ഭാഷാജാലം 12 അപ്പനും അപ്ഫനും അപ്പസ്തോലനും
അപ്പന് എന്ന പദം ദ്രാവിഡഭാഷകള്‍ക്ക് പൊതുവേയുളളതാണെങ്കിലും മറ്റുപല ഭാഷകളിലും കാണുന്നുണ്ട്. അപ്പന്, അമ്മ തുടങ്ങിയ പദങ്ങള്‍ ദ്രാവിഡ-സെമിറ്റിക് വര്‍ഗങ്ങള്‍ തമ്മിലുള്ള പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് ഭാഷാശാസ്ത്രകാരനായ കാള്‍ഡ്വെല്‍ പറഞ്ഞിട്ടുണ്ട്. പേരപ്പന്, വലിയപ്പന്, ചിറ്റപ്പന്, ചെറിയപ്പന്, കൊച്ചപ്പന്, അമ്മായിയപ്പന്, അപ്പൂപ്പന്, അപ്പപ്പന്‍ എന്നിങ്ങനെ പലരൂപങ്ങളുമുണ്ട്.
സംജ്ഞാനാമങ്ങളുടെ ഒടുവില്ക്കയറിയും അപ്പന് നാടുഭരിക്കുന്നുണ്ട്. ഉദാ: പൊന്നപ്പന്, തങ്കപ്പന്, ലോനപ്പന്, കുട്ടപ്പന്, വേലപ്പന് എന്നിങ്ങനെ. ദൈവങ്ങളുണ്ടോ അപ്പനെ കൈവിടുന്നു! അയ്യപ്പന്, വൈക്കത്തപ്പന്, ഗുരുവായൂരപ്പന്, തൃക്കാരിയൂരപ്പന് എന്നിങ്ങനെ പോകുന്നു ദൈവത്തപ്പന്മാര്.
നമ്പൂതിരിമാര്‍ക്കു മാത്രമുള്ളതാണ് അപ്ഫന്‍. ചിറ്റപ്പന് എന്നര്‍ഥം. നമ്പൂതിരിമാരില്‍ മൂത്തയാള്‍ക്കുമാത്രം സ്വസമുദായത്തില്‍നിന്നും വേളിയും, മറ്റുള്ള സഹോദരന്മാര്ക്ക് നായര്‍ സമുദായത്തില്‍നിന്നും സംബന്ധവും കഴിക്കാമായിരുന്ന പഴയകാല സമ്പ്രദായവുമായി ചേര്‍ന്നുണ്ടായ അപ്ഫന്മാര് അനുഭവിച്ച ദുരിതങ്ങള്‍ വി.ടി.ഭട്ടതിരിപ്പാടും മറ്റും വിവരിക്കുന്നുണ്ടല്ലോ.
അപ്പാവിക്ക് അപ്പനുമായി ബന്ധമില്ല. ഒരു പാവം കക്ഷി, നിരുപദ്രവകാരി, വകയ്ക്കുകൊള്ളാത്തവന്‍ എന്നൊക്കെ അര്ഥംകിട്ടുന്നു. തിരുവനന്തപുരത്തുകാരെ മറ്റുനാട്ടുകാര്‍ കളിയാക്കുന്ന ‘അപ്പിക്ക് മറ്റുപല പദങ്ങള്ക്കുമെന്ന പോലെ ഇരട്ടയര്ഥമുണ്ട്. അപ്പി എന്നാല്‍, മലം എന്നും ചാണകമെന്നും അര്‍ഥം. അതുപോലെ. കുഞ്ഞുകുട്ടി എന്നും. ‘ഞങ്ങള്‍ അടിച്ചുതളിച്ചുകിടക്കുന്നേടത്ത് അപ്പിയിട്ടേച്ചുപോകും’ എന്ന ഭാഗവത തര്‍ജമയില്‍. ഓമനയായി, വാത്സല്യമായി കുഞ്ഞിനെ വിളിക്കുന്നതാണ് അപ്പി. ‘പാറപ്പുറം’ എന്ന ആദ്യകാല നോവലില്‍ ‘അപ്പിക്കു എന്തരുവേണം, ചൊല്ലിന്’ എന്ന പ്രയോഗം കാണാം.
അപ്പസ്തോലന്, അപ്പോസ്തലന് എന്നെല്ലാം ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷില്‍നിന്നുള്ള ഒരു പദത്തെ തത്സമമാക്കിയാണ്. അപ്പോസില്‍ എന്ന ഇംഗ്ലീഷ് പദത്തെ.പ്രേഷിതന്, ക്രിസ്തുവിന്റെ ദിവ്യസന്ദേശം പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പന്ത്രണ്ട് ശിഷ്യന്മാര്ക്ക് പൊതുവേയുള്ള പേരാണിത്. ദിവ്യസന്ദേശവാഹകന്‍.
അപ്പാത്തിക്കരി, അപ്പോത്തിക്കിരി എന്നെല്ലാം മലയാളികള്‍ പ്രയോഗിച്ചുവന്ന പദം ശ്രദ്ധേയമാണ്. അലോപ്പതി ഡോക്ടര്‍ക്ക് നാമിട്ട പേരാണിത്. ”അപ്പാത്തിക്കരിയോടു ചോദിച്ച് ദീനത്തിന്റെ വാസ്തവസ്ഥിതി നല്ലവണ്ണം അറിഞ്ഞിരുന്നതുകൊണ്ട്..” എന്ന് പഴയകാല നോവലായ ഭാസ്കരമേനോനില് പ്രയോഗിക്കുന്നു.
അപ്പം ഇല്ലാതെ മലയാളി ഇല്ല. എന്നാല്‍, അപ്പം എന്ന വാക്ക് മലയാളത്തിന് സ്വന്തമല്ല എന്നാണ് ഭാഷാ പണ്ഡിതന്മാര് പറയുന്നത്. തമിഴിലും മലയാളത്തിലും അപ്പം എന്നു തന്നെയാണ് പറയുന്നതെങ്കിലും ഈ പദം സുറിയാനിയില്‍നിന്നു വന്നതാണെന്ന് ഒരു പക്ഷമുണ്ട്. ധാന്യത്തിന്റെ മാവുകുഴച്ച് ഇലയില്‍ പരത്തിയോ മറ്റുതരത്തിലോ ചുട്ടെടുക്കുന്നതാണ് അപ്പം. തിരുവനന്തപുരത്തെ അപ്പമല്ല, കാസര്‍കോട്ടെ അപ്പം. ഓരോ നാട്ടിലും പലവിധം. അപ്പത്തരങ്ങള്‍ ചുട്ടമ്മായി എന്ന പാട്ട് വന്നത് അങ്ങനെയാവണം.
അച്ചപ്പം, ഇടിയപ്പം, കുഴലപ്പം, ഇലയപ്പം, ഉണ്ണിയപ്പം, കള്ളപ്പം, കിണ്ണത്തപ്പം, നെയ്യപ്പം, പാലപ്പം, വെള്ളയപ്പം, മുട്ടയപ്പം എന്നിങ്ങനെ പലവിധം അപ്പങ്ങളുണ്ട്. അപ്പങ്ങള്‍ നമ്മുടെ കൃതികളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. കൃഷ്ണഗാഥയില്‍ ഇങ്ങനെ പാടുന്നു: ‘ അപ്പാട്ടെ വീട്ടിലെയച്ഛനു നല്കുവാന് അപ്പങ്ങള്‍ നിര്മ്മിച്ചുനിന്നൊരുനാള്..’ മനുഷ്യന് അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്ന് ബൈബിള്‍ മലയാളം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയ കഥ അറിയാമല്ലോ. അപ്പംതിന്നാല്‍ പോരേ കുഴി എണ്ണണോ എന്ന ശൈലിയും മലയാളിക്കു സ്വന്തം.
ക്രിസ്ത്യാനികളുടെ തിരുവത്താഴത്തിന് അപ്പംമുറിപ്പ് പ്രശസ്തം. ആണ്ടുതോറും കോഴിക്കോട്ടെ മുസ്ലിങ്ങള്‍ നടത്തുന്ന ഒരു ഉത്സവമാണ് അപ്പവാണിഭം. അപ്പാണിയം എന്നു നാട്ടുശൈലി.
ഉണ്ണിയപ്പം ചുടുന്നതിനുള്ള ഒരുതരം ഓട്ടുപാത്രമാണ് അപ്പക്കാര. അപ്പക്കാള എന്നാല്‍, ശിവക്ഷേത്രങ്ങളില്‍ ഉരുവിരുത്തിയ കാളയാണ്. പിച്ചവാങ്ങാനായി കൊണ്ടുനടക്കുന്ന അലങ്കരിച്ച കാളയ്ക്കും അപ്പക്കാള എന്നാണ് പേര്. തലയിണക്ക് ഉപയോഗിക്കുന്ന പഞ്ഞി കിട്ടുന്ന കാട്ടിലവ്, ശീമപ്പഞ്ഞി തുടങ്ങിയവ വൃക്ഷങ്ങള്‍ക്ക് അപ്പക്കുടുക്ക എന്നാണ് പറയുന്നത്. അപ്പച്ച ചിലേടത്ത് അമ്മയുടെ അമ്മയാണെങ്കില്‍ അപ്പച്ചി അപ്പന്റെ പെങ്ങള് ആണ്. ക്രിസ്ത്യാനികളുടെയിടയില്‍ അപ്പച്ചന് പിതാവാണ്. ഭര്‍ത്താവിന്റെ അച്ഛനെയും ഭാര്യയുടെ അച്ഛനെയും അങ്ങനെ വിളിക്കും.
Leave a Reply