പാശ്ചാത്യസാഹിത്യ നിരൂപണം– മാത്യു ആര്‍നോള്‍ഡ്
വിക്ടോറിയന്‍ കാലഘട്ടത്തിലെ മഹാനായ വിമര്‍ശകനാണ് മാത്യു ആര്‍നോള്‍ഡ്. കവി എന്ന നിലയിലാണ് സാഹിത്യ ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് അദ്ദേഹം വിമര്‍ശകനായി ഉറച്ചു. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ താന്‍ കണ്ട ഇംഗ്ലണ്ട് ആര്‍നോള്‍ഡിനെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. വ്യവസായരംഗത്ത് തികഞ്ഞ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ സംസ്‌കാരം അതിന്റെ ആഭിജാത്യം കൈവിടുന്നത് അദ്ദേഹം കണ്ടു. അഭിജാതവര്‍ഗം പ്രാകൃതരായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന് തോന്നി. ഇടത്തരക്കാര്‍ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി മൂല്യങ്ങളെ ബലികഴിക്കുന്നത് അദ്ദേഹം കണ്ടു. ക്ലാസിക് പാരമ്പര്യം ഉണ്ടായിരുന്ന ആര്‍നോള്‍ഡ് ഇതെല്ലാം കണ്ട് വിഷാദിച്ചില്ല. മറിച്ച്, വിമര്‍ശകന്റെ ധര്‍മം കലാകാരന്മാര്‍ക്ക് പ്രചോദനം നല്‍കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, മഹത്തായ സാഹിത്യത്തെക്കുറിച്ചുള്ള അറിവിലെത്തിക്കുകയാണെന്നും അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസത്തിന്റെ പ്രകടനപത്രികയാണ് മാത്യു ആര്‍നോള്‍ഡിന്റെ വിമര്‍ശന ചിന്തകള്‍.
ആര്‍നോള്‍ഡിന്റെ പ്രധാന കൃതികള്‍
1. ഓണ്‍ ട്രാന്‍സ്‌ലേറ്റിങ് ഹോം
2. പ്രിഫസ് ടു 1853 വോള്യംസ് ഓഫ് പോയംസ്
3. ഇസ്സേയ്‌സ് ഓണ്‍ ക്രിട്ടിസിസം വണ്‍ സീരീസ്
4. ഓണ്‍ ദ സ്റ്റഡി ഓഫ സെല്‍റ്റിക് ലിറ്ററേച്ചര്‍
5. കള്‍ച്ചര്‍ ആന്റ് അനാര്‍ക്കി
6. ഐറിഷ് ഇസ്സേയ്‌സ് ആന്റ് അദേഴ്‌സ്
7. ഇസ്സേയ്‌സ് ഇന്‍ ക്രിട്ടിസിസം ടൂ സീരീസ്
s
ദ സ്റ്റഡി ഓഫ് പോയട്രി എന്ന പ്രബന്ധത്തിലും ഇസ്സേയ്‌സ് ഇന്‍ ക്രിട്ടിസിസം എന്ന ഗ്രന്ഥത്തിലുമാണ് സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആര്‍നോള്‍ഡിന്റെ ചിന്തകള്‍ പ്രാധാനമായും കാണുന്നത്. ദീര്‍ഘ കാവ്യങ്ങളെ തള്ളിപ്പറയുകയും, നിമിഷങ്ങളുടെ സൗന്ദര്യത്തെ ആവിഷ്‌ക്കരിക്കുന്ന ഹ്രസ്വമായ ഭാവകാവ്യങ്ങളെ മാത്രം അംഗീകരിക്കുന്ന സ്പാസ് മോഡിക് കവികളെ ആര്‍നോള്‍ഡ് രൂക്ഷമായി വിമര്‍ശിച്ചു. ശാസ്ത്രത്തിന്റെ ആക്രമണത്തില്‍പ്പെട്ട് മതവും കവിതയും മരിച്ചുപോകുമെന്ന് ആര്‍നോള്‍ഡ് വിശ്വസിച്ചില്ല. കാവ്യപഠനം എന്ന ഗ്രന്ഥത്തില്‍ കവിതയ്ക്ക് ഉന്നതമായ ഭാവിയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പള്ളിമതം ലക്ഷ്യംതെറ്റി നീങ്ങിയേക്കാം. എന്നാല്‍, അത് ഉയര്‍ത്തിപ്പിടിക്കാന്‍ മതത്തിനു കഴിയാതെ പോകുന്നുണ്ടെങ്കില്‍ ഭാവിയില്‍ അതുചെയ്യുന്നത് കവിതയായിരിക്കും. മതത്തിന്റെ സ്ഥാനം കവിത ആവേശത്തോടെ ഏറ്റെടുക്കുന്നു. മതത്തിന്റെ ആന്തരികതയില്‍ ഒരു ശക്തിയായി കവിത പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍നോള്‍ഡ് വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ബലത്തിലാണ് നമ്മുടെ മതത്തിന്റെ ശക്തമായ അംശം അതിലെ അബോധകവിതയാണെന്ന് ആര്‍നോള്‍ഡ് എഴുതിയത.് മതത്തിനു പകരമായി ശാസ്ത്രത്തിനും കവിതയ്ക്കും വിട്ടുനില്‍ക്കാന്‍ സാധ്യമല്ല. കവിതയുടെ അംശമില്ലെങ്കില്‍ ശാസ്ത്രത്തിന് പുര്‍ണത കിട്ടുന്നില്ല. ഈ വിശ്വാസത്തിന്റെ ബലത്തിലാണ് കവിതയില്ലാതെ ശാസ്ത്രം അപൂര്‍ണമാണെന്ന് അദ്ദേഹം എഴുതിയത്.
കവിത ആര്‍നോള്‍ഡിന് ജീവിതവിമര്‍ശനമാണ്. കാവ്യസത്യത്തിന്റെ, ലാവണ്യദര്‍ശനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിതത്തെ വിമര്‍ശിക്കുകയാണ് കവി ചെയ്യുന്നത്. ജീവിതം എന്താണ്? ജീവിതം എന്തായിരിക്കണം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ലഹരിദായകമായ ആലോചനകളിലൂടെയാണ് ജീവിതവിമര്‍ശനം കവി സാധിക്കുന്നത്. കാവ്യത്തെ ഉത്കൃഷ്ടമാക്കുന്നത് മഹത്തായ ഇതിവൃത്തമാണ്.
അഭിജാത ഗൗരവമുള്ള പ്രതിപാദനത്തിലൂടെയാണ് യവനസാഹിത്യം മഹത്തായ കല സൃഷ്ടിച്ചത്. അത്തരം സൃഷ്ടി നല്‍കുന്ന ആനന്ദം ക്ഷണികമല്ല, സനാതനമാണ്. നൈമിഷികങ്ങളായ ആനന്ദം നല്‍കാനാണ് സ്പാസ് മോഡിക് കവികള്‍ ശ്രമിച്ചത്. അവരുടെ പരാജയവും അതുതന്നെയായിരുന്ന. ഇതോടൊപ്പം പ്രതിപാദ്യം ഭദ്രമാകുന്നത് ഉദാത്തമായ ശൈലിയിലൂടെയാണെന്നു ആര്‍നോള്‍ഡ് ഊന്നിപ്പറയുന്നു. ഹോമറിന്റെ ശൈലിയെ അദ്ദേഹം എല്ലായ്‌പ്പോഴും പ്രശംസിച്ചു. ഇംഗ്ലീഷില്‍ മില്‍ട്ടനും ഷെല്ലിയും ഉദാത്തശൈലിക്ക് ഉദാഹരണമായി അദ്ദേഹo എടുത്തുകാണിച്ചു.
വിമര്‍ശനത്തിന്റെ ധര്‍മം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആര്‍നോള്‍ഡിന്റെ സാഹിത്യ നിരൂപണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദം നിസ്സംഗത എന്നതാണ്. ഇത് കല കലയ്ക്കുവേണ്ടി എന്ന വാദമല്ലെന്ന് വെര്‍നോണ്‍ ഹാള്‍ ചൂണ്ടിക്കാണിക്കുന്നു. നിരൂപകന്‍ ഇവിടെ നിസ്സംഗനായി നില്‍ക്കുന്നത് സാമൂഹികമായ ധര്‍മം ഇല്ലാത്തതുകൊണ്ടല്ല, കൂടുതല്‍ ഉത്തരവാദിത്വമുള്ളതിനാലാണ്. അയാള്‍ വ്യക്തിപരമായ ബന്ധങ്ങളില്‍നിന്നും രാഷ്ട്രീയമായ ചായ്‌വുകളില്‍ നിന്നും അകന്നു നില്‍ക്കണം. ചരിത്രപരവും വ്യക്തിപരവുമായ സമീപനങ്ങള്‍ വഴി സാഹിത്യകലയെ വിലയിരുത്തുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ അഭിപ്രായത്തിലൂടെ ടെയിനിന്റെയും സാങ് ബോവിന്റെയും വിമര്‍ശന പദ്ധതികളെ തള്ളിപ്പറയുകയാണ് ആര്‍നോള്‍ഡ് ചെയ്യുന്നത്.
നല്ല കൃതികളെ കണ്ടെത്തുന്നതിന് നികഷോപല സമ്പ്രദായം സ്വീകരിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു. ഹോമറില്‍ നിന്നും ദാന്തെയില്‍ നിന്നും അദ്ദേഹം മികച്ച വരികള്‍ ഉദ്ധരിക്കുന്നു. ഈ വരികള്‍ ഉരച്ചുനോക്കി സാഹിത്യകൃതികളെ വിലയിരുത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു. ഈ മൂല്യനിര്‍ണയത്തിലൂടെ വേര്‍ഡ്‌സ്‌വര്‍ത്തിനെ അദ്ദേഹം അംഗീകരിച്ചു. ഷെല്ലിയെയും കീറ്റ്‌സിനെയും അദ്ദേഹം അംഗീകരിച്ചില്ല. അതിനേക്കാള്‍ ഏറെ ഫ്രഞ്ച് കവികളെ അദ്ദേഹം ആവേശത്തോടെ ഉയര്‍ത്തിപ്പിടിച്ചു. ഇപ്രകാരം ശ്രേഷ്ഠമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഉന്മേഷകരമായ ഒരു അന്തരീക്ഷം സാഹിത്യത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതുവഴി ക്ഷയോന്മുഖമായ കാല്പനികതയില്‍ നിന്നും ഫിലിസ്റ്റി നിസത്തില്‍ നിന്നും വിക്ടോറിയന്‍ കാലഘട്ടത്തെ അദ്ദേഹം രക്ഷിക്കുകയാണ് ചെയ്തത്. ആര്‍നോള്‍ഡിന്റെ ചിന്തകള്‍ ആ കാലഘട്ടത്തോടെ നിലച്ചു. അമേരിക്കന്‍ നിരൂപകരായ പോള്‍ എല്‍മര്‍, ഇര്‍വിംഗ് ബാബിറ്റ് എന്നിവരുടെ നവീന മാനവവാദം എന്ന പ്രസ്ഥാനത്തില്‍ ആര്‍നോള്‍ഡിന്റെ ചിന്തയുടെ ഉയര്‍ത്തെഴുന്നേല്പ് കാണാം.
Leave a Reply