ഐസൊലേഷൻ വാർഡ്
കെ കെ ജയേഷ്
കുന്നിൻ ചെരുവിലാണ് നീല പെയിന്റടിച്ച ആ വലിയ വീട്. ഗേറ്റിന് മുന്നിലൂടെ പോവുമ്പോഴെല്ലാം ഒരു വലിയ നായ എന്നെ നോക്കി കുരച്ചു ചാടും. അടുത്തിടെയാണ് വീട്ടിൽ പുതിയ താമസക്കാർ വന്നത്. വീട്ടുകാരൻ അമേരിക്കയിലാണെന്ന് നഗരത്തിൽ ഹോസ്പിറ്റലിൽ ഡോക്ടറായ സുഹൃത്ത് സജിത്ത് പറഞ്ഞാണ് അറിഞ്ഞത്. അടുത്തിടെ അയാളും കുടുംബവും അമേരിക്കയിലേക്ക് തിരിച്ചുപോയി എന്നറിഞ്ഞു. സജിത്ത് വിളിച്ചു പറഞ്ഞതുപ്രകാരമാണ് ഇപ്പോൾ ഇവിടേക്ക് വന്നത്.
ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. നായയെ പരിസരത്തൊന്നും കണ്ടില്ല. മുറ്റത്തെല്ലാം കരിയിലകൾ നിറഞ്ഞിരിക്കുന്നു. ബെല്ലടിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ശബ്ദത്തോടെ വാതിൽ തുറന്നു. വൃദ്ധനായ ഒരാൾ വടിയും കുത്തി മുന്നിൽ
“ആരാ. . ” – ആയാസപ്പെട്ടുള്ള ചോദ്യം.
” ഞാൻ ഭക്ഷണവും കൊണ്ട് വന്നതാണ്. . ലോക് ഡൗണല്ലേ. . ഇവിടെ ഭക്ഷണമുണ്ടാക്കാൻ ആളില്ലെന്ന് നിങ്ങളുടെ മോന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. ”
വൃദ്ധൻ കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി നിന്ന ശേഷം പറഞ്ഞു ” കുറേക്കാലായി മനുഷ്യൻമാരെ കണ്ടിട്ട്. . ”
“എല്ലാവരും വീട്ടിലാ അപ്പൂപ്പാ. . പുറത്തിറങ്ങി നടക്കാൻ പാടില്ലല്ലോ. . ”
“അതൊക്കെ അറിയാം. . ടിവിയിൽ വാർത്ത കാണാറുണ്ട്. . ഞാനല്ലേലും കുറേക്കാലായി ക്വാറന്റൈനിൽ തന്ന്യാ. . ഒരു ജോലിക്കാരൻ വരാറുണ്ടായിരുന്നു. . ലോക് ഡൗൺ തുടങ്ങിയേപ്പിന്നെ അവൻ വന്നിട്ടില്ല. . ഈ വീടൊരു ഐസൊലേഷൻ വാർഡാ. . ഞാനിതിൽ കിടന്ന് ചാവുന്നുണ്ടോന്നറിയാൻ മോൻ അമേരിക്കയിൽ കാത്തിരിക്കുകയായിരുന്നു. . ” – വൃദ്ധൻ അടുത്തുള്ള കസേരിയിലിരുന്ന് ചിരിച്ചു.
” മോൻ കേറിയിരിക്ക്. . വേഗം പോവാം. . ”
സ്നേഹത്തോടെയുള്ള ക്ഷണം നിരസിക്കാൻ തോന്നിയില്ല. ഒരു കസേര നീക്കിയിട്ട് അതിലിരുന്നു
“ഇവിടെ ഭക്ഷണമൊക്കെ തീർന്നിരിക്കുകയായിരുന്നു. . ഇത്തിരി ബിസ്ക്കറ്റ് ബാക്കിയുള്ളത് കഴിച്ചാ ഇന്നലെ തള്ളിനീക്കിയത്. . മോൻ വന്നില്ലായിരുന്നെങ്കിൽ. . ” – അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ ഇടറി. . നിയന്ത്രണ നിർദ്ദേശങ്ങളെല്ലാം മറന്ന് ഞാനദ്ദേഹത്തിന്റെ ചുമലിൽ കൈവെച്ചു.
” അപ്പൂപ്പൻ പേടിക്കണ്ട. . ഇനിയെന്നും ഞങ്ങൾ ഭക്ഷണമെത്തിച്ചോളാം. . ”
പെട്ടന്ന് ടെലഫോൺ ബെല്ലടിച്ചു. “ഇപ്പം വരാം” എന്നും പറഞ്ഞ് ആയാസപ്പെട്ട് എഴുന്നേറ്റ് വൃദ്ധൻ ഫോണെടുത്ത് സംസാരിക്കാൻ തുടങ്ങി. നായയെ മുറ്റത്തൊന്നും കാണാനില്ല. കുളിമുറിയുടെ കുറച്ചപ്പുറത്തായുള്ള നായക്കൂട് ഒഴിഞ്ഞു കിടക്കുന്നു.
“മോനായിരുന്നു വിളിച്ചത്. . . ഇവിടേക്ക് വരാനിഷ്ടമില്ലാത്തോനായിരുന്നു എന്റെ മോൻ. . ഞാൻ ചത്താൽ ഈ വീട് വിറ്റ് അമേരിക്കയിൽ സ്ഥിരതാമസമാക്കാനായിരുന്നു ഓന്റെ പ്ലാൻ. . . ഇപ്പം പറയാ നാട്ടിലേക്ക് തിരിച്ചുവരണംന്ന്. . മരിക്കാണേൽ ഇവിടെ കിടന്ന് മരിക്കണംന്ന്. . ” ഇതും പറഞ്ഞ് അദ്ദേഹം കരയാൻ തുടങ്ങി. പുറത്ത് ഇടിവെട്ടി. അന്തരീക്ഷം ഇരുണ്ടുവരുന്നു.
“കരയരുത് അപ്പൂപ്പാ. . എല്ലാം ശരിയാവും. . ഇതാ ഈ ഭക്ഷണം കഴിച്ചേ. . . ”
നിർബന്ധപൂർവ്വം ഭക്ഷണം അദ്ദേഹത്തിന്റെ കയ്യിലേൽപ്പിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ചോദിച്ചു.
“ഒറ്റക്കിരിക്കാൻ പേടിയില്ലേ. . . . ”
വൃദ്ധൻ ഒന്നു ചിരിച്ചു. . ” എന്ത് പേടി മോനേ. . . കൊറോണക്കാലമല്ലേ. . ഒറ്റക്കിരിക്കുന്നതല്ലേ നല്ലത്. . . ”
യാത്ര പറഞ്ഞിറങ്ങുമ്പോൾ നായയെ പറ്റി തിരക്കി.
“അപ്പൂപ്പാ ഇവിടുത്തെ ആ വലിയ നായ എവിടെ പോയി. . ”
“അവന് ശരിക്ക് ഭക്ഷണം കിട്ടാഞ്ഞിട്ട് രണ്ടു ദിവസമായി കരച്ചിലായിരുന്നു. ഇന്ന് ഞാനവനെ തുറന്നു വിട്ടു. . എവിടേക്കോ പോയിട്ടുണ്ട്. അവന് ലോക് ഡൗണൊന്നുമില്ലല്ലോ. . . ”
കരിയിലകൾ മൂടിയ മുറ്റത്തൂടെ തിരിച്ചു നടക്കുമ്പോൾ പുറകിൽ അദ്ദേഹത്തിന്റെ ശബ്ദം കേട്ടു. ” ഗേറ്റ് പൂട്ടണ്ട. . . ഓൻ വരും. . വന്നിട്ട് ഞാൻ പൂട്ടിക്കോളാം. . ”
ആളൊഴിഞ്ഞ റോഡിലൂടെ ബൈക്കിലൂടെ പോകുമ്പോൾ എതിരെ വീട് ലക്ഷ്യമാക്കി ഓടിവരുന്നുണ്ട് ആ നായ. . വായിൽ എന്തോ കടിച്ചു പിടിച്ചിരിക്കുന്നു. . . ചാറ്റൽ മഴയിലൂടെ എന്റെ ബൈക്ക് മുന്നോട്ട് കുതിച്ചു.