ദ്രൗപദി (നോവല്‍)
പരിഭാഷ: പി. മാധവന്‍പിള്ള
ഹിമാലയസാനുക്കളില്‍ കാല്‍വഴുതി വീണ ദ്രൗപദി, തന്റെ സഖാവായ കൃഷ്ണനയക്കുന്ന സുദീര്‍ഘമായ കത്താണ് ഈ കൃതിയുടെ ഉള്ളടക്കം. ഒറിയ ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി പ്രതിഭാ റായിയെ ജ്ഞാനപീഠത്തിന്റെ മൂര്‍ത്തീദേവി പുരസ്കാരത്തിനര്‍ഹയാക്കി. കാറും കോളും നിറഞ്ഞ തന്റെ പ്രക്ഷുബ്ധമായ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ദ്രൗപദിയിലൂടെ അവരുടെ സങ്കീര്‍ണ്ണമായ വ്യക്തിത്വവും ഒപ്പം ഭാരതകഥയും ചുരുളഴിയുന്നു. മനുഷ്യചരിത്രത്തില്‍ ഏറ്റവും അപമാനിക്കപ്പെടുകയും, എന്നാല്‍ ഏറ്റവും പരിശുദ്ധയായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ദ്രൗപദി, തന്റെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു. കാലാകാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ അസമത്വത്തിനെതിരെ ധീരമായി പോരാടുന്ന ആധുനിക വനിതയായി ദ്രൗപദി മാറുന്നു. ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതികളിലൊന്നായ മഹാഭാരതത്തിലെ നെടുംതൂണായ കഥാപാത്രങ്ങളില്‍ ഒന്നാണ് ദ്രൗപദി. ഏറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ദുരന്തകഥാപാത്രം. ദ്രുപദന്റെ പ്രതികാരാഗ്നിയുടെ തീജ്വാലയില്‍ ഉയിര്‍കൊണ്ട ദ്രൗപദി, അതീവ സുന്ദരിയും, കൃഷ്ണവര്‍ണയും വിദുഷിയുമായിരുന്നു. സര്വസൗഭാഗ്യങ്ങളുടെയും നടുവില്‍ ജനിച്ച്, സര്‍വഗുണങ്ങളും തികഞ്ഞ പഞ്ചപാണ്ഡവന്മാരെ വരിച്ചിട്ടും എക്കാലവും കരയാനും അപമാനിക്കപ്പെടാനും മാത്രം അവള് വിധിക്കപ്പെട്ടു.
കാല്പനികതയും ഭക്തിയും ഇഴപിരികാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന മഹാഭാരതകഥയിലെ ഏടുകള്‍ ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ തികച്ചും മാനുഷിക തലത്തിലേക്ക് ഗ്രന്ഥകാരി കൊണ്ടുവന്നു.
ഏറെ വിവാദങ്ങള്‍ക്ക് പാത്രമായ കൃഷ്ണ-കൃഷ്ണന് ബന്ധവും കഥാകാരി വിശകലനം ചെയ്യുന്നു. അവര്‍ സഖാക്കളാണെന്നും, ശരാശരി മനസ്സുകള്‍ക്ക് ഗ്രഹിക്കാനാവുന്നതിനുമപ്പുറം ഗാഢവും ഗൂഢവുമായ ബന്ധമാണെന്നും അവര്‍ പറയുന്നു. ദ്രൗപദി ഒരു ഉത്തമ കൃഷ്ണഭക്തയാണെന്നതില് തര്‍ക്കമില്ല. പഞ്ചപാണ്ഡവന്മാരുടെ വ്യക്തിത്വങ്ങളും ദ്രൗപദിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നു. ദ്രൗപദി കടന്നുപോകുന്ന അത്യന്തം ഘോരമായ പീഡനങ്ങളിലൂടെ സ്ത്രീ, അവള് ഒരിക്കലും സുരക്ഷിതയല്ലെന്നും അതിനായി ദ്രൗപദി തുടങ്ങിവെച്ച പടയോട്ടം അനുസ്യൂതം നീളുമെന്നും കഥാകാരി ഉദ്ഘോഷിക്കുന്നു.
Leave a Reply