ഡോ.കെ.എം. ജോര്‍ജ്ജ്
മലയാളത്തില്‍ മുദ്രണം ചെയ്യപ്പെട്ട നിഘണ്ടുക്കള്‍ക്ക് ഒന്നര ശതവര്‍ഷത്തെ ചരിത്രമേയുളളൂ. അതാരംഭിക്കുന്നത് 1846-ല്‍ കോട്ടയത്തെ സി.എം.എസ് പ്രസില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയ എ ഡിക്ഷ്ണറി ഓഫ് ഹൈ ആന്റ് കൊളോക്വിയല്‍ മലയാളം ആന്റ് ഇംഗ്ലീഷ് എന്ന കൃതിയോടെയാണ്. അതിന്റെ സമ്പാദകന്‍ ബെഞ്ചമിന്‍ ബെയിലി ആണ്. ശാസ്ത്രീയതയില്‍ ഇതിനെ കവച്ചുവയ്ക്കുന്ന മറ്റൊരു നിഘണ്ടു ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാള നിഘണ്ടു (1872) ആണ്. അദ്ദേഹം അന്നു മലയാളത്തില്‍ ലഭ്യമായിരുന്ന മിക്ക കൃതികളും, ദ്രാവിഡ ഭാഷകളിലും സംസ്‌കൃതത്തിലും ലബ്ധമായിരുന്ന നിഘണ്ടുക്കളും  ഉപയോഗിച്ചു.
ബെയ്‌ലി നിഘണ്ടുവിനെപ്പോലെ ലോകഭാഷയായ ഇംഗ്ലീഷുമായി ബന്ധപ്പെടുത്തിയാണ് ഈ നിഘണ്ടുവും തയ്യാറാക്കിയത്. മലയാളികള്‍ കൂടാതെ മലയാളത്തില്‍ താത്പര്യമുള്ളവരും ഇംഗ്ലീഷ് അറിയാവുന്ന ആരും ഉപയോഗിച്ചുകൊള്ളട്ടെ എന്ന ലക്ഷ്യം ഈ രണ്ടു പണ്ഡിതന്മാര്‍ക്കും ഉണ്ടായിരുന്നു. എങ്കിലും ഇംഗ്ലീഷുമായി ബന്ധപ്പെടുത്തിയ രണ്ട് മലയാള നിഘണ്ടുക്കള്‍ എന്നല്ലാതെ ‘ദ്വിഭാഷാനിഘണ്ടുക്കള്‍’ (Bilingual Dictionaries) ആയി ആരും ഇവയെ പരിഗണിച്ചിരുന്നില്ല. ഈ രണ്ടു നിഘണ്ടുക്കളും രണ്ടു നാഴികക്കല്ലുകള്‍ തന്നെ. അതിന്റെ ഇടയ്ക്ക് മലയാളം അറിയാവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന  ഒരു മലയാള നിഘണ്ടു ഉണ്ടായി. റിച്ചാര്‍ഡു കൊള്ളിന്‍സ് എന്ന ധ്വര 1865-ല്‍ പ്രസിദ്ധപ്പെടുത്തിയ കൃതിയാണത്. അതു വിദ്യാഭ്യാസ മണ്ഡലത്തില്‍ കൊടികുത്തിവാണു എന്നു തന്നെ പറയാം. കാരണം മലയാളം പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഏറ്റവും ഉപകരിച്ച ഒതുക്കമുള്ള ഒരു പ്രമുഖഗ്രന്ഥമായിരുന്നു അത്.
1872 നുശേഷം ഒരു നൂറുവര്‍ഷം മലയാള നിഘണ്ടുക്കളുടെ ചരിത്രം എങ്ങനെ എന്നു ചിന്തിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ വിശദമാകും. മലയാളികള്‍ക്കു മലയാളത്തില്‍ത്തന്നെ പദങ്ങളുടെ അര്‍ത്ഥവും പ്രയോഗവും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഏതാനും പ്രശസ്ത കൃതികള്‍ വെളിച്ചം കാണുകയുണ്ടായി. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ 1. ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള തയ്യാറാക്കിയ ശബ്ദതാരാവലി. (പുസ്തകരൂപം പ്രാപിക്കുന്നത് 1923-ല്‍). 2. ആര്‍ നാരായണപ്പണിക്കര്‍ രണ്ടുവാല്യങ്ങളിലായി തയ്യാറാക്കിയ നവയുഗഭാഷാ നിഘണ്ടു (1943) 3. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കി തുടങ്ങിയതും ഇന്നും പൂര്‍ത്തിയാകാത്തതുമായ മലയാള മഹാനിഘണ്ടു (Malayalam Lexicon). മൂന്നാമത്തെ കൃതിയില്‍ ബെയിലിയുടെയും ഗുണ്ടര്‍ട്ടിന്റെയും നിഘണ്ടുക്കളിലെപ്പോലെ ഇംഗ്ലീഷിലൂടെ ലോക പണ്ഡിതന്മാരെ സഹായിക്കുന്ന വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എങ്കിലും മലയാളഭാഷ തന്നെയാണ് അതിന്റെ ഘനകേന്ദ്രം.
രണ്ടാമതായി എടുത്തു പറയാനുള്ളത് ഇംഗ്ലീഷും മലയാളവും ബന്ധപ്പെടുത്തി തയ്യാറാക്കപ്പെട്ടിട്ടുള്ള ചില ദ്വിഭാഷാ നിഘണ്ടുക്കളുടെ കാര്യമാണ്. ഇംഗ്ലീഷ്-മലയാളം, മലയാളം-ഇംഗ്ലീഷ് എന്നീ രണ്ടിനങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അവയില്‍ ഇംഗ്ലീഷ് ഭാഷയില്‍ അകാരാദിയില്‍ തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ള നിഘണ്ടുക്കളാണു മുഖ്യം. അതിലെ കൂടസ്ഥകൃതി തോബിയാസ് സക്കറിയാസ് എന്ന മലബാറുകാരന്റെ നിഘണ്ടുവാണ് (1907) ടി. രാമലിംഗം പിള്ളയുടെയും സി.മാധവന്‍പിള്ളയുടെയും ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കള്‍ തോബിയാസിന്റെ നിഘണ്ടുവിനോടു ഗണ്യമായി കടപ്പെട്ടിരിക്കുന്നു. ഇതിന്റെ മറുവശം (മലയാളം-ഇംഗ്ലീഷ് നിഘണ്ടു) ഇവരുടെ വകയായി മലയാളത്തില്‍ വന്നിട്ടുണ്ട്. അവയ്ക്കു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ പ്രസക്തി ലഭിച്ചിട്ടില്ല. കാരണം, ഒരുപക്ഷേ പത്രപ്രവര്‍ത്തകരുടെയും വിവര്‍ത്തകരുടെയും ഉപയോഗസാധ്യതയാവാം. എതായാലും മേല്‍ച്ചൊന്ന നിഘണ്ടുക്കളുടെ പ്രസാധനചരിത്രം പരിശോധിച്ചാല്‍ കൃതികളുടെ ഗുണനിലവാരത്തേക്കാള്‍ പ്രധാനമായ വസ്തുത, അവയ്ക്കു പ്രസാധകരുടെ പരസ്യശക്തിമൂലമുള്ള പ്രചാരണ തന്ത്രമാണ് എന്നുള്ളതാണ്.
ഈ തന്ത്രം ചിലപ്പോള്‍ ചരിത്രസന്ദര്‍ഭവുമായി ബന്ധപ്പെട്ടിരിക്കും എന്നതു മറ്റൊരു കാര്യമാണ്. 1872-ല്‍ ആദ്യം വെളിച്ചം കണ്ട ഗുണ്ടര്‍ട്ട് നിഘണ്ടുവിന് 100 വര്‍ഷം തികഞ്ഞപ്പോള്‍, നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രസാധകരും ഒന്നുണര്‍ന്നു. അപ്പോള്‍ ഉറങ്ങിക്കിടന്നിരുന്ന നിഘണ്ടുവിന്റെ മൂന്നു പതിപ്പുകള്‍ അടുത്തടുത്തു പുറത്തുവന്നു. അതിനും മുപ്പതുവര്‍ഷം മുന്‍പ് ആ കൃതിയുടെ ഒരു പഴയപതിപ്പ് ഈ ലേഖകന്‍ മദ്രാസിലെ മൂര്‍മാര്‍ക്കറ്റിലെ ഒരു തമിഴനില്‍ നിന്നു 40 രൂപ രൂപയ്ക്കു വാങ്ങുകയുണ്ടായി. ആദ്യവില പുസ്തകത്തിലില്ല. എങ്കിലും പത്തുരൂപയില്‍ കവിയുമെന്നു തോന്നുന്നില്ല. ഗുണ്ടര്‍ട്ട് നിഘണ്ടുവിന്റെ രണ്ടാം പതിപ്പുകള്‍ എല്ലാം ചെലവായി എന്നാണ് എന്റെ അറിവ്. നമ്മുടെ പുസ്തകപ്രസാധനരംഗത്ത് എന്തുസംഭവിച്ചു എന്നു ചിന്തിക്കുക. അതുപോലെ ടി.രാമലിംഗം പിള്ളയുടെയും സി.മാധവന്‍ പിള്ളയുടെയും ദ്വിഭാഷാ നിഘണ്ടുക്കള്‍ ജനങ്ങളുടെ ഇടയില്‍ ധാരാളം പ്രചരിച്ചു. നിഘണ്ടുക്കളെക്കുറിച്ചുള്ള ബോധം തന്നേ മാറിയതുപോലെ തോന്നുന്നു.
ഈ ദ്വിഭാഷാനിഘണ്ടുക്കള്‍ ഇംഗ്ലീഷിന്റെ സഹായത്തോടെ മലയാള പദങ്ങളുടെ അര്‍ത്ഥവും പ്രയോഗവും മനസ്സിലാക്കുവാന്‍ വിദ്യാര്‍ത്ഥികളേയും പത്രപ്രവര്‍ത്തകരേയും സഹായിക്കുന്നു. രണ്ടും വേണ്ടതുതന്നെ. പക്ഷേ, നമ്മുടെ മുമ്പിലിരിക്കുന്ന ദ്വിഭാഷാനിഘണ്ടുവിന്റെ ലക്ഷ്യം അതുമാത്രമല്ല. ഇതു സാധാരണമട്ടിലുള്ള ഒരു ദ്വിഭാഷാ നിഘണ്ടു അല്ല എന്നാണിതിനുള്ള സവിശേഷത. അതു പറയുന്നതിനു മുമ്പ് ഇംഗ്ലീഷ് ഭാഷയ്ക്കു ഇന്നു ലോകമാകെയുള്ള സ്ഥാനത്തെക്കുറിച്ചും ചില സൂചനകള്‍ നല്‍കേണ്ടതുണ്ട്.
സ്വാതന്ത്ര്യലബ്ധിവരെ നമ്മുടെ കോടതികളിലും ഭരണതലങ്ങളിലും വിദ്യാഭ്യാസമണ്ഡലങ്ങളിലും ഒരു ശതകത്തിലേറെ കോയ്മ പുലര്‍ത്തിവന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. 1947-നുശേഷം ആ സ്ഥാനം ഇംഗ്ലീഷ് ഭാഷ അര്‍ഹിക്കുന്നില്ല. പക്ഷേ, ഇതു സമ്മതിക്കുന്നതോടൊപ്പം ആ ഭാഷയോട് ഒരവഗണന നാം പുലര്‍ത്തേണ്ടതില്ല. അതുബുദ്ധികേടാണ്. നാലോ അഞ്ചോ ഭാഷകള്‍ ഇന്നു ലോകഭാഷകളായി അംഗീകാരം നേടിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിനെപ്പോലെ അവയിലൊന്നിനും ആഗോളമാധ്യമം എന്നനിലയില്‍ അംഗീകാരം ലഭിച്ചിട്ടില്ല. ഭാഷ വേറെ, ഭരണം വേറെ. ഇക്കാര്യം മഹാത്മജി സ്വാതന്ത്ര്യലബ്ധിക്കു വളരെമുമ്പു തന്നെ മനസ്സിലാക്കുകയും പറയുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു: ‘ബ്രിട്ടീഷ് സാമ്രാജ്യം പോകണം. പണ്ടേ അതു മോശമാണ്. ഇന്നും അങ്ങനെതന്നെ. പക്ഷേ, ഇംഗ്ലീഷ് ഭാഷയുടെ സാമ്രാജ്യം എറെ നാളും പോവുകയില്ല.”
ഇന്നത്തെ ചുറ്റുപാടില്‍ മലയാളത്തിന്റെ സഹായം കൂടാതെ ഇംഗ്ലീഷുഭാഷ ശരിക്കു സ്വായത്തമാക്കാന്‍ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. 95 ശതമാനം അസാധ്യമെന്നുതന്നെ പറയട്ടെ. അങ്ങനെയുള്ള വിദ്യാര്‍ത്ഥികളെ ശരിക്കും സഹായിക്കുന്ന  ഒരു പുതിയ പ്രമുഖഗ്രന്ഥമാണ് ഈ ഇംഗ്ലീഷ്-മലയാളം നിഘണ്ടു. നമ്മുടെ ഭാഷയായ മലയാളവും നമുക്കു ഏറ്റവും അടുപ്പമുള്ള ലോകഭാഷയായ ഇംഗ്ലീഷും തമ്മില്‍ ശാസ്ത്രീയ തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി ബന്ധിപ്പിക്കുന്ന ഒരു പ്രകൃഷ്ടകൃതിയാണ് ഇത്.
സാധാരണ ഇംഗ്ലീഷ് നിഘണ്ടുക്കളില്‍ ശരിയായ ഉച്ചാരണത്തിന് സഹായിക്കുന്ന ചില ചിഹ്നങ്ങള്‍ ഉണ്ടാവുകയില്ല. എങ്കിലും പ്രായേണ അവ സ്‌പെല്ലിംഗുപദ്ധതിയെ ആശ്രയിച്ചുകൊണ്ടാണ് പുരോഗമിക്കുന്നത്. അല്ലാതെ ഇംഗ്ലീഷിലെ accent (സ്വരഭാര ഗണത്തിന് ഊന്നല്‍ നല്‍കുന്ന രീതി) സൂചിപ്പിക്കുന്ന നിഘണ്ടു പോലുള്ള (ഉദാഹരണം ഡാനിയല്‍ ജോണ്‍സ്) കൃതികള്‍ വിരളംതന്നെ. ഭാരതീയഭാഷകളില്‍ ലിപികള്‍ക്കു കുറവില്ല.  എങ്കിലും എല്ലാ ശബ്ദങ്ങളും ശരിക്ക്  പ്രകാശിപ്പിക്കാന്‍ അവ പോരാ. 26 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് ഭാഷയില്‍ 44 ശബ്ദങ്ങളുണ്ട്.  ഒരു ശബ്ദത്തിന് ഒരു ലിപിയെന്ന രീതിയില്‍ 44 ഉച്ചാരണലിപികള്‍ ഉണ്ടാക്കിയെടുത്താണ് ഇംഗ്ലീഷിന്റെ ഉച്ചാരണം രേഖപ്പെടുത്തുന്നത്. എന്നാല്‍ തന്നെ ഇംഗ്ലീഷിന്റെ  ഉച്ചാരണങ്ങളുടെ ഒരു ഭാഗമായ accent അതില്‍ സൂചിപ്പിക്കപ്പെടുന്നില്ല. അതിനു വേറെ ചിഹ്നമുപയോഗിക്കുന്നു. ഈ നിഘണ്ടുവില്‍ റോമന്‍ലിപികളില്‍ നല്‍കുന്നതുപോലെ മലയാളലിപികളില്‍ ചില ചിഹ്നങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇതു കൊനഷ്ടുള്ള ഒരു പണിയാണ്. പക്ഷേ, ഈ കൃതിയില്‍ അക്കാര്യം ഇതിന്റെ സംഘാടകര്‍ സമര്‍ത്ഥമായി നിര്‍വഹിച്ചിരിക്കുന്നു. ഇവമൂലം മലയാളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പദങ്ങളുടെ ശരിയായ ഉച്ചാരണം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഉച്ചാരണം നിശ്ചയമുണ്ടായിരുന്ന വെള്ളക്കാരുടെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇല്ലെന്നുതന്നെ പറയാം. ഈ സന്ദര്‍ഭത്തില്‍ വേറെ മാര്‍ഗമൊന്നും ഇല്ലല്ലോ.
ബെയിലിയുടെ നിഘണ്ടുവിനെക്കുറിച്ചുള്ള ഒരു വിമര്‍ശനം, അതില്‍ നിഘണ്ടുവിന്റെ സാധാരണ വലയത്തില്‍ പെടാത്ത വ്യാകരണഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണ്. നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് അത് അപ്രസക്തമാണെങ്കിലും മുദ്രണം ചെയ്യപ്പെട്ട വ്യാകരണം കൂടാതെ മലയാളം പഠിക്കാന്‍ ശ്രമിക്കുന്ന വിദേശികള്‍ക്ക് അതു വളരെ ഉപയോഗപ്രദമാണ്. ഇന്നു മലയാള വ്യാകരണങ്ങള്‍ക്കു കുറവില്ല. അപ്പോള്‍ വ്യാകരണഘടകം ഒരു നിഘണ്ടുവില്‍ അനുപേക്ഷണീയമാണോ എന്ന ചോദ്യം പ്രസക്തമാണ്.
മലയാളവും ഇംഗ്ലീഷും കലര്‍ന്നിട്ടുള്ള ദ്വിഭാഷാ നിഘണ്ടുക്കള്‍ക്ക് വിവര്‍ത്തകരെ സഹായിക്കുന്നതു കൂടാതെ രണ്ടു ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മലയാളത്തിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കുക. ഇംഗ്ലീഷിന്റെ സഹായത്തോടെ മലയാളം പഠിക്കുക. ഈ രണ്ടുകാര്യങ്ങളും ചെയ്യുന്നതില്‍ ഒരളവില്‍ ഈ നിഘണ്ടുക്കള്‍ സഹായിക്കുന്നുണ്ട്. എവിടെയാണ് ഊന്നല്‍ എന്നതാണ് പ്രധാന ചോദ്യം. മലയാളത്തിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനു ശരിക്കും സഹായിക്കുന്ന ഒരു അടിസ്ഥാനഗ്രന്ഥം ഇതുവരെ നമുക്കു ലഭ്യമായിട്ടില്ല. ആ കൃത്യം സമര്‍ത്ഥമായി നിര്‍വഹിക്കുന്ന ഒരു പ്രമുഖ ഗ്രന്ഥമാണ് ഞാന്‍ അവതരിപ്പിക്കുന്ന ഈ അപൂര്‍വ കൃതി.
ഉച്ചാരണപ്രക്രിയ വ്യാകരണത്തിന്റെ ഒരുഭാഗം ആണല്ലോ. ഭാഷയ്ക്കു പ്രധാനമായി രണ്ടുഘടകങ്ങളാണുള്ളത്. അര്‍ത്ഥങ്ങളുള്ള പ്രകൃതി; സ്വന്തമായി നില്ക്കുമ്പോള്‍ അര്‍ത്ഥങ്ങള്‍ ഇല്ലാത്ത പ്രത്യയം പ്രക്യതികളുടെ രംഗമാണ് നിഘണ്ടു. പ്രത്യയങ്ങളുടെ രംഗം വ്യാകരണവും. മുദ്രണം ചെയ്ത മലയാള വ്യാകരണം ഇല്ലാതിരുന്ന കാലത്തു ബെയിലി നിഘണ്ടുവില്‍ ചില വ്യാകരണകാര്യങ്ങള്‍ കലര്‍ത്തിയതിനെക്കുറിച്ചു നമ്മുടെ പണ്ഡിതന്മാര്‍ പരിഹസിച്ചകാര്യം അറിയുമല്ലോ. പക്ഷേ, വിദേശികള്‍ക്ക് ആ സാമഗ്രികള്‍ സഹായകമായിരുന്നു എന്നതാണു സത്യം. അതുപോലെ ഇംഗ്ലീഷ് വ്യാകരണത്തിന്റെ പ്രധാന ഘടകങ്ങള്‍ വിശദമാക്കുന്ന വസ്തുതകള്‍ ഈ കൃതിയില്‍ കൊടുത്തിട്ടുള്ളത് ആ ഭാഷ പഠിക്കുന്നവര്‍ക്കു ഉപയോഗപ്രദമാണ്. അവ കൂടെ ചേരുമ്പോള്‍ ഈ നിഘണ്ടുവിനു ഒരു പൂര്‍ണത ലഭിക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഈ പുതിയ യത്‌നത്തിന്റെ സംഘാടകര്‍ക്കും ഇതില്‍ പ്രവര്‍ത്തിച്ച പണ്ഡിതസുഹൃത്തുക്കള്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം. വിദ്യാഭ്യാസം പ്രചരിച്ചതോടെ എല്ലാ വീട്ടിലും ഒരു നിഘണ്ടുവെങ്കിലും ഉണ്ടായിരിക്കണമെന്ന ധാരണ പ്രബലമായി. അങ്ങനെ നിഘണ്ടുക്കള്‍ ധാരാളം വിറ്റഴിഞ്ഞു. അവയുടെ പ്രസാധകര്‍ക്ക് സാമ്പത്തികമായ നേട്ടം ലലഭിക്കുകയും ചെയ്തുതു. ഈ പശ്ചാത്തലത്തിലാണ് എനിക്ക് ആശ്ചര്യംകൂറി പ്രതികരിക്കേണ്ടിവന്നത്. ഈ ദ്വിഭാഷാനിഘണ്ടു ഇംഗ്ലീഷ്-മലയാളം എന്നീ ഭാഷകളുടെ ശാസ്ത്രീയപഠനത്തിനു തികച്ചും ഉതകുമെന്നു ഞാന്‍ കരുതുന്നു.