അരലക്ഷത്തിന്റെ ആഘോഷത്തിനുശേഷം
ഒരു സങ്കീര്‍ത്തനംപോലെ’ എന്ന നോവല്‍ അമ്പതിനായിരം കോപ്പി വിറ്റഴിഞ്ഞശേഷമുള്ള പതിപ്പില്‍ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ആമുഖം.
എനിക്കു ചിലതു പറയാനുണ്ട്. 1993ല്‍ 'ഒരു സങ്കീര്‍ത്തനം പോലെ' പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്കൊരുത്കണ്ഠയുണ്ടായിരുന്നു അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന്. മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരു എഴുത്തുകാരന്റെ ജീവിതത്തിലെ ഹ്രസ്വമായ ഒരു ഘട്ടം ചിത്രീകരിക്കുന്ന ഈ നോവല്‍ വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടുകൊള്ളണമെന്നുണ്ടോ? എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു വായനക്കാരുടെ പ്രതികരണമെന്ന് ഇപ്പോള്‍ ആഹ്ലാദത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ആ വര്‍ഷത്തെ എറ്റവും മികച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ വിമര്‍ശകന്മാര്‍ 'ഒരു സങ്കീര്‍ത്തനംപോലെ' യെ ഉള്‍പ്പെടുത്തി. അതിനുമുമ്പേ വായനക്കാരുടെ കത്തുകള്‍ വരാന്‍ തുടങ്ങിയിരുന്നു. ഹൃദയം തുറന്ന് എന്നെ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ നോവലിസ്റ്റുകളും കവികളും വിമര്‍ശകന്മാരുമുണ്ടായിരുന്നു. പിന്നെ തുടരെത്തുടരെ പുതിയ പതിപ്പുകള്‍. മലയാളത്തിലെ എതെഴുത്തുകാരനും മോഹിക്കുന്ന വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ പ്രശസ്തമായ എട്ട് അവാര്‍ഡുകള്‍, ആറുവര്‍ഷംകൊണ്ട് 'ഒരു സങ്കീര്‍ത്തനംപോലെ'യുടെ അമ്പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അതിക്രമിച്ചുകടന്ന് വായനശീലം നഷ്ടപ്പെട്ട് സഹൃയത്വം യാന്ത്രികവും നിരാര്‍ദ്രവുമായിത്തീര്‍ന്ന ഒരുകാലത്ത് ചെറിയ ഒരത്ഭുതം എന്നുവേണമെങ്കില്‍ പറയാം. സംഭവം ഒരു നോവല്‍ നിശ്ശബ്ദമായി വായനക്കാരുടെ ഹൃദയം കീഴടക്കിയതാണ്. ഇരുട്ടില്‍ മഴ അലറിപ്പെയ്യുന്ന ഒരു കര്‍ക്കിടക രാത്രി ഓര്‍മ വരുന്നു. ഞാനെന്റെ ഗ്രാമത്തിലെ വീട്ടിലിരുന്ന് ദസ്തയേവ്‌സ്‌കിയുടെ 'കുറ്റവും ശിക്ഷയും' വായിക്കുകയായിരുന്നു. എന്റെ പതിനാറാമത്തെയോ പതിനേഴാമത്തെയോ വയസ്സിലാണത്. നോവലങ്ങനെ വായിച്ചുപോകുമ്പോള്‍ എന്റെ മനസ്സ് ഇളകിമറിയാന്‍ തുടങ്ങി. നേരംവെളുത്തത് അറിഞ്ഞില്ല. ഞാനപ്പോഴും വായനയിലായിരുന്നു. 'കുറ്റവും ശിക്ഷയും' വായിച്ചുതീര്‍ന്നതിനുശേഷമുള്ള ദിവസങ്ങളില്‍ എന്റെ മനസ്സാകെ പ്രക്ഷുബ്ധമായിരുന്നു. അതില്‍പ്പിന്നെ ദസ്തയേവ്‌സ്‌കിയുടെ നോവലുകള്‍ തേടിപ്പിടിച്ചു വായിക്കുകയെന്നത് എന്റെ ഒരു ഭ്രാന്തായിത്തീര്‍ന്നു. ദസ്തയേവ്‌സ്‌കിയുടെ നോവലുകള്‍ മാത്രല്ല, ദസ്തയേവ്‌സ്‌കിയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള പഠനങ്ങളും ഭ്രാന്തമായ ഒരാവേശത്തോടെ ഞാന്‍ വായിച്ചു. വിശ്വസാഹിത്യത്തിലെ കൊടുമുടികളായ ടോള്‍സ്‌റ്റോയ്, ഹ്യൂഗോ, ഹെമിംഗ്‌വേ, കാഫ്ക, ഹെര്‍മന്‍ ഹെസ്സെ, അല്‍ബേര്‍ കാമു. തോമസ്മന്‍, പാസ്റ്റര്‍നാക്ക്, കവാബാത്ത, കസന്‍ദ് സാക്കിസ് എന്നിവരെയൊക്കെ വായിച്ചുപോകുമ്പോഴും എന്തുകൊണ്ടെന്നറിയില്ല ദസ്തയേവ്‌സ്‌കിയായിരുന്നു എന്റെ നോവലിസ്റ്റ്. മറ്റെഴുത്തുകാരുടെ നോവലുകള്‍ വായിക്കുന്നതില്‍നിന്ന് വ്യത്യസ്തമായ ഒരനുഭവമായിരുന്നു ദസ്തയേവ്‌സ്‌കിയുടെ നോവലുകള്‍ വായിക്കുമ്പോള്‍ എനിക്കുണ്ടാകാറ്. ദസ്തയേവ്‌സ്‌കിയുടെ കഥാപാത്രങ്ങള്‍ എന്റെ രാത്രിസ്വപ്‌നങ്ങളില്‍ എന്നെ വേട്ടയാടി. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിലെ ഇരുണ്ട പ്രപഞ്ചം ദസ്തയേവ്‌സ്‌കിയുടെ നോവലുകളില്‍ ഞാന്‍ കണ്ടു. മനുഷ്യഹൃദയത്തിന്റെ വ്യഥകള്‍, സംഘര്‍ഷങ്ങള്‍, മുറിവുകള്‍, നിശ്ശബ്ദമായ വിലാപങ്ങള്‍, മനുഷ്യഹൃദയത്തിലടിക്കുന്ന കൊടുങ്കാറ്റുകള്‍-അതൊക്കെ എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ, അന്നൊന്നും ജീവിതത്തില്‍ എന്നെങ്കിലും ദസ്തയേവ്‌സ്‌കിയെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എങ്ങനെയാണ് അതുപറയേണ്ടത്? വിശ്വാസി പള്ളിയില്‍പോകുന്നതു പോലെയായിരുന്നു ഞാന്‍ ഇടയ്ക്കിടയ്ക്ക് ദസ്തയേവ്‌സ്‌കിയിലേക്കു പോകാറ്. ദസ്തയേവ്‌സ്‌കിയുടെ ഭാര്യ അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന് ഒരുണര്‍വ് അനുഭവപ്പെട്ടു. ഒരു വാഗ്ദാനം നിറവേറ്റാന്‍ എനിക്കന്ന് ഒരു നോവല്‍ എഴുതേണ്ടതുണ്ടായിരുന്നു. അതിന്റെയൊക്കെ പിരിമുറുക്കവുമായി നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരു വെളിപാടു പോലെ എനിക്കു തോന്നി, ദസ്തയേവ്‌സ്‌കിയുടെ ജീവിതംവച്ച് ഒരു നോവലെഴുതിയാലോ? അപ്പോള്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതംമുഴുവന്‍ എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍, എവിടംതൊട്ട് തുടങ്ങണം? എങ്ങനെ വേണം?എന്തൊക്കെ വേണം? എവിടെ അവസാനിപ്പിക്കണം? അങ്ങനെ മനസ്സില്‍ തര്‍ക്കിച്ചുകൊണ്ട് ആറേഴുദിവസം ഞാന്‍ നടന്നു. പിന്നെ അന്ന ജീവിതത്തില്‍ ആദ്യമായി ദസ്തയേവ്‌സ്‌കിയെ കണ്ടുമുട്ടുന്ന നിമിഷംതൊട്ട് ഒടുവില്‍ അവര്‍ അന്യോന്യം ജീവിതം പങ്കുവയ്ക്കാന്‍ തീരുമാനിക്കുന്ന നിമിഷം വരെയുള്ള കാലം തിരഞ്ഞെടുത്തു, അന്നയുടെ ഓര്‍മ്മക്കുറിപ്പുകളുടെ ചുവടുപിടിച്ച്. അതിന്റെ കടപ്പാടുണ്ട് എനിക്ക് അന്നയോട്. പക്ഷേ, കുഴപ്പം ഞാന്‍ നേരത്തേ പറഞ്ഞതായിരുന്നു. ദസ്തയേവ്‌സ്‌കിയുടെ വിചിത്രവും സ്‌തോഭപൂര്‍ണവും അവിശ്വസനീയവുമായ ജീവിതം മുഴുവന്‍ എന്റെ കണ്മുന്നിലുണ്ട്. അതില്‍നിന്ന് ഒരു നോവലിന്റെ ശില്പത്തിനുതകുന്നതു മാത്രമായി എങ്ങനെ ഉള്‍ക്കൊള്ളും? അതും പോരല്ലോ. നാനാതരം ദൗര്‍ബല്യങ്ങളിലും വ്യഥകളിലും സംഘര്‍ഷങ്ങളിലും ആന്തരവൈരുധ്യങ്ങളിലുംപെട്ട് ഓരോ നിമിഷവും വലിഞ്ഞുമുറുകി നില്‍ക്കുന്ന ആ ഹൃദയത്തിന്റെ ഇരുണ്ട ആഴങ്ങള്‍, കയങ്ങള്‍.....അതെങ്ങനെ കണ്ടെത്തും? ദസ്തയേവ്‌സ്‌കിയുടെ നോവലുകളും ദസ്തയേവ്‌സ്‌കിയെക്കുറിച്ചുള്ള പഠനങ്ങളും വായിച്ചതിന്റെ ഓര്‍മ ഒരനന്തതയിലേക്ക് നോക്കുമ്പോലെ എന്നെ വിസ്മയിപ്പിച്ചു. ദസ്തയേവ്‌സ്‌കിയുടെ ജീവിതം കഥയാക്കുമ്പോള്‍ ഒരു കഥയെക്കാള്‍ വികാരവിക്ഷുബ്ധതയാര്‍ന്ന ആ ജീവിതം മുഴുവന്‍ എന്നെ മോഹിപ്പിക്കുന്നു. പിന്നെ ഞാനതുമുഴുവന്‍ മറക്കാന്‍ ശ്രമിച്ചു. അന്നയും ദസ്തയേവ്‌സ്‌കിയും കണ്ടുമുട്ടിയ നിമിഷം തൊട്ടുള്ള മൂന്നാഴ്ചക്കാലത്തെ അവരുടെ ജീവിതം സങ്കല്പിച്ചുകൊണ്ട് നോവല്‍ എഴുതാന്‍ തുടങ്ങി. എഴുത്തിനിടയില്‍ മനസ്സില്‍ തടയുന്നത് എന്തൊക്കെയോ അതുമാത്രം സ്വീകരിക്കുക എന്ന തീരുമാനത്തോടെ, 1992 ജൂലൈ പതിമൂന്നാം തീയതിയായിരുന്നു അത്. ആദ്യമൊന്നും ആഗ്രഹിച്ച ഒഴുക്കു കിട്ടിയില്ല, എഴുത്തിന്. തൃപ്തിവരാഞ്ഞിട്ട് ആദ്യത്തെ ഒന്നുരണ്ട് അധ്യായങ്ങള്‍ ഞാന്‍ കീറിക്കളഞ്ഞു. അതു ഞാന്‍ തുടങ്ങിയത് ഫെദോസ്യയില്‍ നിന്നായിരുന്നു. നാലഞ്ചുദിവസം നീണ്ട ഒരിടവേളക്കുശേഷം ഒരു രാത്രി ഒരു വിശുദ്ധന്റെ സന്നിധിയിലെന്നപോലെ ദസ്തയേവ്‌സ്‌കിയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ ഞാന്‍ മുട്ടുകുത്തി, എന്നെ അനുഗ്രഹിക്കണേ എന്ന പ്രാര്‍ഥനയോടെ. അപ്പോള്‍ മനസ്സിനെ ഒരുണര്‍വ് അനുഗ്രഹിക്കുന്നപോലെ എനിക്കുതോന്നി. തലേരാത്രിയില്‍ മങ്ങിയ നിലാവില്‍ വിജനമായ വഴിയില്‍ ദസ്തയേവ്‌സ്‌കി തനിയെ നടക്കുന്ന സന്ദര്‍ഭത്തിലെത്തിയപ്പോള്‍ ആ ഉണര്‍വ് എനിക്ക് തീവ്രമായി അനുഭവപ്പെട്ടു. ആ നിമിഷങ്ങളില്‍ ഒരു വിസ്മൃതിയില്‍ ദസ്തയേവ്‌സ്‌കിയുടെ അനുഭവത്തെ ഞാനിങ്ങനെ സങ്കല്പിച്ചു: ''........ സ്വപ്‌നസദൃശമായ ഒരനുഭവം എന്നുവേണമെങ്കില്‍ പറയാം. അതെ. അതങ്ങനെത്തന്നെയാണ്. ഇന്നലെ രാത്രിയില്‍ താന്‍ നടന്ന വിജനമായ ആ വഴി സെന്റ്പീറ്റേഴ്്‌സ്ബര്‍ഗിലെ എതെങ്കിലും വഴിയാണെന്നു തോന്നുന്നില്ല. ഏതോ ഒരു രാത്രി. ഏതോ ഒരു വഴി. ഏതോ ഒരു കാലം....'' 'ഹൃദയത്തിന്മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെ'ന്ന് ദസ്തയേവ്‌സ്‌കിയെ സങ്കല്പിക്കാന്‍ കഴിഞ്ഞ നിമിഷത്തില്‍ ഏതോ ഒരു പ്രകാശംകൊണ്ട് എന്റെ അകം നിറയുന്നതുപോലെ എനിക്കുതോന്നി. അപ്പോള്‍ അര്‍ധരാത്രിയായിരുന്നു. പാതിമയക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്ന് ഇരുട്ടില്‍ എഴുന്നേറ്റുചെന്ന് ഒരു കടലാസില്‍ അതു കുറിച്ചുവച്ചപ്പോള്‍ എനിക്കുതോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു. ആ നിമിഷങ്ങളില്‍ എന്റെ ഹൃദയത്തിനുമേല്‍ ഒരു നക്ഷത്രം ഉദിച്ചുനിന്നിരുന്നു എന്നാണ് തോന്നുന്നത്. പിന്നെയുള്ള ദിവസങ്ങളില്‍ ദൈവമുണ്ടായിരുന്നു എന്റെ കൂടെ. മൂന്നാമത്തെ അധ്യായത്തില്‍ ചൂതുകളി കേന്ദ്രത്തില്‍നിന്ന് തോറ്റുതുന്നം പാടി മടങ്ങുന്ന രാത്രിയില്‍ ദസ്തയേവ്‌സ്‌കി ഏതോ മഹാവിദൂരതയില്‍ സ്ഥിതിചെയ്യുന്ന ദൈവത്തോട് സംസാരിക്കാന്‍ തുടങ്ങുന്നു. അതൊക്കെ ഓര്‍ക്കാപ്പുറത്ത് സംഭവിച്ചതാണ്. പെട്ടെന്ന്, ഒരു വെളിപാടുപോലെ, ക്ഷമിക്കണം, എനിക്കത് വേറെ വിധത്തില്‍ പറയാന്‍ കഴിയുന്നില്ല. എന്നിട്ടും എഴുത്തിന് വേഗംകിട്ടിയില്ല. മടുപ്പിക്കുന്ന യാത്രകളുടെയും അലറിപ്പെയ്യുന്ന മഴയുടെയും ദിവസങ്ങളായിരുന്നു അത്. കുടുംബബന്ധത്തില്‍ ഒരു കപ്പല്‍ച്ചേതത്തെ അനുസ്മരിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഞാന്‍ ജീവിതത്തില്‍ അതുപോലെ വേദനയും അശാന്തിയും അനുഭവിച്ച ഒരു ഘട്ടം വേറെയില്ല. ഒരു പ്രാര്‍ഥനപോലെയായിരുന്നു എഴുത്ത്. അതേസമയം ഞാന്‍ എന്നെ ബലികൊടുക്കുകയാണെന്നും തോന്നിയിരിന്നു. അത്രയ്ക്ക് ഉത്കടമായ ഒരനുഭവമായിരുന്നു അത്. ആ ഇരുണ്ട ദിവസങ്ങളിലെ ഭ്രാന്തമായ നിമിഷങ്ങളില്‍ എതാണ്ട് വന്യമായ ഒരവസ്ഥയിലാണ് ഞാന്‍ ജീവിച്ചത്. എന്റെ ഹൃദയം ഒരു കാടുപോലെ കത്തിക്കൊണ്ടിരുന്നു. ദൈവവും ചെകുത്താനും മാറിമാറി ഭരിക്കുന്ന ഒരു ഭൂഖണ്ഡമായി ഞാന്‍ ദസ്തയേവ്‌സ്‌കിയുടെ ഹൃദയത്തെ കണ്ടു. പിന്നെ ഞാന്‍ ആ ഭൂഖണ്ഡത്തില്‍ ജീവിച്ചു. ജീവചരിത്രങ്ങളില്‍ കണ്ട ദസ്തയേവ്‌സ്‌കിയെയല്ല 'ഒരു സങ്കീര്‍ത്തനംപോല'യില്‍ ഞാന്‍ പിന്തുടര്‍ന്നത്. മദ്യപാനി, ചൂതുകളിക്കാരന്‍, അസന്മാര്‍ഗി എന്നൊക്കെ ചീത്തപ്പേര് കേള്‍പ്പിച്ച ഒരാളെയാണ് ദസ്തയേവ്‌സ്‌കിയുടെ ജീവചരിത്രകാരന്മാര്‍ കാണിച്ചുതരുന്നത്. അദ്ദേഹം മഹാനായ നോവലിസ്റ്റാണെന്ന് ഉദ്‌ഘോഷിക്കുമ്പോഴും ആ കളങ്കങ്ങള്‍ ദസ്തയേവ്‌സ്‌കിയില്‍ എല്ലാവരും കണ്ടിരുന്നു. എന്നാല്‍, എന്റെ മനസ്സില്‍ തെളിഞ്ഞുവന്നത് അദ്ദേഹത്തിന്റെ പ്രക്ഷുബ്ധമായ മനസ്സാണ്. ജീവിതം നീളെ ദസ്തയേവ്‌സ്‌കി അനുഭവിച്ച രോഗം, ദാരിദ്ര്യം, ആത്മീയമായ കുരിശുമരണങ്ങള്‍, ഉള്‍പ്പോരുകള്‍...അതൊക്കെ എന്റെ മനസ്സിനെ ഇളക്കിമറിച്ചു. പീഡാനുഭവങ്ങളിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവിനെ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തില്‍നിന്ന് ഞാന്‍ കണ്ടെടുത്തു. എന്റെ ദൃഷ്ടിയില്‍ ദസ്തയേവ്‌സ്‌കി ഒരു വിശുദ്ധനായിരുന്നു. മദ്യപാനിയും ചൂതുകളിക്കാരനും അസന്മാര്‍ഗിയുമായ ഒരാള്‍ എങ്ങനെ 'കുറ്റവും ശിക്ഷയും' എഴുതും? എങ്ങനെ 'ഇഡിയറ്റ്' എഴുതും ?. എങ്ങനെ 'ഭൂതാവിഷ്ടര്‍' എഴുതും ? എങ്ങനെ 'കാരമസോവ് സഹോദരന്മാര്‍' എഴുതും? ഒരു വിശുദ്ധന്റെ ഹൃദയത്തില്‍നിന്നല്ലാതെ അത്രയും വിശുദ്ധമായ ഉറവകള്‍ ഉണ്ടാവുകയില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. ദസ്തയേവ്‌സ്‌കിയുടെ അപസ്മാരവും മദ്യപാനാസക്തിയും ചുതുകളി ഭ്രാന്തും ഹൃദയദൗര്‍ബല്യങ്ങളും ആ നിലയില്‍ കേവലമായിട്ടില്ല, മഹാനായ ഒരെഴുത്തുകാരന്റെ സര്‍ഗാത്മകമായ വ്യഥയുടെയഉം ആത്മസംഘര്‍ഷത്തിന്റെയും അടയാളമായിട്ടാണ് ഞാന്‍ കണ്ടത്. ചൂതുകളി കേന്ദ്രത്തിലെ കറങ്ങുന്ന ഭാഗ്യചക്രത്തിന്റെ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കളങ്ങളില്‍ പണംവച്ചു ചൂതുകളിച്ച് നേടുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അത് മനുഷ്യനും വിധിയുമായുള്ള ഒരു ചൂതുകളിയായിത്തീരുന്നു. ദസ്തയേവ്‌സ്‌കിയെ ഈ ഭൂമിയില്‍ അങ്ങനെ ആദ്യം കണ്ടത് ഞാനാണ് ആ കണ്ടെത്തലാണ് എന്റെ സൃഷ്ടി. എന്റെ നോവല്‍. മനുഷ്യനും വിധിയും തമ്മില്‍, മനുഷ്യനും അനന്തതയും തമ്മില്‍, മനുഷ്യനും ദൈവവും തമ്മില്‍ നേര്‍ക്കുനേരെ നില്‍ക്കുന്ന ദിവ്യമായ നിമിഷങ്ങള്‍ ഞാന്‍ സങ്കല്പിച്ചു. ദുരിതവും നിന്ദനവും അവമാനവും ഒറ്റപ്പെടലും സഹിക്കുന്ന ദസ്തയേവ്‌സ്‌കിയുടെ ആത്മീയമായ സംഘര്‍ഷങ്ങളും പിരിമുറുക്കവും ദസ്തയേവ്‌സ്‌കിക്കു വേണ്ടി ഞാന്‍ അനുഭവിച്ചു. നോവല്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയത്തിന് തീപിടിക്കുന്നതുപോലെ തോന്നി എനിക്ക്. എളുപ്പം പ്രസാദിക്കാത്ത എതോ ദേവതയ്ക്ക് ഞാന്‍ എന്നെ ബലികൊടുക്കുകയാണെന്നും തോന്നി. ആ ദിവസങ്ങളിലെ എന്റെ അനുഭവത്തെക്കുറിച്ച് ഞാനിങ്ങനെയാണ് ഓര്‍ക്കുന്നത്. തോരാതെ പെയ്യുന്ന ഒരു പെരുമഴയില്‍ എന്റെ മനസ്സിലെ പച്ചക്കാടുകള്‍ കത്തിക്കൊണ്ടിരുന്നു. ചൂതുകളി കേന്ദ്രത്തില്‍ നിന്ന് ദയനീയമായി തോറ്റ് കൈയില്‍ ഒരു കോപ്പയ്ക്ക് പോലുമില്ലാതെ മടങ്ങുമ്പോള്‍ വഴിവക്കില്‍ രാത്രി തുറന്നിരിക്കാറുള്ള മദ്യശാലയിലേക്ക് കയറിച്ചെല്ലുന്ന ദസ്തയേവ്‌സ്‌കിയോട് അവിടെ മദ്യപിച്ചു ലഹരിപിടിച്ചിരിക്കുന്നവരില്‍ ഒരാള്‍ ചോദിക്കുന്നു, തനിച്ചേ ഉള്ളോ എന്ന്! അല്ല, ഇവിടെവരെ ദൈവവുമുണ്ടായിരുന്നു എന്റെ കൂടെ എന്ന് ദസ്തയേവ്‌സ്‌കി പറയുന്നു. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ അതൊരു തമാശയായി തോന്നിയിരിക്കാം. പക്ഷേ, എനിക്കതു അങ്ങനെയല്ല. നാശത്തിന്റെ വക്കിലൂടെ സഞ്ചരിക്കുന്ന ഒരാളിന് തന്റെ സങ്കടങ്ങള്‍ പറയാന്‍ ദൈവമല്ലാതെ വേറെയാരാണുള്ളത്? വിജനതയിലൂടെ നടക്കുമ്പോള്‍ ദസ്തയേവ്‌സ്‌കി ദൈവത്തോട് സംസാരിക്കുന്നു. അതുപോലെ എഴുത്തിന്റെ ഹര്‍ഷോന്മാദം നിറഞ്ഞ നിമിഷങ്ങളിലും ഞാന്‍ ഒറ്റയ്ക്കു നടക്കുമ്പോഴും ദസ്തയേവ്‌സ്‌കി എന്റെ തോളില്‍കൈയിട്ടു നടക്കുന്നതുപോലെ എനിക്കുതോന്നി. ഒരു സ്വപ്‌നത്തിലെന്നപോലെ മങ്ങിയ നിലാവില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ തെരുവുകളിലൂടെ ദസ്തവയേവ്‌സ്‌കിയും ഞാനും ഒന്നിച്ച്....അങ്ങനെയാണ് ഞാന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗും അവിടെ ദസ്തയേവ്‌സ്‌കി താമസിച്ചിരുന്ന തെരുവും വീടും നേവാദനദിയുമൊക്കെ കാണുന്നത്. നോവലിന്റെ അരലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞതിനുശേഷം ഇറങ്ങുന്ന പുതിയ പതിപ്പിന് എന്തിനാണ് ഇത്ര ദീര്‍ഘമായ ഒരു മുഖവുരയെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. വേണമെന്നു വച്ചിട്ടില്ല. ഈ നോവലിനു കിട്ടിയ പ്രശസ്തിയും അംഗീകാരവും ചില ചങ്ങാതിമാരുടെ ഉറക്കംകെടുത്തി. ഓരോ പുതിയ പതിപ്പിറങ്ങുമ്പോഴും ഓരോ അവാര്‍ഡ് കിട്ടുമ്പോഴും നോവല്‍ മറ്റുഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നു എന്നു കേള്‍ക്കുമ്പോഴും ആ ചങ്ങാതിമാര്‍ വല്ലാത്ത നെഞ്ചുരുക്കം കാണിച്ചുകൊണ്ടിരുന്നു. എന്റെ നോവല്‍ അന്നയുടെ ഓര്‍മക്കുറിപ്പുകളുടെ അനുകരണമോ അപഹരണമോ ആണെന്നായിരുന്നു അവരുടെ ആരോപണം. ക്ഷമകെട്ട് അവരില്‍ ചിലര്‍ അന്നയുടെ ഒാര്‍മ്മക്കുറിപ്പുകള്‍ തേടിപ്പിടിച്ച് തര്‍ജമ ചെയ്ത് അച്ചടിപ്പിച്ച് പൊടുന്നനെ രംഗത്തുവന്നു. അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തകിം തകിം എന്ന് നാലഞ്ചെണ്ണം! വിമര്‍ശനം പൊയ്‌പ്പോയി. വ്യത്തിവിദ്വേഷത്തിന്റെ പൊട്ടിത്തെറിയായും തീര്‍ന്നു. എനിക്കു കിട്ടിയ വയലാര്‍ അവാര്‍ഡിന്റെയഉം റോയല്‍റ്റിയുടെയും പേരിലായി ഒരു ചങ്ങാതിയുടെ മനപ്രയാസം. ഈ രോഗത്തിന് പച്ചമലയാളത്തില്‍ ഒരു പേരുണ്ട്. ഞാനതു പറയുന്നില്ല. ആ ചങ്ങാതിമാരുടെ മരണവെപ്രാളം കണ്ടിട്ട് എനിക്കു യാതൊരു വിഷമവും തോന്നിയില്ല. ഞാനത് ഗൗനിച്ചതേയില്ല. തങ്ങളുടെ ഉള്ളില്‍ എന്താണ് പുകയുന്നതെന്ന് അവര്‍ സ്വയം വെളിവാക്കുകയാണ് ചെയ്തത്. 'അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍' ദസ്തയേവ്‌സ്‌കിയുടെ സഹധര്‍മിണി അന്നയുടെ ഒരു അനുഭവവിവരണമാണ്. അതില്‍നിന്ന് ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ സംബന്ധിച്ച ചില സൂചനകളും സംഭവങ്ങളും ഞാന്‍ എന്റെ നോവലിന് സ്വീകരിച്ചിട്ടുണ്ട്. ആ കടപ്പാട് ആദ്യമേ തന്നെ എന്റെ മുഖവുരയില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. ജീവചരിത്രകാരന്മാര്‍ കാണിച്ചുതന്ന അപസ്മാര രോഗിയും മദ്യപാനിയും ചൂതുകളിക്കാരനും അസാമന്മാര്‍ഗിയുമായ ദസ്തയേവ്‌സ്‌കിയുടെ ഉള്ളില്‍ മറ്റൊരു ദസ്തയേവ്‌സ്‌കിയെ അന്വേഷിക്കുകയാണ് ഞാന്‍ ചെയ്തത്. പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോകുന്ന ഒരു ദസ്തയേവ്‌സ്‌കിയെയാണ് ഞാന്‍ സൃഷ്ടിച്ചത്. ആത്മനിന്ദ കൊണ്ട് പുളയുകയും ജീവിതത്തിന്റെ അയുക്തികതയെക്കുറിച്ച് ദൈവത്തോട് ക്ഷോഭിക്കുകയും ചെയ്യുന്ന ഒരു ദസ്തയേവ്‌സ്‌കിയെ. മനുഷ്യന്‍ ഭൂമിയില്‍ അനുഭവിക്കുന്ന യാതനയുടെ ന്യായമെന്തെന്ന് ദൈവത്തെ വിചാരണചെയ്യുന്ന ഒരു ദസ്തയേവ്‌സ്‌കിയെ. ദസ്തയേവ്‌സ്‌കിയുടെ ജീവിതം നോവലിന് പ്രമേയമാക്കുമ്പോള്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ സ്വീകരിക്കാതെ നിവൃത്തിയില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ജീവചരിത്രപരമായ സംഭവങ്ങളും സൂചനകളും മുഴുവന്‍ പൊയ്‌ക്കോട്ടെ. അതല്ല പ്രധാനം. ദസ്തയേവ്‌സ്‌കി അനുഭവിക്കുന്ന നിഗൂഢവും നിശ്ശബ്ദവുമായ അന്തസ്സംഘര്‍ഷങ്ങളും വ്യഥകളുമാണ് എന്റെ നോവല്‍. സര്‍ഗാത്മകതയുടെ ഉള്‍ച്ചൂട് അനുഭവിച്ചിട്ടുള്ളവര്‍ക്ക് അതു മനസ്സിലാകും. അല്ലാത്തവരോട് പറഞ്ഞിട്ട് വിശേഷമില്ല. എതായാലും 'അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍' വന്നത് നന്നായി. വായനക്കാര്‍ക്ക് എന്റെ നോവലും അന്നയുടെ ഓര്‍മ്മക്കുറിപ്പുകളും വായിച്ച് സ്വയം വിധിയെഴുതാമല്ലോ. പിന്നെ ഞാനോര്‍ത്തു, ആദ്യമായി എന്റെ നേര്‍ക്കല്ലല്ലോ ഇങ്ങനെ ഒരു ആരോപണം ഉണ്ടാകുന്നത്. എഴുത്തച്ഛന്‍, കുമാരനാശാന്‍, ജി.ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എം.ടി തുടങ്ങിയ മഹാപ്രതിഭകളുടെ നേര്‍ക്കും ഇങ്ങനെയുള്ള ചെളിവാരിയെറിയലുകള്‍ ഉണ്ടായിട്ടുണ്ടല്ലോ. ഇക്കാര്യത്തില്‍ എന്റെ പ്രതികരണം ഇതാണ്: ''വാടക്കാറ്റടിച്ച് ഇതുവരെ ഒരു കുന്നും പറന്നു പോയിട്ടില്ല'' ഈ സംഗതി വെറുതെ അവഗണിച്ചുകളയുന്നതിനു പകരം ഞാനെന്തിന് ഈ മുഖക്കുറിപ്പില്‍ അത് ഉള്‍ക്കൊള്ളിച്ചു എന്ന് ചോദിച്ചേക്കാം. അങ്ങനെ ഒരു അപവാദം ഉണ്ടായ നിലയ്ക്ക് ഇത്രയും സൂചിപ്പിക്കേണ്ടത് എന്റെ കടമയായിത്തീര്‍ന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ആരെങ്കിലും എന്റെ മൗനത്തെ തെറ്റിദ്ധരിച്ചാലോ. 'ഒരു സങ്കീര്‍ത്തനംപോലെ' ഒരു ജീവചരിത്രനോവലല്ല. ദസ്തയേവ്‌സ്‌കി ഈ നോവലില്‍ എനിക്ക് ഒരു ചരിത്രപുരുഷനുമല്ല. ഞാന്‍ സൃഷ്ടിച്ചത് ദസ്തയേവ്‌സ്‌കി എന്ന കഥാപാത്രത്തെയാണ്. കഥയല്ല, കഥയുടെ ആഴങ്ങളില്‍ അദൃശ്യമായിക്കിടക്കുന്ന ഒരു മറുകരയാണ് എന്നെ ആകര്‍ഷിച്ചത്. ഒരു കഥ വേണം നോവലിന്. എന്നാല്‍, കഥയല്ല നോവലിനെ നോവലാക്കിത്തീര്‍ക്കുന്നത്. കഥയുടെ ആഴങ്ങളില്‍, അതിന്റെ അദൃശ്യതലങ്ങളില്‍ മറഞ്ഞുകിടക്കുന്ന ധര്‍മസങ്കടങ്ങളുടെ ആഴക്കയങ്ങള്‍, മനുഷ്യന്‍ സഹിക്കുന്ന വിധിശാപങ്ങളുടെ കുരിശുമരണങ്ങള്‍, ജീവിതത്തെസംബന്ധിച്ച ദാര്‍നികമായ ഉള്‍ക്കാഴ്ച, കലാപരമായ ആദ്ധ്യാത്മികതയുടെ നിറവ്, ആഖ്യാനകലയുടെ ഭംഗി... അങ്ങനെ ചിലതാണ് നോവലിനെ കലാസൃഷ്ടിയാക്കുന്നത്. പൊങ്ങച്ചമാണെന്ന് തെറ്റിദ്ധരിക്കരുത്. നഷ്ടപ്പെടുന്ന വായന വര്‍ത്തമാനകാലത്തിലെ സാംസ്‌കാരികദുരന്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യസനിക്കുന്ന ഇക്കാലത്ത് വായനയുടെ കാര്യത്തില്‍ 'ഒരു സങ്കീര്‍ത്തനംപോലെ' സൃഷ്ടിച്ച വിസ്മയം മറ്റൊരു ചരിത്രമാണ്. ഓരോ ദിവസവും എന്റെ മേശപ്പുറത്ത് വായനക്കാരുടെ കത്തുകള്‍ വന്നു കുമിയുന്നു. ഞാനൊരിക്കലും കണ്ടിട്ടില്ലാത്തവരുടെയും ഒരുപക്ഷേ, ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ലാത്തവരുടെയും കത്തുകള്‍. ആ അനേകം കത്തുകളില്‍ നിന്ന് ഒരു കത്ത് ഞാന്‍ വേര്‍തിരിച്ചെടുക്കുന്നു തൈക്കാട്ടുനിന്ന് ബൈജു (ശ്രീപത്മം, ടി.സി 25/978) എഴുതിയത്. ''..... കുറെനാളായി എന്റെയും എന്റെ സുഹൃത്തിന്റെയും മോഹമായിരുന്നു 'ഒരു സങ്കീര്‍ത്തനംപോലെ' വായിക്കണമെന്ന്. എന്തുകൊണ്ടോ ഞങ്ങള്‍ക്കതിന് കഴിഞ്ഞില്ല. ഒടുവില്‍ 'ഒരു സങ്കീര്‍ത്തനംപോലെ' വായിക്കാന്‍ എനിക്ക് അവസരം കൈവന്നപ്പോള്‍ അവന്‍ ഈ ലോകത്തില്ലായിരുന്നു. ദൈവമേ, ഈ നോവല്‍ വായിക്കാന്‍ വേണ്ടി മാത്രം അവന് ആയുസ്സ് നീട്ടിക്കൊടുക്കാമായിരുന്നു. ഇനിയും മനുഷ്യനായി അവന്‍ ഈ ഭൂമിയില്‍ ജനിക്കുമെങ്കില്‍ അന്ന് ഈ നോവല്‍ വായിക്കാന്‍ അവനു ഭാഗ്യമുണ്ടാകട്ടെ''. ഈ കത്ത് വായിച്ച് ഞാന്‍ സന്തോഷിക്കുകയാണോ സങ്കടപ്പെടുകയാണോ വേണ്ടത്? ഞാന്‍ ചെയ്തത് ഇതാണ്: 'ഒരു സങ്കീര്‍ത്തനംപോലെ'യുടെ പുതിയ പതിപ്പിന്റെ ഒരു കോപ്പിയെടുത്ത് മേശപ്പുറത്തുവച്ചു. അതിന്റെ പുറത്ത് ഒരു പൂവും വച്ചു. എന്നിട്ട് ഞാന്‍ ആ മുറിയില്‍നിന്ന് ഇറങ്ങിപ്പോന്നു. ഒരു രാത്രി മുഴുവന്‍ ഇരുന്ന് ബൈജുവിന്റെ സ്‌നേഹിതന്‍ എന്റെ നോവല്‍ വായിക്കട്ടെ. എന്റെ യുക്തിബോധം അങ്ങനെ ചെയ്യുന്നതില്‍നിന്ന് എന്നെ തടഞ്ഞില്ല. അന്നുരാത്രി എതോ മലഞ്ചെരിവില്‍ ആകാശത്തിന്റെ നിഴലില്‍ ഇരുന്ന് ഒരു ചെറുപ്പക്കാരന്‍ എന്റെ നോവല്‍ വായിക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. എന്റെ വായനക്കാരായിരുന്നു എന്നും എന്റെ ശക്തി. ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നെ വേറിട്ടുകണ്ടിരുന്ന അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ എനിക്കു കാവലുണ്ട്. ആ വിശ്വാസത്തോടെ.
തിരുവനന്തപുരം പെരുമ്പടവം ശ്രീധരന്‍
തിരുവനന്തപുരം
27-09-2001
Leave a Reply