രണ്ടായിരം വര്‍ഷത്തിലേറെ ചരിത്രമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. മലയാളത്തിന് ഇതു ലഭിച്ചത് 2013 മേയ് 23നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗ തീരുമാനപ്രകാരമാണ്. അതിനുമുന്‍പ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് രണ്ടായിരം വര്‍ഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അതു നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വര്‍ഷത്തെ കാലപ്പഴക്കം തെളിയിച്ചു.
ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നല്‍കും. യു.ജി.സി. സെന്റര്‍ ഓഫ് എക്സലന്‍സ്, മറ്റ് യൂണിവേഴ്സിറ്റികളില്‍ ഭാഷാ ചെയറുകള്‍, എല്ലാ വര്‍ഷവും രണ്ടു രാജ്യാന്തര പുരസ്കാരങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യയില്‍ ഇതുവരെ ആറു ഭാഷകളാണ് ശ്രേഷ്ഠഭാഷകളായി തിരഞ്ഞെടുക്കപ്പെട്ടത്. അവ ഇനിപ്പറയുന്നു:
തമിഴ് (2004)
സംസ്കൃതം (2005)
തെലുങ്ക് (2008)
കന്നട (2008)
മലയാളം (2013)
ഒഡിയ (2014)