കേരളത്തിലെ പക്ഷികൾ (പക്ഷിനിരീക്ഷണം)
ഒന്നാംപതിപ്പിൻ്റെ മുഖവുര
ഇന്ദുചൂഡന്‍
കുട്ടിക്കാലം മുതല്ക്ക് സകലജാതി ജീവികളേയും നോക്കിനടക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് കാലക്രമേണ പക്ഷികളോടു പ്രത്യേകിച്ചൊരു സ്‌നേഹമുണ്ടായിത്തീര്‍ന്നു. ഇതിനു മുഖ്യകാരണം ഞാന്‍ താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ത്തന്നെ പക്ഷികളെപ്പറ്റിയുള്ള പുസ്തകങ്ങളാണ് എളുപ്പം കണ്ടെത്തിയിരുന്നതെന്നതാണ്. എങ്കിലും, നമ്മുടെ ഭാഷയില്‍ പക്ഷികളെ വിവരിക്കുന്ന ഒരു പുസ്തകം ഇല്ലാതിരുന്നത് എന്റെ പക്ഷിനിരീക്ഷണത്തിനു വലിയൊരു പ്രതിബന്ധമായിരുന്നു. മലയാളത്തില്‍ വല്ല പുസ്തകങ്ങളുമുണ്ടോ എന്നു കിണഞ്ഞന്വേഷിച്ചതിന്റെ ഫലമായി ശ്രീ.കെ.സുകുമാരന്‍ എഴുതിയ ജന്തുശാസ്ത്രം എനിക്കു കിട്ടി. പക്ഷേ, അതിന്റെ സഹായംകൊണ്ടു നമ്മുടെ രാജ്യത്തുള്ള മിക്ക പക്ഷികളെയും കണ്ടു നിര്‍ണയിക്കുവാന്‍ സാധ്യമല്ലെന്നത് ഉടന്‍ തെളിഞ്ഞു. അന്നു ഞാന്‍ അനുഭവിച്ച നിരാശയ്ക്ക് അതിരില്ലായിരുന്നു.
പിന്നീട്, ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ പല പുസ്തകങ്ങളുടെയും സഹായത്തോടെയാണ് എനിക്കു പക്ഷിനിരീക്ഷണം നടത്തുവാന്‍ കഴിഞ്ഞതുതന്നെ. അതിന്റെ ഭവിഷ്യത്തായി ഇന്നും നമ്മുടെ പക്ഷികള്‍ക്കു മലയാളത്തിലുള്ള പേരുകള്‍ (ഞാന്‍ തന്നെ കൊടുത്തിട്ടുള്ളത് അടക്കം) ഓര്‍മിക്കുവാനും ഉപയോഗിക്കുവാനും വളരെ പ്രയാ സമായിത്തീര്‍ന്നിരിക്കുന്നു. ഒരു പക്ഷിയെ കണ്ടാലുടനെ അതിന്റെ ഇംഗ്ലീഷ് പേരാണ് മനസ്സിലുദിക്കുന്നത്. വല്ലവരും അതിന്റെ മലയാളപ്പേര് അന്വേഷിച്ചാല്‍, അറിയുകയില്ല, ഓര്‍മയില്ല, നോക്കിപ്പറയാം എന്നെല്ലാം മറുപടി കൊടുക്കേണ്ടിവരുന്നു. അങ്ങനെ സ്വാനുഭവം മൂലം നമ്മുടെ ഭാഷയില്‍ പക്ഷികളെക്കുറിച്ചും മറ്റുമുള്ള പുസ്തകങ്ങളില്ലാത്തതിന്റെ ഭവിഷ്യത്ത് എനിക്കു വ്യക്തമായിട്ടുണ്ട്. എങ്കിലും, മലയാളഭാഷയില്‍ വേണ്ടതുപോലെ പാണ്ഡിത്യമില്ലാത്തതുകാരണം ഈ കുറവു ഞാന്‍തന്നെ തീര്‍ക്കുവാന്‍ ശ്രമിച്ചേക്കാം എന്നൊരു ഉദ്ദേശ്യം ഒരിക്കലും ഉണ്ടായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ പത്രാധിപരായ ശ്രീ.എന്‍.വി.കൃഷ്ണവാരിയര്‍, ‘കേരളത്തിലെ പക്ഷികളെക്കുറിച്ച്, ഇംഗ്ലീഷ് പത്രങ്ങളില്‍ കാണാറുള്ളതുപോലെ, കുറെ ലേഖനങ്ങള്‍ അയച്ചുതരാമോ?’ എന്നെഴുതി ചോദിച്ചത്. ഉടന്‍ തോന്നിയത് ‘വയ്യ’ എന്നു മാത്രം മറുപടി കൊടുക്കുവാനായിരുന്നു. എങ്കിലും, വാപിളര്‍ന്നു നില്ക്കുന്ന വലിയൊരു കുഴിയുടെ അടിത്തട്ടില്‍ അല്പമെങ്കിലും മണ്ണിടുവാന്‍ കഴിഞ്ഞാല്‍ കാലക്രമേണ മറ്റുള്ളവരും ചേര്‍ന്നു കുഴി ഇല്ലാതാക്കിത്തീര്‍ക്കുമെന്നു തോന്നി. മലയാളഭാഷയില്‍ പക്ഷികള്‍ക്കു പരക്കെ അറിയാവുന്ന പേരുകള്‍ ഇല്ലാത്തതും, ഉള്ളതുതന്നെ എന്റെ അറിവില്‍പ്പെടാത്തതും, ഭാഷയുമായുള്ള പരിചയക്കുറവും ലേഖനപരമ്പരയെ ഭഗീരഥപ്രയത്‌നത്തിനു തുല്യമാക്കിയെങ്കിലും അഞ്ചാറുകൊല്ലംകൊണ്ട് കേരളത്തിലെ പക്ഷികള്‍ സുമാര്‍ നൂറോളം ലേഖനങ്ങള്‍ ‘മാത്യഭൂമി’യില്‍ പ്രസിദ്ധപ്പെടുത്തി.
ഈ ലേഖനങ്ങളെല്ലാം ചേര്‍ത്ത് ഒരു പുസ്തകമാക്കുവാന്‍ പ്രേരണ നല്കിയതും കൂടക്കൂടെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നതും ശ്രീ.എന്‍. വി.കൃഷ്ണവാരിയര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ പലവിധ പ്രോത്സാ ഹനങ്ങളുമില്ലായിരുന്നെങ്കില്‍ ലേഖനങ്ങളോ ഈ പുസ്തകമോ ഉടലെടുക്കുകയില്ലായിരുന്നു.
ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയ കാലത്ത് എനിക്കു ചില നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും തന്ന മിത്രങ്ങളില്‍ പ്രധാനിയായ ശ്രീ.ഏ ബാലകൃഷ്ണവാരിയര്‍ (പാലക്കാട് കോളേജ് മലയാളം ലക്ചറര്‍) അവര്‍കള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.
ഈ പുസ്തകത്തിന്റെ ഭാഷാശൈലി പലപ്പോഴും ബാലിശമാണെന്ന് എനിക്കു ബോധ്യമുണ്ട്. എഴുത്തിലുള്ള വീഴ്ച്ചകള്‍ക്കു കാരണം അശ്രദ്ധയല്ല, അജ്ഞത മാത്രമാണ്. പല സ്ഥലത്തും അനാവശ്യമായ ആവര്‍ത്തനം (repetition) കടന്നുകൂടിയിട്ടുള്ളതിനു പ്രധാന കാരണം ആനുകാലിക പ്രസിദ്ധീകരണമാണ്. ഈ ആവര്‍ത്തനം ഇല്ലാതാക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഉദ്യമം സഫലമായിട്ടില്ല. ഇത്തരം വീഴ്ചകള്‍ക്കു വായനക്കാര്‍ മാപ്പുതരുക. മാത്രമല്ല, ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുതരുകയും ചെയ്താല്‍ കൊള്ളാം.
ഇന്ന് ഇന്ത്യയിലെ പക്ഷികളെക്കുറിച്ചെഴുതുന്ന ഏതൊരാള്‍ക്കും പേരുകേട്ട ചില ഇംഗ്ലീഷഗ്രന്ഥങ്ങളുടെ സഹായം ഒഴിച്ചുകൂടാത്തതാണ്. ഒരു സാധാരണ പക്ഷിനിരീക്ഷകനു അറിയേണ്ട വസ്തുതകളെല്ലാം വിസ്ലര്‍, സാലിം ആലി എന്നിവരുടെ പുസ്തകങ്ങളിലുണ്ട്. അവയെ ആസ്പദിച്ചല്ലാതെ, സ്വന്തം നിരീക്ഷണത്തിന്റെ ഫലമായി മാത്രം അനവധി പക്ഷി ജാതികളെക്കുറിച്ച് എഴുതുക സാധ്യമല്ല. ഈ പുസ്തകങ്ങളോടും, ഈഹ (E.H. Aitken), ജേഡണ്‍, ഫ്രാങ്ക് ഫിന്‍, സ്റ്റുവര്‍ട്ട് ബേക്കര്‍, ബേയ്റ്റ്‌സ്, ലൗദര്‍, ജി.എം. ഹെന്റി മുതലായവരുടെ പുസ്തകങ്ങളോടും, ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ‘ജേര്‍ണല്‍’ മുതലായ പ്രസിദ്ധീകരണങ്ങളോടും എനിക്കുള്ള കടപ്പാട് അതിരറ്റതാണ്. സാലിം ആലിയുടെ ‘Ornithology of Travancore & Cochin’ എന്ന ശാസ്ത്രലേഖനങ്ങളും, Birds of Travancore & Cochin’ എന്ന പുസ്തകവും ഇല്ലായിരുന്നുവെങ്കില്‍ ഈ ലേഖനങ്ങള്‍ എഴുതുമ്പോള്‍ അനുഭവിച്ച വിഷമതകള്‍ നൂറുമടങ്ങു വര്‍ദ്ധിക്കുമായിരുന്നു.
ഈ പുസ്തകത്തിലെ ചിത്രങ്ങള്‍ മിക്കതും സാലിം ആലിയുടെ Book of Indian Birds ന്റെ നാലാംപതിപ്പിലുള്ള വര്‍ണപടങ്ങളെ ആശ്രയിച്ചു വരച്ചവയാണ്. ഇങ്ങനെ മാതൃകകളായി പ്രസ്തുത ചിത്രങ്ങളെ ഉപയോഗിക്കുവാന്‍ സദയം സമ്മതിച്ചതിനു സാലിം ആലിയോടും പുസ്തകത്തിന്റെ ഉടമസ്ഥരായ B.N.H. സൊസൈറ്റിക്കാരോടും നന്ദി പറഞ്ഞുകൊള്ളുന്നു. ചിത്രങ്ങള്‍ വരയ്ക്കുന്ന സമയത്ത് ഏക ഉദ്ദേശ്യം പക്ഷികളുടെ ആകൃതിയും മറ്റും സൂചിപ്പിക്കണമെന്നു മാത്രമായിരുന്നതിനാല്‍ അവയ്ക്കു മിക്കതിനും ഭംഗി കുറവായിരിക്കും. ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ത്രിവര്‍ണചിത്രങ്ങള്‍ പത്തും ബോംബെ നാച്വറല്‍ സൊസൈറ്റിക്കാരുടെ വക ബ്ലോക്കുകളില്‍നിന്ന് അച്ചടിച്ചവയാണ്. അതിന് അനുമതി നല്‍കിയ സെ
‘തിരുകൊച്ചിയിലെ പക്ഷി’കളിലെ മലയാളപേരുകള്‍ മലയാള അക്ഷരങ്ങളില്‍ എഴുതി അയച്ചും മറ്റും സഹായിച്ച ശ്രീ.എന്‍.ജി.പിള്ള (ക്യൂറേററ്റര്‍, തിരുവനന്തപുരം കാഴ്ചബംഗ്ലാവ്), ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച ലേഖനങ്ങള്‍ പലതും ശേഖരിച്ചുതന്ന ശ്രീ.കെ.വി. രാമകൃഷ്ണവാരിയര്‍ (വിക്ടോറിയ കോളേജ്, പാലക്കാട്) അവയില്‍ പലതിനേയും മുഷിഞ്ഞിരു ന്നു പകര്‍ത്തെഴുതുവാന്‍ സഹായിച്ച കെ.എന്‍.കൃഷ്ണന്‍ (കൊങ്ങാളക്കോട്, കാവശ്ശേരി), അവയിലൊന്നിനെ സാഹിത്യഭാഷയിലേക്കു വിവര്‍ത്തനം ചെയ്തതുതന്ന ശ്രീ.കെ.പ്രഭാകരന്‍കുട്ടി (ഹെഡ്മാസ്റ്റര്‍, ഹൈസ്‌കൂള്‍, വാണിയങ്കുളം) എന്നിവരോടും നന്ദി പറഞ്ഞുകൊള്ളട്ടെ.
അച്ചടിക്കുവാനായി തയ്യാറാക്കിയ കൈയെഴുത്തുപ്രതി സശ്രദ്ധം വായിച്ച് ഭാഷയിലും, പക്ഷികളെക്കുറിച്ചുള്ള വസ്തുതകളിലും ഉണ്ടായിരുന്ന വീഴ്ചകളില്‍ പലതിനേയും തിരുത്തിയും, വളരെ ക്ഷമയോടെ ചില പട്ടികകളും മറ്റും തയ്യാറാക്കുവാന്‍ സഹായിച്ചും, ഈ പുസ്തകത്തിനു രൂപംകൊടുക്കുവാന്‍ മനസ്സഴിഞ്ഞു മിനക്കെട്ട ശ്രീ. ബി.വിജയരാഘവന്‍ ഐ.എ.എസ് അവര്‍കളോടും ഞാന്‍ വളരെ കടപ്പെട്ടവനാണ്.
പക്ഷികളെ തിരഞ്ഞുനടക്കുന്നതിനും പുസ്തകം തയ്യാറാക്കുന്നതിനും സഹായിച്ച എല്ലാ മിത്രങ്ങളുടേയും പേര് ഇവിടെ ഉദ്ധരിക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ അവരോടെല്ലാംതന്നെ നന്ദി പറഞ്ഞുകൊള്ളുന്നു. മേല്‍പ്പറഞ്ഞവരുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിട്ടും ഈ പുസ്തകത്തില്‍ പല തെറ്റുകളും വീഴ്ചകളും ഉണ്ടാവാനിടയുണ്ട്. അവ യ്‌ക്കെല്ലാമുള്ള ഉത്തരവാദിത്വം ഗ്രന്ഥകര്‍ത്താവിന്റേതുമാത്രമാണ്. ഇത്തരം തെറ്റുകളെ കണ്ടെത്തി എന്നെ അറിയിക്കുന്നതായാല്‍, ഈ പുസ്തകത്തിന് ഒരു രണ്ടാംപതിപ്പ് വേണ്ടിവരുന്നപക്ഷം, തത്സമയത്ത് അതെല്ലാം നീക്കംചെയ്യുവാന്‍ ശ്രമിക്കാം.
കേരളത്തില്‍ അടുത്ത ഭാവിയില്‍തന്നെ അനവധി പക്ഷിനിരീക്ഷകന്മാരുണ്ടായിത്തീരട്ടെ എന്ന പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ പുസ്തകത്തെ കൈരളിക്കു സമര്‍പ്പിക്കുന്നു.
Leave a Reply