ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മന്‍ പാതിരി മലയാളഭാഷയ്ക്ക് ചെയ്ത സേവനങ്ങളിലൊന്നാണ് അക്കാലത്തെ പഴഞ്ചൊല്ലുകളുടെ ശേഖരം. മലയാളത്തില്‍ ആദ്യമായി പഴഞ്ചൊല്‍ ശേരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അദ്ദേഹമാണ്. ആയിരം പഴഞ്ചൊല്‍ എന്ന പേരില്‍ അദ്ദേഹം അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒട്ടുമുക്കാലും അന്നത്തെ മലബാര്‍ പ്രദേശത്തെ പഴഞ്ചൊല്ലുകളാണ്. എന്നാല്‍, കേരളത്തില്‍ ഇന്നും ചില്ലറ ഭേദങ്ങളോടെ പ്രചാരത്തിലുള്ളവ മാത്രം അദ്ദേഹത്തിന്റെ കൃതിയില്‍ നിന്ന് തിരഞ്ഞെടുത്ത് ഇവിടെ കൊടുത്തിരിക്കുന്നു. അക്കാലത്തെ ഭാഷയിലെ ഹ്രസ്വപുള്ളിയും മറ്റും മാറ്റി ഇന്നത്തെ ലിപിയിലാക്കിയിട്ടുമുണ്ട്.

അകത്തിട്ടാൽ പുറത്തറിയാം

അങ്ങാടി തൊലിയം അമ്മയൊടൊ
(അങ്ങാടീതോറ്റാല്‍ അമ്മയുടെ നെരെ)

അങ്ങുന്നെങ്ങാൻ വെള്ളംഒഴുകുന്നതിന്ന്
ഇങ്ങുന്നു ചെരിപ്പഴിക്കാമൊ-

അച്ഛൻ ആനപ്പാപാൻ എന്നുവച്ചു മകന്റെ
ചന്തിക്കും തഴമ്പുണ്ടാമൊ

അഞ്ച എരുമ കറക്കുന്നത് അയൽ അറിയും
കഞ്ഞി വാർത്തുണ്ണുന്നത് നെഞ്ഞറിയും

അടക്കയാകുമ്പോൾ മടിയിൽവെക്കാം
കഴുങ്ങായാൽ വെച്ചു കൂടാ

അടികൊള്ളുവാൻ ചെണ്ട
പണം വാങ്ങുവാൻ മാരാൻ

അടിയോളം നന്നല്ല അണ്ണന്തമ്പി

അടിവഴുതിയാൽ ആനയും വീഴും

അട്ട പിടിച്ചു മെത്തയിൽ കിടത്തിയാലൊ

അട്ടം പൊളിഞ്ഞാൽ അകത്തു
പാലംമുറിഞ്ഞാൽ ഒഴിവിലെ

അട്ടയ്ക്ക്‌ കണ്ണുകൊടുത്താൽ
ഉറിയിൽ കലംവച്ചു കൂടാ

അട്ടയ്ക്ക്‌ പൊട്ടക്കുളം

അണ്ണാക്കൊട്ടൻ തന്നാൽ ആംവണ്ണം

അണ്ണാടി കാണ്മാൻ കണ്ണാടി വേണ്ട

അതിബുദ്ധിക്ക്‌ അൽപ്പായുസ്സ്

അതിമോഹം ചക്രം ചുമക്കും (ചവിട്ടും)

 

അന്നന്നുവെട്ടുന്നവാളിന്നു നെയ്യിടുക

അന്നുതീരാത്ത പണികൊണ്ടു അന്തിയാക്കരുത്

അൻപൊടുകൊടുത്താൽ അമൃത്

അപ്പം തിന്നാൽപ്പോരേ
കുഴിയെണ്ണുന്നെന്തിന്നു

അഭ്യസിച്ചാൽ ആനയെ എടുക്കാം

അമ്പലം വിഴുങ്ങിക്ക്‌
വാതിപ്പലകപപ്പടം

അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,
പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം

അംശത്തിലധികം എടുത്താൽ
ആകാശം പൊളിഞ്ഞുതലയിൽ വീഴും

അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക്
അരചനും ഇല്ല പുരുഷനുമില്ല

അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു
പിന്നെയും നായിന്റെ പല്ലിന്നു മൊറുമൊറുപ്പു

അരിയെറിഞ്ഞാൽ ആയിരം കാക്ക

അരിശം വിഴുങ്ങിയാൽ അമൃത്,
ആയിരം വിഴുങ്ങിയാൽ ആണല്ല

അരുതാഞ്ഞാൽ ആചാരം ഇല്ല
ഇല്ലാഞ്ഞാൽ ഓശാരവും ഇല്ല

അര്‍ത്ഥമില്ലാത്തവനും(അല്പന്ന്) അര്‍ത്ഥം കിട്ടിയാൽ
അര്‍ദ്ധരാത്രിക്കും കുടപിടിപ്പിക്കും

അര്‍ദ്ധം താൻ അര്‍ദ്ധം ദൈവം

അള(എറ)കുത്തിയാൽ ചേരയും കടിക്കും

അഴകുള്ള ചക്കയിൽ ചുളയില്ല

ആടറിയുമൊ അങ്ങാടി വാണിഭം

ആനകൊടുക്കുലും ആശകൊടുക്കരുത്

ആനയുടെ പുറത്തു ആനക്കാരൻ ഇരിക്കുമ്പൊൾ
നായികുരെച്ചാൽ അവൻ എത്ര പേടിക്കും

ആയിരം കണ്ണുപൊട്ടിച്ചേ
അരവൈദ്യനാകൂ

ആയിരം കാക്കയ്ക്ക്‌
പാഷാണം ഒന്നേ വേണ്ടൂ

ആയിരം പഴഞ്ചൊൽ ആയുസ്സിന്നുകേടല്ല
ആയിരം പ്രാക്കൽ ആയുസ്സിന്നു കേട്‌

ആയിരം വാക്ക്
അരപ്പലംതൂങ്ങാ

ആയെങ്കിൽ ആയിരം തേങ്ങ
പോയെങ്കില്‍ ആയിരംതൊണ്ടു

ആരാനെ ആറാണ്ടു പോറ്റിയാലും
ആരാൻ ആരാൻതന്നെ

ആറുനാട്ടിൽ നൂറുഭാഷ

ആറ്റിൽ തൂകുവിലും അളന്നുതൂകെണം

ആലി നാഗപ്പുരത്തു പോയ പോലെ

ആലക്കൽ നിന്നു പാൽ കുടിച്ചാൽ
വീട്ടിൽ മോര്‍ ഉണ്ടാകയില്ല

ആവും കാലം ചെയ്തതു ചാവുംകാലം കാണാം

ആളുവില കല്ലുവില

ഇക്കര നിന്നു നോക്കുമ്പോള്‍ അക്കരപച്ച

ഇടി വെട്ടിയ മരം പോലെ

ഇരവിഴുങ്ങിയ പാമ്പുപോലെ

ഇരിക്കുമുമ്പെ കാൽ നീട്ടൊല്ല

ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ

ഇരിമ്പുപാറ വിഴുങ്ങി ചുക്കുവെള്ളം കുടിച്ചാൽ ദഹനം വരുമോ

ഇരു തോണിയില്‍ കാൽവെച്ചാൽ നടുവിൽകാണാം

ഇരുന്നമരം മുറിച്ചാൽ താൻ അടിയിലും മരം മേലും

ഇരുന്നുണ്ടവൻ രുചി അറിയാ
കിളെച്ചുണ്ടവൻ രുചിഅറിയും

ഇറച്ചി ഇരിക്കെ തൂവൽ പിടക്കരുത്

ഇറച്ചിക്കപോയോന്‍ വിറച്ചിട്ടും
ചത്തു കാത്തിരുന്നോന്‍ നുണച്ചിട്ടുചത്തു

ഇറച്ചി തിന്മാറുണ്ടു എല്ലുകൊത്തുകഴുത്തിൽ കെട്ടാറില്ല

ഇല്ലത്തില്ലെങ്കിൽ കോലോത്തും ഇല്ല

ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം

ഇഷ്ടമല്ലാ പ്പെണ്ണുതൊട്ടതെല്ലാം കുറ്റം

ഈത്തപ്പഴം പഴുക്കുമ്പൊൾ കാക്കെക്കവായ്പുണ്ണു

ഉടുപ്പാൻ ഇല്ലാത്തോന്
എങ്ങിനെ അയലിന്മെലിടും

ഉണ്ട ഉണ്ണി ഓടികളിക്കും
ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും

ഉണ്ട ചോറ്റില്‍ കല്ലിടരുത്

ഉണ്ടവൻ അറികയില്ല
ഉണ്ണാത്തവന്റെ വിശപ്പു.

ഉണ്ടവനു പായി കിട്ടാഞ്ഞിട്ട്
ഉണ്ണാത്തവനു ഇലകിട്ടാഞ്ഞിട്ടു.

ഉണ്ണിയെ കണ്ടാൽ
ഊരിലെപഞ്ചഅറിയാം

ഉണ്ണുമ്പോള്‍ ശോരവും
ഉറക്കത്തിൽ ആചാരവും ഇല്ല

ഉപ്പിൽഇട്ടത് ഉപ്പിനെക്കാൾ പുളിക്കയില്ല

ഉപ്പുതിന്നാൽ തണ്ണീർ കുടിക്കും

ഉരൽ ചെന്നു മദ്ദളത്തൊടു അന്യായം

ഉള്ളതു പറഞ്ഞാൽ ഉറിയുംചിരിക്കും

എടുത്തുചാടിയ പൂച്ച
എലിയെ പിടിക്കയില്ല

എണ്ണിഎണ്ണി കുറുകുന്നിതായുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും

എമ്പ്രാന്റെ വിളക്കകത്തു
വാരിയന്റെ അത്താഴം പോലെ

എറുമ്പിന്നു ഇറവെള്ളം സമുദ്രം

എലിപിടിക്കും പൂച്ച കലം ഉടെക്കും

എലിയെത്തോൽപ്പിച്ച് ഇല്ലം ചുട്ടാൽ
എലി ചാടിയും പൊം ഇല്ലം വെന്തും പൊം

എല്ലാരും തേങ്ങാ ഉടെക്കുമ്പൊൾ
ഞാൻ ഒരു ചിരട്ടയെങ്കിലും ഉടെക്കണം

എല്ലുമുറിയ പണിതാൽ
പല്ലുമുറിയ തിന്നാം

എളിയോരെ കണ്ടാൽ
എള്ളും തുള്ളും

എള്ളുചോരുന്നതുകാണും
തേങ്ങാ തല്ലുന്നതറിയുന്നില്ല

ഒത്തതുപറഞ്ഞാൽ ഉറിയുംചിരിക്കും.

ഒന്നുകിൽ കളരിക്കു പുറത്തു
അല്ലെങ്കിൽ കുരിക്കളെ നെഞ്ഞത്തു

ഒരുകൊമ്പു പിടിച്ചാലും
പുളിക്കൊമ്പു പിടിക്കെണം

ഒരുത്തനായാൽ ഒരുത്തിവേണം

ഒരുത്തനെ പിടികുകിൽ
കരുത്തനെ പിടിക്കെണം

ഒരുദിവസം തിന്നചോറും
കുളിച്ചകുളവും മറക്കരുത്

ഒരുമ ഉണ്ടെങ്കിൽ
ഉലക്കമേലും കിടക്കാം

ഓട്ടക്കാരനു വാട്ടം ചേരുകില്ല

ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന്‌ കുമ്പിളിൽ കഞ്ഞി

കക്കുവാൻ പഠിച്ചാൽ
ഞെലുവാൻ പഠിക്കെണം
(കക്കുവാൻ തുടങ്ങിയാൽ നില്ക്കാൻ പഠിക്കെണം)

കച്ചിട്ടിറക്കിയും കൂടാ
മധുരിച്ചിട്ടുതുപ്പിയും കൂടാ

കടന്നക്കൂടിന്നു കല്ലെടുത്തു എറിയുമ്പൊലെ

കടലിൽ കായം കലക്കിയതു പോലെ

കടിക്കുന്നതു കരിമ്പു പിടിക്കുന്ന തിരുമ്പു

കടിഞ്ഞാണില്ലാത്ത കുതിര
ഏതിലെയും പായും

കടുചോരുന്നത്‌ കാണും
ആനചോരുന്നതു കാണാ

കട്ടോനെ കാണാഞ്ഞാൽ
കണ്ടവനെ പിടിച്ചു കഴുവേറ്റാം

കണ്ടതെല്ലാം കൊണ്ടാൽ
കൊണ്ടതെല്ലാം കടം

കണ്ടമീൻ എല്ലാം കറിക്കാകാ

കണ്ടറിയാഞ്ഞാൽ കൊണ്ടറിയും

കണ്ണു പോയാല്‍ അറിയാം കണ്ണിന്റെ കാഴ്ച

കണ്ണൊടു കൊള്ളെണ്ടതു
പുരികത്തൊടായ്പൊയി

കത്തുന്ന തീയിൽ നെയി പകരുമ്പൊലെ

കമ്പത്തിൽ കയറി ആയിരം വിദ്യ കാട്ടിയാലും
സമ്മാനം വാങ്ങുവാൻ താഴിൽ വരെണം

കയ്യാടി എങ്കിലേ വായാടും

കയ്യിൽ കൊടുത്താൽ കള്ളനും കക്കാ

കയ്യൂക്കുള്ളവൻ കാര്യക്കാരന്‍

കരയടുക്കുമ്പൊൾ തുഴയിട്ടു കളയല്ലെ

കരയുന്നകുട്ടിക്കേ പാൽ ഉള്ളു

കരിമ്പിൻ തോട്ടത്തില്‍ ആന കടന്നപോലെ

കര്‍ക്കടഞാറ്റിൽ പട്ടിണി കിടക്കുന്നതു
പുത്തരി കഴിച്ചാൽ മറക്കരുത്

കറിക്ക പോരാത്ത കണ്ടം നുറുക്കല്ല

കഴുത അറിയുമോ കുങ്കുമം

കഴുതയെ തെച്ചാൽ കുതിരയാകുമൊ

കാകന്റെ കഴുത്തിൽ
മണികെട്ടിയ പോലെ

കാക്കെക്കു തമ്പിള്ള പൊമ്പിള്ള

കാച്ചവെള്ളത്തിൽ വീണ പൂച്ച
പച്ചവെള്ളം കണ്ടാലും പേടിക്കും

കാഞ്ഞഒട്ടിൽ വെള്ളം പകർന്നപോലെ

കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം

കാട്ടിലെ മരം തേവരുടെ ആന
എത്തിയവിടത്തറ്റം വലിക്കട്ടെ വലിക്കട്ടെ

കാട്ടുകോഴിക്കുണ്ടോ സംക്രാന്തി

കാണം വിറ്റും ഓണമുണ്ണണം

കാര്‍ത്തിക കഴിഞ്ഞാൽ മഴയില്ല
കര്‍ണന്‍ പെട്ടാൽ പടയില്ല

കാര്യത്തിനു കഴുതക്കാലും പിടിക്കെണം

കാറ്ററിയാതെ തുപ്പിയാൽ
ചെവിയറിയാതെ കിട്ടും

കീരിയെ കണ്ട പാമ്പു പോലെ

കുണ്ടി എത്ര കുളം കണ്ടു
കുളം എത്ര കുണ്ടി കണ്ടു

കുത്തുവാന്‍ വരുന്ന പോത്തോടു
വേദം ഓതിയാല്‍ കാര്യമോ

കുനിയൻ മദിച്ചാലും
ഗോപുരം ഇടിക്കാ

കുന്തം പോയാല്‍
കുടത്തിലും തപ്പെണം

കുന്നിക്കുരു കുപ്പയിൽ ഇട്ടാലും മിന്നും

കുപ്പയിൽ കിടന്നു മാളിക കിനാകാണും

കുരങ്ങൻ ചത്ത കുറവനെ പോലെ

കുരങ്ങിന്റെ കൈയിൽ
മാലകിട്ടിയതു പോലെ

കുരുടന്മാർ ആനയെ കണ്ടപോലെ

കുരെക്കുന്ന നായി കടിക്കയില്ല

കുറിക്കുവെച്ചാൽ
മതില്ക്കെങ്കിലും കൊള്ളെണം

കുറുക്കന്നു ആമയെ
കിട്ടിയതു പോലെ

കുറുക്കൻ കരഞ്ഞാൽ
നേരം പുലരുകയില്ല

കുലയാന മുമ്പിൽ
കുഴിയാനയെ പോലെ

കുളത്തിൽനിന്നു പോയാല്‍ വലയിൽ
വലയിൽ നിന്നു പോയാല്‍ കുളത്തിൽ

കുളത്തൊടു കൊമ്പിച്ചിട്ടു ശൌചിക്കാഞ്ഞാൽ
ഊര നാറുകേ ഉള്ളു

കുഴിയാന മദിച്ചാൽ തലയാന ആകുമൊ

കൂടകിടന്നവനെ രാപ്പനിയെ അറിഞ്ഞു കൂടും

കൂട്ടിൽ ഇട്ട മെരുവിനെ പോലെ

കേരളം ബ്രാഹ്മണര്‍ക്കു സ്വര്‍ഗം
ശേഷം ജാതികൾക്കു നരകം

കൈ നനയാതെ മീൻ പിടിക്കാമൊ

കൈപ്പുണ്ണിന്നു കണ്ണാടി (കണ്ണട) വേണ്ടാ

കൊതിച്ചതുവരാ വിധിച്ചതേ വരൂ

കൊന്നാൽപാപം തിന്നാൽ തീരും

കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി

കോഴിമുട്ട ഉടെക്കാൻ കുറവടി വേണ്ടാ

ഗതികെട്ടാൽ പുലിപുല്ലും തിന്നും

ഗുരുക്കളെ നിനെച്ചു കുന്തവും വിഴുങ്ങെണം

ചക്കര തൊട്ട കൈ നക്കും
(ചക്കരപ്പാടത്തിൽ കൈയിട്ടാൽ നക്കുകയൊ- ഇല്ലയൊ)

ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടാ

ചത്തു കിടക്കിലെ ഒത്തു കിടക്കും

ചന്തിയില്ലാത്തവൻ ഉന്തി നടക്കും
ചരതമില്ലാത്തവൻ പരതിനടക്കും

ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല

ചുട്ടു തല്ലുമ്പൊൾ കൊല്ലനും കൊല്ലത്തിയും ഒന്നു

ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല

ചുമടൊഴിച്ചാൽ ചുങ്കം വീട്ടെണ്ടാ

ചുമലിൽ ഇരുന്നു ചെവി തിന്നരുത്

ചുവർ ഉണ്ടെങ്കിലേ ചിത്രം എഴുതിക്കൂടൂ

ചെറിയോൻ പറഞ്ഞാൽ
ചെവിട്ടിൽ പോകാ

ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുത്തുണ്ടം തിന്നോളൂ

ചേറു കണ്ടെടം ചവിട്ടിയാൽ
വെള്ളം കണ്ടെടത്തു നിന്നു കഴുകെണം

ചൊറങ്ങും കൂറിങ്ങും

തനിക്കല്ലാത്തതു തുടങ്ങരുത്

തനിക്ക താനും പുരെക്കതൂണും

തന്നെത്താൻ അറിയാഞ്ഞാൽ
പിന്നെ താൻ അറിയും

തന്റെ കണ്ണിൽ ഒരു കോലിരിക്കെ
അന്യന്റെ കണ്ണിലെ കരടു നോക്കരുത്

തലമറന്നു എണ്ണ തേക്കരുത്

തല്ലുകൊള്ളുവാൻ ചെണ്ട
പണം കെട്ടുവാൻ മാരാൻ

താണനിലത്തേ നീർ ഒഴുകൂ

താൻ ഇരിക്കുന്നെടത്തു താൻ ഇരിക്കാഞ്ഞാൽ
അവിടെപ്പിന്നെ നായിരിക്കും

താന്താൻ കുഴിച്ചതിൽ താന്താൻ

തീക്കനൽ അരിക്കുന്ന എറുമ്പു
കരിക്കട്ട വച്ചേക്കുമോ

തീയിൽമുളച്ചത്
വെയിലത്തു ചാകാ

തൂറാത്തോന്‍ തൂറുമ്പോള്‍ൾ
തീട്ടം കൊണ്ടുള്ള ആറാട്ടു

തൂറിയൊനെപേറിയാല്‍
പേറിയോനെയും നാറും

തെളിച്ചതിലേ നടക്കാഞ്ഞാൽ
നടന്നതിലേ തെളിക്ക

തോട്ടംതോറും വാഴ
നാടുതോറും ഭാഷ

ദാനം ചെയ്ത പശുവിന്ന്
പല്ലു നോക്കരുത്‌

ദുര്‍ജന സമ്പർക്കത്താൽ സജ്ജനം കെടും

നടന്നു കെട്ട വൈദ്യനും
ഇരുന്ന കെട്ട വെശ്യയും ഇല്ല

നനെച്ചിറങ്ങിയാൽ കുളിച്ചു കയറും

നയശാലിയായാൽ ജയശാലിയാകും

നരകത്തിൽ കരുണയില്ല
സ്വര്‍ഗത്തില്‍ മരണം ഇല്ല

നരി നരച്ചാലും കടിക്കും

നരി പെറ്റമടയിൽ
കുറുക്കൻ പെറുകയില്ല

നാടുവിട്ട രാജാവും
ഊർ വിട്ട പട്ടിയും ഒരുപോലെ

നാട് ഓടും നേരം നടുവെ

നായി നടുക്കടലിൽ ചെന്നാലും
നക്കീട്ടെ കുടിക്കൂ

നിത്യാഭ്യാസി
ആനയെ എടുക്കും

നിറക്കുടം തുളുമ്പുകയില്ല-
അരക്കുടം തുളുമ്പും

നിലക്കു നിന്നാല്‍
വിലയ്ക്കു പോകും

നീചനിൽ ചെയ്യുന്ന ഉപകാരം
നീറ്റിലെ വരപോലെ

നീര്‍ക്കോലിയും മതി
അത്താഴം മുടക്കാൻ

നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ലാഭം
മിടും മിനക്കാം വയറും നിറയും

നെല്ലും മോരും കൂട്ടിയതു പോലെ

.പകൽ കക്കുന്ന കള്ളനെ
രാത്രിയിൽ കണ്ടാൽ തൊഴണം

പക്ഷിക്കാകാശം ബലം
മത്സ്യത്തിന്നു വെള്ളം ബലം

പടിക്കൽ കുടം ഇട്ടുടെക്കല്ല

പണത്തിനു മീതെ
പരുന്തും പറക്കുകയില്ല

പണം പണം എന്നു പറയുമ്പോൾ
പിണവും വായ് പിളര്‍ക്കും

പലതുള്ളി പെരുവെള്ളം

പശു ചത്തിട്ടും
മോരിലെ പുളിപോയില്ല

പഴഞ്ചൊലിൽ പതിർ ഉണ്ട്
എങ്കിൽ പശുവിൻ പാലും കൈക്കും

പഴമ്പിലാവില വീഴുമ്പോൾ
പച്ചപിലാവില ചിരിക്ക വേണ്ടാ

പഴുക്കാൻ മൂത്താൽ പറിക്കേണം

പാപി ചെല്ലുന്നടം പാതാളം

പാലം കടക്കുവോളം നാരായണ
പാലംകടന്നാൽ പിന്നെ കൂരായണ

പാലു വിളമ്പിയെടുത്തു പഞ്ചതാര
മോര്‍ വിളമ്പിയെടത്തുപ്പു

പിടിച്ചതിനെ വിട്ടു പറക്കുന്നതിൽ
വഴിയേ പായരുത്

പുത്തൻപെണ്ണു പുരപ്പുറം അടിക്കും
പിന്നെ പെണ്ണു വെയിച്ചടം അടിക്കുകയില്ല

പുരക്കുമീതെ വെള്ളം വന്നാൽ
അതുക്കു മീതെ തോണി

പുച്ചെക്കു വിളയാട്ടം
എലിക്കു പ്രാണവേദന

പെണ്ണൊരിമ്പെട്ടാൽ
ബ്രഹ്മനും തടുത്തു കൂടാ

പൊൻതൂക്കുന്നെടത്തു
പൂച്ചെക്കെന്തു (പൊന്നുരുക്കുന്നെടത്തു)

പൊന്നാരം കുത്തിയാൽ
അരിഉണ്ടാകയില്ല

പൊന്നു കാക്കുന്ന ഭൂതംപോലെ

പൊന്നു വെക്കെണ്ടയിടത്തിൽ
പൂവെങ്കിലും വെക്കെണം

പൊൻസൂചി കൊണ്ടു
കുത്തിയാലും കണ്ണുപോം

പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി

പോക്കറ്റാല്‍ പുലി പുല്ലുംതിന്നും

പോത്തിന്റെ ചെവിട്ടിൽ
കിന്നരം വായിക്കുന്നതു പോലെ

ഭക്തിയാലെ മുക്തി യുക്തിയാലെ ഉക്തി
(ഭയത്താലെ ഭക്തി നയത്താലെ യുക്തി)

മകം പിറന്ന മങ്ക-
പൂരാടം പിറന്ന പുരുഷൻ

പെറ്റവൾക്കറിയാം
പിള്ളവരുത്തം

മരത്തിന്നു വേര്‍ ബലം
മനുഷ്യന്നു ബന്ധുബലം

മലർന്നു കിടന്നു തുപ്പിയാൽ
മാറത്തു വീഴും

മാണിക്കക്കല്ലു പന്തീരാണ്ടു
കുപ്പയിൽ കിടന്നാലും മാണിക്കക്കല്ലുതന്നെ

മാറാത്ത വ്യാധിക്ക്
എത്താത്ത മരുന്നു

മുറിവൈദ്യൻ ആളെക്കൊല്ലും

മുറ്റത്തുമുല്ലെക്ക മണം ഇല്ല

മുള്ളിന്മേല്‍ ഇലവീണാലും
ഇലമേല്‍ മുള്ളു വീണാലും നാശം ഇലെക്ക

മുള്ളുപിടിക്കിലും
മുറുക്കനെ പിടിക്കെണം

മൂത്തോര്‍ വാക്കും മുതുനെല്ലിക്കയും
മുമ്പിൽകൈക്കും പിന്നെ മതൃക്കും

മൂരിയോടു ചോദിച്ചിട്ടു
വേണമോ നുകം വെപ്പാന്‍

മൂവർ കൂടിയാൽ മുറ്റം അടിക്കാ

യഥാരാജാ തഥാപ്രജാ

രാമായണം മുഴുവൻ വായിച്ചിട്ടും
രാമനു സീത ആർ എന്നു ചോദിക്കും

വന്നറിയാഞ്ഞാൽ ചെന്നറിയെണം

വല്ലഭമുള്ളവന്നു പുല്ലുംആയുധം

വായി ചക്കര കൈ കൊക്കര

വിനാശ കാലേ വിപരീതബുദ്ധി

ആരാന്റെ കത്തി എന്നെ ഒന്നു കൊത്തി

വിശ്വസിച്ചോനെ ചതിക്കല്ല-
ചതിച്ചോനെ വിശ്വസിക്കല്ല

വിളക്കൊടു പാറിയാൽ ചിറകുകരിയും

വിളമ്പുന്നോന്‍ അറിയാഞ്ഞാല്‍
വെയ്ക്കുന്നോന്‍ അറിയേണം

വെടി കൊണ്ട പന്നി
പായും പോലെ

വെറ്റിലെക്കടങ്ങാത അടക്കയില്ല-
ആണിന്നടങ്ങാത്ത പെണ്ണില്ല

വെണ്ടിക്കിൽ ചക്ക വേരിന്മേലും കായ്ക്കും
വേണ്ട എങ്കിൽ കൊമ്പത്തും ഇല്ല

വേവുന്ന പുരെയ്ക്കു
ഊരുന്ന കഴുക്കോല്‍ ആദായം

വൈരമുള്ളവനെ കൊണ്ടു
ക്ഷൌരം ചെയ്യിക്കുമ്പോലെ

സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ
ആപത്തുകാലത്തു കായ് പത്തു തിന്നാം

സാരം അറിയുന്നവൻ സര്‍വജ്ഞന്‍

സൂചി പോയ വഴിക്കേ നൂലും പോകൂ

ഹിരണ്യ നാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ