സാഹിത്യസാഹ്യം പീഠികയില് നിന്ന്
ഏ.ആർ. രാജരാജവർമ്മ
മലയാളത്തിൽ പദ്യരീതിയെല്ലാം സംസ്കൃതമനുസരിച്ചാകുന്നു. പ്രഭാതത്തിൽ താമരപ്പൂ വിടരും, ആമ്പൽ കൂമ്പും; അന്തിക്ക് നേരെമറിച്ച് ആമ്പൽപ്പൂ വിടരും, താമരപ്പൂ കൂമ്പും; അതിനാൽ സൂര്യൻ കമലിനീവല്ലഭനും, ചന്ദ്രനും കുമുദിനീവല്ലഭനുമാകുന്നു. വേഴാമ്പൽ വർഷജലം മാത്രമേ കുടിക്കയുള്ളു; അതിനാൽ അത് മേഘത്തോട് ജലം യാചിക്കുന്നു. മേഘം നദീസമുദ്രാദിജലാശയങ്ങളിൽനിന്നും ജലം എടുത്തു വർഷിക്കുന്നു. വർഷജലബിന്ദുക്കൾ മുത്തുച്ചിപ്പിയിൽ പതിച്ചാൽ കാലവിശേഷംകൊണ്ടു മുത്തായി ചമയും. സ്ഥലത്തിലുള്ള ജന്തുക്കളെല്ലാം സമുദ്രത്തിലുണ്ട്. ചമ്പകപ്പൂവിൽ മാത്രം വണ്ടു ചെല്ലുകയില്ല. അശോകത്തിനു സ്ത്രീകളുടെ പാദസ്പർശം വളമാണ്. യശസ്സിന്നു വെളുപ്പും സൌരഭ്യവുമുണ്ട്. ദുര്യശസ്സ് കറുപ്പും ദുർഗന്ധവുമുള്ളതാണ്. വിരഹം ഒരഗ്നിയാകുന്നു; വിരഹിക്കു ചന്ദ്രചന്ദനാദികളിൽ ഉഷ്ണപ്രീതിയുണ്ടാകും. ചന്ദനവൃക്ഷത്തിൽ സർവ്വദാ കൃഷ്ണസർപ്പം ചുറ്റിയിരിക്കും. ഉദയാസ്തമയങ്ങൾക്ക് ഓരോ പർവ്വതമുണ്ട്; അതുകൾ സമുദ്രത്തിലും ആകാം. ഈവക സംസ്കൃതകവികളുടെ സങ്കേതങ്ങളെല്ലാം ഭാഷയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. ഗദ്യരീതിക്കാകട്ടെ സംസ്കൃതാശയം വേണ്ട. സംസ്കൃതത്തിനു തന്നെ ശരിയായ ഒരു ഗദ്യരീതി ഏർപ്പെട്ടിട്ടില്ല. ചമ്പുപ്രബന്ധങ്ങളിൽ കാണുന്ന ഒരുവക ഗദ്യം ആ പേരിനുതന്നെ അർഹമല്ല. വളച്ചുകെട്ടി വലിച്ചുനീട്ടി വലിയ വലിയ സമാസങ്ങൾ കൊണ്ടു നിറച്ച് അവസാനിക്കാത്ത വിശേഷണങ്ങളും ചേർത്ത് പെരുമ്പാമ്പ് ഇഴയുന്നതുപോലെയുള്ള മട്ടിൽ എഴുതിക്കൂട്ടുന്ന പദജാലത്തെയാണ് കവികൾ പ്രാധാന്യേന ഗദ്യം എന്നു വ്യവഹരിക്കുന്നത്. ശാസ്ത്രകാരന്മാരുടെ ഗദ്യമാകട്ടെ ഇതിനു വിപരീതം “പർവതോവഹ്നിമാൻ/ ധൂമവത്വാൽ/ യഥാ മഹാനസെ/ തഥാചായം/ തസ്മാത്തഥാ” പർവ്വതത്തിൽ അഗ്നിയുണ്ട്; ധൂമമുള്ളതിനാൽ. അടുക്കളയിലെപ്പോലെ. അതുപോലിവിടെയും. അതിനാലങ്ങനെ ഈമാതിരി മുറിവാക്യങ്ങളാണ് താർക്കികന്മാർക്കും മറ്റും പ്രിയം. വാദങ്ങളിൽ പൂർവ്വപക്ഷവും സിദ്ധാന്തവും തിരിച്ചറിവാൻ പ്രയാസം. വാക്യങ്ങളുടെ അന്യോന്യസംബന്ധം കുറിപ്പാൻ ഘടകങ്ങളെ ഉപയോഗിക്കയില്ല. യുക്തിപ്രതിപാദനങ്ങളിൽ കാര്യകാരണങ്ങൾ ചേർത്ത് ചങ്ങലപോലെ നീട്ടിക്കൊണ്ടു പോകുന്നിടത്ത് മദ്ധ്യേ പല കണ്ണികളും വിട്ടുകളയും. ശാസ്ത്രകാരന്മാരിൽ പ്രാചീനർ ഏർപ്പെടുത്തിയിരുന്ന സരളരീതിയെ ഈ നവീനർ പരിഷ്കരിക്കുന്നതിനു പകരം ഉടച്ചു നാശമാക്കുകയാണു ചെയ്തത്. താർക്കികന്മാർ ദീർഘവാക്യങ്ങളെ ഉപയോഗിക്കാറില്ലെന്നില്ല; എന്നാൽ അവർ വാക്യം നീട്ടുന്നത് സമാസം ചെയ്തു പദങ്ങളെ നീട്ടുന്നതിലാകുന്നു. ഇക്കാലത്തെ ലോകവ്യവഹാരങ്ങൾക്ക് ഉപയോഗികളായ വിഷയങ്ങളും സംസ്കൃതത്തിൽ ചുരുങ്ങും. അതിനാൽ ഗദ്യഗ്രന്ഥകാരന്മാർക്കു ശബ്ദസമ്പാദനം ഒന്നിനുവേണ്ടി മാത്രമല്ലാതെ രീതിവിഷയാദികളുടെ ആവശ്യത്തിലേക്കായി സംസ്കൃതത്തെ ആശ്രയിക്കേണ്ടതില്ല; താനുണ്ണാത്തവരോ വരം കൊടുക്കുന്നത്?
ഗദ്യഗ്രന്ഥകരണത്തിൽ ഇംഗ്ലീഷാണു നമ്മെ സഹായിക്കുന്നത്. ദേശം തോറും വേറെ വേറെ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യക്കാർക്ക് ഒരു പൊതുഭാഷ എന്നു പറയുന്നതിനു ഇംഗ്ലീഷ് ഒന്നേ ഉള്ളു. അതു രാജഭാഷയാണെന്നു മാത്രമല്ല, ലോകമൊട്ടുക്കു പ്രചാരമുള്ളതും ഇഹലോകപ്രയോജനങ്ങൾക്കു സംസ്കൃതത്തേക്കാൾ ഉപകരിക്കുന്നതും ആകുന്നു. ഉപരിവിദ്യാഭ്യാസം ആ ഭാഷയിലാണ്; അതിൽ മാത്രമേ സാധിക്കയുള്ളു. അതിനാൽ ‘ഭാഷാഭൂഷണം’ സംസ്കൃതാലങ്കാരികന്മാരുടെ സിദ്ധാന്തങ്ങളനുസരിച്ച് ഉണ്ടാക്കിയതുപോലെ ഈ ‘സാഹിത്യസാഹ്യം’ ആംഗലാലങ്കാരികന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്നു. ഭാഷാഭൂഷണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രധാനാലങ്കാരങ്ങൾ, വ്യംഗ്യമര്യാദ, ഗുണദോഷങ്ങൾ ഇതെല്ലാം ഗദ്യകൃതികളിലും ഉപയോഗമുള്ളവതന്നെ. ആവക സംഗതികളെ ഇവിടെ പ്രത്യേകിച്ചെടുക്കുന്നില്ല.
ഗദ്യം, പദ്യം , മിശ്രം എന്നു സാഹിത്യത്തിന്നു മൂന്നു വിഭാഗം പറഞ്ഞത് അതിന്റെ പുറമേയുള്ള വേഷം പ്രമാണിച്ചാകുന്നു. പ്രയോജനം അല്ലെങ്കിൽ ഉദ്ദേശ്യം അടിസ്ഥാനമാക്കി വിഭജിക്കുന്നതാകയാൽ കൃതികളെ ശാസ്ത്രം എന്നും കാവ്യം എന്നും രണ്ടുവകയായി തരം തിരിക്കാം. ഒരു ഗ്രന്ഥകാരൻ ഗ്രന്ഥം നിർമ്മിക്കുന്നതു പ്രധാനമായി ഒരുദ്ദേശം കരുതീട്ടാണല്ലോ; ആ ഉദ്ദേശത്തിന്റെ സ്വഭാവമനുസരിച്ചും ഗ്രന്ഥങ്ങളെ വിഭജിക്കാം. ഉദ്ദേശം പ്രാധാന്യേന രണ്ടുവിധം : (1) ഉപദേശം (2) വിനോദം). രാമാദികളെപ്പോലെ വർത്തിക്കണം, രാവണാദികളെപ്പോലെ അരുത് എന്നു ഗുണദോഷിക്ക മാത്രമല്ല ഇവിടെ ഉപദേശംകൊണ്ടു വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രകൃതിയുടെ രഹസ്യങ്ങളെ വെളിപ്പെടുത്തുക, ലോകവ്യവഹാരങ്ങളെ വർണ്ണിക്കുക, കാര്യങ്ങൾ മനസ്സിലാക്കുക എന്നുവേണ്ട ഏതുപ്രകാരത്തിലും ജ്ഞാനാഭിവൃദ്ധി ചെയ്യുന്നതൊക്കെ ഉപദേശത്തിലുൾപ്പെടുന്നു. അതിനാൽ ഭാഗവതം,ജ്ഞാനപ്പാന, കാലദീപം, സഹസ്രയോഗം, വിജ്ഞാനമഞ്ജരി, ഭാഷാഭൂഷണം, ഭൂവിവരണസിദ്ധാന്തം, വ്യവസ്ഥിതിയും ബോധവും, പൌരകൃത്യം മുതലായ കൃതികളെല്ലാം ശാസ്ത്രം എന്ന വിഭാഗത്തിൽ ചേർന്നവയാണ്. ഈവക ഗ്രന്ഥങ്ങൾ അതാതുവിഷയങ്ങളിൽ വായനക്കാർക്ക് അറിവു സമ്പാദിച്ചുകൊടുക്കണമെന്ന മുഖ്യോദ്ദ്യേശത്തിന്മേൽ രചിക്കപ്പെട്ടവയാകുന്നു. ഈശ്വരസൃഷ്ടിയിൽ ചേതനങ്ങളായും അചേതനങ്ങളായും പലവിധത്തിലുള്ള വസ്തുക്കളുടെ സ്വരൂപവും സ്വഭാവവും പ്രവൃത്തിയും മറ്റും ചമൽക്കാരത്തോടുകൂടി വർണ്ണിച്ചു തന്മയത്വം വരുത്തീട്ടും, വാക്കിൽ ഫലിതം പ്രയോഗിച്ചും കാവ്യരസംകൊണ്ടു വായനക്കാരെ രസിപ്പിക്കണമെന്നുള്ള മുഖ്യപ്രയോജനമുദ്ദേശിച്ചും ഉണ്ടാക്കുന്ന കൃതികൾ, വിനോദപ്രധാനങ്ങളാകയാൽ കാവ്യം എന്ന രണ്ടാം ഇനത്തിലുൾപ്പെടുന്നു. അതിനാൽ നളചരിതം മുതലായ ആട്ടക്കഥകൾ, ശാകുന്തളം, ഉത്തരരാമചരിതം മുതലായ നാടകങ്ങൾ; ശ്രീകൃഷ്ണചരിതം മുതലായ മഹാകാവ്യങ്ങൾ, മയൂരസന്ദേശം, അന്യാപദേശശതകം മുതലായ ഖണ്ഡകാവ്യങ്ങൾ, ഇന്ദുലേഖ, മാർത്താണ്ഡവർമ്മ മുതലായ ആഖ്യായികകൾ (നോവലുകൾ); മുതലനായാട്ട്, ഞാൻ ധ്വരയായത് മുതലായ ചെറുകഥകൾ; ജൂബിലിമഹോത്സവം, കാശിയാത്ര മുതലായ വൃത്താന്തങ്ങൾ ഇതെല്ലാം കാവ്യം എന്ന ഇനത്തിന്റെ വകഭേദങ്ങൾ. ഹൃദയാകർഷകമായ കൃതി കാവ്യം; ബുദ്ധിവികാസകരമായതു ശാസ്ത്രം; കവിക്കു മനോധർമ്മം പ്രയോഗിക്കുന്നതിനു കാവ്യത്തിലേ വകയുള്ളു; പദ്യവും കാവ്യത്തിലേ ശോഭിക്കുകയുള്ളു. ശാസ്ത്രത്തിൽ ഗ്രന്ഥകാരൻ വസ്തുക്കളെ യഥാസ്ഥിതമായ മട്ടിൽ സരളമായ ഗദ്യം കൊണ്ടു പ്രതിപാദിക്കണം.
Leave a Reply