വിധിയുടെ വിളയാട്ടത്തില്‍ തളരാതെ മുന്നോട്ട്…
കുഞ്ഞുനാള് മുതലേ പന്തുകളെ സ്നേഹിച്ച അജിത്ത് കുമാര്‍ വലുതായപ്പോള്‍ വോളിബോള്‍ കളിക്കാരനായി. 2007ല്‍ റെയില്‍വേ പോലീസില്‍ ജോലിലഭിച്ചു. റെയില്‍വേ പോലീസിന്റെ പ്രധാന കൗണ്ടര്‍ അറ്റാക്കറായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് അജിത്തിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ആ ദുരന്തം എത്തിയത്. ഒരു വാഹനാപകടത്തില്‍ സുഷുമ്നാനാഡിക്ക് പരിക്കുപറ്റിയ അജിത്ത് കുമാറിന്റെ നെഞ്ചിനുതാഴോട്ട് തളര്‍ന്നുപോയി. ഏറെനാളത്തെ ചികിത്സയും ഒട്ടേറെ ശസ്ത്രക്രിയകളും അജിത്തിന്റെ ജീവിതം വീല്‍ച്ചെയറിലായി. ആദ്യത്തെ മാനസികാഘാതത്തില്‍നിന്ന് കരകയറാന്‍ കുറച്ചുനാളുകള്‍ വേണ്ടിവന്നു. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും നല്കിയ അകമഴിഞ്ഞ പിന്തുണയും സ്വന്തം ഇച്ഛാശക്തിയും കൂടിയായപ്പോള്‍ അജിത്ത് കുമാര്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു.
ആദ്യം ജോലിയിലേക്ക് തിരികെയെത്തിയ ഇദ്ദേഹം തന്റെ കായികജീവിതത്തെ വിസ്മരിക്കാന്‍ ഒരുക്കമായിരുന്നില്ല. സ്വന്തമായി രൂപകല്‍പ്പനചെയ്ത കാറില്‍ സ്വയം ഡ്രൈവ് ചെയ്ത് ജോലിക്കുപോകുകയും യാത്രകള്‍ നടത്തുകയും ചെയ്തു.
പ്രധാന കായികവേദികളില്‍ എല്ലാംതന്നെ നിറസാന്നിധ്യമായ ഈ ചെറുപ്പക്കാരന് വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോകാതെ തന്റെ വോളിബോളിനുപകരം ബാസ്കറ്റ് ബോള്‍ കൈയിലെടുത്ത ഈ കളിക്കാരന് മടങ്ങിയെത്തിയിരിക്കുന്നത് പുതിയൊരു ജീവിതത്തിലേക്കാണ്.
വീല്‍ച്ചെയര്‍ ബാസ്കറ്റ് ബോളില്‍ തെലങ്കാന ടീമിന്റെ താരമായ അജിത്ത് കുമാര്‍ തമിഴ്നാട്ടിലെ ഈറോഡില്നടന്ന ദേശീയ വീല്‍ച്ചെയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തെലങ്കാനയ്ക്കുവേണ്ടി കളത്തിലിറങ്ങി അഭിമാനനേട്ടമാണ് കൈവരിച്ചത്.