ജാതിക്കുമ്മി
ജാതിക്കുമ്മി(കാവ്യം)
കെ.പി.കറുപ്പന്‍
അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പന്‍ രചിച്ച ഒരു കാവ്യ ശില്‍പ്പമാണ് ജാതിക്കുമ്മി.1905ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912ലാണ്.
ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ ഒന്നാണിത്. ജാതി വ്യത്യാസത്തിന്റെ
അര്‍ത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടി. ആശാന്റെ ദുരവസ്ഥ പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധപ്പെടുത്തിയ കൃതി.
‘കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ!അത്ര
കോളാക്കിയോ തീണ്ടല്‍ ജ്ഞാനപ്പെണ്ണേ’
അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂറിലും പാടിയും പകര്‍ത്തിയും ഒട്ടേറെപ്പേര്‍ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങള്‍ പാടിക്കളിക്കയും ചെയ്തിരുന്നു. കീഴാളജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അയിത്താചരണങ്ങളെ ധീരതയോടെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്തു.
‘ജാതിക്കുമ്മി’ ഉണര്‍ത്തിയ യുക്തിബോധം കരുത്താര്‍ജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി പുലയമഹാജനസഭ’യുടെ ആദ്യസമ്മേളനം എറണാകുളം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂളില്‍ നടക്കാനിടയായത്. കേരളത്തിലെ പുലയരും മറ്റും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങളും
സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ കുടിലുകള്‍ക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു. അമ്മാനക്കുമ്മി എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയില്‍
കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിര്‍വഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് പറയ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം
ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കില്‍ മാത്രമേ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നല്‍കിയാണ് കൃതി അവസാനിക്കുന്നത്.ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന്‍ ചോദിക്കുന്നു. ‘ഗാത്രത്തിനോ തീണ്ടലാത്മാവിനോ?” എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍ ആചാര്യസ്വാമിയുടെ
ജാതിഗര്‍വം അസ്തമിക്കുന്നു.
‘ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!തീണ്ടല്‍
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!’
Leave a Reply