കഥയുടെ ജാലകങ്ങള്‍ (പി.വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ക്ക് കഥാകൃത്തു തന്നെ എഴുതിയ ആമുഖം)
എന്റെ എഴുത്ത് എന്റെ വീടാണ്. അതിന്റെ ജാലകങ്ങളാണ് കഥകള്‍. നാലുദിശകളിലേക്കും ജാലകങ്ങളുള്ള ഒരു വീട്. ഓരോ കഥയും എഴുതുമ്പോള്‍ ഞാന്‍ ആ വീട്ടിനകത്തു കടന്നിരിക്കും. എന്റെ മുന്നില്‍ ഒരു സ്വകാര്യലോകം തുറക്കും. ചിലപ്പോള്‍ അതു തുറന്നു കിടപ്പുണ്ടാകും. ചിലപ്പോള്‍ ഒരല്പം തുറന്ന്. മറ്റുചിലപ്പോള്‍ ഞാനത് തള്ളിത്തുറക്കും. അപ്പോള്‍ മുന്‍ സൂചന അനുസരിച്ച് അവിടെ ഒരു കാഴ്ചയുള്ളത്, മെല്ലെ, മെല്ലെ ഇതള്‍വിടര്‍ത്തി പൂര്‍ണമായും വികസിച്ചുവരും. അതാണ് എന്റെ ഓരോ കഥയും. ആത്മാവിന്റെ ജാലകവഴികള്. കാലം ചെല്ലുന്തോറും ജാലകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഞാനറിയുന്നു. എന്നുമാത്രമല്ല, എന്റെ വീട്ടിനകത്തേക്ക് കുറെക്കൂടി വെളിച്ചം കടന്നുവരുന്നത് ഞാന്‍ ഹൃദയം തുറന്നു മനസ്സിലാക്കുന്നു.
വീട്ടിന്നകത്തേക്കുള്ള പ്രധാനവാതില്‍, ഒരു എഴുത്തുകാരിയാവാന്‍ കുട്ടിക്കാലം മുതല്ക്കു എന്നില്‍ അടഞ്ഞുകിടക്കുകയായിരുന്ന, ക്രമേണ തുറന്നുവന്ന, ഇച്ഛ തന്നെയാണ്. അറിയാനും അനുഭവിക്കാനുമുള്ള ആഗ്രഹം. അറിഞ്ഞതിന്നെതിരെ പ്രതികരിക്കാനുള്ള അഭിവാഞ്ഛ. ഈ ഒരു ഉള്‍പ്രേരണയാല്‍, അന്ന്, കുട്ടിക്കാലത്ത്, ലോകം കാണാന്‍, ഞാന്‍ തറവാട്ടില്‍നിന്ന് മുത്തശ്ശിയോടൊപ്പം ഇറങ്ങുമായിരുന്നു.
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍, അച്ഛന്റെ അമ്മ, എന്റെ മുത്തശ്ശി, ഒരു പ്രഭാതത്തില്‍ എന്നോടു പറഞ്ഞു, നമുക്കിന്ന് ഒരിടത്ത് പോകാനുണ്ട്. എത്ര ദൂരം വേണമെങ്കിലും നടക്കാന്‍ ഞാന്‍ തത്പരയായിരുന്നു. മുത്തശ്ശിയും ധാരാളം നടക്കും. വീട്ടിലുള്ള പകലുകള്‍ മുഴുവനും, അവര്‍ മൂന്നര എക്ര വലുപ്പമുള്ള വീട്ടുവളപ്പില്‍ ചുറ്റിനടക്കുമായിരുന്നു. ഊണുകഴിക്കുമ്പോള്‍ മാത്രമാണ് അവര്‍ ഒരിടത്തിരിക്കുക. വൈകുന്നേരം വിശ്രമിക്കുമ്പോള്‍ കഥകളുടെ കെട്ടഴിക്കും. രാത്രി ഉറക്കംവരെ കഥകള്‍ കൂടെനടക്കും. എന്റെ കഥാകൗതുകത്തെ ഇതള്‍വിടര്‍ത്തിയ മുത്തശ്ശി, കഥകള്‍ പറഞ്ഞുതരിക മാത്രമല്ല, അനുഭവിപ്പിച്ചുതരികയും ചെയ്തു, പലതരം കുഞ്ഞുയാത്രകളിലൂടെ.
”ഇന്നു നാം നടക്കുന്നില്ല; കുമാരന്റെ കുതിരവണ്ടിയിലാണ് പോകുന്നത്!”. അന്നു കുതിരവണ്ടി, ആഢ്യത്വത്തിന്റെ ചിഹ്നമായിരുന്നു. കുമാരന്റെ കുതിരവണ്ടിക്കു കൊടുക്കാനുള്ള എട്ടണയുടെ രണ്ടുനാണ്യങ്ങള് മുത്തശ്ശി മുണ്ടിന്റെ കോന്തലക്കല് കെട്ടി.
കുടുംബബന്ധുവായ കോരപ്പന് എന്ന ഒരാളുടെ രോഗം കാണാനാണ് യാത്ര. അദ്ദേഹം ധനികനായിരുന്നു ഒരു മൈല്‍ ദൂരം നടന്നു, മലാപ്പറമ്പിലെ കുതിരവണ്ടി ഷെഡ്ഡിനടുത്തെത്തി. കാപ്പിവര്ണത്തില് ഉടലും കറുത്ത കുഞ്ചിരോമവും, വെളുത്ത സോക്സും, കറുത്ത ഷൂസും ധരിച്ച ഒരു ഗംഭീരന്‍. കുതിരയ്ക്ക് മുതിരസ്സഞ്ചി മോന്തയില്‍ കെട്ടിക്കൊടുക്കുന്നതിനിടയില്‍ വണ്ടിക്കാരന് കുമാരന് പറഞ്ഞു:
കോരപ്പന് മുതലാളി മരിച്ചു!
മുത്തശ്ശിയുടെ മുഖത്തിന്റെ നിറംകെട്ടു. ഇനി ഇവളെ ഞാനെങ്ങനെ മരണവീട്ടില്കൊണ്ടുപോകും? കഥയുടെ വിഷയം ആകെ മാറിമറിഞ്ഞു. വലിയവീട്ടിലേക്കുള്ള യാത്ര മുടങ്ങി. മുത്തശ്ശി എന്നെ തിരികെ വീട്ടില്‍കൊണ്ടുവന്നു. മുതിര്‍ന്ന നാലുപേരെക്കൂട്ടി കുതിരവണ്ടിയില്‍ മരണം കാണാന്‍ പോയി. ഞാനേറെ കരഞ്ഞു. കോരപ്പന് എന്ന ബന്ധു മരിച്ചതിലല്ല, കുതിരവണ്ടിയില്‍ ഒതു യാത്ര മുടങ്ങിയതില്‍.
ഇങ്ങനെ കഥാപൂരിതമായിരുന്നു ബാല്യവും കൗമാരവും. ലോകം നിറയെ പലതരം കഥകള്‍. എഴുത്തുകാരുടെ കര്‍ത്തവ്യം അവ തിരഞ്ഞെടുത്ത് സ്വന്തമാക്കുന്നതിലും മറ്റുള്ളവര്‍ക്ക് പകര്ന്നുകൊടുക്കുന്നതിലുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇരുനൂറിലധികം കഥകളെഴുതി. ഒന്നെഴുതിക്കഴിയുമ്പോള്‍ മറ്റൊരു ജന്നല്‍ മുമ്പില്‍ തുറക്കും. അക്കാഴ്ചകളില് എറ്റവും പ്രിയപ്പെട്ട കുറെയെണ്ണം തെരഞ്ഞെടുത്തു. ഒരു വാല്യം മുമ്പ് പുറത്തിറക്കി. രണ്ടാമത്തേത് ഇപ്പോഴാണ് ഒരുങ്ങിപ്പുറപ്പെടുന്നത്. ഇനിയുമുണ്ട്. സഹായിച്ചതിന് കറന്റ് ബുക്സിന് നന്ദി. എന്റെ ആദ്യകഥാ സമാഹാരം പ്രസിദ്ധീകരിച്ചവരില്‍ ഒരാള്‍ ഡി.സി തന്നെ. അദ്ദേഹം അന്ന് എന്നോട് ഒരു സമാഹാരം ആവശ്യപ്പെട്ടു കത്തെഴുതിയത് എനിക്കു ലഭിച്ച എറ്റവും വലിയ പുരസ്കാരമാണ്. ഡി.സി കിഴക്കേമുറിയെ സ്നേഹബഹുമാനങ്ങളോടെ സ്മരിച്ചുകൊണ്ട്,
വിധേയ
പി.വത്സല
കോഴിക്കോട്
Leave a Reply