ആത്മശിഖരങ്ങള്‍
(പഠനങ്ങള്‍)
പി.എസ്.പ്രദീപ്
ഡോണ്‍ ബുക്‌സ് കോട്ടയം 2025
വിശ്വസാഹിത്യത്തിലെ മഹാ സമുദ്രങ്ങളായ ടോള്‍സേ്റ്റായിയും ദസ്തയേവ്‌സ്‌കിയും മുതല്‍ 2025ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ ബാനു മുഷ്താഖ് വരെയുള്ളവരുടെ ക്ലാസിക്, വിശിഷ്ടരചനകളെയും, മഹാപ്രതിഭകളെയും യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കൃതി.
ഒരു രൂപാന്തര പ്രാപ്തിയുടെ കഥ
പി.എസ്.പ്രദീപ്
അന്‍പതു വര്‍ഷംമുമ്പ്, മാനത്ത് കറുത്തമഷി പടര്‍ന്ന ഒരു ശരത്കാല സന്ധ്യ.
”കഥ നന്നായിട്ടുണ്ട്… പക്ഷേ, വല്ലാതെ സെന്റിമെന്റലായിപ്പോയി… ഒരു കാലത്ത് മോഹനനൊക്കെ ഇത്തരം കഥകള്‍ എഴുതിയിരുന്നു… കാലം മാറിപ്പോയി… ആധുനികതയുടെ കാലമാണിത്… ഇതു ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ നിങ്ങളോടു ചെയ്യുന്ന അപരാധമായിരിക്കും… നന്നേ ചെറുപ്പമല്ലേ… എത്ര വയസ്സായി? ങാ… പതിനെട്ട്… ധാരാളം വായിക്കൂ… ക്ലാസിക്കുകള്‍ പ്രത്യേകിച്ചും. എന്നിട്ട് തോന്നുമ്പോള്‍ മാത്രം എഴുതുക… നന്നായി വരട്ടെ…”
കഥ തിരികെ നല്‍കി കണ്ണടയ്ക്കുള്ളിലൂടെ അദ്ദേഹം പുഞ്ചിരിച്ചു. തിരസ്‌കാരത്തെ റദ്ദാക്കുന്ന തിളങ്ങുന്ന മന്ദസ്‌മേരം….
മലയാള സാഹിത്യം കണ്ടിട്ടുള്ള ഏറ്റവും പ്രഗത്ഭനായ പത്രാധിപരും പ്രതിഭാധനനായ കവിയും പണ്ഡിതശ്രേഷ്ഠനും ഉന്നതനായ സാഹിത്യകാരനുമായ ശ്രീ എന്‍.വി. കൃഷ്ണവാര്യരാണ് എന്നോടിത് പറഞ്ഞത്. അദ്ദേഹം അന്നു പ്രശസ്തമായിരുന്ന കുങ്കുമം വാരികയുടെ ചീഫ് എഡിറ്ററായിരുന്നു. മൈലുകളോളം തുലാവര്‍ഷത്തില്‍ വള്ളക്കടവു വരെ സൈക്കിള്‍ ചവുട്ടി ചെന്ന ആവേശം കെട്ടടങ്ങിയെങ്കിലും യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ സൈക്കിള്‍ ചവുട്ടി നിര്‍ത്തി; പുസ്തകം കൈയിലെടുത്തു. കൂടുതല്‍ വായിച്ചു. എഴുത്തു തുടര്‍ന്നു…
യൂണിവേഴ്സിറ്റി കോളേജ് മാഗസിനില്‍ അന്നത്തെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന കവി വിഷ്ണുനാരായണന്‍ നമ്പൂതിരി സാറിന്റെ അനുഗ്രഹാശിസ്സുകളോടെ ”ചെമപ്പിന്റെ കാമുകന്‍” എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ തുടര്‍ന്നുള്ള വര്‍ഷത്തെ മാഗസിനില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പൊള്ളുന്ന കവിതയെഴുതി. കേരളശബ്ദത്തില്‍ ”ശകുനി സാമ്രാജ്യം’ എന്ന കഥ വന്നു. ഇരുപത് വയസ്സിനു മുമ്പ് സുഹൃദ് വൃത്തത്തിനുള്ളില്‍ കഥാകാരനായിത്തീര്‍ന്നു. കേരളകൗമുദി വാരാന്ത്യപ്പതിപ്പില്‍ മറ്റൊരു വലിയ പത്രാധിപരായിരുന്ന ആദരണീയനായ എസ്. ജയചന്ദ്രന്‍ നായര്‍ സാര്‍ ”നന്നായിട്ടുണ്ട്” എന്ന് പ്രോത്സാഹിപ്പിച്ച് ചില ലേഖനങ്ങളൊക്കെ പ്രസിദ്ധീകൃതമായി. കൗമുദി ഫിലിം മാഗസിനിലും ചില ചലച്ചിത്ര ലേഖനങ്ങളൊക്കെ പ്രസിദ്ധീകരിച്ചു. ക്ലാസിക് ചലച്ചിത്രങ്ങളുടെ ദര്‍ശനവും ഫിലിം മാഗസിന്റെ വായനയും നല്ല സിനിമയോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചു. ഫുള്‍ടൈം ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായി. സുവര്‍ണരേഖ ഫിലിം മാഗസിന്റെ വായനയും നല്ല സിനിമയോടുള്ള സുവര്‍ണരേഖ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായി യൗവ്വനത്തിന്റെ സൊസൈറ്റി ആക്റ്റിവിസ്റ്റായി പ്രവര്‍ത്തിച്ചു. സിനിമയില്‍ കാലം കടന്നുപോയി. ഋത്വിക് ഘട്ടക് ആയിരുന്നു ആരാധ്യപുരു ഷന്‍. മഹാനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും നിരൂപകന്‍ എം.എഫ്. തോമസും പ്രചോദനമായിരുന്നു. ജോണ്‍ എബ്രഹാം എന്ന ആഗ്‌നേയ പ്രതിഭയെ പരിചയപ്പെട്ടു. നരേന്ദ്രപ്രസാദ് എന്ന നിരൂപകപ്രതിഭയെ പരിചയപ്പെട്ടു. കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവിയെ ഇന്റര്‍വ്യൂ ചെയ്തു. പ്രസ് ക്ലബ്ബിന്റെ ‘വാര്‍ത്ത’യില്‍ അഭിമുഖം പ്രസിദ്ധീകരിച്ചു. ‘കവിയുടെ പ്രതിഷേധം.’ ‘ഇന്ത്യന്‍ സിനിമയും ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തെ അധികരിച്ച് പഠനം നടത്തി. പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിറങ്ങിയപ്പോള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ കുറച്ചുകാലം വാര്‍ത്താ വിവര്‍ത്തകനായി. അങ്ങനെ റോസ്‌കോട്ട് കൃഷ്ണപിള്ള എന്ന ഉന്നത വ്യക്തിത്വവുമായി പരിചയപ്പെട്ടു. മലയാള മനോരമ പത്രത്തില്‍ എഡിറ്റര്‍ക്കുള്ള പരീക്ഷ പാസ്സായപ്പോള്‍ സെക്രട്ടറിയേറ്റില്‍ ധനവകുപ്പിലും പി.എസ്.സി വഴി നിയമനം കിട്ടി. 1981-ല്‍ ധനവകുപ്പില്‍ അസിസ്റ്റന്റായി പ്രവേശിച്ചു. 32 വര്‍ഷം സര്‍ക്കാരിനെ സേവിച്ചു.
ഇരുപത്തിയൊന്നാം വയസ്സില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകളെക്കുറിച്ചെഴുതിയ (കാരയ്ക്കാമണ്ഡപം വിജയകുമാര്‍ എന്ന പ്രശസ്ത ചിത്രകാരന്റെ ഇന്നും തുടരുന്ന പ്രഭാവം’ മാസിക) ആദ്യകാല ലേഖനമായിരുന്നു ‘പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ത് പറയുന്നു’. നോവലിസ്റ്റിന് പ്രിയപ്പെട്ട ഒരു പഠനമായിരുന്നു അത്. അദ്ദേഹം നിര്യാതനായശേഷം ചന്ദ്രിക വാരിക അത് വീണ്ടും പ്രസിദ്ധീകരിച്ചു. ‘സ്വയംവരം മുതല്‍ സ്വം വരെ’ എന്ന ചലച്ചിത്ര പുസ്തകം നല്ല സിനിമയെ സ്‌നേഹിക്കുന്ന ആസ്വാദകര്‍ സ്വീകരിച്ചു. അടുത്തകാലത്ത് അന്തരിച്ച പ്രഗത്ഭനായ ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണുമായുള്ള ദീര്‍ഘമായ അഭിമുഖം ചേര്‍ത്തിരുന്നു. എന്റെ അധ്യാപകന്‍ കൂടിയായിരുന്ന അഭിവന്ദ്യ എം. കൃഷ്ണന്‍നായര്‍ സാറിനെക്കുറിച്ചുള്ള ‘കൃഷ്ണായനം’ ഉള്‍പ്പെടെയുള്ള നിരവധി ഡോക്യുമെന്ററി ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചു. ആത്മഹത്യയെ പുണര്‍ന്ന പ്രിയസ്‌നേഹിതനും പ്രശസ്ത കഥാകാരനുമായ ടി.പി. കിഷോറുമായുള്ള സ്‌നേഹബന്ധം ഇന്നും ഹൃദയത്തില്‍ ഒരു നൊമ്പരമാണ്. ഇന്നു ജീവിച്ചിരുന്നെങ്കില്‍ കിഷോര്‍ മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായേനെ.
‘റിട്ടയര്‍മെന്റ്’ എന്നെ സംബന്ധിച്ചിടത്തോളം സര്‍ഗാത്മക ജീവിതത്തിലേക്കുള്ള കാല്‍വയ്പായിരുന്നു. സര്‍ക്കാര്‍ സേവനത്തിന്റെ നീണ്ട മുപ്പത്തിയഞ്ചുവര്‍ഷം കടലെടുത്തു. പക്ഷേ, അതു അനുഭവപ്രവാഹങ്ങളുടെ മറ്റൊരു ലോകമായിരുന്നു. തുടര്‍ന്നുള്ള നിരന്തരമായ വായന എന്റെ മനസ്സിനെ ഉഴുതുമറിച്ചു. ടോള്‍സ്റ്റോയിയും ഹ്യൂഗോയും കാഫ്കയും തോമസ് മന്നും മാര്‍ക്വേസുമൊക്കെയുമായി ആത്മസംവാദത്തിന്റെ കാലമായിരുന്നു അത്. രാത്രികള്‍ പകലുകളായി. രാത്രിയില്‍ നക്ഷത്രങ്ങളോടൊപ്പം കഴിയുമ്പോഴാണ് നമ്മുടെ ജീവിതവും ദുഃഖങ്ങളുമൊക്കെ എത്ര നിസ്സാരമെന്ന് നാം മനസ്സിലാക്കുന്നത്. വായന എഴുത്തിന്റെ വാതില്‍ തുറന്നുതന്നു. പ്രസിദ്ധീകരണത്തിന്റെ കവാടം ആദ്യം തുറന്നുതന്നത് കലാകൗമുദി വാരികയാണ്. പി. രവികുമാറിനും വി.ഡി. സെല്‍വരാജിനും നന്ദി! ഡോ.എം. രാജീവ് കുമാ റിന്റെ തിരഞ്ഞെടുത്ത കഥകള്‍ക്കെഴുതിയ ദീര്‍ഘവും അഗാധവുമായ പഠനം (അവതാരിക) ഈ കാലത്തെ കരുത്തനായ എഴുത്തുകാരനെ അവതരിപ്പിച്ചു. ”ആത്മാവിന്റെ അയല്‍ക്കാര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജ്യേഷ്ഠ തുല്യനായ പ്രഗത്ഭ നിരൂപകന്‍ ഡോ.വി. രാജകൃഷ്ണന്‍ തന്ന ഉപദേശം എനിക്ക് മറക്കാന്‍ കഴിയില്ല. ‘ഏതെങ്കിലും പ്രത്യേക സാഹിത്യ വിഷയത്തെക്കുറിച്ച് അന്വേഷണാത്മക പഠനം നടത്തുക. എങ്കില്‍ മാത്രമേ ഒരു നിരൂപകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടൂ.” ഇന്നും ഇത്തരമൊരു പുസ്തകം എഴുതുക എന്റെ സ്വപ്നമാണ്. പിന്നീട് ‘കാലത്തിന്റെ കണ്‍പീലികള്‍’ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ഇതാ ‘ആത്മശിഖരങ്ങള്‍’. എല്ലാം ക്ലാസിക്കുകളെപ്പറ്റി, വിശിഷ്ട കൃതികളെക്കുറിച്ച്, വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. മാതൃഭൂമിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലും ദേശാഭിമാനിയിലും പ്രസാധകനിലും പ്രഭാതരശ്മിയിലും കലാപൂര്‍ണയിലും പച്ചമലയാളത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി എഴുതി. എഴുത്ത് തുടരുന്നു. സമകാലിക മലയാളം വാരികയുടെ ഞാനിന്നുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പത്രാധിപര്‍ ശ്രീ. സജി ജയിംസിനോടുള്ള സ്‌നേഹവും ആദരവും ഇവിടെ രേഖപ്പെടുത്തട്ടെ. എന്റെ പ്രധാനപ്പെട്ട ചില ലേഖനങ്ങള്‍ വന്നത് ‘സമകാലിക മലയാള’ത്തിലാണ്.
എന്റെ എഴുത്തിന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരം മഹാനായ കഥാകാരന്‍ ശ്രീ ടി.പത്മനാഭന്റെ അപ്രതീക്ഷിതമായ ഒരു ഫോണ്‍കോള്‍ ആണ്. സ്‌നേഹത്തിന്റെ ആഴമുള്ള ആ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു. ”പി.എസ്. പ്രദീപ് അല്ലേ… ഞാന്‍ ടി.പത്മനാഭന്‍. സി.വി.യുടെ രാമരാജ ബഹദൂറിനെക്കുറിച്ചുള്ള താങ്കളുടെ കലാകൗമുദിയിലെ ലേഖനം ഞാന്‍ വായിച്ചു, എനിക്ക് ഇഷ്ടപ്പെട്ടു, വളരെ ഇഷ്ടപ്പെട്ടു… താങ്കള്‍ എന്ത് ചെയ്യുന്നു…?” അങ്ങനെ നീളുന്നു ആ സംഭാഷണം. എന്റെ ഇത്രയും കാലത്തെ എഴുത്തുജീവിതം സാഫല്യമടഞ്ഞു എന്നു തോന്നിയ നിമിഷമായിരുന്നു അത്. ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണ് ഇതെഴുതിയതെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നദ്ദേഹം പറഞ്ഞു. പിന്നീട് ദേശാഭിമാനി വാരികയില്‍ ഞാനെഴുതിയ ‘ആത്മരോദനത്തിന്റെ നിശ്ശബ്ദ തരംഗങ്ങള്‍’ എന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ ‘വൃദ്ധന്‍’ എന്ന നല്ല കഥയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ആ ‘കഥയുടെ കഥ’ അദ്ദേഹം എന്നോടു പറഞ്ഞു. ഇതൊക്കെ എഴുത്തു ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങള്‍. അതുപോലെ പ്രിയപ്പെട്ട കവി സച്ചിദാനന്ദന്റെ കവിതകളെക്കുറിച്ച് സമകാലിക മലയാളത്തില്‍ വന്ന എന്റെ ലേഖനം ‘പനിക്കുന്ന കുട്ടിയും ജ്വലിക്കുന്ന സൂര്യനും’ അദ്ദേഹം തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതും മറ്റൊരു വലിയ അംഗീകാരമാണ്.
ആക്ട് ഡ്രാമ ആന്റ് ഫിലിം സൊസൈറ്റിയുടെ ദീര്‍ഘകാല സെക്രട്ടറിയാകുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ബഹുമാന്യ പിതാവ് ദിവംഗതനായ ശ്രീ.എസ്.എസ്. നായര്‍ സാരഥ്യം വഹിച്ച സംഘടനയായിരുന്നു ‘ആക്ട്.’ ഞാന്‍ അതിന്റെ ഫിലിം സൊസൈറ്റിയുടെ മുഖ്യ സംഘാടകനായി പത്തുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. നാഷണല്‍ ഫിലിം ആര്‍ക്കീ വ്‌സിന്റെ സഹായത്തോടെ നിരവധി ക്ലാസിക് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അക്കാലം എന്നിലെ ചലച്ചിത്രാസ്വാദകന്റെ, സംഘാടകന്റെ, സ്വപ്നയാത്രയായിരുന്നു. അടൂരിന്റെ ‘പിന്നെയും’ എന്ന സിനിമയെക്കുറിച്ച് മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ലേഖനം അടൂര്‍ തന്റെ പുസ്തകത്തിന്റെ ആമുഖമായി ചേര്‍ത്തത് മറ്റൊരു അംഗീകാരമായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിക്കുവേണ്ടി പുസ്തകം എഡിറ്റു ചെയ്തു. ദേശീയപുരസ്‌കാര ജേതാവ് ഡോ.വി. രാജകൃഷ്ണന്റെ ‘വിതുമ്പുന്ന പാനപാത്രം’ എന്ന കാല്പനിക മനോഹരമായ, പ്രൗഢഗംഭീരമായ ചലച്ചിത്ര പഠനഗ്രന്ഥത്തിന്റെ ആമുഖമെഴുതുവാന്‍ കഴിഞ്ഞത് മറ്റൊരു അംഗീകാരവും. പ്രശസ്തനായ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ജ്യേഷ്ഠ തുല്യനുമായ എന്റെ പ്രിയ സുഹൃത്ത് ശ്രീ. ജോണ്‍ സാമുവലിന്റെ സര്‍ഗാത്മക ജീവിതത്തിന്റെ ആമുഖവും എഴുതാന്‍ കഴിഞ്ഞു. ഇതൊക്കെ എഴുത്തുകാരനിലേക്കുള്ള എന്റെ രൂപാന്തരത്തിന്റെ ആത്മവിശ്വാസത്തിലേക്കുള്ള വളര്‍ച്ചയുടെ പരിണാമഘട്ടങ്ങളാണ്. അന്തരിച്ച നരേന്ദ്രപ്രസാദ് സാറും പ്രൊഫ.എം. കൃഷ്ണന്‍നായര്‍ സാറും എന്നും ആത്മശക്തി പകരുന്ന ജ്വലിക്കുന്ന ഓര്‍മ്മകളാണ്. വിശുദ്ധമായ എഴുത്തുതാളിനെ എഴുതി ആക്രമിക്കാത്ത വലിയ വായനക്കാരനായ എന്റെ പ്രിയ സ്‌നേഹിതന്‍ ജോണ്‍ തോമസിന്റെ സൗമ്യസര്‍ഗാത്മക സാന്നിദ്ധ്യം എന്റെ എഴുത്തിന് എന്നും പ്രചോദനമാണ്. ഞാന്‍ എന്റെ യൗവ്വനവും മദ്ധ്യാഹ്നവും അപരാഹ്നവും എല്ലാം സമര്‍പ്പിച്ച സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിലെ സുഹൃത്തുക്കളുടെ, വിരമിച്ചവരുടെ സംഘടനയായ ”ഫിഫ്” (ഫ്രണ്ട്‌സ് ഇന്‍ ഫിനാന്‍സ്) എന്നും എഴുത്തില്‍ എന്നോടൊപ്പമുണ്ട്.
‘ആത്മശിഖരങ്ങള്‍’ എന്റെ നാലാമത്തെ പുസ്തകമാണ്; ദീര്‍ഘവായനയുടെ ബോധമുദ്രകളാണ്. ഇത് പ്രസിദ്ധീകരിക്കുവാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത് എം.എല്‍.എ.യും ചീഫ് വിപ്പും നല്ലൊരു സഹൃദയനും ഗ്രന്ഥകാരനും മുന്‍ കോളേജ് അദ്ധ്യാപകനുമായ എന്റെ പ്രിയ സുഹൃത്ത് ഡോ. എന്‍.ജയരാജാണ്. ഈ സഹപാഠിയുടെ വലിയ മനസ്സിനു മുന്‍പില്‍ ഞാന്‍ വിനയാന്വിതനാകുന്നു. ‘ആത്മശിഖര’ങ്ങളെ സ്വന്തം ആത്മാവുകൊണ്ടറിഞ്ഞ ഈ പുസ്തകം മനോഹരമായി പ്രസിദ്ധീകരിച്ച ഡോണ്‍ ബുക്ക്‌സ് ഉടമയും കലാകാരനും ബാലസാഹിത്യകാരനുമായ അനില്‍വേഗയ്ക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു.
കാലം പിന്‍തള്ളിയിട്ടും, പിന്മാറാതെ ഉന്മാദപൂര്‍വം വായനയും എഴുത്തും തുടരുന്ന എന്റെ എഴുത്തു ഭ്രാന്തിനെ സഹിക്കുന്ന പ്രിയതമ ജയശ്രീക്കും, മകള്‍ ഡോ. പൂജ പ്രദീപിനും സഹോദരി പ്രമീള സദാശിവനും സഹോദരന്‍ ഡോ. പി.എസ്.പ്രമോദിനും എന്റെ രചനകളെ നിഷ്‌കളങ്കതയുടെ ചായക്കൂട്ടുകളാല്‍ വര്‍ണാഭമാക്കുന്ന കൊച്ചുമക്കളായ ശങ്കറിനും നിലയ്ക്കും എന്നെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കുന്നു.
ഇനി വായിക്കാം ‘ദസ്തയേവ്‌സ്‌കി മുതല്‍ മരിയോ വെര്‍ഗസ്‌യോസ വരെ…’

Leave a Reply