അംബേദ്ക്കര്‍
(പഠനം)
ദലിത് ബന്ധു (എന്‍.കെ.ജോസ്)
പ്രഭാത് ബുക്ക് ഹൗസ് 1990
ദലിത് ബന്ധു എഴുതിയ ജീവചരിത്രഗ്രന്ഥം. അതില്‍ ഉദ്ധരിച്ചിരിക്കുന്ന ഡോ.അംബേദ്കറുടെ വാക്കുകള്‍ ഇങ്ങനെ:
‘ഹിന്ദുമതത്തില്‍ തുടരുന്ന കാലത്തോളം അയിത്തജാതിക്കാര്‍ക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല. നിങ്ങള്‍ക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. നിങ്ങളുടെ ചങ്ങലകളൊഴികെ. നിങ്ങളുടെ മതം ഉപേക്ഷിക്കുന്നതോടുകൂടി വളരെ നേടുവാനുണ്ടുതാനും… സ്വരാജ് കൊണ്ട് ഇന്ത്യ എന്തുനേടും? സ്വരാജ് ഇന്ത്യയ്ക്ക് അനുപേക്ഷണീയമായിരിക്കുന്നത് എപ്രകാരമോ, അതുപോലെയാണ് അയിത്തജാതിക്കാര്‍ക്ക് മതംമാറ്റം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിലാഷമാണ് ഈ രണ്ടു പ്രസ്ഥാനങ്ങളുടെയും അന്തര്‍ധാരയായ പ്രേരകശക്തി…’
ഗ്രന്ഥകാരന്‍ ദലിത് ബന്ധു ഇങ്ങനെ പറയുന്നു: ”ഇത് അംബേദ്ക്കറെപ്പറ്റിയുള്ള ഒരു സമഗ്ര പഠനമാണ് എന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ജീവചരിത്രവുമല്ല. ഐതിഹാസികമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സംഭവവും അതതിന്റെ പശ്ചാത്തലത്തില്‍ പഠിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പൊതുവേ അദ്ദേഹത്തെ ഒന്ന് അറിയുക, അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഒന്ന് പരിചയപ്പെടുക, അതിനാണ് ഞാന്‍ ശ്രമിച്ചത്…’
ഒന്നാം പതിപ്പിനെപ്പറ്റി
ദലിത് ബന്ധു (എന്‍.കെ.ജോസ്)
മനുഷ്യന്‍! എത്ര സുന്ദരമാണ് ആ പദം? എല്ലാ മനുഷ്യരിലും സൗന്ദര്യം ദര്‍ശിക്കുവാനും, എല്ലാവരുമായി സാഹോദര്യം പങ്കുവയ്ക്കുവാനും അതിനുമപ്പുറത്തേക്കുള്ളതൊന്നും വകവച്ചുകൊടുക്കാതിരിക്കുവാനും അംബേദ്ക്കറെപ്പോലെ ശക്തമായി പോരാടിയിട്ടുള്ള ഒരു മനുഷ്യന്‍ ഇന്ത്യയില്‍ ജനിച്ചിട്ടില്ല. ഗാന്ധിജിയുടെ ആശ്രമത്തിലെ ഒരു കാലത്തെ അന്തേവാസി എന്ന നിലയിലും, എന്റെ പരിമിതമായ ഇന്ത്യാ ചരിത്രപഠനത്തിന്റെ വെളിച്ചത്തിലും എനിക്ക് അതു പറയുവാന്‍ കഴിയും.
അംബേദ്കറെപ്പറ്റി ഞാന്‍ കേട്ടിരുന്നുവെങ്കിലും, അദ്ദേഹത്തെപ്പറ്റി പഠിക്കാന്‍ ഞാന്‍ മനഃപൂര്‍വം ശ്രമിച്ചത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ തീരുമാനിക്കപ്പെട്ടതിനുശേഷമാണ്. അതിനുമുമ്പ് Dalit Voice എന്ന ഇംഗ്ലീഷ് ദ്വൈവാരിക നല്‍കിയ പരിചയമാണ് എനിക്കു അദ്ദേഹത്തെപ്പറ്റി ആകെ ഉണ്ടായിരുന്നത്.
ബോംബെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികളുടെ എട്ടു വാല്യങ്ങളിലൂടെയും ധനഞ്ജയ് കീറിന്റെ Dr. Ambedkhar Life and Mission എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയിലൂടെയും ഒന്നു കടന്നുപോയപ്പോള്‍ എന്റെ ഹൃദയം കോരിത്തരിച്ചു. പല രാത്രികളും പൂര്‍ണമായിത്തന്നെ എനിക്കതില്‍ ആമഗ്‌നനാകേണ്ടി വന്നു. അതില്‍നിന്നെല്ലാം എനിക്കു കിട്ടിയത്, അതിന്റെ വെളിച്ചത്തില്‍ എന്റെ ചിന്ത കടന്നുപോയത്, എന്റെ സുഹൃത്തുക്കളുടെ അറിവിലേക്കായി കുറിച്ചുവച്ചതാണ് ഈ ചെറുഗ്രന്ഥത്തിന്റെ ഉള്ളടക്കം.
ഇത് അംബേദ്കറെപ്പറ്റിയുള്ള ഒരു സമഗ്രപഠനമാണ് എന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ജീവചരിത്രവുമല്ല. ഐതിഹാസികമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സംഭവവും അതതിന്റെ പശ്ചാത്തലത്തില്‍ പഠിക്കുവാന്‍ ഞാന്‍ ശ്രമിച്ചില്ല. പൊതുവെ അദ്ദേഹത്തെ ഒന്ന് അറിയുക, അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഒന്നു പരിചയപ്പെടുക, അതിനാണ് ഞാന്‍ ശ്രമിച്ചത്. കൂടുതല്‍ സമയമെടുത്ത് കൂടുതല്‍ സമ്പൂര്‍ണമായ ഒരു പഠനം അദ്ദേഹത്തിന്റെ ആശയങ്ങളെപ്പറ്റി നടത്തണമെന്ന് എനിക്കാഗ്രഹമുണ്ട്. ബുദ്ധനെയും ക്രിസ്തുവിനെയും മുഹമ്മദിനെയും മാര്‍ക്സിനെയുംപോലെ ദീര്‍ഘമായ പഠനത്തിന് അദ്ദേഹത്തിന്റെ ആശയങ്ങളും അര്‍ഹമാണ്. ഇന്നല്ലെങ്കില്‍ നാളെ അതു നടക്കുകതന്നെ ചെയ്യും എന്നുള്ള കാര്യത്തില്‍ എനിക്ക് സംശയമില്ല.
എന്നാല്‍, ധനഞ്ജയ് കീറിന്റെ ‘ഡോ. അംബേദ്കര്‍ ജീവിതവും ദര്‍ശനവും’ എന്ന ഗ്രന്ഥത്തിലെ പല നിഗമനങ്ങളോടും എനിക്കു അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹം പറയുന്നു: ”അംബേദ്കറുടെ പ്രസ്ഥാനം ഹിന്ദുമത നവോത്ഥാനത്തിന്റെയും ഹിന്ദു സാമൂഹ്യവ്യവസ്ഥിതിയുടെ പുനഃസംഘടനയുടെയും അഞ്ചാം ഘട്ടമായിരുന്നു. (ഉപനിഷത്തുകളുടെ ഉത്ഭവം ഒന്നാം നവോത്ഥാനകാലഘട്ടം, ബുദ്ധജൈന മതങ്ങളുടെ ആവിര്‍ഭാവം രണ്ടാം നവോത്ഥാനഘട്ടം. രാമാനുജന്‍, കബീര്‍, നാനാക്ക്, നാംദേവ് തുടങ്ങിയ ഭക്തകവികളുടെ കാലം മൂന്നാം നവോത്ഥാനകാലം, രാജാറാം മോഹന്റായി, ഗോവിന്ദറാവു ഫൂലെ, റാനഡേ, ദയാനന്ദ് സരസ്വതി, വിവേകാനന്ദന്‍ തുടങ്ങിയവരുടെ കാലം നാലാം നവോത്ഥാനഘട്ടം, അംബേദ്ക്കര്‍ അഞ്ചാംഘട്ടം, എന്നാണ് അദ്ദേഹത്തിന്റെ വിഭജനം).
ഹിന്ദുമതത്തെ ശുദ്ധീകരിക്കുവാനും പരിവര്‍ത്തനം ചെയ്യിക്കാനും, ഹിന്ദു സാമൂഹ്യവ്യവസ്ഥിതിയെ പുനഃസംഘടിപ്പിക്കു വാനും, ചൈതന്യവത്ക്കരിക്കുവാനും, അതിനെ അധഃപതനത്തില്‍ നിന്നും ദുഷ്‌കീര്‍ത്തിയില്‍ നിന്നും രക്ഷിക്കുവാനും വേണ്ടി ഹിന്ദുമതത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ ഒരു മാനസിക പരിവര്‍ത്തനം കൂടിയായിരുന്നു അത്. ഹിന്ദുമതത്തിനും ഹിന്ദുസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സംഭാവന, ആധുനിക ഹിന്ദു നേതാക്കന്മാരായ രാജാറാം മോഹന്‍ റോയി, ദയാനന്ദ സരസ്വതി, വിവേകാനന്ദന്‍ മുതലായവരുടെ സംഭാവനകളേക്കാള്‍ മഹത്തരമായി കരുതപ്പെടുന്നതും അതുകൊണ്ടാണ്. അവരില്‍നിന്നും വ്യത്യസ്തമായി രാജ്യത്തിന്റെ ഭരണഘടനാപരവും രാഷ്ട്രമീമാംസാപരവുമായ ചിന്തകള്‍ക്കും അവയുടെ വികാസത്തിനുംകൂടി അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. ആകയാല്‍ ഹിന്ദു സമൂഹത്തിനും രാജ്യത്തിനും മാനവസമൂഹത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത് എന്നകാര്യം വ്യക്തമാണ്.”
ഈ ഭാഗം അംബേദ്കറോട് നീതികാട്ടുന്നു എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഇതിന്നുപോല്‍ബലകമായ അംബേദ്കറുടെ വാക്കുകള്‍ ആ ഗ്രന്ഥത്തില്‍ പരതി നോക്കിയിട്ട് ഒരിടത്തും കണ്ടില്ല. ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നത്, ”സമ്പൂര്‍ണവും ആധികാരികവുമായ ജീവചരിത്രം’ ആണ് അത് എന്നാണ്. മുകളില്‍ ഉദ്ധരിച്ച ഭാഗം എത്രമാത്രം ആധികാരികമാണ്? അംബേദ്കറെ അപമാനിക്കുന്നതിനു തുല്യമാണ് ആ വാക്കുകള്‍ എന്നു ഞാന്‍ കരുതുന്നു. ‘ഞങ്ങള്‍ ഹിന്ദുക്കളല്ല’ എന്നുറക്കെ പ്രഖ്യാപിക്കുന്ന ദലിതവര്‍ഗങ്ങളോടുള്ള ഒരു വെല്ലുവിളിയുമാണ് ആ വാക്കുകള്‍. The Budha and his Dharma എന്ന അംബേദ്കറുടെ അവസാനത്തെ കൃതിയെപ്പറ്റി ചിലര്‍ നടത്തിയ വിമര്‍ശനങ്ങളാണ് ധനഞ്ജയ കീര്‍ തന്റെ നിഗമനങ്ങള്‍ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ബുദ്ധമതത്തെപ്പറ്റിയുള്ള ഡോ. അംബേദ്കറുടെ വീക്ഷണം വിശദീകരിക്കുവാന്‍ ധനഞ്ജയ കീര്‍ ഡോ. റയിസ് ഡേവിസിന്റെ Budhism എന്ന ഗ്രന്ഥമാണുപയോഗിക്കുന്നത്. അദ്ദേഹം ബുദ്ധമതത്തെ ഹിന്ദുമതത്തിന്റെ ഒരു പരിഷ്‌ക്കരണമായിട്ടാണ് കാണുന്നത്. കത്തോലിക്കാ സഭയും പ്രോട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള ബന്ധംപോലെ എന്നുമാത്രം. അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ചിട്ടാണ് ബുദ്ധമതം സ്വീകരിച്ചത്.
എന്നാല്‍, അംബേദ്കര്‍ പറഞ്ഞിട്ടുള്ളത് ആ വിധത്തിലല്ല. ‘ഹിന്ദുമതത്തില്‍ തുടരുന്ന കാലത്തോളം അയിത്തജാതിക്കാര്‍ക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല. നിങ്ങള്‍ക്കു യാതൊന്നും നഷ്ടപ്പെടുവാനില്ല, നിങ്ങളുടെ ചങ്ങലകളൊഴികെ. നിങ്ങളുടെ മതം ഉപേക്ഷിക്കുന്നതോടുകൂടി വളരെ നേടുവാനുണ്ടുതാനും… സ്വരാജ് കൊണ്ട് ഇന്ത്യ എന്തു നേടും? സ്വരാജ് ഇന്ത്യക്ക് അനുപേക്ഷണീയമായിരിക്കുന്നത് എപ്രകാരമോ, അതുപോലെയാണ് അയിത്തജാതിക്കാര്‍ക്ക് മതംമാറ്റം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിലാഷമാണ് ഈ രണ്ടു പ്രസ്ഥാനങ്ങളുടെയും അന്തര്‍ധാരയായ പ്രേരകശക്തി… ഈ മതം എന്നന്നേക്കുമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചുകഴിഞ്ഞു. എന്റെ മതപരിവര്‍ത്തനം ഭൗതികമായ ഫലേച്ഛയാല്‍ പ്രേരിതമല്ല. ഒരു അയിത്ത ജാതിക്കാരനായി തുടരുന്നതുകൊണ്ട് എനിക്കു നേടാന്‍ കഴിയാത്തതായി ഒന്നുംതന്നെയില്ല. ആത്മീയ പ്രചോദനമല്ലാതെ എന്റെ മതപരിവര്‍ത്തനത്തിന് മറ്റൊരു പ്രേരണയുമില്ല. ഹിന്ദുമതം എന്റെ മനസ്സാക്ഷിക്ക് ആകര്‍ഷകമായി തോന്നുന്നില്ല. എന്റെ അഭിമാനത്തിന് ഹിന്ദുമതത്തെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയില്ല… മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു…” എന്ന് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് അദ്ദേഹം പറഞ്ഞത് 1936-ലാണ്. അന്ന് അദ്ദേഹം കേവലം 45 വയസ്സുമാത്രം പ്രായമുള്ള ഒരു യുവാവായിരുന്നു. അതുകൊണ്ട് അത് ഒരു യുവാവിന്റെ അപക്വമായ വാക്കുകളായി ഗണിക്കുന്നവര്‍ കണ്ടേക്കാം.
എന്നാല്‍, 1956 ഒക്ടോബര്‍ പതിനാലാം തീയതി നാഗ്പൂരില്‍വച്ച് അദ്ദേഹം പറഞ്ഞത് ആ വിധത്തില്‍ തള്ളിക്കളയുവാനാവില്ലല്ലോ. അതു താഴെ ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പു മാത്രമാണ് ഇതു പറഞ്ഞത്. അതിനാല്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായം ഇതാണ് എന്ന് ന്യായമായി ഊഹിക്കാം.
‘…അസമത്വത്തിനും അടിച്ചമര്‍ത്തലിനും വേണ്ടി നിലകൊണ്ട എന്റെ പഴയ മതം ഉപേക്ഷിക്കുകവഴി ഞാനിന്ന് പുനര്‍ജനിച്ചിരിക്കുന്നു. അവതാരത്തിന്റെ തത്വശാസ്ത്രത്തില്‍ എനിക്കു വിശ്വാസമില്ല. ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതു തെറ്റും ദ്രോഹപരവുമാണ്. ഞാന്‍ മേലില്‍ ഏതെങ്കിലും ഒരു ഹിന്ദുദേവന്റെയോ, ദേവി യുടെയോ ആരാധകനല്ല. ഞാന്‍ ശ്രാദ്ധം നടത്തുകയുമില്ല. ബുദ്ധമതം ഒരു യഥാര്‍ത്ഥ മതമാണ്. ജ്ഞാനം, ധര്‍മ്മപഥം, ദീനാനുകമ്പ എന്ന മൂന്നു പ്രമാണങ്ങളില്‍ നീതമായ ഒരു ജീവിതമായിരിക്കും എന്റേത്.
1936-ലേയും 1956-ലേയും അദ്ദേഹത്തിന്റെ വാക്കുകള്‍ തമ്മില്‍ എത്രമാത്രം പൊരുത്തപ്പെട്ടിരിക്കുന്നു എന്നുനോക്കുക. അംബേദ്കര്‍ തന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട മുഴുവന്‍ കാലവും ഈ അഭിപ്രായമാണ് വച്ചുപുലര്‍ത്തിയിരുന്നത് എന്ന് അതില്‍ നിന്നും വ്യക്തമാണ്. ഈ അഭിപ്രായം വച്ചുപുലര്‍ത്തുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത (അദ്ദേഹം ബുദ്ധമതത്തില്‍ ചേര്‍ന്നു) ഒരാളെ ഹിന്ദുമത പരിഷ്‌ക്കരണവാദിയായി ചിത്രീകരിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും. അതും അദ്ദേഹത്തിന്റെ ഏറ്റവും പ്രാമാണികമെന്ന് പറയപ്പെടുന്ന ജീവചരിത്രഗ്രന്ഥത്തില്‍ അങ്ങനെ ഒരു അഭിപ്രായം കൊണ്ടുവന്നത് ആ മഹാനെ തെറ്റായി ചിത്രീകരിക്കുവാനോ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുവാനോ എന്തിനാണ് എന്നു വ്യക്തമല്ല. പുസ്തകത്തിന്റെ 67-68 പേജുകളില്‍ ഗാന്ധിജിയെ സാമൂഹ്യപരിഷ്‌കര്‍ത്താവും, വീര സവര്‍ക്കറേയും അംബേദ്കറെയും സാമൂഹ്യ വിപ്ലവകാരികളുമായി ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അംബേദ്കര്‍ സവര്‍ക്കറെപ്പോലെ ഒരു സാമൂഹ്യ വിപ്ലവകാരിയായിരുന്നുവോ? ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള വ്യത്യാസം സാമൂഹ്യപരിഷ്‌ക്കര്‍ത്താവും സാമൂഹ്യവിപ്ലവകാരിയും തമ്മിലുള്ളതാണോ?
അംബേദ്കറുടെ വാക്കുകളെ ഉപേക്ഷിച്ച് ധനഞ്ജയ കീറിന്റെ വാക്കുകളെ നാം ആശ്രയിക്കണമോ? ഗ്രന്ഥകാരന്‍ പുസ്തകത്തിന്റെ ഒന്നാം പതിപ്പിന്റെ ആമുഖത്തില്‍ പറയുന്നു: ”അദ്ദേഹത്തിന്റെ ശത്രുക്കള്‍ വികൃതമായി ചിത്രീകരിച്ചതുപോലെയോ അനുയായികള്‍ ദിവ്യത്വം കല്‍പിച്ച് ആരാധിച്ചതുപോലെയോ അല്ലാതെ അംബേദ്കറെ അദ്ദേഹത്തിന്റെ തനിമയില്‍ ഇന്ത്യ അറിയേണ്ടിയിരിക്കുന്നു…’ ‘കുബുദ്ധികള്‍ തെറ്റിദ്ധരിപ്പിക്കുന്നതു പോലെയോ’ എന്ന ഒരു ഉപവാചകം കൂടി അവിടെ ചേര്‍ക്കേണ്ടിയിരിക്കുന്നു. അംബേദ്കറെ അദ്ദേഹത്തിന്റെ തനിമയില്‍ ആ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിട്ടില്ല എന്നു വ്യക്തമാണ്.
ധനഞ്ജയ കീര്‍ അംബേദ്കറെപ്പറ്റി എഴുതിയ മൂലഗ്രന്ഥം 1954-ല്‍ പ്രസിദ്ധപ്പെടുത്തി എന്നാണ് മലയാള വിവര്‍ത്തകരുടെ പ്രസാധകക്കുറിപ്പില്‍ കാണുന്നത്. ഞാന്‍ മൂലഗ്രന്ഥം കണ്ടിട്ടില്ല. 1956 ഡിസംബര്‍ 6-നാണ് അംബേദ്കര്‍ നിര്യാതനായത്. അതിനാല്‍ മൂലഗ്രന്ഥം അദ്ദേഹം കണ്ടുകാണണം. എന്നാല്‍, 1954 നു ശേഷമുള്ള വളരെ കാര്യങ്ങളും 1956-ലെ അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിയുള്ള വിവരങ്ങളും എല്ലാം മലയാള വിവര്‍ത്തനത്തിലുണ്ട്. 1956 ഡിസംബര്‍ 6നുശേഷം മൂലഗ്രന്ഥം പരിഷ്‌ക്കരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് അതു സൂചിപ്പിക്കുന്നത്. ആ പരിഷ്‌ക്കരിച്ച പതിപ്പില്‍ മാത്രമാണോ ധനഞ്ജയ കീറിന്റെ മുകളില്‍ ഉദ്ധരിച്ച വാക്കുകള്‍ ഉള്ളത് എന്നറിഞ്ഞുകൂടാ. ഏതായാലും അത് അംബേദ്കറുടെ നിര്യാണത്തെപ്പറ്റി വിവരിക്കുന്ന പേജുകളിലുള്ളതാണ്. അതിനാല്‍ മൂലഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പില്‍ ഇല്ലാത്തതും, അംബേദ്കര്‍ കണ്ടിട്ടില്ലാത്തതും, അദ്ദേഹത്തിന് നിഷേധിക്കാന്‍ അവസരം ലഭിക്കാത്തതുമായ ഒരു പരാമര്‍ശമാണത് എന്നു വ്യക്തമാണ്. അംബേദ്കറെപ്പറ്റി അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു ഗ്രന്ഥം അദ്ദേഹം കണ്ടിരിക്കണം. അദ്ദേഹം ഒരു പരന്ന വായനക്കാരനാണ്. മരിക്കുന്നതിന്റെ തലേദിവസവും അദ്ദേഹം ഗ്രന്ഥപാരായണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിനാല്‍, ധനഞ്ജയ കീറിന്റെ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പില്‍ അംബേദ്കറിന്റെ അഭിപ്രായങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നൂഹിക്കാം. അങ്ങനെയുള്ള ഗ്രന്ഥത്തില്‍ മരണശേഷം ഒന്നാംപതിപ്പിലെ അഭിപ്രായത്തിനു വിരുദ്ധമായ ആശയങ്ങള്‍ ചേര്‍ക്കുന്നത് വായനക്കാരോട് മാത്രമല്ല, അംബേദ്കറോടുപോലും കാണിക്കുന്ന കടുത്ത വഞ്ചനയാണ്. ഗ്രന്ഥകാരന് പുതുതായി എന്തെങ്കിലും എഴുതുവാനോ ചേര്‍ക്കുവാനോ ഉണ്ടെങ്കില്‍ അത് പ്രത്യേകം ചേര്‍ത്തതായി, പിന്നീടു ചേര്‍ത്തതായി കാണിക്കേണ്ട ബാധ്യതയുണ്ട്. അതു നിര്‍വഹിക്കാത്തതിനാല്‍ പ്രസ്തുത ഗ്രന്ഥം അംബേദ്കറോടുള്ള ഒരു കടുത്ത ദ്രോഹമാണ് എന്നും പറയേണ്ടിവരുന്നു.
എനിക്ക് അംബേദ്കറുടെ തനിമയെപ്പറ്റി ഒന്നും അവകാശപ്പെടുവാനില്ല. അദ്ദേഹത്തെപ്പറ്റി പഠിച്ചപ്പോള്‍ എനിക്കുണ്ടായ ചിന്തകളാണ് ഞാനീ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നു പറഞ്ഞുവല്ലോ! എന്നാല്‍, അംബേദ്കറെ രാജാറാം മോഹന്റായിയോടോ, ദയാനന്ദ സരസ്വതിയോടോ, വിവേകാനന്ദനോടോ ഉപമിക്കുവാന്‍ ഞാന്‍ തയ്യാറില്ല. അവരേക്കാള്‍ മഹാനാണ് അംബേദ്ക്കര്‍ എന്നു പറയുവാനും ഞാന്‍ തയ്യാറില്ല. ആടിനെക്കാള്‍ ഗാംഭീര്യവും ശൗര്യവുമുള്ള ഒരു മൃഗം സിംഹമെന്ന് ഞാന്‍ പറയുകയില്ല. അംബേദ്കര്‍ എനിക്കു ഒരു ഹിന്ദുമത പരിഷ്‌ക്കരണവാദിയല്ല. ഒരു സാമൂഹ്യവിപ്ലവകാരിയുമല്ല. Riddles of Hinduism എഴുതിയ അംബേദ്കറെയാണ് ഞാന്‍ കാണുന്നത്. അതിനു വിരുദ്ധമായി അദ്ദേഹത്തെ ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നതു പാതകമാണ്.
എന്റെ ആശയങ്ങള്‍ക്ക് അംബേദ്കറുടെ അംഗീകാരമില്ല. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികളുടെ എട്ടു വാല്യങ്ങളെയാണ് ഞാന്‍ പ്രധാനമായും ആശ്രയിച്ചിട്ടുള്ളത്. മഹാനായ ഒരു ചിന്തകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ചിന്തയുടെ ആഴവും പരപ്പും എന്നെപ്പോലെ യുള്ള ഒരു വായനക്കാരനും വിദ്യാര്‍ത്ഥിക്കും പൂര്‍ണമായി മനസ്സിലാക്കുക സാധ്യമല്ല. അതിനാല്‍ അംബേദ്കറെപ്പറ്റി എനിക്കു ഗ്രഹിക്കുവാന്‍ കഴിഞ്ഞിട്ടുള്ളതിനു ഒരു പരിധിയുണ്ട്. ആ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണു ഞാന്‍ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.
”ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതു തെറ്റും, ദ്രോഹപരവുമാണ്’ എന്ന് അംബേദ്കര്‍ നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ നിന്നുകൊണ്ടു ബുദ്ധമതം സ്വീകരിച്ച സന്ദര്‍ഭത്തില്‍ പറഞ്ഞു. ബുദ്ധനെക്കൂടി ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള ശക്തമായ ശ്രമം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമായതിന്റെ പ്രത്യാ ഘാതമാണത്. ഇന്ന് അംബേദ്കറെക്കൂടി ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളുവാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് അദ്ദേഹത്തെ ഒരു ഹിന്ദുമത പരിഷ്‌ക്കരണവാദിയായി ചിത്രീകരിക്കുന്നതും, വിവേകാനന്ദനെപ്പോലുള്ള മറ്റു ഹിന്ദുമത പരിഷ്‌ക്കര്‍ത്താക്കളോടുപമിക്കുന്നതും. ആ അടിസ്ഥാനത്തില്‍ ധനഞ്ജയ കീര്‍ ഹിന്ദുമതത്തിന്റെ ഒരു ഏജന്റല്ലേ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.
അംബേദ്കറെപ്പറ്റിയുള്ള സമ്പൂര്‍ണവും സമഗ്രവും ആധികാരികവും പ്രഥമവുമായ ഗ്രന്ഥംതന്നെ ഹിന്ദുമതത്തിലേക്കു അംബേദ്കറെ വിഴുങ്ങുവാനുള്ള പുറപ്പാടിന്റെ ഉദ്ഘാടനമാണെങ്കില്‍, ഭാരതത്തിലെ അംബേദ്കറിസത്തിന്റെ ഭാവിയെപ്പറ്റി – ഭാരതത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി- ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കള്ളന്‍ കപ്പലില്‍ത്തന്നെയുണ്ട്. കേരളത്തില്‍ ദലിതരുടെമേലുള്ള ശാരീരിക മര്‍ദനവും ചൂഷണവും കുറഞ്ഞിട്ടുണ്ട്, എന്നത് ശരിയാണ്. എന്നാല്‍, ഇവിടെ അവരുടെമേലുള്ള ബുദ്ധിപരമായ ചൂഷണം വര്‍ദ്ധിക്കുകയാണു ചെയ്തിട്ടുള്ളത്. കേരളത്തിനുപുറത്തു ശാരീരികമായ മര്‍ദനവും ചൂഷണവും കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഇന്ന് ആര്‍.എസ്.എസിന്റെ പ്രചാരണങ്ങളില്‍ ഗുരുജി ഗോള്‍വാള്‍ക്കറുടെയും, സ്വാമി വിവേകാനന്ദന്റെയും, ഹെഡ്ഗേവാറിന്റെയും ചിത്രങ്ങളുടെകൂടെ ശ്രീനാരായണഗുരുവിന്റെയും, അംബേദ്കറുടെയും, അയ്യന്‍കാളിയുടെയും, ഗാന്ധിജിയുടെയും മറ്റും ചിത്രങ്ങളും കാണാം.
ഏതായാലും, അംബേദ്കറുടെ കാലഘട്ടത്തെക്കാള്‍ രൂക്ഷമായ ദലിത് വിരുദ്ധ ചിന്താഗതിയാണിപ്പോള്‍ ഭാരതത്തിലുള്ളത്. അംബേദ്കറെപ്പോലെതന്നെയോ അതിലേറെയോ ബുദ്ധിമാനായ ഒരു നേതാവില്ലെങ്കില്‍ ദലിത് മുന്നേറ്റം അപകടപ്പെടുവാനുള്ള സാധ്യത ഏറെയുണ്ട്. അംബേദ്കര്‍ ഒരു അപൂര്‍വ പ്രതിഭാസമാണ്. കഴിഞ്ഞ മൂവായിരത്തി അഞ്ഞൂറു വര്‍ഷത്തിനിടയ്ക്ക് ഒരു അംബേദ്കര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മറ്റൊരു അംബേദ്കറെ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. പകരം അനേകം കൊച്ചു അംബേദ്കര്‍മാരുണ്ടാകണം. ഓരോ ദലിതനും ഓരോ കൊച്ചു അംബേദ്കറാകണം. എങ്കില്‍മാത്രമേ ഈ ജനതയ്ക്കു മോചനമുണ്ടാവുകയുള്ളു എന്ന നഗ്‌നസത്യത്തെ തുറന്നുകാട്ടുകയാണ് ധനഞ്ജയ് കീറിന്റെ ഗ്രന്ഥം ചെയ്യുന്നത്.
ഞാന്‍ ഈ ഗ്രന്ഥത്തിന് അംബേദ്കര്‍ എന്നാണു പേരു കൊടുത്തിരിക്കുന്നത്. അംബേദ്കര്‍ വിശേഷണങ്ങള്‍ക്കതീതനാണ്. മഹാത്മാ അദ്ദേഹം വെറുക്കുന്ന പദമാണ്. ഡോ.അംബേദ്കര്‍ എന്നതുകൊണ്ട് അദ്ദേഹം അര്‍ഹിക്കുന്നതു വെളിവാകുന്നില്ല. ഇതു ഡോക്ടര്‍മാരുടെ യുഗമാണ്. അക്കൂട്ടത്തില്‍ ഒരാളായി അംബേദ്കറെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അംബേദ്കര്‍ അംബേദ്കര്‍ മാത്രമാണ്. അദ്ദേഹം മഹാത്മാവും ഡോക്ടറും ഒന്നുമല്ല.
ഞാന്‍ അദ്ദേഹത്തിന്റെ ആശയങ്ങളെപ്പറ്റി നടത്തുവാന്‍ ശ്രമിക്കുന്ന പഠനത്തിന്റെ മുന്നോടിയാണീ ഗ്രന്ഥം. ഇതിനെ ആ വിധത്തില്‍ കാണണമെന്നു ഞാന്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ ഞാനീ ചെറുപഠനം മലയാളികളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു.
ഈ ഗ്രന്ഥം രചിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചവരും സഹായിച്ചവരും നിരവധിയാണ്. അവരുടെ എല്ലാം പേരെടുത്തു പറഞ്ഞ് കൃതജ്ഞത രേഖപ്പെടുത്തി കണക്ക് അവസാനിപ്പിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ എന്റെ ചരിത്രപഠനം തുടരുവാനാണ് ആഗ്രഹിക്കുന്നത്. അംബേദ്കറെപ്പറ്റിയുള്ള പഠനംപോലും പൂര്‍ത്തിയായിട്ടില്ല.
എന്നാല്‍, ഈ ഗ്രന്ഥത്തിന് ഒരു അവതാരിക എഴുതിയ ഡോക്ടര്‍ എം.എം. തോമസിനോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് കേവല മര്യാദമാത്രമാണ്. നാഗാലാന്റ് ഗവര്‍ണര്‍ എന്ന നിലയില്‍ തിരക്കേറിയ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനം ചെറുതും ജനസംഖ്യ കുറവുമാണെങ്കിലും രാഷ്ട്രീയാനിശ്ചിതത്വം ഏറെയുള്ള ഒരു നാടാണത്. അതിനാല്‍ത്തന്നെ ഗവര്‍ണറുടെ ചുമതലയും വലുതാണ്. അതിനിടയ്ക്കാണ് എന്റെ ഗ്രന്ഥം പൂര്‍ണമായി വായിച്ചു പഠിച്ച് ആത്മാര്‍ത്ഥയോടെ തുറന്നെഴുതിയ ഒരു അവതാരിക അദ്ദേഹം അയച്ചുതന്നത്. തീര്‍ച്ചയായും ഞാനതില്‍ സംതൃപ്തനാണ്. വ്യക്തിപരമായ സ്‌നേഹത്തെയും ആശയത്തോടുള്ള വിശ്വസ്തതയേയും രണ്ടായി കാണുവാന്‍ അദ്ദേഹം ശ്രമിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ അവതാരികയും അതിലെ വിയോജനക്കുറിപ്പും. ഞാന്‍ അതിനെ ഏറെ മാനിക്കുകയും അദ്ദേഹത്തെ കൂടുതല്‍ ആദരിക്കുകയും ചെയ്യുന്നു.
ദേശീയ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിയ ഗാന്ധിജിക്ക് സ്ഥാപിത താത്പര്യക്കാരോട് രാജിചെയ്യേണ്ടതായി വന്നു എന്നത് തെറ്റല്ല എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കുവാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു; ഗാന്ധിജി ഹരിജന്‍ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കാതിരുന്നുവെങ്കില്‍. സ്ഥാപിത താത്പര്യങ്ങളോട് രാജിയാകുകയും ഹരിജന്‍ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ധരിച്ച ആ പൊയ്മുഖം വഞ്ചനയുടേതായിരുന്നു എന്ന് പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു.
ഏതായാലും ഡോ. തോമസ് സ്വന്തം അഭിപ്രായം നിലനിര്‍ത്തിക്കൊണ്ടുതന്നെ എന്നോടു കാണിച്ച സൗഹൃദത്തിനും എനിക്കുവേണ്ടി അനുഭവിച്ച ക്ലേശത്തിനും ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു
എന്‍.കെ.ജോസ്
നമശിവായം, അംബികാമാര്‍ക്കറ്റ്
വെച്ചൂര്‍, വൈക്കം
24-9-90
…………………
ഒന്നാം പതിപ്പിന്റെ അവതാരിക
ഡോ.എം.എം. തോമസ്
ശ്രീ.എന്‍.കെ.ജോസ് രചിച്ച ‘അംബേദ്കര്‍’ എന്ന ഗ്രന്ഥത്തിന് ഒരു അവതാരിക എഴുതുന്നത് എനിക്ക് സന്തോഷമുള്ള കാര്യ മാണ്. അതിന് എന്നോട് ശ്രീ.ജോസ് ആവശ്യപ്പെട്ടതിന് അദ്ദേഹത്തോട് എനിക്ക് കൃതജ്ഞതയുണ്ട്.
ആധുനിക കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹികരംഗത്ത് വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ പല പ്രസ്ഥാനങ്ങളുടെയും ചരിത്രം രചിച്ചിട്ടുള്ള പേരുകേട്ട ഒരു ചരിത്രകാരനാണ് ശ്രീ. ജോസ്. ഇതിനകം ‘ചാന്നാര്‍ ലഹള’, ‘ക്ഷേത്രപ്രവേശന വിളംബരം’, ‘വേലുത്തമ്പി ദളവാ’, ‘വൈക്കം സത്യാഗ്രഹം’, ‘ദിവാന്‍ മണ്‍റോ’, ‘പുലയലഹള’, ‘അയ്യന്‍കാളി’ ആദിയായ അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചരിത്രഗവേഷണവും രചനയും കേവലം നിഷ്പക്ഷമായി ചെയ്യുവാന്‍ കഴിയുന്നതല്ല; സ്ഥാപിത താത്പര്യങ്ങളോ വിപ്ലവതാത്പര്യങ്ങളോ നീതികരിക്കുന്ന ഏതെങ്കിലും ചരിത്രവ്യാഖ്യാനം അവയുടെ ചട്ടക്കൂടാണ് എന്ന് വിശ്വസിക്കുന്ന ഒരു ചരിത്രകാരനാണ് ശ്രീ. ജോസ്. അദ്ദേഹത്തിന്റെ ചരിത്രവീക്ഷണത്തില്‍ ഇന്ത്യയിലെ പരമ്പരാഗതമോ ആധുനികമോ ആയ സാമൂഹികക്രമങ്ങളില്‍ അവശതയും മര്‍ദ്ദനവും അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ വിമോചനം പരമലക്ഷ്യമാണ്. അതിലും വിശേഷിച്ച്, നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്നുപോരുന്ന ജാതിവ്യവസ്ഥിതിയില്‍ ചാതുര്‍വര്‍ണ്യത്തിനും അപ്പുറത്ത് മനുഷ്യത്വം ഒരുവിധത്തിലും മാനിക്കപ്പെടാതെ ജീവിക്കുന്ന ദലിത് വിഭാഗത്തിന്റെ അടിമത്തത്തില്‍നിന്നുള്ള വിടുതലാണ് അദ്ദേഹത്തിന്റെ ചരിത്രപഠനങ്ങളുടെ ലക്ഷ്യം എന്ന് പ്രസ്താവിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ആത്മനിഷ്ഠതയുടെ ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥങ്ങള്‍ എല്ലാം രചിച്ചിട്ടുള്ളത്. അവയുടെ തുടര്‍ച്ചയായി, ഇന്നു ഭാരതത്തില്‍ ദലിത് വിമോചന സമരങ്ങള്‍ക്ക് പ്രധാന ആയുധമായ അംബേദ്കറിസം എന്ന പ്രത്യയശാസ്ത്രം അംബേദ്കറിന്റെ ജീവചരിത്രം ആധാരമാക്കി വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തില്‍ ശ്രീ. ജോസ് ചെയ്യുന്നത്. ഒരര്‍ത്ഥ ത്തില്‍ അദ്ദേഹത്തിന്റെ ഇതഃപര്യന്തമുള്ള എല്ലാ ചരിത്രഗവേഷണങ്ങളുടേയും അടിസ്ഥാനം എന്തായിരുന്നു എന്നു പ്രഘോഷിക്കുകയാണ് ഈ ഗ്രന്ഥം-അതോടൊപ്പം കേരളത്തിലെ ദലിത ജനവിഭാഗത്തിന്റെ സമരായുധത്തിനു മൂര്‍ച്ചകൂട്ടാന്‍ അതു സഹായിക്കുകയും ചെയ്യുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ മുകളില്‍ പ്രസ്താവിച്ച ചരിത്രഗവേഷണ സമീപനമാണ് ചരിത്രകാരന്മാരുടെയും, ഇതര വിപ്ലവ പ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നവരുടെയും ഇടയില്‍ അദ്ദേഹത്തെ ഒരു വിവാദപുരുഷന്‍ ആക്കുന്നത്. ‘വിവാദപുരുഷന്‍’ എന്ന തലക്കെട്ടിലാണല്ലോ, കഴിഞ്ഞവര്‍ഷം ശ്രീ. ജോസിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചപ്പോള്‍ ശ്രീ. പാവുണ്ണി തൈക്കാട് അദ്ദേഹത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. ആത്മനിഷ്ഠതയില്‍നിന്നും വേര്‍പെടുത്തി നിഷ്പക്ഷ സമീപനമാണ് ചരിത്രഗവേഷകനു വേണ്ടത് എന്നു ശഠിക്കുന്നവര്‍ അദ്ദേഹത്തിനു വേണ്ടത്ര വസ്തുനിഷ്ഠതയില്ലെന്നു വിമര്‍ശിക്കും. ബ്രാഹ്മണ മേധാവിത്വമല്ല, ഫ്യൂഡല്‍-മുതലാളി മേധാവിത്വമോ, അല്ലെങ്കില്‍ പുരു ഷമേധാവിത്വമോ ആണ് ഭാരത-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിന്റെ അടിസ്ഥാന താക്കോല്‍ എന്നു കരുതുന്നവര്‍ക്ക് ശ്രീ. ജോസ് ഭാരതസമൂഹത്തിലെ കേന്ദ്ര യാഥാര്‍ത്ഥ്യം കാണാത്ത ആളാണ്. ഈ വിവാദങ്ങളിലേക്ക് അവതാരകന്‍ എന്ന നിലയ്ക്ക് ഞാന്‍ ഇവിടെ പ്രവേശിക്കുന്നില്ല. അതു ചര്‍ച്ചചെയ്യാനുള്ള ചരിത്രപാണ്ഡിത്യം എനിക്കില്ലതാനും. എങ്കിലും, ഏതു ചരിത്രവ്യാഖ്യാനവും ആത്മനിഷ്ഠത ഉള്‍ക്കൊള്ളുന്നതാണെന്നും ഭാരതസമൂഹത്തെ സംബന്ധിച്ചിടത്തോളം ജാതി ഒരു മുഖ്യ സ്വതന്ത്ര യാഥാര്‍ത്ഥ്യമാണെന്നും ഞാന്‍ കരുതുന്നുവെന്ന് ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്.
ഭാരതത്തിന്റെ ദേശീയ സാംസ്‌കാരികോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഹിന്ദുമതത്തിലും ഹിന്ദുസമൂഹത്തിലും നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. അവയുടെ അനുബന്ധമായിരുന്നു പരമ്പരാഗത ജാതി വ്യവസ്ഥിതിക്കെതിരായ സമരങ്ങള്‍. അക്കൂട്ടത്തില്‍ വിദ്യാസമ്പന്നരായ ഉന്നതജാതീയരുടെ സ്വയം വിമര്‍ശനവും അധഃകൃതരുടെ സ്വത്വബോധത്തിന്റെ ഉണര്‍ച്ചയും ഉളവായി. എന്നാല്‍, അബ്രാഹ്മണരുടെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുതന്നെ വിവിധ ആശയാടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ശ്രീനാരായണഗുരു അദ്വൈതത്തിന് പുതിയ വ്യാഖ്യാനം കൊടുത്തുകൊണ്ടാണ് ബ്രാഹ്മണമേധാവിത്വം എതിര്‍ത്തത്. തമിഴ്നാട്ടിലെ ഇ.വി. രാമസ്വാമി നായ്ക്കര്‍ യുക്തിവാദത്തിലാണ് ദ്രാവിഡകഴകത്തെ പ്രതിഷ്ഠിച്ചത്. ഇവ രണ്ടും ജാതിക്കെട്ടിലെ പഞ്ചമര്‍ക്കു മുകളിലുള്ള ജാതികളുടെ ഉണര്‍വാണ് പ്രകടമാക്കിയത്. എന്നാല്‍, മഹാരാഷ്ട്രയില്‍ മഹാത്മ ഫൂലേയും അതിനുശേഷം അംബേദ്കറും നേതൃത്വം കൊടുത്തത് പഞ്ചമരുടെ സ്വയം ബോധവല്‍ക്കരണ പ്രസ്ഥാനത്തിനായിരുന്നു. അതുകൊണ്ട് പരമ്പരാഗത സാമൂഹികവ്യവസ്ഥിതിയില്‍ ഏറ്റം താഴേക്കിടയില്‍ അനീതി അനുഭവിക്കുന്ന ദലിത് വര്‍ഗത്തിന്റെ വിമോചന സമരചരിത്രത്തില്‍ അംബേദകറിസത്തിന് ഒരു മുഖ്യസ്ഥാനമുണ്ടായിരുന്നു, തുടര്‍ന്ന് ഉണ്ടായിരിക്കുകയും ചെയ്യും.
ഗ്രന്ഥത്തിലെ നിഗമനങ്ങളില്‍ എനിക്കു യോജിക്കാന്‍ സാധിക്കാത്തതുണ്ടെങ്കില്‍ അത് ഈ അവതാരികയില്‍തന്നെ പറയുന്നതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് ശ്രീ. ജോസ് എഴുതിയിരുന്നു. അതുകൊണ്ട് എന്റെ ഒരു വിയോജിപ്പ് എടുത്തുപറയേണ്ടതുണ്ട്. ഗാന്ധിസവും ഹൈന്ദവരാഷ്ട്ര സിദ്ധാന്തവും കാതലായ കാര്യങ്ങളില്‍ വ്യത്യാസമില്ലാത്ത ബ്രാഹ്മണമേധാവിത്വ സിദ്ധാന്തങ്ങളായി കാണിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ പ്രവണത ചരിത്രയാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. കൂടാതെ, ഗാന്ധിജി വിദേശ മേല്‍ക്കോയ്മയില്‍നിന്നുള്ള ദേശീയസ്വാതന്ത്ര്യത്തിനു മുന്‍ഗണന നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ജാതിമതവര്‍ഗ ഭേദങ്ങള്‍ക്കതീതമായി ഭാരതജനതയെ കൂട്ടിയിണക്കാന്‍ ഉദ്യമിച്ചു. അതു കൊണ്ട് സ്ഥാപിതതാത്പര്യങ്ങളോടു രാജി ചെയ്യേണ്ടതായും വന്നു. അതു രാഷ്ട്രീയസ്വാതന്ത്ര്യ സമരകാലത്തു തെറ്റായിരുന്നു എന്നു പറയുവാന്‍ സാധിക്കുമോ? സമൂഹത്തില്‍ നീതിവിപ്ലവം സാധിച്ചശേഷമാണ് രാഷ്ട്രീയസ്വാതന്ത്ര്യം ഉണ്ടാകേണ്ടതെന്നു ശഠിച്ച പല പ്രത്യയശാസ്ത്രങ്ങളുമുണ്ടായിരുന്നു. അംബേദ്കറും ഒരു കാലഘട്ടത്തില്‍ അങ്ങനെ ചിന്തിച്ചിരിക്കണം. എന്നാല്‍, വട്ടമേശ സമ്മേളനത്തില്‍ വച്ചാണ് ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ അധഃകൃതര്‍ക്കു നീതിയുണ്ടാകയില്ല, രാഷ്ട്രീയമായി സ്വതന്ത്രഭാരതത്തില്‍ മാത്രമേ നീതിസമരം വിജയിക്കൂ എന്ന് അംബേദ്കര്‍ ആദ്യമായി തുറന്നു പ്രസ്താവിക്കുന്നത് എന്നു തോന്നുന്നു. സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമേ ആ സമരത്തിനു സാദ്ധ്യതയും വിജയവും ഉണ്ടാകയുള്ളു എന്നര്‍ത്ഥം. ഗാന്ധിസത്തിന്റെ പശ്ചാത്തലത്തിലും ഗാന്ധിസം വിമര്‍ശിക്കുന്നതിലുമാണ് അംബേദ്കറിസത്തിന് സാംഗത്യമുണ്ടാകുന്നത്. വേറൊരു കാര്യംകൂടെ. ‘ഗാന്ധിസം ആര്യധര്‍മ്മത്തിന്റേയും ബുദ്ധമതത്തിന്റെയും ക്രിസ്തുസന്ദേശത്തിന്റെയും, പിന്നെ തനിക്കു ലഭിച്ച എല്ലാറ്റിന്റെയും ഒരു അവിയല്‍ മാത്രമായിരുന്നു’ എന്ന ശ്രീ ജോസിന്റെ നിഗമനത്തോട് ഞാന്‍ യോജിക്കുന്നു. ‘അംബേദ്കറിസവും ജാതിവിരു ദ്ധത, ബുദ്ധമത തത്വങ്ങള്‍, ലിബറല്‍ ജനാധിപത്യം, വിദ്യാഭ്യാസത്തിലും സമരത്തിലുംകൂടെ ബോധവല്‍കരണം, ആദിയായവ കൂട്ടിച്ചേര്‍ത്ത ഒരു അവിയലായിരുന്നു എന്നു പറയാം. അര്‍ദ്ധസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രങ്ങള്‍ നിലവിലിരിക്കുന്നിടത്ത് ഭാഗികസത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള അവിയല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് സ്ഥാനമുണ്ടെന്നാണ് എന്റെ അഭിപ്രായം. എന്റെ വിയോജനക്കുറിപ്പ് ഇവിടെ നിറുത്തുന്നു.
ഭാരതസമൂഹം ജനങ്ങളുടെ മനുഷ്യത്വത്തോടു നീതിചെയ്യണമെന്ന് അഭിലഷിക്കുന്ന എല്ലാ മലയാളികള്‍ക്കും അംബേദ്കറിസം മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം സഹായകരമാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.
ഡോ.എം.എം. തോമസ്
കൊഹിമ
18-8-1990
Leave a Reply