ഉത്തമഗീതം
ഹെബ്രായ-ബൈബിളിൽ, ഒരു യുവാവിന്റേയും യുവതിയുടേയും പ്രേമപരവശത ഭാവനയുടെ ധാരാളിത്വത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് ഉത്തമഗീതം. ഇംഗ്ലീഷ്: Song of Songs. (ഹീബ്രു: שיר השירים, Shir ha-Shirim) യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിലെ 'കെത്തുവിം' എന്ന അന്തിമഭാഗത്തെ ലഘുഗ്രന്ഥങ്ങളുടെ ഉപവിഭാഗത്തിലെ ആദ്യഗ്രന്ഥമാണിത്. മൂലകൃതിക്ക് ഹെബ്രായ ഭാഷയിൽ പാട്ടുകളുടെ പാട്ട് എന്ന് അർത്ഥം വരുന്ന ഷിർ-ഹ-ഷിരിം എന്നാണ് പേര്. മലയാളത്തിലും ഇതിനെ പാട്ടുകളുടെ പാട്ട് എന്ന് വിളിക്കാറുണ്ട്. യാഥാസ്ഥിതിക യഹൂദ-ക്രൈസ്തവ വ്യാഖ്യാനം ഈ കൃതിയെ ദൈവവും ദൈവജനവുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി കാണന്നു. ബൈബിളിലെ ഗ്രന്ഥങ്ങളിൽ വിഷയത്തിന്റേയും അവതരണശൈലിയുടേയും പ്രത്യേകത കൊണ്ട് ഇത് വേറിട്ട് നിൽക്കുന്നു.കൃതിയുടെ ശീർഷകത്തിലും ഉള്ളടക്കത്തിൽ ചിലയിടങ്ങളിലും സോളമൻ രാജാവ് പരാമർശിക്കപ്പെടുന്നതുകൊണ്ട്, അദ്ദേഹമാണ് രചയിതാവ് എന്ന് കരുതപ്പെട്ടിരുന്നെങ്കിലും, സോളമന്റെ കാലത്തിന് അരസഹസ്രാബ്ദം ശേഷം ബാബിലോണിലെ പ്രവാസം കഴിഞ്ഞാണ് ഇതെഴുതപ്പെട്ടതെന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.
മദ്ധ്യയുഗങ്ങളിൽ, ഉത്തമഗീതം എട്ട് അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും കൃതിയുടെ സ്വാഭാവിക ഘടനയേയോ അതിലെ ചിന്താപരിണാമങ്ങളേയോ കണക്കിലെടുക്കാത്ത ഈ വിഭജനം അതിന്റെ വിശകലനത്തിന് സഹായകമല്ല. ആശയങ്ങളുടെ ഒഴുക്ക് ബോധധാരാരീതിയെ(Stream of consciousness technique) അനുസ്മരിപ്പിക്കുന്ന ഈ ഗീതത്തിന്റെ മൂലരൂപം ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിട്ടുള്ളതോ, ഏതുഭാഗം ആരുടെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നതോ അല്ല. എന്നാൽ ഉള്ളടക്കത്തിലെ സൂചനകളിൽ നിന്ന്, വരികളിൽ ഏറിയകൂറും യുവാവിന്റേതും യുവതിയുടേതും ബാക്കിയുള്ളവ യുവതിയുടെ തോഴിമാരുടേതും ആണെന്ന് മനസ്സിലാക്കാം. ഏതാനും വരികൾ യുവതിയുടെ സഹോദരന്മാരുടേതും ആകാം. [1]പ്രധാനകഥാപാത്രങ്ങളായ യുവാവിന്റേയോ യുവതിയുടേയോ പേര് കൃതിയിൽ ഇല്ല. യുവാവ് ആട്ടിടയനാണ് എന്നതിന് സൂചനകളുണ്ട്. യുവതിയെ, ജന്മസ്ഥലം സൂചിപ്പിച്ചാകണം, ശൂലേംകാരി [ക]എന്ന് വിശേഷിപ്പിക്കുന്നുണ്ട്[2]. അവൾ കറുത്ത നിറമുള്ള സുന്ദരിയായിരുന്നു[3].
നിന്റെ അധരങ്ങൾ എന്നിൽ ചുംബനങ്ങൾ ചൊരിയട്ടെ!
നിന്റെ പ്രേമം വീഞ്ഞിലും മധുരതരം.
നീ പൂശുന്ന തൈലം സുരഭിലം,
നിന്റെ നാമം ലേപനധാര;
തന്മൂലം കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
എന്നിങ്ങനെ കാമുകനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രേമഭാജനത്തിന്റെ വാക്കുകളിലാണ് കൃതി തുടങ്ങുന്നത്. ഇതിനുള്ള പ്രതികരണത്തിൽ കാമുകൻ പ്രേമഭാജനത്തെ ഫറവോന്റെ രഥം വലിക്കുന്ന ആൺകുതിരകളുടെ സ്വസ്ഥതകെടുത്തുന്ന പെൺകുതിരയോടാണുപമിച്ചത്.
തുടർന്നൊരിടത്ത് അയാൾ, പ്രസിദ്ധമായ ഈ വരികളാൽ, തന്നെ പ്രേമസല്ലാപത്തിന് ക്ഷണിക്കുന്നത് കാമുകി കേൾക്കുന്നു:-
എന്റെ പ്രിയേ, എഴുന്നേൽക്കൂ,
എന്റെ സുന്ദരീ, വന്നാലും;
നോക്കൂ, തണുപ്പുകാലം കഴിഞ്ഞു,
മഴയും നിലച്ചുപോയി. പൂവുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു,
പാട്ടുകാലം വന്നെത്തി.
മാടപ്രാവുകളുടെ കൂജനം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
അത്തിക്കായ്കൾ പഴുക്കുന്നു,
മുന്തിരിവള്ളികൾ പൂവണിയുന്നു;
അവ പരിമളം പരത്തുന്നു.
എഴുന്നേൽക്കൂ, എന്റെ പ്രിയേ, എന്റെ സുന്ദരീ, വന്നാലും.
പാറയുടെ പിളർപ്പുകളിലും ചെങ്കുത്തായ മലയുടെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ,
നിന്റെ സ്വരമൊന്നു കേൾക്കട്ടെ.
നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ.
കഥാപ്രാത്രങ്ങൾ പരസ്പരം അന്വേഷിച്ചുപോകുന്നത് വിവരിക്കുന്ന, സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത, രണ്ടു ഭാഗങ്ങൾ കൃതിയിലുണ്ട്. ആദ്യത്തേത് ഇങ്ങനെയാണ്:-
എന്റെ ആത്മപ്രിയനെ രാത്രിയിൽ ഞാൻ എന്റെ ശയ്യയിൽ തെരഞ്ഞു;
ഞാൻ അയാളെ വിളിച്ചു എന്നാൽ ഉത്തരം ലഭിച്ചില്ല;
ഞാൻ എഴുന്നേറ്റു നഗരത്തിൽ ചെന്ന്, തെരുവുകളിലും കവലകളിലും അന്വേഷിക്കും;
ഞാൻ അയാളെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ല.
നഗരത്തിൽ ചുറ്റിനടക്കുന്ന കാവൽക്കാർ എന്നെ കണ്ടു.
"എന്റെ ആത്മപ്രിയനെ നിങ്ങൾ കണ്ടുവോ?"
അവരെ കടന്നുപോകുംമുമ്പുതന്നെ എന്റെ ആത്മപ്രിയനെ ഞാൻ കണ്ടു.
ഞാൻ അയാളെ പിടികൂടി, വിടാതെ,
എന്റെ അമ്മയുടെ ഗൃഹത്തിൽ, എന്നെ ഗർഭം ധരിച്ചവളുടെ കിടപ്പറയിൽ കൊണ്ടുവന്നു.[5]
രണ്ടാമത്തേത് കുറേക്കൂടി സങ്കീർണമാണ്. അതിന്റെ തുടക്കത്തിൽ കാമുകി, ഉറങ്ങുകയായിരുന്നെങ്കിലും അവളുടെ ഹൃദയം ഉണർന്നിരിക്കുകയായിരുന്നു. അപ്പോൾ, പ്രിയൻ വാതിൽക്കൽ മുട്ടി വിളിച്ചു.
കാമുകൻ:-
എന്റെ സോദരീ, എന്റെ പ്രിയേ, എന്റെ അരിപ്രാവേ,
എന്റെ സർവസമ്പൂർണേ, എനിക്കു വാതിൽ തുറന്നു തരൂ;
എന്റെ ശിരസ്സു മഞ്ഞുകൊണ്ടും,
എന്റെ കുറുനിര രാത്രിയിലെ തുഷാരബിന്ദുക്കൾ കൊണ്ടും നനഞ്ഞിരിക്കുന്നു.
കാമുകി:-
ഞാൻ എന്റെ അങ്കി ഊരിവച്ചിരുന്നു,
എങ്ങനെയാണ് അതു വീണ്ടും ധരിക്കുക?
ഞാൻ എന്റെ കാലുകൾ കഴുകിയിരുന്നു,
എങ്ങനെ അവയെ മലിനപ്പെടുത്തും?
എന്റെ പ്രിയൻ താക്കോൽ പഴുതിലൂടെ കൈ നീട്ടി,
അതോടെ എന്റെ ഹൃദയം ത്രസിച്ചു.
ഞാൻ എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ എഴുന്നേറ്റു.
എന്റെ കരങ്ങളിൽ നിന്നു മീറാ, എന്റെ വിരലുകളിൽ നിന്നു മീറാത്തൈലം,
സാക്ഷയിൽ ഇറ്റിറ്റു വീണു.
ഞാൻ എന്റെ പ്രിയനു വാതിൽ തുറന്നു.
എന്നാൽ എന്റെ പ്രിയൻ തിരിച്ചുപൊയ്ക്കഴിഞ്ഞിരുന്നു.
ഒടുവിൽ കാമുകി, പൊയ്ക്കഴിഞ്ഞ കാമുകനെ അന്വേഷിച്ച് വീണ്ടും ഇറങ്ങുന്നു. എന്നാൽ ഇത്തവണ വഴിയിൽ കണ്ടുമുട്ടിയ കാവൽക്കാരിൽ നിന്ന് മർദ്ദനവും അപമാനവുമേറ്റ് അവൾക്ക് മടങ്ങേണ്ടി വന്നു. ഈ ഖണ്ഡങ്ങൾ രണ്ടും ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള അനുഭവമാണ് വിവരിക്കപ്പെടുന്നത് എന്ന പ്രതീതി രണ്ടും തരുന്നു. ഒട്ടേറെ സമാനതകളുള്ള ഈ ഖണ്ഡങ്ങളിൽ ഉത്തമഗീതത്തിന്റെ കാതൽ കാണുന്നവരുണ്ട്.
ഗ്രന്ഥാവസാനത്തിനടുത്തൊരിടത്ത്, പ്രേമസാഫല്യത്തിലേക്കുള്ള വഴിയിലെ സാമൂഹ്യവിലക്കുകളെക്കുറിച്ച് കാമുകി പരിതപിക്കുന്നത് "ഏന്റെ അമ്മ[ഗ] മുലയൂട്ടി വളർത്തിയ ഒരു സഹോദരനെപ്പോലെ ആയിരുന്നു എനിക്കു നീ എങ്കിൽ, വെളിയിൽ വച്ചെങ്ങാനും കണ്ടുമുട്ടിയാൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നു, അപ്പോൾ ആരും എന്നെ പഴിക്കുകയില്ല" എന്നാണ്. ഇത്തരം ചിന്ത കുട്ടിത്തമാണെന്ന് സൂചിപ്പിക്കാനാകണം അവളുടെ സഹോദരന്മാർ "നമുക്കൊരു കുഞ്ഞു സഹോദരിയുണ്ട്, അവളുടെ സ്തനങ്ങൾ വളർന്നിട്ടില്ല. നമ്മുടെ സഹോദരിക്കു വേണ്ടി വിവാഹാലോചന വരുമ്പോൾ നമ്മൾ എന്തു ചെയ്യും?" എന്നു ചോദിച്ച് അവളെ കളിയാക്കുന്നത്. [8] കവിത സമാപിക്കുന്നത്, "സുഗന്ധദ്രവ്യങ്ങളുടെ പർവതങ്ങളിലെ ഇളമാനെയും കലമാൻ കുട്ടിയെയും പോലെ" പ്രിയൻ വരുന്നത് കാമുകി കാത്തിരിക്കുമ്പോഴാണ്.
ബൈബിളിലെ ഇതര ഗ്രന്ഥങ്ങൾ ആസ്വദിക്കുന്ന സംവേദനശീലം ഉത്തമഗീതത്തിന്റെ ആസ്വാദനത്തിന് മതിയാവില്ല. ഈ കൃതിയെ ബൈബിളിലെ മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതും അതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നതും ആയ സവിശേഷതകളിൽ ഒന്ന്, ആശയങ്ങളുടേയും പ്രതീകങ്ങളുടേയും തെരഞ്ഞെടുപ്പിൽ തീരെ സങ്കോചം കാട്ടാത്ത അതിന്റെ രചനാശൈലിയാണ്. പ്രേമത്തിന്റേയും സൗന്ദര്യത്തിന്റേയും തീവ്രത വർണ്ണിക്കുമ്പോൾ രതിസ്മൃതിയുണർത്തുന്ന ഭാഷ അത് ധാരാളമായി ഉപയോഗിക്കുന്നു. കാമുകിക്ക് കാമുകൻ സ്തനങ്ങൾക്കിടയിലെ മീറാപ്പൊതിയാണ്[9]; അവളുടെ സ്തനങ്ങൾ ഇരട്ടപിറന്ന മാൻകിടാങ്ങളെപ്പോലെയും പനംപഴക്കുലകൾ പോലെയും ആണ്; സുഗന്ധദ്രവ്യങ്ങൾ ചേർത്ത വീഞ്ഞ് എപ്പോഴുമുള്ള, വൃത്താകാരമായ പാനപാത്രമാണ് നാഭി; ലില്ലിപ്പൂക്കളാൽ ചുറ്റപ്പെട്ട കോതമ്പുകൂനയാണ് ഉദരം; ഹെശ്ബ്ബോനിലെ ബാത്റബീം കവാടത്തിന്നരികെയുള്ള ജലാശയങ്ങൾപോലെയാണു കണ്ണുകൾ[10] എന്നും മറ്റുമുള്ള വർണ്ണനകൾ ഭാഷയുടെ പ്രയോഗത്തിൽ അത് പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന് ഉദാഹരണമാണ്.
പ്രേമഭാജനത്തെ സംബോധന ചെയ്യാൻ ഉത്തമഗീതത്തിന്റെ ഹീബ്രൂ മൂലത്തിൽ ഒൻപതുവട്ടം ഉപയോഗിച്ചിരിക്കുന്ന 'റായതി' (ra'yati – my darling) എന്ന പദം, ബൈബിളിൽ മറ്റൊരിടത്തും കാണാത്തതാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിവരണത്തിന് സസ്യ-ജന്തുലോകങ്ങളിൽ നിന്നുള്ള ബിംബങ്ങൾ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. ഇരുപത്തഞ്ചോളം സസ്യവർഗങ്ങളും പത്ത് ജന്തുവർഗങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഒരു കണക്ക്. ബൈബിളിലെ ഒരു ഗ്രന്ഥമെന്ന അതിന്റെ നില പരിഗണിക്കാതിരുന്നാൽ, ഉത്തമഗീതത്തെ അസാമാന്യ സൗന്ദര്യമുള്ള ഒരു പ്രണയഗീതമായേ കണക്കാക്കാനൊക്കൂ. എന്നാൽ രണ്ടു പ്രധാന മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളിലെ അംഗീകൃതഖണ്ഡമായതുകൊണ്ട്, സാധാരണ വായനയിൽ തോന്നുന്നതിലപ്പുറം അർത്ഥം അതിനുണ്ടായിരിക്കണം എന്ന വിശ്വാസം, ആ ഗ്രന്ഥത്തിന്റെ അസ്വാദനത്തെ എന്നും പിന്തുടർന്നു. അതിൽ വിവരിക്കപ്പെടുന്ന പ്രണയം ദൈവവും ദൈവജനവുമായുള്ളതാണെന്നും ശൂലേംകാരി യുവതിയും അട്ടിടയനും പ്രതീകങ്ങൾ മാത്രമാണെന്നും യഹുദചിന്തയിലെ അതികായന്മാരായ ഒന്നാം നൂറ്റാണ്ടിലെ അഖീവായേയും പതിനൊന്നാം നൂറ്റാണ്ടിലെ അബെൻ എസ്രായേയും പോലുള്ളവർ വാദിച്ചു. അഖീവയുടെ ഇടപെടലാണ് ഇതിനു എബ്രായ ബൈബിൾ സംഹിതയിൽ ഇടം നേടിക്കൊടുത്തതെന്ന ഒരു പാരമ്പര്യമുണ്ട്.[12] ആദ്യകാല ക്രൈസ്തവസഭാപിതാക്കന്മാരായ ഒരിജൻ, നിസ്സായിലെ ഗ്രിഗറി, ജെറോം, അഗസ്റ്റിൻ എന്നിവരും ഈ കൃതിയെ ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രീകരണമായാണ് കണ്ടത്. ഇത്തരം വ്യാഖ്യാനം വഴിമാത്രമേ ഈ കൃതിയിലെ പരസ്പരബന്ധമില്ലാത്തവയെന്നു തോന്നിക്കുന്ന വർണ്ണനകളെയും രംഗങ്ങളെയും കൂട്ടിയിണക്കി അതിന്റെ അഖണ്ഡത നിലനിർത്താനും വിശുദ്ധഗ്രന്ഥത്തിലെ അതിന്റെ സ്ഥാനത്തിനും പാട്ടുകളുടെ പാട്ടെന്ന പേരിനും നീതീകരണം കണ്ടെത്താനും സാധ്യമാവൂ എന്ന് ഈ നിലപാടെടുക്കുന്നവർ വാദിക്കുന്നു.
എന്നാൽ ആധുനിക വ്യാഖ്യാതാക്കാൾ മിക്കവരും ഈ കൃതിയെ, ഒട്ടേറെ സമാനതകളുള്ള കുറേ പ്രേമഗീതങ്ങളുടെ സമാഹാരമായാണ് കണക്കാക്കുന്നത്. അത് പ്രബോധനം ലക്ഷ്യമാക്കി എഴുതപ്പെട്ട കൃതിയല്ല. വായിക്കുന്നവരുടെ ഹൃദയത്തെ സ്പർശിച്ച് അനന്ദിപ്പിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്യുകയെന്നതാണ് അതിന്റെ ലക്ഷ്യം.[14] അതിന്റെ ഊന്നൽ മതപരമോ ആത്മീയമോ ആണെന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. അതേസമയം പ്രേമത്തേയും ലൈംഗികതയേയും ദൈവനിഷേധവുമായി കൂട്ടിക്കുഴക്കുന്നവർക്കു മാത്രമേ അതിൽ മതനിരാസമോ, മതവിരുദ്ധതയോ കണ്ടെത്താൻ കഴിയൂ.
മഹാകവി ചങ്ങമ്പുഴയുടെ 'ദിവ്യഗീതം' ഉത്തമഗീതത്തിൻറെ മലയാളപരിഭാഷയാണ്. 'ഗീതങ്ങളുടെ ഗീതം ശോശന്നയുടേത്' എന്ന പേരിൽ എൻ. പി. ചന്ദ്രശേഖരൻ ഉത്തമഗീതത്തിൻറെ പുനരാവിഷ്കാരം നിർവഹിച്ചിട്ടുമുണ്ട്. (റാസ്ബെറി ബുക്സ്, കോഴിക്കോട്)
Leave a Reply