(നോവല്‍)
ഡോ. ജോര്‍ജ് വര്‍ഗീസ്
ഡി സി ബുക്സ് 2023
1945 മുതല്‍ ലോക ക്രമത്തിനു മാറ്റംവരുത്തിയ, ഘോരമ്യത്യുവിനു കാരണമായ ആറ്റംബോംബിന്റെ കഥയാണിത്. ഇതില്‍ ശാസ്ത്രവും ചരിത്രവുമുണ്ട്, ചാരക്കഥകളും രാഷ്ട്രീയ കുതന്ത്രങ്ങളും പകപോക്കലുകളുമുണ്ട്. ഘോരയുദ്ധംകൊണ്ട് വീര്‍പ്പുമുട്ടിയ കുറെയാളുകളുടെ സംഘര്‍ഷഭരിതവും ഉദ്വേഗജനകവും ദുരിതപൂര്‍ണവുമായ ജീവിതമാണ് ഇതില്‍.
അതെപ്പറ്റി ഗ്രന്ഥകാരന്‍ ഒരു വാക്ക് എന്ന തലക്കെട്ടില്‍ ഇങ്ങനെ എഴുതുന്നു: ”ആറ്റം വിഭജിച്ച് ഊര്‍ജം പുറത്തുവന്നു. അനന്തമായ ഊര്‍ജസ്രോതസ്സ് കണ്ട് മനുഷ്യന്‍ അമ്പരന്നു. വിശ്വരൂപംകാട്ടി തന്നെ അത്ഭുതപ്പെടുത്തിയ കൃഷ്ണ ഭഗവാനോട് അര്‍ജുനന്‍ ചോദിച്ചു: ‘ഹേ, ഭഗവാന്‍ യഥാര്‍ത്ഥത്തില്‍ അങ്ങ് ആരാണ്?’ ആറ്റം പിളര്‍ത്തി ബോംബു ണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ഓപ്പണ്‍ഹൈമര്‍ ഉദ്ധരിച്ചതും ഭഗവദ്ഗീതയാണ്: ‘ലോകനാശ കാരണമാകുന്ന മൃത്യുവാണ് ഞാന്‍. മൃത്യുഭയം ശാന്തിക്കും, ശാന്തി സൃഷ്ടിക്കും കാരണമാകും. മനുഷ്യകുലത്തിന്റെ ശാന്തി ഇപ്പോള്‍ ആറ്റംബോംബിനെ ആശ്രയിച്ചിരിക്കുന്നു.’ 1945 മുതല്‍ ലോകക്രമത്തിനു മാറ്റം വരുത്തിയ, ഘോരമ്യത്യുവിനു കാര ണമായ ആറ്റംബോംബിന്റെ കഥയാണിത്.
ഇതില്‍ ശാസ്ത്രവും ചരിത്രവുമുണ്ട്, ചാരക്കഥകളും രാഷ്ട്രീയ കുതന്ത്രങ്ങളും പകപോക്കലുകളുമുണ്ട്. ഘോരയുദ്ധംകൊണ്ട് വീര്‍പ്പുമുട്ടിയ കുറെയാളുകളുടെ സംഘര്‍ഷഭരിതവും ഉദ്വേഗജനകവും ദുരിതപൂര്‍ണവുമായ ജീവിതമാണ് ഇതില്‍. 1939-ല്‍ യാദൃച്ഛികമായാണ് ലീസ് മീറ്റ്നര്‍ ആറ്റംപിളരുന്ന സംഭവം തിരിച്ചറിഞ്ഞത്. ലീസ് മീറ്റ്‌നര്‍ ഈ കഥയിലെ ദുഃഖപുത്രിയാണ്.
യൂറോപ്പിന്റെ സമ്പൂര്‍ണാധികാരിയായി റെയ്ച്ച്സ്റ്റാഗില്‍നിന്നും ഭരിക്കാമെന്ന ഹിറ്റ്‌ലറുടെ മോഹം രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ചരിത്രത്തെ നയിച്ചു. ആറ്റം തുരന്നെടുത്ത് ഊര്‍ജത്തിന്റെ വിസ്മയ ഭണ്ഡാരം ഹിറ്റ്‌ലര്‍ കൈവശപ്പെടുത്തുമെന്നു ഭയന്ന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഉള്‍പ്പെടെ ഏതാനും ശാസ്ത്രജ്ഞര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍ട്ടിന് അപകടസൂചന നല്‍കി. ആറ്റം ബോംബിന്റെ നിര്‍മ്മാണം യുദ്ധം ജയിക്കുന്നതിന് അനിവാര്യമായി.
അമേരിക്കയിലും യൂറോപ്പിലുമുള്ള മിക്ക സര്‍വകലാശാലകളിലും പഠിച്ചിരുന്ന യുവാക്കളെ വിപ്ലവാവേശം ചെലുത്തി ഉത്തേജിപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ രഹസ്യമായി കരുക്കള്‍ നീക്കി. മോസ്‌കോയുടെ ചാരവലയം ലോകത്തെ ചുറ്റിമുറുക്കി. അമേരിക്ക അതീവരഹസ്യമായി ഉണ്ടാക്കിക്കൊണ്ടിരുന്ന ആറ്റംബോംബിന്റെ ബ്ലൂപ്രിന്റ് സ്റ്റാലിന്റെ മേശപ്പുറത്ത് എത്തിയിരുന്നു. ആരും കാണാതെ ന്യൂമെക്‌സിക്കോയിലെ കുന്നുകള്‍ക്കിടയില്‍ ഒളിപ്പിച്ച ആറ്റംബോംബ് നിര്‍മ്മാണശാലയില്‍ നടക്കുന്ന സര്‍വകാര്യങ്ങളും മോസ്‌കോ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്നു. അവിടെ പണിയെടുത്ത ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ സോവിയറ്റ് ചാരന്മാരായിരുന്നു.
ഏകലക്ഷ്യത്തോടെ നീങ്ങിയ ശാസ്ത്രസമൂഹത്തിന്റെ വിജയഗാഥയാണ് ആറ്റംബോംബിന്റെ കഥ. ഹിറ്റ്‌ലറാണ് ആദ്യം മഹാ സംഹാരശക്തിയുള്ള ഈ ആയുധം കൈക്കലാക്കുന്നതെങ്കില്‍ ലോകം മുഴുവന്‍ അയാളുടെ ബൂട്ടിനു കീഴെ ഞെരിഞ്ഞമര്‍ന്നേനെ. സൈദ്ധാന്തികരുടെ ബുദ്ധികൂര്‍മ്മത, കൗശലക്കാരായ സാങ്കേതിക വിദഗ്ധരുടെ കര്‍മ്മശേഷി, ജാഗ്രതയോടെ അധ്വാനിച്ച പോരാളികളുടെ വിപദിധൈര്യം ഇതെല്ലാം ഒത്തുകൂടിയപ്പോള്‍ പ്രകൃതിയുടെ പൂട്ട് അനായാസം തുറന്നുകിട്ടി. അനന്ത വിസ്തൃതമായ ഊര്‍ജഖനി തുറന്ന് ഗംഭീരമായ അളവില്‍ ഊര്‍ജം പുറത്തേക്കൊഴുക്കി, ബോംബിന്റെ ആദ്യപരീക്ഷണം യാതൊരു പിഴവും സംഭവിക്കാതെ നടന്നു.
പക്ഷേ, സഖ്യകക്ഷികള്‍ക്കു ബോംബ് കരഗതമായപ്പോഴേക്കും യൂറോപ്പില്‍ യുദ്ധം അവസാനിച്ചിരുന്നു. മുസ്സോളിനി വധിക്കപ്പെട്ടു. ഹിറ്റ്‌ലര്‍ ജീവിതം അവസാനിപ്പിച്ചു. ബോംബുണ്ടാക്കാന്‍ ആവേശം കാട്ടിയിരുന്ന ശാസ്ത്രജ്ഞന്മാര്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ ഉപദേശിച്ചു: ‘ആറ്റംബോംബ് കളിപ്പാട്ടമല്ല, അത് പട്ടാളക്കാരുടെ കൈയില്‍ കൊടുക്കരുത്.’ അമേരിക്കയുടെ വാര്‍ സെക്രട്ടറി ഉപദേശിച്ചു: ‘ഇനി യുദ്ധമുഖത്ത് അവശേഷിക്കുന്നത് ജപ്പാന്‍ മാത്രമാണ്, അവര്‍ ദുര്‍ ബലരായിക്കഴിഞ്ഞു. അവരെ തോല്പിക്കാന്‍ ആറ്റംബോംബ് വേണ്ടിവരില്ല.’
പിന്നെ ആരുടെ നിര്‍ബന്ധംകൊണ്ടാണ് സര്‍വനാശത്തിനിടയാക്കിയ രണ്ടു ബോംബുകള്‍ ഹിരോഷിമയിലും നാഗസാക്കിയിലും വീഴ്ത്തിയത്? എന്തിനുവേണ്ടിയായിരുന്നു ഈ ക്രൂരത? അതിനുത്തരം കണ്ടെത്താന്‍വേണ്ടി ഇത് സശ്രദ്ധം വായിച്ചുനോക്കാന്‍ പ്രിയപ്പെട്ട വായനക്കാരെ ക്ഷണിക്കുന്നു. ഇതൊരു ചരിത്രകഥ മാത്രമല്ല, മനുഷ്യസംഘര്‍ഷങ്ങളുടെ കഥകൂടിയാണ്. ഉള്ളതുപോലെ പറയുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഭാവനയുടെ വ്യാപാരം അതിനാല്‍ പരിമിതമാണ്. എഴുപത്തിയേഴു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എല്ലാ ഭാഷയിലും സജീവമായി നില്ക്കുന്ന ഓപ്പണ്‍ഹൈമറിന്റെ കഥ മലയാളി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
സാധാരണയില്‍ കവിഞ്ഞ് സമയമെടുത്താണ് ഈ ഗ്രന്ഥം ഞാന്‍ പൂര്‍ത്തിയാക്കിയത്. ഒട്ടേറെ പുസ്തകങ്ങള്‍ പരിശോധിച്ചു. ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങള്‍ വായിച്ചു. അഭിമുഖങ്ങള്‍ കണ്ടു. രണ്ടാംലോകമഹായുദ്ധത്തെപ്പറ്റിയുള്ള ചരിത്രപുസ്തകങ്ങളും സവിസ്തരം വായിക്കേണ്ടിവന്നു. വിശ്വസനീയമായ ചാരക്കഥകള്‍ പരതി. അങ്ങനെ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയതാണ് ഇത്. എങ്കിലും പിഴവുകള്‍ കണ്ടേക്കാം. ചിലതെല്ലാംകൂടി വേണമായിരുന്നു എന്നും തോന്നുന്നുണ്ട്. പക്ഷേ, പ്രധാനപ്പെട്ട സംഭവങ്ങള്‍ ഒന്നും ഒഴിവാക്കിയിട്ടില്ല.
ഈ പുസ്തകരചനയ്ക്കിടെ വ്യക്തിപരമായി കുറെപ്പേരോട് കടപ്പെട്ടിരിക്കുന്നു. ‘എന്തായി ഓപ്പണ്‍ഹൈമറിന്റെ കഥ’യെന്ന് പ്രോത്സാഹിപ്പിക്കാന്‍വേണ്ടി ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, വിളിപ്പുറത്തെത്തി എന്നെ സഹായിച്ചുകൊണ്ടിരുന്ന പേരക്കുട്ടി, ഗാര്‍ഹികവേലയിലേക്കെന്നെ കടത്താതെ സമയം വേര്‍തിരിച്ചു സഹായിച്ച പ്രിയസഖി, അങ്ങനെ പലരുണ്ട്. പുസ്തകം അണിയിച്ചൊരുക്കി വായനക്കാരനിലെത്തിക്കുന്ന ഡി.സി. ബുക്സിന്റെ അമരക്കാരന്‍ രവി ഡി.സിയോടും എഡിറ്റോറിയല്‍ അംഗങ്ങളോടും ഞാന്‍ നന്ദിപൂര്‍വ്വം കടപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ ചരിത്രനോവലുകള്‍ പലതുണ്ട് മലയാളഭാഷയില്‍. ശാസ്ത്രചരിത്രനോവല്‍ ആദ്യമായിട്ടാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും വിരളമാണ്. ഇത്തരത്തില്‍ ഒരു തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അനല്പമായ ചാരിതാര്‍ത്ഥ്യമുണ്ട്. എന്റെ പുസ്തകങ്ങളെ സ്‌നേഹപൂര്‍വം സ്വീകരിച്ചിട്ടുള്ള മാന്യവായനക്കാരുടെ പിന്‍ബലത്തില്‍ വിനയപൂര്‍വം പതിനെട്ടാമത്തെ ഗ്രന്ഥം മലയാളഭാഷയുടെ തൃക്കോവിലില്‍ സമര്‍പ്പിക്കുന്നു.
ജോര്‍ജ്ജ് വര്‍ഗീസ്
തിരുവനന്തപുരം
28 ആഗസ്റ്റ് 2023