യക്ഷിക്കഥ
പാശ്ചാത്യരാജ്യങ്ങളിലെ നാടോടി പാരമ്പര്യവുമായി ബന്ധപ്പെട്ട കുള്ളന്മാര്, ഭീമാകാരന്മാര്‍, യക്ഷികള്, മന്ത്രവാദിനികള്‍, ഗോബ്ലിനുകള്, മല്‍സ്യകന്യക തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട കഥകളെ പൊതുവേ പറയുന്നതാണ് യക്ഷിക്കഥകള്‍ എന്ന്. മാന്ത്രിക പരിവേഷം ഇവയ്ക്കുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ പ്രാപ്തരാണ്. ഒരു യക്ഷിക്കഥപോലെ എന്നു ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ശൈലിയുമുണ്ട്. വിശ്വസിക്കത്തക്കതല്ല ഇത്തരം കഥകള്‍. എങ്കിലും ഭാവനയുണര്ത്തുന്നവയായതിനാല് മനുഷ്യര്‍ ഇഷ്ടപ്പെടുന്നു.
യക്ഷിക്കഥകള്‍ക്ക് ഐതിഹ്യങ്ങളുടേതുപോലെയോ ഇതിഹാസങ്ങള്‍ പോലെയോ യഥാര്‍ത്ഥ സ്ഥലവുമായോ ജീവിച്ചിരുന്നവരുമായോ സംഭവങ്ങളുമായോ മതവുമായോ ബന്ധമുണ്ടാവണമെന്നില്ല; അവ പലപ്പോഴും തുടങ്ങുന്നത്, യഥാര്‍ത്ഥ സമയം കാണിക്കാതെ, ഒരിക്കല്‍ ഒരിടത്ത് എന്നൊക്കെയാകും. യക്ഷിക്കഥകള്‍ വാമൊഴിയായും വരമൊഴിയായും പ്രചരിക്കുന്നു. ഇവയ്ക്കു ആയിരക്കണക്ക് വര്‍ഷം പഴക്കമുണ്ടെന്ന് അനുമാനിക്കാം. യക്ഷിക്കഥ എന്ന പേര് ആദ്യം പ്രയോഗിച്ചത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ മദാം ദ ഉള്നോയ് ആയിരുന്നു. യക്ഷിക്കഥകള്‍ മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നു. ഗ്രിം സഹോദരന്മാരും മറ്റും തങ്ങളുടെ യക്ഷിക്കഥാസമാഹാരത്തില് കുട്ടികളെ അഭിസംബോധനചെയ്തിരിക്കുന്നു. കാലാന്തരത്തിലാണ് കുട്ടികള്‍ക്കായിമാത്രം ഇത്തരം കഥകള്‍ എഴുതപ്പെട്ടത്.
യക്ഷിക്കഥയെ നിര്‍വ്വചിക്കാന്‍ പ്രയാസമുണ്ട്. നാടോടിക്കഥകള്‍ എന്ന വലിയ ഒരു വിഭാഗത്തിന്റെ ഉപവിഭാഗമായി ഇത്തരം കഥകളെ പരിഗണിക്കുന്നു. ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടിലെ പഞ്ചതന്ത്രം ഇത്തരത്തിലൊന്നാണ്. അറേബ്യന്‍ ആയിരത്തൊന്നു രാവുകള്‍, വിക്രമാദിത്യനും വേതാളവും ഈ വിഭാഗത്തില്‍ പെടുന്നു. പ്രാചീന ഗ്രീസിലെ ഈസോപ്പ് കഥകളും (ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട്) ഇത്തരത്തിലുള്ളതാണ്. ജാക്ക് സൈപ്സ് തന്റെ When Dreams Came True എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ‘ചോസറിന്റെ ദ കാന്റര്‍ബറി ടൈല്‍സ്, എഡ്മണ്ട് സ്പെന്‍സറിന്റെ ദ ഫെയറി ക്വീന്‍ വില്ല്യം, ഷേക്സ്പിയറിന്റെ കിങ് ലിയര്‍ മുതലായവയില്‍ യക്ഷിക്കഥയുടെ നിരവധി അംശങ്ങള്‍ കണ്ടെത്താന്‍ കഴിയും…’.