(നോവല്‍)
പെരുമ്പടവം ശ്രീധരന്‍

പെരുമ്പടവം ശ്രീധരന്റെ വളരെയധികം കോപ്പികള്‍ ചെലവായ മികച്ച നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ. വിശ്വപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ഫിയോദര്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1992ലെ ദീപിക വാര്‍ഷിക പതിപ്പില്‍ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവല്‍ 1993 സെപ്റ്റംബറില്‍ പുസ്തകമായി. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറികടന്നു നേടിയ ബഹുമതി. 2019ലാണ് നോവലിന്റെ നൂറാം പതിപ്പ് ഇറങ്ങിയത്. കൊല്ലത്തെ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സാണ് പ്രസാധാകര്‍.
ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതുമാണ് ഇതിവൃത്തം. അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളും ഒപ്പമുണ്ട്. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം അവതരിപ്പിക്കുന്നത്.
അന്ന ദസ്തയേവ്‌സ്‌കിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ നോവലിനു ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പേര് നല്‍കിയതെന്ന് നോവലിസ്റ്റ് തന്നെ പറഞ്ഞിട്ടുണ്ട്.
ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിത്.
തന്റെ ഒഴിവാക്കാനാവാത്ത ദുഃശീലങ്ങളിലൊന്നായ ചൂതുകളിക്ക് ദസ്തയേവ്‌സ്‌കി മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി ഒരു ദാര്‍ശനിക തലം കൊടുക്കാന്‍ ശ്രമിക്കുന്നു. നോവലില്‍ നിന്ന് ഒരു ഖണ്ഡിക ഇങ്ങനെ:
‘ ജീവിതം ഒരു ചൂതുകളിയാണ്. ചിലര്‍ നേടുന്നു. ചിലര്‍ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയില്‍ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യന്‍ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കുമ്പോള്‍ ജീവിതം ഒരു ചൂതുകളിതന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂര്‍ച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്‌നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവന്‍ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മള്‍ കണക്കു കൂട്ടുന്നു. സംഖ്യവച്ച് നമ്മള്‍ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തില്‍ ചെന്നു നില്‍ക്കുന്നുവെന്നു ആര്‍ക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?

പുരസ്‌കാരങ്ങള്‍

1996ലെ വയലാര്‍ പുരസ്‌കാരം ഉള്‍പ്പെടെ 8 പുരസ്‌കാരങ്ങള്‍