(പഠനം, യാത്രാനുഭവം)
കെ.എ.ബീന
പ്രമുഖ മാധ്യമപ്രവര്‍ത്തകയും സഞ്ചാരിയുമായ കെ.എ.ബീനയുടെ പുതിയ കൃതിയാണ് ആ കസേര ആരുടേതാണ് എന്ന പഠനവും യാത്രാനുഭവവും ചേര്‍ന്ന വ്യത്യസ്തമായത്. ആ കൃതിക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ അവതാരികയാണ് ഇതോടൊപ്പം നല്‍കുന്നത്.
ജനഹിതം, ശാക്തീകരണം,
അധികാര വികേന്ദ്രീകരണം
വെങ്കിടേഷ് രാമകൃഷ്ണന്‍
ഏതാണ്ട് 38 വര്‍ഷം മുമ്പ് -1987 ജനുവരിയില്‍-പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ കാണാനും അനുഭവിക്കാനും ഇടയായ അദ്ഭുതകരമായ ഒരു അധികാര വികേന്ദ്രീകരണ ഉദ്യമത്തിന്റെ തുടര്‍ച്ചയായി, അക്കാലത്ത് സംസ്ഥാന ധനമന്ത്രിയായിരുന്ന അശോക് മിത്രയുമായും ആ സമയത്ത് സിപിഐഎമ്മിന്റെ യുവ നേതാവായിരുന്ന ബിമന്‍ ബോസുമായും പഞ്ചായത്തീരാജ് സമ്പ്രദായത്തെപ്പറ്റി സവിശേഷമായ ചില ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അധികാര വികേന്ദ്രീകരണം എന്ന വിശാലമായ ആശയം ആദ്യം മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പനത്തിലൂടെയും, പിന്നീട് നെഹ്‌റുവിന്റെ കാലംമുതല്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള വ്യത്യസ്തമായ സര്‍ക്കാരുകളും ഭരണനേതാക്കളും മുന്നോട്ടുനീക്കിയ പഞ്ചായത്തീരാജ് സമ്പ്രദായത്തിലൂടെയും വളര്‍ന്നുവന്നത് എങ്ങനെ എന്ന് ആലോചിച്ച ഒരു ചര്‍ച്ചയായിരുന്നു അത്.
കെ.എ ബീനയുടെ ‘ആ കസേര ആരുടേതാണ്?’ എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ ചര്‍ച്ച തന്നെയാണ് എന്നിലേക്ക് വീണ്ടും വീണ്ടും കടന്നുവന്നത്. യാത്രാനുഭവം എന്നാണ് ബീന പുസ്തകത്തെ  അടയാളപ്പെടുത്തുന്നത്. യാത്രകളും അവയില്‍നിന്ന് ഉണ്ടാകുന്ന വൈവിധ്യപൂര്‍ണമായ അനുഭവങ്ങളും ഈ പുസ്തകത്തില്‍ നിറയെയുണ്ട്. പക്ഷേ, സാധാരണഗതിയില്‍ യാത്രാനുഭവം എന്ന് വിളിക്കപ്പെടുന്ന രചനകളില്‍ മുഴച്ചുനില്‍ക്കുന്ന പതിവ് ചേരുവകളുടെ സങ്കലനമല്ല നാം ഇവിടെ കാണുക. മറിച്ച്, യാത്രകളുടെയും അതിലൂടെ ഉണ്ടാകുന്ന അനുഭവങ്ങളുടെയും അടയാളപ്പെടുത്തലിനോടൊപ്പം ലോങ്ങ് ഫോം ജേണലിസത്തില്‍ പലപ്പോഴും പ്രതിഫലിക്കുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തനവും അക്കാദമിക അന്വേഷണവും കൂടിച്ചേരുന്ന ഒരുതലവും കാണാനാവും.
ഇതുകൊണ്ടുതന്നെ ഇന്ത്യ എന്ന വലിയ രാജ്യത്തിലെ, കോടിക്കണക്കിന് ആള്‍ക്കാര്‍ ജീവിച്ചുപോരുന്ന ഒരു സമൂഹത്തിലെ, അധികാര വികേന്ദ്രീകരണ അനുഭവങ്ങളിലെ സ്ത്രീശാക്തീകരണ ഇടപെടലുകളുടെ ഉയര്‍ച്ചതാഴ്ചകള്‍ കുറിക്കുന്ന ചില പഠന-അധ്യായങ്ങള്‍ എന്നതാവും ഈ പുസ്തകത്തിന് കൂടുതല്‍ ചേരുന്ന വിശേഷണം. പുസ്തകത്തിന്റെ ആമുഖത്തില്‍ ബീന തന്നെ ഈ തലത്തെപ്പറ്റി സൂചന നല്‍കുന്നുണ്ട്. പത്രപ്രവര്‍ത്തനം ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിക്കുമ്പോള്‍ ഡെവലപ്‌മെന്റല്‍ ജേണലിസത്തോട് ഉണ്ടായിരുന്ന പ്രത്യേക ആഭിമുഖ്യവും അതില്‍ത്തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഉള്ള താത്പര്യവും അടിവരയിട്ടശേഷം ബീന ഇതുകൂടി സൂചിപ്പിക്കുന്നു: ”സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരവും പ്രാന്തവത്കരിക്കപ്പെട്ടവരും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് പഞ്ചായത്തീരാജിലൂടെയാണ്” എന്ന തിരിച്ചറിവിന്റെ തുടര്‍ച്ചയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന യാത്രകള്‍ എന്ന്.
ഈയൊരു പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അശോക് മിത്രയുമായും ബിമന്‍ ബോസുമായുള്ള അധികാര വികേന്ദ്രീകരണ ചര്‍ച്ചയിലേക്ക് ആ കസേര ആരുടേതാണ്?’ എന്നെ തുടര്‍ച്ചയായി പുനരാനയിച്ചുകൊണ്ടിരുന്നത്. പശ്ചാത്തലം കൂടി വിശദമാക്കിയാലേ ഈ ചര്‍ച്ചയുടെ സവിശേഷത പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ആവൂ. അശോക് മിത്രയെയും ബിമന്‍ ബോസിനെയും കൊല്‍ക്കത്തയില്‍ (അക്കാലത്ത് കല്‍ക്കട്ട) വച്ചു കാണുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന മുര്‍ഷിദാബാദ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഉണ്ടായ അനുഭവമായിരുന്നു പശ്ചാത്തലം. പലതലങ്ങളിലും സര്‍റിയല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു പത്രപ്രവര്‍ത്തക അനുഭവമായിരുന്നു അത്.
ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ കവര്‍ ചെയ്ത് പശ്ചിമബംഗാളിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുര്‍ഷിദാബാദിലെ ഒരു പ്രാദേശിക ലേഖകന്‍ പറഞ്ഞറിഞ്ഞ് പ്രത്യേകമായ ഒരു ജനാധിപത്യ വികേന്ദ്രീകരണ കൂടിച്ചേരല്‍ സദസ്സിലേക്ക് എത്തുന്നത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് വഴി എത്തിയിട്ടുള്ള നൂറ് ശൈത്യകാല കമ്പിളികള്‍ ഒരു ഗ്രാമത്തിലെ ഏതാണ്ട് മുഴുവന്‍ ആളുകളെയും-ആബാലവൃദ്ധം- വിളിച്ചുകൂട്ടി വിതരണംചെയ്യുന്ന ഒരു പരിപാടിയായിരുന്നു അത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും ഒക്കെ പങ്കെടുക്കുന്നുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട പങ്കാളിത്തവുമായി സാധാരണക്കാരായ ജനങ്ങള്‍-സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ- ഒത്തുചേര്‍ന്ന ക്ഷേമ-വികസന പരിപാടി. അങ്ങനെ ഒരു പഞ്ചായത്തീരാജ് ഇനിഷ്യേറ്റീവിനെപ്പറ്റി മുമ്പ് കേട്ടിട്ടുപോലുമില്ല. കാണുന്ന കാര്യം പറയാനില്ലല്ലോ.
പക്ഷേ, ഒരു വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നീണ്ട അവിശ്വസനീയമായ ഒരു ജനകീയ സംവാദ അഭ്യാസത്തിനൊടുവില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ ആ നൂറ് കമ്പിളികളും ആ ഗ്രാമത്തില്‍ വിതരണം ചെയ്യപ്പെട്ടു. ഏതാണ്ട് 1500 പേരെ ദൃക്‌സാക്ഷിയാക്കി. ആരോരുമില്ലാത്ത, ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുള്ള ഒരു 90 വയസുകാരന് ആദ്യ കമ്പിളി ചോദ്യങ്ങള്‍ ഒന്നുമില്ലാതെ നല്‍കിയതിനുശേഷം, പിന്നീടുള്ള 99 എണ്ണത്തിന്റെയും പേരില്‍ അതികലശലായി വാദിക്കുകയും തര്‍ക്കിക്കുകയും ചെയ്ത് വിതരണ പ്രക്രിയ മണിക്കൂറുകള്‍ നീട്ടി പുലര്‍ച്ചെവരെ എത്തിച്ചു. അതിനെല്ലാം ഒടുവില്‍ വിജയകരമായ വീതംവെപ്പ് കുരവകളോടെയും ആര്‍പ്പുവിളികളോടെയും ആഘോഷിച്ച ഒരു ഗ്രാമസമൂഹത്തെ കണ്ട സായാഹ്നവും രാത്രിയും പ്രഭാതവും ആയിരുന്നു അത്. (ഇതേപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനം 2009 ജൂണിലെ സമകാലിക മലയാളം വാരികയില്‍).
ഈ അനുഭവത്തെപ്പറ്റിയാണ് കുറച്ചുദിവസങ്ങള്‍ക്കു ശേഷം അശോക് മിത്രയുമായും ബിമന്‍ ദായുമായും സംസാരിച്ചത്. ആശ്ചര്യപ്പെടുത്തിയ ഒരു വികസന പ്രക്രിയ എന്ന് മുഖവുരയോടെ ഞാന്‍തന്നെ തുടക്കംകുറിച്ച സംഭാഷണത്തില്‍, എന്റെ പ്രധാന ചോദ്യം സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും സമാനമായ കൂടിച്ചേരലുകളും ജനാധിപത്യപരമായ സംവാദങ്ങളും വീതംവെപ്പുകളും പഞ്ചായത്തീരാജിന്റെ ഭാഗമായി നടക്കുന്നുണ്ടോ എന്നായിരുന്നു. ഇത് ഒരു പൊതുപദ്ധതി അല്ലെന്നും ഗ്രാമത്തിന്റെ സ്വകീയമായ സാമൂഹിക ക്രിയാത്മകതയില്‍ നിന്നാണ് ഇത്തരമൊരു ഇനിഷ്യേറ്റീവ് ഉണ്ടായത് എന്നും പറഞ്ഞ മിത്ര, ഇത്തരത്തിലുള്ള പലതരം ബദല്‍ മാതൃകകള്‍ പരീക്ഷിച്ചുനോക്കാന്‍ അക്കാലത്തെ പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നുണ്ട് എന്നും പറഞ്ഞു.
”കഴിഞ്ഞദിവസം മുര്‍ഷിദാബാദില്‍ നിങ്ങള്‍ കണ്ടത് ഈ ദിശയിലുള്ള ഭരണപരവും രാഷ്ട്രീയവുമായ ഒരു ചെറു ശ്രമമാണ്. പശ്ചിമബംഗാളില്‍ എല്ലായിടത്തും സമാനമായ ഇടപെടലുകള്‍ നടക്കുന്നുണ്ട് എന്നോ, എല്ലാ പഞ്ചായത്തുകളിലും സമാനമായ ജനപങ്കാളിത്തത്തോടെയാണ് വികസന പരിപാടികള്‍ നടപ്പാക്കപ്പെടുന്നത് എന്നോ പറയാന്‍ പറ്റില്ല. പക്ഷേ, ഇതൊരു പുതിയ ഉദ്യമമാണ്, മാര്‍ഗവും.’  സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭൗതികതലത്തിന് അപ്പുറത്ത് ഇത്തരം ഇനിഷ്യേറ്റീവുകള്‍ക്കുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രസക്തിയെപ്പറ്റി കൂടി മഹാപണ്ഡിതനായ ആ ഇക്കണോമിസ്റ്റ്-പൊളിറ്റിക്കല്‍ തിയറിസ്റ്റ് സംസാരിക്കുകയുണ്ടായി.
അന്ന് അദ്ദേഹം പറഞ്ഞതിന്റെ ആകെത്തുക ഇങ്ങനെ സംക്ഷേപിക്കാം: ആത്യന്തികമായി അധികാര വികേന്ദ്രീകരണം എന്ന ആശയം ജനഹിതത്തെ പ്രതിഫലിപ്പിക്കുകയും, അതോടൊപ്പം വിശാലമായ അര്‍ത്ഥത്തിലുള്ള സാമൂഹിക ശാക്തീകരണം സാധ്യമാക്കുകയും വേണം. ഗാന്ധിജി ഗ്രാമസ്വരാജ് എന്നു പറയുമ്പോഴും അതിനെ പിന്തുടര്‍ന്ന് നെഹ്‌റു പഞ്ചായത്തീരാജ് സമ്പ്രദായം 1950കളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴും, അതിനുശേഷം വ്യത്യസ്തമായ തലങ്ങളില്‍ വിവിധ ഇടതുപക്ഷ- മധ്യപക്ഷ പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധീകരിച്ച രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും അവയെ നയിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ എം.കരുണാനിധിയും രാമകൃഷ്ണ ഹെഗ്‌ഡെയും രാജീവ് ഗാന്ധി വരെയും ഉള്ള നേതാക്കളും ഈ പ്രക്രിയയെ ഏറിയും കുറഞ്ഞുമുള്ള രീതിയില്‍ മുന്നോട്ടുനീക്കുക തന്നെയായിരുന്നു. ആ തുടര്‍ച്ചയിലെ ഒരു ഘട്ടമാണ് പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ സവിശേഷമായ ചില സംഭാവനകള്‍ കൊണ്ട് അടയാളപ്പെടുത്തുന്നതും.
ഭരണപരവും രാഷ്ട്രീയവുമായ ഇത്തരം അടയാളപ്പെടുത്തലുകള്‍ അവയുടെ സമഗ്രമായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യാന്‍ ജനങ്ങളുടെ ഇടയില്‍നിന്ന് ജനജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ ഉണ്ടാക്കിയിട്ടുള്ള ആഘാത-പ്രത്യാഘാതങ്ങള്‍ റെക്കോര്‍ഡ് ചെയ്തു അവതരിപ്പിക്കപ്പെടേണ്ടതുണ്ട് എന്നും അശോക്മിത്ര കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ തൃണമൂലങ്ങളില്‍ നിന്നുള്ള ഇത്തരം രേഖപ്പെടുത്തലുകള്‍ ആവും ഈ പരിപാടികളുടെ ആത്യന്തികമായ ഗുണദോഷഫലങ്ങളുടെ നിര്‍ണയം നടത്തുക എന്നും അദ്ദേഹം അടിവരയിട്ടു.
ഒരു യുവ പത്രപ്രവര്‍ത്തകനോട് സംസാരിക്കുന്ന യുവ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ബിമന്‍ ദായ്ക്ക് പറയാനുണ്ടായിരുന്നത്, ഇത്തരം അനുഭവങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ കൂടുതലായി സംസാരിക്കുകയും എഴുതുകയും അവയുടെ മൂര്‍ത്തമായ സന്ദേശം വ്യാപകമാക്കുകയും വേണം എന്നായിരുന്നു. അശോക് മിത്രയും ബിമന്‍ ദായും ഇങ്ങനെ സംസാരിക്കുമ്പോള്‍, ഇന്ത്യന്‍ പഞ്ചായത്തീരാജ് നിയമത്തിന് ഭരണഘടനാ പദവി നല്‍കിയ, തദ്ദേശസ്വയംഭരണ സമ്പ്രദായത്തിലെ സാമൂഹികനീതി ഉള്ളടക്കം വിപുലമാക്കിയ, സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഉള്ള സംവരണം പ്രാബല്യത്തില്‍ വരുത്തിയ, 1993 ലെയും 1996 ലെയും ആക്ടുകള്‍ നിലവില്‍ വന്നിരുന്നില്ല. നമ്മുടെ അധികാര വികേന്ദ്രീകരണ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ നിയമ ഭേദഗതികളും, അശോക് മിത്ര 1987 ല്‍ സ്വന്തം ഭരണ റെക്കോര്‍ഡിലേക്ക് വിരല്‍ചൂണ്ടി പറഞ്ഞതുപോലെ പുതിയ ചരിത്ര ഘട്ടങ്ങള്‍ അടയാളപ്പെടുത്തി.
വ്യക്തിപരമായി പറഞ്ഞാല്‍, 1987 ലെ ആ കൂടിക്കാഴ്ചക്കു ശേഷമുള്ള മൂന്നര പതിറ്റാണ്ട് കാലത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ സംഘടിതമായി അല്ലെങ്കിലും, അധികാരവികേന്ദ്രീകരണം എന്ന ആശയത്തെ പൊതുവിലും പഞ്ചായത്തീരാജ് പ്രത്യേകമായും പ്രതിപാദിക്കുന്ന ചുരുക്കം ചില മാധ്യമ ഇടപെടലുകള്‍ നടത്തിയിരുന്നു. എങ്കിലും എന്റെ പത്രപ്രവര്‍ത്തക ഉദ്യമങ്ങള്‍ക്ക് അടിസ്ഥാനപരമായി ചേരുന്ന വിശേഷണം ‘ചുരുക്കം’ എന്നതു തന്നെയാണ്. ബിമന്‍ ദാ നിഷ്‌കര്‍ഷിച്ചപോലെ കൂടുതല്‍ വിശാലമായ സംസാരവും എഴുത്തും വ്യാപകമായ പ്രചാരണവും ഉണ്ടായില്ല എന്നര്‍ത്ഥം.
ആദ്യത്തെ ഇന്ത്യന്‍ പഞ്ചായത്തീരാജ് സമ്പ്രദായം ഔദ്യോഗികമായി 1950 കളില്‍ നിലവില്‍ വന്നതിനുശേഷം ഇന്ത്യയിലെ പല ഭാഷകളിലും ഇംഗ്ലീഷിലുമായി നൂറുകണക്കിന് രാഷ്ട്രീയ മാധ്യമപ്രവര്‍ത്തകര്‍ കടന്നുവന്നിട്ടുണ്ടെങ്കിലും പഞ്ചായത്തീരാജ് സമ്പ്രദായത്തെ ഒരേസമയം സൂക്ഷ്മവും മൂര്‍ത്തവും വിശാലവുമായ അര്‍ത്ഥത്തില്‍ പ്രത്യേകമായി പഠിച്ച മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും തുലോം വിരളംതന്നെ. ശരിയാണ്, ചില ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും സവിശേഷമായിത്തന്നെ ഈ വിഷയത്തിലൂന്നി പഠനങ്ങള്‍ നടത്തുകയും പ്രസിദ്ധീകരണങ്ങള്‍ ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനവും അക്കാദമിക ഗവേഷണവും ഒത്തുചേരേണ്ട ഈ മേഖലയില്‍ ശ്രദ്ധേയമായ ചില സംഭാവനകള്‍ നല്‍കിയവരാണ് ‘Dynamics of New Panchayati Raj system in India : Select States ‘ എന്ന പഠനം തയ്യാറാക്കിയ ജി.പളനിതുറയും ‘Panchayati Raj system and Rural Development ‘ എന്ന പുസ്തകം എഴുതിയ ഇഖ്ബാല്‍ മുഹമ്മദും ‘ Panchayati Raj in India: Theory and Practice ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളായ ശാലിനി രജനീഷും എസ്.എല്‍ ഗോയലും. സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളിലും പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണത്തിന്റെ ഘടനാപരമായ സംവിധാനങ്ങളുടെ പരിശോധനയിലും പ്രധാനമായി ഊന്നല്‍ നല്‍കിയ രചനകള്‍ ആയിരുന്നു ഇവയെല്ലാം.
ഇത്തരം ഒരു പശ്ചാത്തലത്തിലാണ് പ്രാഥമിക ശ്രേണികളില്‍നിന്ന് പഞ്ചായത്തീരാജ് പദ്ധതികളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെയും പട്ടികജാതി പട്ടികവര്‍ഗങ്ങളുടെയും ശാക്തീകരണം ലക്ഷ്യമാക്കിയ പദ്ധതികളുടെ ആഘാത-  പ്രത്യാഘാതങ്ങള്‍ അന്വേഷണ വിധേയമാക്കിയ കെ.എ ബീനയുടെ ‘ആ കസേര ആരുടേതാണ്’ എന്ന രചനയുടെ പ്രസക്തി. അധികാര വികേന്ദ്രീകരണം എന്ന സങ്കല്പനത്തെ അടിസ്ഥാനശിലയാക്കുകയും തെക്ക്-വടക്ക്-കിഴക്ക് -പടിഞ്ഞാറ് എന്നിങ്ങനെയുള്ള ഭൂമിശാസ്ത്രപരമായ ഇന്ത്യന്‍ തരംതിരിവുകളെ പ്രധാന പരിഗണനാവിഷയങ്ങളില്‍ ഒന്നാക്കുകയും ചെയ്ത്, സാമൂഹികവും രാഷ്ട്രീയവും ലിംഗപരവുമായ ആഴത്തിലുള്ള മാധ്യമ അന്വേഷണങ്ങള്‍ അനാവൃതമാക്കുന്ന ഒരു പുസ്തകമാണിത്. 1993ലെ ചരിത്രംകുറിച്ച പഞ്ചായത്തീരാജ് നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട സാമൂഹികനീതി പദ്ധതികളായ സ്ത്രീ സംവരണം, പട്ടികജാതി-പട്ടികവര്‍ഗ സംവരണം എന്നിവ എങ്ങനെയാണ് നടപ്പാക്കപ്പെടുന്നത് എന്നും, ആ പ്രക്രിയയില്‍ ഉള്‍പ്പെട്ടുപോകുന്ന വ്യക്തി ജീവിതങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നുമുള്ളതാണ് ‘ആ കസേര ആരുടേതാണ്’ മുഖ്യപ്രതിപാദ്യമായി എടുത്തിട്ടുള്ളത്.
കേരളത്തില്‍നിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലൂടെയും ഗുജറാത്തിലൂടെയും ഹരിയാനയിലൂടെയും ഉത്തര്‍പ്രദേശിലൂടെയും ബീഹാറിലൂടെയും പശ്ചിമബംഗാളിലൂടെയും സഞ്ചരിക്കുന്നു ഈ പുസ്തകവും അതിന്റെ രചയിതാവും. ദൈനംദിന പത്രപ്രവര്‍ത്തനത്തിന്റെ തലത്തില്‍ സ്‌കൂപ്പുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി അനാവരണങ്ങള്‍ ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ ഉണ്ട്.
മാധ്യമ സംബന്ധിയായ പരിശോധനയുടെ തലത്തില്‍ പ്രധാനമായ ഈ മാനത്തോടൊപ്പം ‘ ആ കസേര ആരുടേതാണി”ലെ ലേഖനങ്ങള്‍ ഓരോന്നും പുറത്തുകൊണ്ടുവരുന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സൂക്ഷ്മാംശങ്ങള്‍ ജനജീവിതത്തിന്റെയും വിശാല സമൂഹത്തിന്റെയും സമകാലിക അവസ്ഥകളെ ഒരേസമയം പില്‍ക്കാലചരിത്രത്തിന്റെയും ഭാവി സാധ്യതകളുടെയും മാനദണ്ഡങ്ങളെ ആസ്പദമാക്കി വിശകലനം ചെയ്യുന്നവയാണ്. അത്തരം ഒരു വിശകലനം ഉല്‍പതിഷ്ണമായ ഒരു വികസന പരിപ്രേക്ഷ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിനോടെല്ലാം ഒപ്പം ഉയര്‍ന്നുനില്‍ക്കുന്ന മറ്റൊരു സവിശേഷത ഈ രചനയ്ക്കുണ്ട്. ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ വഴികളില്‍ നിലയുറപ്പിച്ചിട്ടുള്ള സാധാരണ മനുഷ്യരുടെ ജീവിതത്തെ സഹാനുഭൂതിയോടെയും ഹൃദയസ്പൃക്കായും അവതരിപ്പിക്കുന്നു എന്നത്.
ഈ ദിശയിലേക്കുള്ള തന്റെ അന്വേഷണ-പഠനയാത്രയെ ബീനതന്നെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘രാഷ്ട്രീയ അധികാരത്തിന്റെ വഴിയില്‍ എത്തുന്ന സാധാരണമനുഷ്യരെ കാണാന്‍വേണ്ടി യാത്ര ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കണ്ടുമുട്ടിയ കുറെ പേര്‍. അവരുടെ ജീവിതങ്ങള്‍. അദ്ഭുതകരവും സാഹസികവും ചിലപ്പോള്‍ ദയനീയവും മറ്റു ചിലപ്പോള്‍ അഭിമാനകരവും ആനന്ദദായകവും പ്രതീക്ഷാനിര്‍ഭരവും ഒക്കെയായ ഇന്ത്യന്‍ ജീവിതങ്ങള്‍. ‘
‘ആ കസേര ആരുടെതാണി”ലൂടെ നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിജീവിതവും വ്യതിരിക്തമായ ജീവിത സന്ധികളെയും അനുഭവങ്ങളെയും ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നവയാണ്. ഈ പ്രതിനിധാനങ്ങള്‍ ഓരോ വ്യക്തിജീവിതവും നിലകൊള്ളുന്ന പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ചരിത്രത്തെയും സമകാലിക അവസ്ഥയെയും ഉള്‍ക്കൊള്ളുന്നു.
ആധുനികതയുടെ മൂല്യങ്ങളുമായി മലയാളി സമൂഹത്തിനുള്ള അപൂര്‍ണമായ ഇടപെടലുകളുടെയും കൊടുക്കല്‍- വാങ്ങലുകളുടെയും, അത് മൂല്യസമ്പ്രദായത്തിന്റെ തലത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വിരോധാഭാസങ്ങളുടെയും നേര്‍ചിത്രമാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധാനം. തമിഴ്‌നാട്ടില്‍ ഇപ്പോഴും പലയിടങ്ങളിലും കൊടികുത്തി വാഴുന്ന ജാതി ഉച്ചനീചത്വങ്ങളുടെയും ലിംഗ വിവേചനത്തിന്റെയും നടുക്കുന്ന അവതരണങ്ങള്‍ ഇവിടെ കാണാം; ഒപ്പം അതിനെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ചിട്ടുള്ള വ്യക്തികളെയും പ്രസ്ഥാനങ്ങളെയും.
വടക്ക് ഉത്തര്‍പ്രദേശിലും ഹരിയാനയിലും എത്തുമ്പോള്‍, ആ പ്രദേശത്തെ സങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ സമവാക്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. വനിതയായ ഗ്രാമപ്രധാന്റെ ഭര്‍ത്താവ് ‘പ്രധാന്‍ പതി'( പ്രധാന്റെ ഭര്‍ത്താവ്” ) എന്ന ഒരു പുതിയ ഭാഷാപ്രയോഗത്തിലേക്കും അതുമായി ബന്ധപ്പെട്ട ഒരു വിചിത്ര തസ്തികയുടെ സൃഷ്ടിയിലേക്കും വരെ എത്തിനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ സമവാക്യങ്ങള്‍ ആണിവ. പടിഞ്ഞാറ് ഗുജറാത്തില്‍നിന്നുള്ള മുദ്രണങ്ങളും സമാനമായ രീതിയില്‍ പ്രദേശത്തിന്റെ സങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ ചരിത്രവും സമകാലിക അവസ്ഥയും വെളിവാക്കുന്നവയാണ്.
  ‘ ആ കസേര ആരുടെതാണി”ലെ ഏറ്റവും ശ്രദ്ധേയമായ സാമൂഹ്യനീതി മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് വടക്കില്‍ നിന്ന് കിഴക്കിലേക്കുള്ള യാത്രയിലെ പ്രധാന നാഴികകല്ലുകളില്‍ ഒന്നായ ബിഹാറിലും, പിന്നീട് കിഴക്കിന്റെതന്നെ ഭാഗമായ പശ്ചിമബംഗാളിലും ആണ്. ഈ രണ്ട് സംസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യാനന്തര കാലത്തെ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ  സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഒരു തുടര്‍ച്ച ഈ മുന്നേറ്റത്തില്‍ ഉണ്ട് എന്നു തീര്‍ച്ച. ഒരേ സമയം രാഷ്ട്രീയത്തിന്റെയും അധഃസ്ഥിത ജാതീയതയുടെയും തലത്തില്‍ വികസിച്ചുവന്ന ഉല്‍പതിഷ്ണ രാഷ്ട്രീയ പ്രക്രിയകളുടെ പ്രതിഫലനം ഈ രണ്ട് സംസ്ഥാനങ്ങളിലെയും പുരോഗമനപരമായ പഞ്ചായത്തീരാജ് പ്രക്രിയയില്‍ കാണാനാകും.
ശരിയാണ്, വിശാലമായ ഈ രാഷ്ട്രത്തിന്റെ എല്ലാ പ്രദേശങ്ങളെയും സമഗ്രമായും സമ്പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇനിയും ഏറെ യാത്ര ചെയ്യുകയും പഠനം നടത്തുകയും വേണം. പക്ഷേ, തെക്കുവടക്ക് കിഴക്ക് പടിഞ്ഞാറ് എന്ന നിലയിലുളള ഭൂമിശാസ്ത്ര മേഖലകളില്‍ നിന്നും പ്രാതിനിധ്യസ്വഭാവം ഉള്ള നിര്‍ണായകമായ കേസ് സ്റ്റഡികള്‍ ആണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രാതിനിധ്യസ്വഭാവം ഉള്ളതും നിര്‍ണായകവും ആയതുകൊണ്ട് തന്നെ
ഇന്ത്യ എന്ന ബഹുസ്വര- ബഹുഭാഷാ-ബഹു സംസ്‌കാര സമൂഹത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെയും സാമ്പത്തിക വികാസത്തിന്റെയും അതില്‍ത്തന്നെ പഞ്ചായത്തീരാജിന്റെ നടത്തിപ്പിന്റെയും തലത്തില്‍ ഉള്ള അസന്തുലിതാവസ്ഥകളിലേക്കും ഏറ്റക്കുറച്ചിലുകളിലേക്കും കണ്ണുതുറപ്പിക്കും ‘ആ കസേര ആരുടേതാണ്?. ‘