കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടപ്രകാരങ്ങളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തില്‍ ആദ്യം വിവര്‍ത്തനമുണ്ടായതും മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് 'അര്‍ഥശാസ്ത്രം'. പത്താം നൂറ്റാണ്ടില്‍ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. 
തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടയിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീര്‍ഘമുള്ള ചുട്ടെഴുത്തു് തമിഴില്‍ ഇല്ല. തൊല്‍കാപ്പിയം പറയുന്നത് ആ എന്നത് കാവ്യഭാഷയില്‍ മാത്രമുള്ളതാണെന്നാണ്. ആ വീട്, ഈ മരം ഇവയൊക്കെയാണു് പഴയത്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തില്‍ പഴന്തമിഴിനേക്കാള്‍ പഴമ പ്രദര്‍ശിപ്പിക്കുന്നു എന്നു വാദിക്കുന്നവരുമുണ്ട്. ആദിദ്രാവിഡത്തില്‍ നിലനിന്ന തായ്മാര്‍ എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴില്‍ ഇല്ലാതായി. പഴന്തമിഴില്‍ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ട്, തമിഴില്‍ ഇല്ല. ആശാന്‍ (ആചാര്യ), അങ്ങാടി (സംഘാടി  വഴികള്‍ ചേരുന്ന സ്ഥലം), പീടിക (പീഠിക) മുതലായവ ഉദാഹരണങ്ങള്‍. മലയാളത്തിലെ മുതുക്കന്‍, കുറുക്കന്‍ എന്നിവയിലെ 'ക്കന്‍' തമിഴില്‍ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ട്. പനിയത്ത് (മഞ്ഞില്‍), വളിയത്ത് (കാറ്റില്‍) എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആദിദ്രാവിഡത്തില്‍ ഉണ്ടായിരുന്നുവെന്ന് തൊല്‍കാപ്പിയം സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തില്‍ ആ പഴമ ഇന്നും നിലനില്‍ക്കുന്നു. ഇരുട്ടത്ത്, നിലാവത്ത്, കാറ്റത്ത്, വയറ്റത്ത്, കവിളത്ത്, വെയിലത്ത് തുടങ്ങിയവ ഉദാഹരണങ്ങള്‍. 

ഉത്തമമധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം തരല്‍,
പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളത് കൊടുക്കല്‍.

എനിക്ക് കൊടുക്ക് എന്ന് ആരും പറയില്ലല്ലോ. പ്രാദേശികമായോ പരിഹാസരൂപത്തിലോ പറഞ്ഞേക്കാം. എന്നാല്‍, നിനക്ക് കൊടുക്കാം എന്നല്ല, തരാം എന്നാണ് പറയുക. അയാള്‍ നിനക്ക് വളരെ ഉപകാരങ്ങള്‍ ചെയ്തുതന്നിട്ടില്ലേ? ഞാന്‍ കുഞ്ഞുണ്ണിക്ക് പാട്ടു പഠിപ്പിച്ചുകൊടുത്തു. നിനക്ക് ഇത് ആരാണ് പറഞ്ഞുതന്നത്? ഈ ‘തരുകൊടു’ വ്യാവര്‍ത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം എത്തുന്നുണ്ടെന്നും പണ്ഡിതന്മാര്‍ പറയുന്നു.

ദ്രാവിഡവര്‍ണങ്ങളുടെ ഉച്ചാരണത്തനിമ

ദ്രാവിഡവര്‍ണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നത് മലയാളമാണ്. പദാദിയില്‍ ഇന്നത്തെ തമിഴില്‍ ച എന്നുച്ചരിക്കുന്നത് തെക്കന്‍തമിഴ്‌നാട്ടിലെ കീഴാളര്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് സൂട്ട്(ചൂട്ട്), സിന്തനൈ(ചിന്തന) എന്നൊക്കെയാണ്. ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയില്‍ ഉള്ളത്. മലയാളികള്‍ക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെ മതി. ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന (ദന്ത്യം), ന (വര്‍ത്സ്യം), മ എന്നിവ. ന (ദന്ത്യം), ന(വര്‍ത്സ്യം) ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി ഇന്നും പാലിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വര്‍ത്സ്യാനനാസികവും) ഇവയ്ക്ക് തമിഴില്‍ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തില്‍ ഒന്നായിത്തീര്‍ന്നു.  ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറിവന്നാല്‍ മൂന്നെണ്ണം വേര്‍തിരിച്ച് കേള്‍ക്കാനും കേള്‍പ്പിക്കാനും മാത്രമേ മിക്ക തമിഴര്‍ക്കും കഴിയൂ. മലയാളികള്‍ക്കാവട്ടെ ഈ ആറും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചുപറയാന്‍ പ്രയാസം ഇല്ല. കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികള്‍ ദീക്ഷിക്കുന്നു. നാന്‍ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴര്‍ ദീക്ഷിക്കുന്നുമില്ല. ദന്ത്യവും വര്‍ത്സ്യവുമായ നകള്‍ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴര്‍ ദീക്ഷിക്കുന്നില്ല. ഇതേപോലെ ല, ള, ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വിരളമാണ്. ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തില്‍ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ പുലര്‍ത്തുന്നതുമാണ്. നിത്യഭാഷണത്തില്‍ ധാരാളമായും ഔപചാരികസന്ദര്‍ഭത്തില്‍ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടില്‍ പണ്ഡിതന്മാര്‍ക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ.

പ്രാചീനസാഹിത്യത്തിലെ മലയാളഭാഷ

പാട്ടുരീതിയില്‍ എഴുതപ്പെട്ട കൃതികളില്‍ പഴക്കമേറിയത് ചീരാമകവിയുടെ രാമചരിതമാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാമകഥയാണ് ഇതിവൃത്തമെങ്കിലും രാമായണം യുദ്ധകാണ്ഡത്തിലെ സംഭവങ്ങളുടെ വിവരണങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ലീലാതിലകത്തിലും മറ്റും വ്യവസ്ഥചെയ്യുന്ന പാട്ടുരീതിയിലാണ് കാവ്യമെങ്കിലും ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരന് തോന്നൂ. 
തമിഴിന്റെ സ്വാധീനത്തില്‍നിന്നു മുക്തിനേടി കുറേക്കൂടി വ്യക്തമായ മലയാള രീതിയാണു കണ്ണശ്ശരാമായണത്തില്‍. ക്രിസ്തുവര്‍ഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായിരുന്നു കാവ്യരചന. തിരുവല്ലയ്ക്കടുത്ത് നിരണം എന്ന സ്ഥലത്തായിരുന്നു കണ്ണശ്ശന്റെ ജീവിതം.

‘നരപാലകര്‍ ചിലരിതിന് വിറച്ചാര്‍
നലമുടെ ജാനകി സന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടി ധ്വനിയാല്‍
മയിലാനന്ദിപ്പതുപോലെ’ എന്നു തെളി മലയാളത്തില്‍ ആയിരുന്നു കണ്ണശ്ശരാമായണം.

രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ എഴുതപ്പെട്ട കൃതിയാണ് വൈശികതന്ത്രം എന്ന മണിപ്രവാള ഗ്രന്ഥം. സംസ്‌കൃതത്തില്‍ ദാമോദരഗുപ്തന്റെ കുട്ടനീമതം പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാള കൃതിയായിരുന്നു വൈശികതന്ത്രവും. സംസ്‌കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു മണിപ്രവാളകൃതികള്‍ പൊതുവെ. സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതല്‍ക്കേയുള്ള സ്‌തോത്രകൃതികളും പ്രസിദ്ധമായിരുന്നു. വില്വമംഗലത്തു സ്വാമിയാരുടെ സംസ്‌കൃതസ്‌തോത്രങ്ങള്‍ക്ക് സമകാലികമായി മണിപ്രവാളത്തില്‍ വസുദേവസ്തവം പോലുള്ള കൃതികളും ഉണ്ടായിരുന്നു.
കേരളീയ കാവ്യപാരമ്പര്യം കുറേക്കൂടി തെളിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയോടെയാണ്. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും സ്വാധീനത്തില്‍ നിന്നകന്ന് നാടന്‍ ഈണത്തില്‍ രചിക്കപ്പെട്ട കൃതി. ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാര്‍ന്ന മലയാളഭാഷയും ചേര്‍ന്ന കൃഷ്ണഗാഥ മലയാളം കവിതയ്ക്ക് ഒരു പുതിയ മുഖം നല്‍കി. സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ സന്ദേശകാവ്യങ്ങളും ചമ്പൂക്കളും പ്രസക്തമാണ്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാള്‍ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വര്‍ണനകള്‍ക്കാണ് പ്രാധാന്യം കൊടുത്തത്.