മലയാള വ്യാകരണപാഠം 3

സന്ധി എന്നാല്‍ എന്ത്?

സന്ധി എന്നാല്‍ ചേര്‍ച്ച എന്നാണ് അര്‍ഥം. രണ്ടു വര്‍ണങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണത്. ഈ സന്ധി മൂന്നുരീതിയിലാണ് ഉണ്ടാകുന്നത്.

  1. സന്ധിക്കുന്ന വര്‍ണങ്ങളുടെ സ്ഥലഭേദത്തെ ആസ്പദമാക്കി.
  2. സന്ധിക്കുന്ന വര്‍ണങ്ങളുടെ സ്വരവ്യഞ്ജന ഭേദത്തെ ആസ്പദമാക്കി
  3. സന്ധിക്കുന്ന വര്‍ണങ്ങളുടെ വികാരങ്ങളെ ആസ്പദമാക്കി.

സ്ഥലഭേദത്തെ ആസ്പദമാക്കിയുള്ള മാറ്റങ്ങള്‍ക്ക് മൂന്നു പേരുകളുണ്ട്.

  1. പദ മധ്യസന്ധി
  2. പദാന്ത സന്ധി
  3. ഉഭയ സന്ധി
    പദമധ്യ സന്ധിയില്‍ പ്രകൃതിയും പ്രത്യയവും ചേരുന്നു.
    ഉദാ: മരം+ഇല്‍= മരത്തില്‍

പദാന്ത സന്ധിയില്‍ പദവും പദവും തമ്മില്‍ സന്ധിക്കുന്നു.
ഉദാ: പൊന്‍+പൂ= പൊല്‍പൂ

ഉഭയ സന്ധിയില്‍ പദമധ്യവും പദാന്തവും ചേരുന്നു.
ഉദാ: മണി+അറ+ഇല്‍=മണിയറയില്‍

ഇനി സ്വരവ്യഞ്ജനത്തെ ആസ്പദമാക്കിയുള്ള സന്ധി വിഭജനം നോക്കാം.
ഇതു നാലുതരമുണ്ട്.

  1. സ്വരസന്ധി
  2. സ്വരവ്യഞ്ജന സന്ധി
  3. വ്യഞ്ജനസ്വര സന്ധി
  4. വ്യഞ്ജന സന്ധി

ഇതു വിശദീകരിക്കാം.
സ്വരവും സ്വരവും തമ്മില്‍ ചേരുന്നതാണ് സ്വരസന്ധി.
ഉദാ: മഴ+ഇല്ല=മഴയില്ല
ദൈത്യ+അരി=ദൈത്യാരി
ഹൃദയ+ഐക്യം= ഹൃദയൈക്യം
അല+ആഴി=അലയാഴി

സ്വരവും വ്യഞ്ജനവും ചേരുന്നതാണ് സ്വരവ്യഞ്ജന സന്ധി.
ഉദാ: താമര+ കുളം=താമരക്കുളം

വ്യഞ്ജനവും സ്വരവും ചേരുന്നതാണ് വ്യഞ്ജനസ്വര സന്ധി
ഉദാ: കണ്‍+ഇല്ല= കണ്ണില്ല

വ്യഞ്ജനവും വ്യഞ്ജനവും ചേരുന്നതാണ് വ്യഞ്ജന സന്ധി.
ഉദാ: നെല്+മണി= നെന്മണി

മലയാള വ്യാകരണത്തില്‍ വര്‍ണങ്ങളുടെ വികാരങ്ങളെ ആസ്പദമാക്കിയുള്ള സന്ധികള്‍ക്കാണ് പ്രാമുഖ്യം. പ്രധാനമായും നാലുതരം സന്ധികളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.

  1. ലോപ സന്ധി
  2. ആഗമ സന്ധി
  3. ദ്വിത്വ സന്ധി
  4. ആദേശ സന്ധി

ഇവയെ നമുക്ക് പരിശോധിക്കാം.

രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പൂര്‍വ വര്‍ണം, അതായത് ആദ്യത്തെ വര്‍ണം ലോപിക്കുന്നതാണ് ലോപസന്ധി. ലോപിക്കുക എന്നാല്‍ കുറയുക എന്നാണര്‍ഥം. സ്വരങ്ങളും അര്‍ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. സ്വരങ്ങള്‍- അ, ഇ, എ, ഉ
മധ്യമങ്ങള്‍- യ,ര,ല

ഉദാ: അത്+അല്ല= അതല്ല
പോയി+ഇല്ല= പോയില്ല
വന്ന്+ഇരുന്നു= വന്നിരുന്നു
ചെയ്യാതെ+ ആയി= ചെയ്യാതായി

രണ്ടുവര്‍ണങ്ങള്‍ ചേരുമ്പോള്‍ മൂന്നാമതൊരു വര്‍ണം വന്നു ചേരുന്നതാണ് ആഗമ സന്ധി.

ഉദാ: മഴ+ഇല്ല= മഴയില്ല
അല+ആഴി= അലയാഴി
തിരു+ആതിര= തിരുവാതിര
ഇ+അന്‍= ഇവന്‍

രണ്ടു വര്‍ണങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.

ഉദാ: നെയ്+ആര്‍= നെയ്യാര്‍
അവിടെ+പോയി= അവിടെപ്പോയി

ആറ്+ഇല്‍= ആറ്റില്‍
ആവി+കപ്പല്‍= ആവിക്കപ്പല്‍
ദ്വിത്വ സന്ധിയില്‍ ഇരട്ടിപ്പ് വരാത്ത ചില സന്ദര്‍ഭങ്ങളുമുണ്ട്.
ഉദാ: അര+കല്ല്= അരകല്ല്
എരി+തീ= എരിതീ
ഇവിടെ എല്ലാ ആദ്യ പദങ്ങളും ക്രിയാധാതുക്കളാണ്.

ദ്വിത്വ സന്ധിയില്‍ പല പദങ്ങളും വിശേഷ വിശേഷ്യങ്ങളായിട്ടാണ് വരുക. ഇതല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരികയില്ല.
ഉദാ: കൈ+കാല്‍=കൈകാല്‍
ആന+കുതിരകള്‍+ ആനകുതിരകള്‍

നാലാമത്തേത് ആദേശ സന്ധിയാണ്.
രണ്ടുവര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയിട്ട് അതിന്റെ സ്ഥാനത്ത് പുതിയ ഒരു വര്‍ണം വന്നുചേരുന്നതാണ് ആദേശ സന്ധി. രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്തു വരുമ്പോള്‍ ഉച്ചാരണക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.
പിരിച്ചെഴുതുമ്പോള്‍ ആദ്യ പദം ചില്ലുകളില്‍ അവസാനിക്കുകയോ അനുസ്വാരത്തില്‍ അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അതു ആദേശ സന്ധിയായിരിക്കും.

ല്-ല്‍
ന്=ന്‍
ള്-ള്‍
ര്-ര്‍
്ണ്-ണ്‍ എന്നിവയാണ് ചില്ലുകളായി വരുന്നത്.

ആദേശ സന്ധിക്ക് ഉദാഹരങ്ങള്‍ നോക്കാം.

എണ്‍+നൂറ്= എണ്ണൂറ്
തണ്‍+താര്‍=തണ്ടാര്‍
നല്+മ=നന്മ
ചെമ്പ്+ഏട്= ചെപ്പേട്
വെള്+മ= വെണ്മ
തിരുമുന്‍+കാഴ്ച= തിരുമുല്‍ക്കാഴ്ച
ദേശം+എ= ദേശത്തെ

ദ്വിത്വ സന്ധിക്കും ആഗമ സന്ധിക്കും ഒരു വ്യത്യാസം മാത്രമേയുള്ളൂ. ദ്വിത്വത്തില്‍ ആഗമിക്കുന്നത് അവിടെയുളള വര്‍ണങ്ങളില്‍ ഒന്നുതന്നെയാണ്. ആഗമത്തില്‍ മൂന്നാമതൊരു വര്‍ണമാണ് ആഗമിക്കുന്നത്.
സന്ധിയിലെ എല്ലാ വര്‍ണവികാരങ്ങള്‍ക്കും അടിസ്ഥാനം ഉച്ചാരണ സൗകര്യമാണ്. സ്വരങ്ങള്‍ക്ക് സ്പഷ്ടമായ ഉച്ചാരണമുണ്ട്. സ്വരങ്ങള്‍ കൂടിച്ചേരുമ്പോഴാണ് വര്‍ണവികാരം കൂടുതലായി ഉണ്ടാകുന്നത്. വ്യഞ്ജനങ്ങള്‍ക്ക് അങ്ങനെയല്ല. സ്വരസഹായമില്ലാതെ ഉച്ചാരണ സ്പഷ്ടത ഉണ്ടാകാത്തതിനാല്‍ രണ്ടു വ്യഞ്ജനങ്ങള്‍ തമ്മില്‍ ചേര്‍ന്നാലും അക്ഷരം ഒന്നുമാത്രമായിട്ടേ വരികയുള്ളൂ.

വ്യാകരണകാര്യങ്ങള്‍ എളുപ്പത്തില്‍ പഠിക്കാനും ഹൃദിസ്ഥമാക്കാനും കേരളപാണിനി കാരികകളായിട്ടാണ് മിക്കതും നല്‍കിയിട്ടുള്ളത്. അതിനാല്‍ സന്ധി സംബന്ധിച്ച പ്രധാനപ്പെട്ട കാരികകളില്‍ ചിലതു ഉദ്ധരിച്ച് വിശദമാക്കാം.

സ്വരത്തിന് മുന്‍പ് ലോപിക്കും
സംവൃതം വ്യര്‍ഥമാകയാല്‍;
അതിനെ സ്വരമായിട്ടേ
വകവയ്‌ക്കേണ്ട സന്ധിയില്‍

ലോപ സന്ധി സംബന്ധിച്ച ഒരു കാരികയാണിത്. സംവൃതോകാരത്തിനുശേഷം സ്വരം വരുമ്പോള്‍ സംവൃതോകാരം ലോപിക്കും. അതിനാല്‍ സന്ധിയില്‍ സംവൃതോകാരത്തെ സ്വരമായിട്ടേ കണക്കാക്കേണ്ടതില്ല എന്നാണ് അര്‍ഥം.

ഉദാ: തണുപ്പ്+ഉണ്ട്= തണുപ്പുണ്ട്

മറ്റൊരു കാരിക നോക്കാം:

അകാരം ലുപ്തമായിക്കാണും
വേറിട്ടും പലെടങ്ങളില്‍

അതിനു ഉദാഹരണമായ വാക്ക് തന്നെയാണ് പലെടങ്ങളില്‍. പല+ഇടങ്ങളില്‍= പലെടങ്ങളില്‍.
ലോപസന്ധികളില്‍ തന്നെ പലെടത്തും ലോപിച്ചും ലോപിക്കാതെയുമുള്ള രൂപങ്ങളുണ്ട്. ഉദാ: പോട്ടെ+അവന്‍= പോട്ടവന്‍, പോട്ടെയവന്‍.

മുഖ്യമായ ചില പ്രത്യേകതകള്‍

  1. സംസ്‌കൃത വ്യാകരണഗ്രന്ഥമായ പാണിനീയത്തെയാണ് കേരള പാണിനി എ.ആര്‍.രാജരാജവര്‍മ കൂടുതലും അനുകരിച്ചിട്ടുള്ളത്.
  2. എന്നാല്‍, അദ്ദേഹം കൂടുതലും പിന്തുടര്‍ന്നത് ഡോ.കാല്‍ഡ്വെലിന്റെ രീതിയാണ്.
  3. ലീലാതിലകകാരന്‍ കേരളഭാഷയുടെ വ്യാകരണം ചര്‍ച്ച ചെയ്യാന്‍ ആശ്രയിച്ചത് തമിഴ് വ്യാകരണഗ്രന്ഥങ്ങളായ തൊല്‍ക്കാപ്പിയത്തെയും നന്നൂലിനെയുമാണ്.
  4. സകല വര്‍ണവികാരങ്ങള്‍ക്കും ഉച്ചാരണ സൗകര്യമാണ് അടിസ്ഥാനമെന്ന് കേരളപാണിനി നിരീക്ഷിക്കുന്നു.
  5. അര്‍ഥവ്യതിയാനത്തിനുവേണ്ടിയും സന്ധി ചെയ്യേണ്ടിവരും. ആന പുറത്തുകയറി, ആനപ്പുറത്തുകയറി എന്നീ പ്രയോഗങ്ങള്‍ നോക്കാം. പ ഇരട്ടിക്കുമ്പോള്‍ അര്‍ഥവ്യത്യാസവും ഉണ്ടാകുന്നു.

ആഗമ സന്ധിയിലെ ഒരു കാരിക നോക്കാം.

വകാരാഗമമേ ചേരൂ
ചുട്ടെഴുത്തുകള്‍ മൂന്നിലും
അറിവാനറിവേനെന്ന
വകാരം ഭാവിചിഹ്നമാം

ചുട്ടെഴുത്ത് എന്നാല്‍ ചൂണ്ടിപ്പറയുന്ന എഴുത്താണ്. ചൂണ്ട്+എഴുത്ത്=ചുട്ടെഴുത്ത്.
ഭാഷയിലെ ചുട്ടെഴുത്തുകള്‍ ഇവയാണ്: അ,ഇ,എ. അകലെയിരിക്കുന്നതിനെ ചൂണ്ടിപ്പറയുന്നത് അ. അടുത്തിരിക്കുന്നതിനെ ചൂണ്ടിപ്പറയുന്നത് ഇ. ചോദ്യവാചിയായ ചൂണ്ടിപ്പറയല്‍ എ. ചുട്ടെഴുത്തുകളെ കേവലസ്വരങ്ങള്‍ എന്നും പറയും.
ചുട്ടെഴുത്തുകള്‍ക്ക് പരമായി സ്വരം വരുമ്പോള്‍ വകാരമേ ആഗമിക്കൂ.

ഉദാ:
അ+അന്‍= അവന്‍
ഇ+അന്‍= ഇവന്‍
എ+അന്‍= എവന്‍

അറിവാന്‍, അറിവേന്‍ എന്നിവിടങ്ങളില്‍ കാണുന്ന വകാരം ആഗമ സന്ധി നിയമം അനുസരിച്ചുള്ളതല്ല. ഇൗ വകാരം ഭാവിപ്രത്യയചിഹ്നം ആകുന്നു.