കേരളപ്പിറവി
കേരളസംസ്ഥാനം രൂപീകരിച്ചത് നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി എന്നറിയപ്പെടുന്നത് ഈ ദിനമാണ്.
1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രമായശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഭാഷാടിസ്ഥാനത്തില്‍ പല സംസ്ഥാനങ്ങളും ഉണ്ടാകാന്‍ കാരണം. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുണ്ടായിരുന്ന മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണസമയത്ത് കേരളത്തില്‍ വെറും 5 ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഢല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.
കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
Leave a Reply