ആയുസ്സിന്റെ പുസ്തകം
(നോവല്‍)
സി.വി. ബാലകൃഷ്ണന്
ഡി.സി. ബുക്സ്
സി.വി. ബാലകൃഷ്ണന് എഴുതിയ മലയാളം നോവലാണ് ആയുസ്സിന്റെ പുസ്തകം. 1983 ഏപ്രില്‍ മാസം മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: വെളിച്ചം കണ്ട ഈ കൃതി, പുസ്തകരൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് 1984ല്‍ ആണ്. മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് കഥ. ആദ്യാവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ പ്രത്യേകതയാണ്. ജീവിതത്തില്‍ തന്നെ ഭൂതാവിഷ്ടരായി തീര്‍ന്ന ഗ്രാമീണരുടേയും അവര്‍ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടേയും കഥയെന്നതിനൊപ്പം ആ അസ്വസ്ഥലോകത്തില്‍ മനുഷ്യാന്തസ്സ് തേടുന്ന കൗമാരപ്രായക്കാരനായ യോഹന്നാന്റെ പതറിയ അന്വേഷണങ്ങളുടെയും പേരില്ലാത്ത വേദനകളുടേയും പരവശതകളുടേയും കൂടി കഥയെന്ന് ഈ കൃതിയെ പ്രമുഖ കഥാകൃത്ത് സക്കറിയ വിശേഷിപ്പിക്കുന്നു.
യോഹന്നാന്റെ മുത്തച്ഛന് പൗലോ ഒരു ദുര്‍ബ്ബലനിമിഷത്തില്‍, അവന്റെ സഹോദരി ആനിയുടെ സുഹൃത്തായിരുന്ന റാഹേല്‍ എന്ന പെണ്‍കുട്ടിയെ അനാശാസ്യമാം വിധം സ്പര്‍ശിച്ചതിനെ തുടര്‍ന്നു പൗലോയും മകന് തോമായും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലിലാണ് നോവലിന്റെ തുടക്കം. അപമാനിതനായ പൗലോ ആത്മഹത്യ ചെയ്യുന്നു. ചെറുബാല്യത്തിലെ അമ്മ തെരേസയെ നഷ്ടപ്പെടുകയും അപ്പനില്‍ നിന്ന് അവഗണന മാത്രം നേടുകയും ചെയ്തിരുന്ന യോഹന്നാനെ മുത്തച്ഛന്റെ മരണം കൂടുതല്‍ ഏകാകിയാക്കി. സഹോദരി ആനി ഇടവകയിലെ അസിസ്റ്റന്റ് വികാരി മാത്യുവിനൊപ്പം പട്ടണത്തിലേയ്ക്ക് ഒളിച്ചോടുകയും, കാമുകി റാഹേല്‍ കന്യാസ്ത്രിയാവുകയും കൂടി ചെയ്തപ്പോള്‍ കൂടുതല്‍ ഒറ്റപ്പെട്ട യോഹന്നാന്, സുന്ദരിയായ സാറ എന്ന വിധവയില്‍ ആശ്വാസം കണ്ടെത്തി. സാറായെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച തോമാ, മകനും അവളുമായുള്ള സംഗമം കണ്ടെത്തുന്നു. സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നതിനെ തുടര്‍ന്നുള്ള യോഹന്നാന്റെ വിഹ്വലതയുടെ ചിത്രീകരണത്തിലാണ് നോവല്‍ സമാപിക്കുന്നത്. സ്കൂള്‍ അദ്ധ്യാപകനായി കാസര്‍കോഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ കാലത്ത് കണ്ടുമുട്ടിയ മനുഷ്യരാണ് ഈ നോവലിലെ കഥാപാത്രങ്ങളുടെ മാതൃകകള്‍ എന്ന് നോവലിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
1979ലെ ക്രിസ്മസ് രാത്രിയില്‍ കല്‍ക്കത്തയിലെ പ്രശസ്തമായ സെയിന്റ് പോള്‍സ് കത്തീഡ്രലില്‍, അനേകം പേരുടെ വിരല്പാടുകള് പതിഞ്ഞ ഒരു പഴയ ബൈബിള്‍ കയ്യിലെടുത്തതിനെ തുടര്‍ന്നുണ്ടായ ഓര്‍മ്മകള്‍ക്കൊപ്പമാണ് ആയുസ്സിന്റെ പുസ്തകം ഒരാശയമായി തന്റെ മനസ്സില്‍ രൂപപ്പെട്ടതെന്ന് നോവലിനെഴുതിയ ആമുഖത്തില്‍ സി.വി. ബാലകൃഷ്ണന് വെളിപ്പെടുത്തുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നോവലിന് അനേകം പതിപ്പുകളുണ്ടായി. ആയുസ്സിന്റെ പുസ്തകം തമിഴ് ഭാഷയില്‍, 'ഉയിര് പുത്തഗം' എന്ന പേരില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതിന്റെ നാടകാവിഷ്കരണം സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവത്തില്‍ അഞ്ചു പുരസ്കാരങ്ങള്‍ നേടി.
Leave a Reply