് ചരിത്രപരമായ ഭൗതികവാദം അഥവാ മാര്‍ക്‌സിയന്‍ ചരിത്രവീക്ഷണം. വിവിധ കാലഘട്ടങ്ങളില്‍ നിന്ന് മനുഷ്യന്‍ പുതിയ കാലഘട്ടങ്ങളിലേക്ക് വികസിച്ചുവന്നത്, വിവിധ പ്രതിപ്രവര്‍ത്തനങ്ങള്‍ സംയോജിച്ചാണെന്നാണ് മാര്‍ക്‌സിയന്‍ ചരിത്രവീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

വര്‍ഗ്ഗസിദ്ധാന്തം

ഒരേ തൊഴിലും സാമ്പത്തികാവസ്ഥയും ഉള്ള ജനങ്ങള്‍ ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് വര്‍ഗ്ഗസിദ്ധാന്തത്തില്‍ പറയുന്നത്. വിവിധ വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ അവസ്ഥ നിലനിര്‍ത്താനോ അല്ലെങ്കില്‍ മെച്ചപ്പെടുത്താനോ ഉണ്ടാകുന്ന ആശയസംഘട്ടനങ്ങളെയും പൊതുസംഘട്ടനങ്ങളെയും കുറിക്കാന്‍ വര്‍ഗ്ഗവൈരുദ്ധ്യം അല്ലെങ്കില്‍ വര്‍ഗ്ഗസമരം എന്ന പദം ഉപയോഗിക്കുന്നു. വര്‍ഗ്ഗസിദ്ധാന്തപ്രകാരം അടിസ്ഥാനപരമായി ചൂഷകര്‍ എന്നും ചൂഷിതര്‍ എന്നും രണ്ടുവര്‍ഗ്ഗങ്ങളാണുള്ളത്.

തൊഴിലാളി വര്‍ഗ്ഗം

ബൗദ്ധികമായതോ കായികമായതോ ആയ ശേഷി മാത്രം കൈമുതലായുള്ള ജനസമൂഹമാണ് തൊഴിലാളിവര്‍ഗ്ഗം. തങ്ങളുടെ പ്രവൃത്തികളുടെ ഉത്പന്നങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് യാതൊരു അവകാശവും ലഭിക്കുന്നില്ല. സമൂഹത്തിന്റെ നിലനില്‍പ്പ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അദ്ധ്വാനശേഷിയിലാണെന്ന് മാര്‍ക്‌സിസം സിദ്ധാന്തിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലാളി വര്‍ഗ്ഗത്തിന് കൂടുതല്‍ പ്രാമാണ്യം നല്‍കേണ്ടതുണ്ടെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വിശ്വസിക്കുന്നു.

മുതലാളി വര്‍ഗ്ഗം

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അദ്ധ്വാനത്തിന്റെ ഉടമയും, അതിന്റെ ഫലം ആസ്വദിക്കുന്ന ആളുമാണ് മുതലാളി. തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിച്ചു തുടങ്ങുവാനുള്ള മൂലധനം പ്രദാനം ചെയ്യുക മാത്രമാണ് മുതലാളിയുടെ ധര്‍മ്മം. ആദ്യം നല്‍കിയ മൂലധനത്തിന്റെ സ്വാധീനത്താല്‍ പിന്നീടെക്കാലവും മുതലാളി തൊഴിലാളികളുടെ പ്രവര്‍ത്തനഫലം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.

മൂലധനം

തൊഴിലാളി വര്‍ഗ്ഗത്തിനു പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനായി മുതലാളി ഉപയോഗിക്കുന്ന മുതല്‍മുടക്കിനെ മൂലധനം എന്നു പറയുന്നു.

മിച്ചമൂല്യം

തൊഴിലാളി വര്‍ഗ്ഗം അവരുടെ ഉപജീവനത്തിനാവശ്യമുള്ളതിലധികം ചെയ്യേണ്ടി വരുന്ന പ്രവൃത്തിയെ മിച്ചമൂല്യം എന്നു വിളിക്കുന്നു. മിച്ചമൂല്യം മുതലാളിവര്‍ഗ്ഗത്തിന്റെ ലാഭമായി മാറുന്നു.

ബൂര്‍ഷ്വാസി

മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികള്‍ കയ്യടക്കിവയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂര്‍ഷ്വാസി എന്നു വിളിക്കുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേയ്ക്കും ഉപഭോഗ വസ്തുവിന്റെ ക്രയവിക്രയം പടര്‍ന്നു പന്തലിച്ച ഒരു സമൂഹത്തെ ബൂര്‍ഷ്വാ സമൂഹമെന്നു വിളിക്കുന്നു.