ഭൂമിയില്‍നിന്നു മേലോട്ടുനോക്കിയാല്‍ നോക്കെത്തുന്ന ഉയരത്തില്‍ കുടുവന്‍ മേല്‍ക്കൂര പോലെ കാണുന്ന അനന്തമായ ദേശവിസ്തൃതി എന്നാണ് ആകാശത്തിന് മലയാളം ലെക്‌സിക്കനില്‍ നല്‍കുന്ന നിര്‍വചനം. മേഘങ്ങളുടെ സഞ്ചാരവഴിയാണത്. ഗ്രഹനക്ഷത്രപഥവും ആകാശംതന്നെ. വാനം, മാനം, വിണ്ണ് എന്നൊക്കെ പച്ച മലയാളം. ആകാശം എന്നത് സംസ്‌കൃതവാക്കാണ്.
പഞ്ചഭൂതങ്ങളില്‍ അഞ്ചാമത്തേതാണ് ആകാശം. വലിയ ആപത്തു നേരിടുന്നതിനെ ആകാശം ഇടിഞ്ഞുവീഴുക എന്ന് ശൈലിയായി നാം പറയാറുണ്ടല്ലോ.
നടക്കാത്ത കാര്യത്തിന് ആകാശകുസുമം എന്നു പറയും. ഇല്ലാത്ത ഒന്നാണത്. കാനല്‍ജലത്തില്‍ കുളികഴിഞ്ഞ് ആകാശകുസുമവും ചൂടി മുയല്‍ക്കൊമ്പുകൊണ്ടുള്ള വില്ലും ധരിച്ച് വന്ധ്യാപുത്രന്‍ ഇതാ പോകുന്നു എന്ന് തൈത്തിരിയോപനിഷത്തില്‍ പറയുന്നുണ്ട്.
ആകാശക്കപ്പല്‍ എന്നു കേട്ടിട്ടില്ലേ? അതുള്ളതാണ്. ഒരുതരം വിമാനം. ബലൂണ്‍ കൊണ്ടുള്ള യാനപാത്രമാണ് അത്. ആകാശക്കോടാലി എന്നു കേട്ട് പേടിക്കേണ്ട. ഇടിത്തീയുടെ മറ്റൊരു പേര്. ശല്യക്കാരന്‍ എന്നൊരു അര്‍ഥവുമുണ്ട്. നമുക്കിടയില്‍ അത്തരമൊത്തിരി ആളുകളെ കണ്ടിട്ടില്ലേ?
ചിരിയും ചിന്തയും എന്ന കൃതിയില്‍ണ പത്രാധിപന്മാരുടെ സമീപത്തേക്ക് പോകുന്ന ആകാശക്കോടാലികളെപ്പറ്റി പറയുന്നുണ്ട്. മനോരാജ്യം കാണുന്നതിനെ ആകാശക്കോട്ട കെട്ടുക എന്നു പറയും. നടക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത.
ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലൂടെയും ഒരു ഗംഗ ഒഴുകുന്നുണ്ട്. അതാണ് ആകാശ ഗംഗ. സ്വര്‍ഗ്ഗംഗ എന്നും വിളിക്കും. ഭഗവതീ, ആകാശ ഗംഗേ ജലങ്ങളെ കൊണ്ടുവരിക എന്ന് ദൂതവാക്യത്തില്‍. ഭഗീരഥന്‍ ആകാശഗംഗയെ പിടിച്ചുകെട്ടി കൊണ്ടുവന്നു എന്നാണല്ലോ പുരാണം.
ആകാശത്തുതന്നെയാണ് ക്ഷീരപഥം ഉള്ളത്. ആകാശചാരികളാണ് ഗന്ധര്‍വന്മാരും യക്ഷന്മാരും.
അടുക്കളയിലെ പുകയറയ്ക്ക് ആകാശചൂര്‍ണം എന്നുപറയാറുണ്ട്.
ഗംഗയുടെ തീരത്ത് വാരാണസിയിലുള്ള ഒരു പുണ്യതീര്‍ഥത്തിന് ആകാശതീര്‍ഥം എന്നു പറയാറുണ്ട്.
ആകാശഭാഷിതം കേട്ടിട്ടുണ്ടോ?
ആകാശത്തേക്ക് നോക്കി സംസാരിക്കലാണ് ആകാശഭാഷിതം. രംഗത്ത് ഇല്ലാത്ത കഥാപാത്രത്തിന്റെ സംഭാഷണം കേട്ടതായി നടിച്ചുകൊണ്ട് നടന്‍ ചെയ്യുന്ന സംഭാഷണമാണിത്. അശരീരി വാക്ക് എന്നും അര്‍ഥമുണ്ട്.
പണ്ട് ആകാശമണ്ണ് എന്നു പറഞ്ഞിരുതന്ന് എന്തിനെയെന്നോ? ശിശുവിന്റെ തലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും വിയര്‍പ്പും കലര്‍ന്ന കറുത്ത സാധനത്തിനെ വിളിച്ചിരുന്നതാണിത്.
ചെറിയ ചുവന്ന പൂക്കളുള്ള ഒരു വള്ളിച്ചെടിക്ക് ആകാശമുല്ല എന്നു പേരുണ്ട്. ചെടിവളരുന്നത് ആകാശത്തിലല്ല, ഭൂമിയില്‍തന്നെ.
ആകാശത്തെവച്ച് ഒരു ന്യായവും കൊളുത്തിയിട്ടുണ്ട് ഇന്ത്യക്കാര്‍. ആകാശമുഷ്ടിഹനനന്യായം എന്നാണത്. ആകാശത്തില്‍ കൈചുരുട്ടി ഇടിക്കുംപോലെ എന്നാണ് അര്‍ഥം. നിഷ്ഫലമായ, ബുദ്ധിശൂന്യമായ പ്രവൃത്തിക്ക് പറയുന്നതാണ്.
ആധുനിക കാലത്ത് യുദ്ധം നടക്കുമ്പോള്‍ ആകാശത്താണെങ്കില്‍ നാം ആകാശയുദ്ധം
എന്നു വിളിക്കും. യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന യുദ്ധം. എന്നാല്‍, പ്രാചീന കാലത്തേ ഈ ആകാശയുദ്ധം ഉണ്ടായിരുന്നു. കോട്ടയുടെ മുകളിലോ മറ്റ് ഉയര്‍ന്ന ദിക്കിലോ നിന്ന് ചെയ്യുന്ന യുദ്ധം.

ആകാശലിംഗം എന്നൊരു ലിംഗമുണ്ട്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ചിദംബരം ക്ഷേത്രത്തിലെ ശിവലിംഗം അറിയപ്പെടുന്നത് അങ്ങനെയാണ്. പഞ്ചലിംഗങ്ങളില്‍ ഒന്ന്.
മൂടില്ലാത്താളിക്ക് ആകാശവല്ലി എന്നു പറയും. വള്ളിവഴുതനയ്ക്കും പേര് ആകാശവഴുതന. ആകാശവാണം എന്നാല്‍ മാനത്തേക്ക് കത്തിച്ചുവിടുന്ന ഒരു കരിമരുന്ന്. സ്വര്‍ഗത്തില്‍നിന്ന് വരുന്ന ശബ്ദം എന്നാണ് ആകാശവാണിക്ക് പണ്ട് അര്‍ഥം. ഇപ്പോള്‍ ആകാശവാണി എന്നുപറഞ്ഞാല്‍ ഒരേയൊരു അര്‍ഥം.
ആകാശവെണ്ട, ആകാശവേര് എന്നിങ്ങനെയുള്ള മറ്റ് നിരവധി വാക്കുകളും ആകാശവുമായി ബന്ധപ്പെട്ട് ഉണ്ട്.

 

ആകാശം,
പഞ്ചഭൂതങ്ങള്‍,
ആകാശകുസുമം,
ആകാശക്കപ്പല്‍,
ക്ഷീരപഥം,
ആകാശഭാഷിതം,
അശരീരി,
ആകാശമുഷ്ടി ഹനനന്യായം,
ആകാശമണ്ണ്,
ആകാശമുല്ല