കേരളം അറുനൂറുകൊല്ലം മുമ്പ്
(ചരിത്രം)
ഇബ്‌നുബത്തൂത്ത
വിവര്‍ത്തനം: വേലായുധന്‍ പണിക്കശ്ശേരി
മാതൃഭൂമി ബുക്‌സ്
പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച പ്രശസ്ത ലോകസഞ്ചാരി ഇബ്‌നുബത്തൂത്തയുടെ ‘രിഹ്ലത്ത് എന്ന കൃതിയുടെ വിവര്‍ത്തനം. അറുനൂറുകൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ അവസ്ഥയിലേക്ക് വെളിച്ചംവീശുന്ന ശ്രദ്ധേയ കൃതി.
ഉള്ളടക്കം ഇങ്ങനെ:
കാലാനുക്രമ പട്ടിക, സന്താപ്പൂര്‍, ഹിന്നൗര്‍, മുലൈബാര്‍, മാലദ്വീപുകള്‍, ശ്രീലങ്ക, മഅ്ബര്‍, വീണ്ടും മുലൈബാറില്‍,
കേരളത്തില്‍ ഒരിക്കല്‍ക്കൂടി, കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍
മുഖവുര
കേരളവും അറബികളുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നമ്മുടെ തൊടിയില്‍ വിളയുന്ന കുരുമുളകിന്റെ എരിവും വീര്യവും പൗരാണികകാലംമുതല്‍ക്കുതന്നെ അവരെ മത്തുപിടിപ്പിച്ചിരുന്നു. സമ്പല്‍സമൃദ്ധിക്കും അതിഥിസല്‍ക്കാരത്തിനും പേരുകേട്ട കേരളം, സംസ്‌കാരത്തിന്റെ സന്ദേശവാഹകരായ സഞ്ചാരികളുടെ സ്വര്‍ഗമായിരുന്നു.
പൗരാണികകേരളം സന്ദര്‍ശിച്ചിട്ടുള്ള അറബിസഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകളും അറബിചരിത്രകാരന്മാരുടെ വിവരണങ്ങളും കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചംവീശുന്ന അമൂല്യരേഖകളാണ്.
കേരളത്തിലെ സാമൂഹികാചാരങ്ങളെക്കുറിച്ച് അറബിയിലും പേര്‍ഷ്യനിലും എഴുതിയിട്ടുള്ള ഈ രേഖകള്‍ സമഗ്രമായി പഠനം നടത്താന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടന്നിട്ടില്ല.
വിദേശസഞ്ചാരികളുടെ യാത്രാവിവരണങ്ങളും മറ്റു ചരിത്രരേഖകളും ശേഖരിച്ചു പഠനംനടത്തുവാന്‍ എളിയ ശ്രമം നടത്തിക്കൊണ്ടിരിക്കയാണ് ഞാന്‍. മിക്ക ഗ്രന്ഥങ്ങളും കേരളത്തില്‍ ലഭ്യമല്ല. ഈജിപ്ത്, ലണ്ടന്‍, പാരീസ്, റോം എന്നിവിടങ്ങളിലെ വിഖ്യാത ലൈബ്രറികളെ ശരണം പ്രാപിക്കണം അവ ലഭിക്കണമെങ്കില്‍. കഴിയുന്നതും അവയുടെ മൂലഭാ ഷയിലുള്ള ഗ്രന്ഥങ്ങള്‍ കണ്ടെത്തുവാന്‍ പരിശ്രമിക്കുകയാണ്. ഏതാനും വര്‍ഷങ്ങളായി, ഈ പരിശ്രമം ആരംഭിച്ചിട്ട്.
കേരളം സന്ദര്‍ശിച്ചിട്ടുള്ള പ്രാചീന സഞ്ചാരികളുടെയും കേരളത്തെക്കുറിച്ചെഴുതിയിട്ടുള്ള ചരിത്രകാരന്മാരുടെയും ഗ്രന്ഥങ്ങള്‍ വിപുലമായ പഠനങ്ങളോടുകൂടി മലയാളത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഞാന്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘കേരളം അറുന്നൂറു കൊല്ലം മുമ്പ്’. അതിനെത്തുടര്‍ന്ന് മൂന്നു ഡസനോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. എന്റെ ചരിത്രപുസ്തകങ്ങള്‍ക്ക് വമ്പിച്ച സ്വീകരണമാണ് സഹൃദയരില്‍നിന്നും ആധികാരിക സ്ഥാപനങ്ങളില്‍നിന്നും ലഭിച്ചുവരുന്നത്. പണ്ഡിതന്മാരും പത്രങ്ങളും അവയെ മുക്തകണ്ഠം പ്രശംസിക്കുന്നു. കേരളം അറുന്നൂറുകൊല്ലം മുമ്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങി പത്തോളം ഗ്രന്ഥങ്ങള്‍ മലയാളം എം.എയ്ക്കുള്ള പാഠ്യപുസ്തകങ്ങളായി കേരള, കലിക്കറ്റ്, എം.ജി. യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ചിട്ടുണ്ട്. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ, മാര്‍ക്കോപോളോ ഇന്ത്യയില്‍ എന്നീ പുസ്തകങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമിയില്‍നിന്ന് വിശിഷ്ടഗ്രന്ഥങ്ങള്‍ക്കുള്ള പാരിതോഷികങ്ങളും ലഭിക്കുകയുണ്ടായി.
ഈ ശ്രമത്തിനു പല പ്രസിദ്ധ പണ്ഡിതന്മാരുടെയും സഹായസഹകരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, ഈ പുസ്തകത്തിനു ചിന്തോദ്ദീപകമായ അവതാരിക എഴുതിത്തന്ന് അനുഗ്രഹിച്ചിട്ടുള്ള പ്രസിദ്ധ ചരിത്രഗവേഷകനും പണ്ഡിതവരേണ്യനുമായ പ്രൊഫ. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് ഈ രംഗത്ത് എന്നെ ഉറപ്പിച്ചുനിര്‍ത്തിയത്.
മൂലഗ്രന്ഥത്തിന് ഇംഗ്ലിഷിലും ഹിന്ദിയിലും വന്നിട്ടുള്ള പല വിവര്‍ത്തനങ്ങളും മുന്നില്‍വച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അതിന് എന്നെ സഹായിച്ചത് എന്റെ മാന്യസുഹൃത്തുക്കളായ അബ്ദുല്‍ റഷീദ് മൗലവിയും ജ: ടി. ഉബൈദ് സാഹിബുമാണ്. അവരോടുള്ള കൃതജ്ഞത ഈ വരിയില്‍ ഒതുങ്ങുന്നില്ല.
വേലായുധന്‍ പണിക്കശ്ശേരി
…….
ഒന്നാം പതിപ്പിന്റെ അവതാരിക
ഇളംകുളം കുഞ്ഞന്‍പിള്ള
ലോകത്തിന്റെ ഒട്ടെല്ലാക്കോണുകളില്‍നിന്നും ഒട്ടേറെ സഞ്ചാരികള്‍ പഴയകാലംമുതല്‍ക്കേ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. അവരില്‍ പലരും ഈ നാട്ടില്‍ കണ്ട കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായും അല്ലാതെയും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. കേരളം കാണാതെതന്നെ കേരളത്തെപ്പറ്റി എഴുതിയവരും കുറവല്ല.
ഗ്രീക്കുകാരും റോമാക്കാരുമാണ് ആദ്യമായി കേരളത്തില്‍ വന്ന സഞ്ചാരികള്‍. ക്രിസ്തുവര്‍ഷം ആറാം നൂറ്റാണ്ടുവരെയുള്ള കേരളത്തെക്കുറിച്ചു പലതും അവരുടെ കുറിപ്പുകളില്‍നിന്നു മനസ്സിലാക്കാം. ഒന്‍പതു മുതല്‍ പതിനഞ്ചു വരെയുള്ള നൂറ്റാണ്ടുകളില്‍ യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുള്ള വിദേശികള്‍ അധികവും മുസ്ലിങ്ങളാണ്. പിന്നീടാണ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും മറ്റും എഴുതിത്തുടങ്ങുന്നത്. ഈ കാലം ആകുമ്പോഴേക്കും അദ്ഭുതങ്ങളും അത്യുക്തികളും സഞ്ചാരസാഹിത്യത്തില്‍നിന്നു പിന്‍വാങ്ങുന്നു. വിജ്ഞാനവികാസത്തിന്റേതായ ഒരു ശാസ്ത്രീയവീക്ഷണം സഞ്ചാരസാഹിത്യകാരന്മാരില്‍ ആവിര്‍ഭവിച്ചതാണ് ഈ വ്യതിയാനത്തിനു കാരണം.
സുദീര്‍ഘമായ പൗരസ്ത്യ പര്യടനത്തിനിടയില്‍ നാലുവര്‍ഷത്തോളം കേരളത്തിലും പരിസരങ്ങളിലും കഴിച്ചുകൂട്ടുകയും, കാണാന്‍ കഴിഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായിത്തന്നെ രേഖപ്പെടുത്തുകയും ചെയ്ത മുസ്ലിം സഞ്ചാരിയാണ് ഇബ്നുബത്തൂത്ത. അദ്ദേഹത്തിന്റെ കേരളസന്ദര്‍ശനം കേവലം യാദ്യച്ഛികമായിരുന്നു. മുഹമ്മദ്ബിന്‍ തുഗ്ലക്ക് ചൈനയിലേക്ക യച്ച പ്രതിനിധിസംഘത്തിന്റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം 1342-ല്‍ കോഴിക്കോട്ട് എത്തിയത്. ചൈനയിലേക്കുള്ള ഇന്ത്യന്‍ കപ്പലുകളധികവും കേരളത്തിലെ തുറമുഖങ്ങളില്‍നിന്നാണ് പുറപ്പെട്ടിരുന്നത് അക്കാലത്ത്. അന്നു കോഴിക്കോട് ഒരു മികച്ച തുറമുഖമായിരുന്നു.
ഇബ്‌നുബത്തൂത്തയുടെ കപ്പല്‍ തുറമുഖം വിടാന്‍ ഇനി താമസമില്ല; എല്ലാവരും കപ്പലില്‍ കയറിക്കഴിഞ്ഞു; ഇബ്നുബത്തൂത്ത മാത്രമേ കയറാനുള്ളൂ; പെട്ടെന്ന് ഒരു കൊടുങ്കാറ്റടിച്ചു; കാറ്റില്‍ ആ കപ്പല്‍ എങ്ങോ പോയ്മറഞ്ഞു. അങ്ങനെയാണ് ഇബ്നുബത്തൂത്ത കുറെക്കാലം കേരളത്തിലും പരിസരപ്രദേശങ്ങളിലും കഴിയാന്‍ ഇടയായത്.
അടിമപ്പെണ്‍കിടാങ്ങള്‍ അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. കൂടാതെ, കുലീനകളായ ആറു സ്ത്രീകളെ ക്ലിപ്തകാലത്തേക്കു വിവാഹം കഴിക്കുകയും ചെയ്തു. സ്ഥലംവിട്ടപ്പോള്‍ ഭാര്യമാരെയെല്ലാം ഉപേക്ഷിച്ചിട്ട് അടിമസ്ത്രീകളെ മാത്രം അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. ഇങ്ങനെ പലതും രസകരമായ ഒരു നോവലിലെന്നപോലെ ഈ ഗ്രന്ഥത്തില്‍ വായിക്കാം.
ഇബ്‌നുബത്തൂത്തയുടെ വിവരണങ്ങള്‍ നിഷ്പക്ഷമാണെന്നു പറയാം. അന്ന് മധുര സുല്‍ത്താനായിരുന്ന ഗിയാസുദ്ദീന്റെ ക്രൂരപ്രവൃത്തികളെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ‘കാണുന്ന അമുസ്ലിങ്ങളെയെല്ലാം ബന്ധനസ്ഥരാക്കും. അവരുടെ ചുമലുകളില്‍ ഇരുതലമൂര്‍ച്ചയുള്ള ഓരോ കുന്തങ്ങള്‍വച്ചുകൊടുത്ത് അവരുടെ ഭാര്യമാരെയും കുട്ടികളെയുംകൂട്ടി സുല്‍ത്താന്റെ മുമ്പില്‍ കൊണ്ടുവരും. ആ കുന്തങ്ങളില്‍ അവരെ കുത്തിനിര്‍ത്തി ഇഞ്ചിഞ്ചായി കൊല്ലുന്നു. അമ്മമാരുടെ മുമ്പാകെവച്ചു പിഞ്ചുപൈതങ്ങളെ അറുക്കുകയും, സ്ത്രീകളുടെ തലമുടി മരത്തില്‍ ചുറ്റിക്കെട്ടി നിര്‍ദയമാംവിധം വധിക്കുകയും പതിവാണ്. ഇവരുടെ മരണപരാക്രമങ്ങള്‍ കണ്ടു ചിരിക്കുകയും! ‘ഗിയാസുദ്ദീനും ഇബ്നുബത്തൂത്തയും ബന്ധുക്കളായിരുന്നുവെങ്കിലും ഉള്ള കാര്യം അദ്ദേഹം തുറന്നുപറയാതിരിക്കുന്നില്ല. സംസ്‌കാരസമ്പന്നനും മതഭക്തനുമായിരുന്ന ആ മഹാപണ്ഡിതനില്‍ എന്തെങ്കിലും പോരായ്മകള്‍ കാണുന്നുണ്ടെങ്കില്‍ അത് ആ കാലഘട്ടത്തിന്റെ സവിശേഷതകളാണെന്നു സമാധാനപ്പെടുക.
കേരളത്തെ സ്പര്‍ശിച്ച് മുസ്ലിം സഞ്ചാരികള്‍ എഴുതിയിട്ടുള്ള യാത്രാവിവരണങ്ങളില്‍ ഏറ്റവും നന്നായിട്ടുള്ളത് ഇബ്നുബത്തൂത്തയുടേതാണ്. ക്രിസ്തുവര്‍ഷം 851-ലെ സുലൈമാന്റെ വിവരണമാണ് ആദ്യത്തേത്. അതു നഷ്ടപ്പെട്ടുപോയി. ഒരു നൂറ്റാണ്ടുകഴിഞ്ഞ് അബുസൈദ് പരിഷ്‌കരിച്ചു പ്രസിദ്ധം ചെയ്തിട്ടുള്ളതാണ് ഇപ്പോള്‍ സുലൈമാന്റെ പേരില്‍ അറിയ പ്പെടുന്നത്. സില്‍സ്ലത്തൂള്‍ തവാരീഖ് എന്ന ഗ്രന്ഥത്തിന്റെ ആദ്യത്തെ അമ്പത്തിയൊമ്പത് പുറം ഇതാണ്; തുടര്‍ന്നുള്ളത് അബുസൈദ് സ്വയം എഴുതിയതും. സുലൈമാനുശേഷം ഇബ്നുല്‍ഫകി, ഇബ്‌നുറസ്റ്റ, അബൂ സൈദ്, മസ്ഊദി, ഇദ്രീസി, യാഖൂത്, കസ്വിനി തുടങ്ങി പലരും കേരളത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാതെയും ചരിത്രഗതിയില്‍ വരുന്ന മാറ്റങ്ങളെ ശ്രദ്ധിക്കാതെയും പൂര്‍വഗാമികളെ അന്ധമായി അനുകരിക്കുക എന്നത് ഇവരുടെയെല്ലാം ഒരു പ്രധാന ദോഷമാണ്. കൊല്ലത്തെ വീടുകളെല്ലാം മത്സ്യത്തിന്റെ എല്ലുകള്‍കൊണ്ടുണ്ടാക്കിയതാണ് എന്ന് അബൂദുലഫ് പ്രസ്താവിക്കുന്നു. യാക്കൂതും കസിനിയും അതുതന്നെ ആവര്‍ത്തിക്കുന്നു. രാഷ്ട്രകൂടരാജാവാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാജാവെന്ന് ഒമ്പതാം ശതകത്തില്‍ ഇബ്നു ഖുര്‍ദാദ്ബി പറഞ്ഞിട്ടുള്ളതില്‍ തെറ്റില്ല. എന്നാല്‍, അതേ പ്രസ്താവം ഇദ്രീസി (പന്ത്രണ്ടാം ശതകം)വരെയുള്ളവര്‍ ആവര്‍ത്തിച്ചാല്‍ അതെങ്ങനെ ശരിയാകും? ഇമ്മാതിരി ദോഷങ്ങള്‍ക്കിടകൊടുക്കാതെ തനിക്കറിയാന്‍ കഴിഞ്ഞ കാര്യങ്ങള്‍ മാത്രം പ്രതിപാദിക്കുകയാണ് ഇബ്നുബത്തൂത്ത ചെയ്തിട്ടുള്ളത്. പില്‍ക്കാലത്തു ബര്‍ബോസ തുടങ്ങിയ പാശ്ചാത്യസഞ്ചാരികളുടെ വിവരണങ്ങളില്‍ കാണുന്ന ശാസ്ത്രീയതയും പ്രതിപാദന സൗകുമാര്യവും ഇബ്‌നുബത്തൂത്തയുടെ ഗ്രന്ഥത്തില്‍ കാണാന്‍കഴിയും.
ഇബ്‌നുബത്തൂത്ത ഉപയോഗിക്കുന്ന ചില പേരുകള്‍ തിരിച്ചറിയാന്‍ അല്പം പ്രയാസമുണ്ട്. മുസ്ലിം സഞ്ചാരികളുടെ വിവരണങ്ങള്‍ക്കു പൊതുവേയുള്ള ദോഷമാണിത്. അതും ഇബനുബത്തൂത്തയുടെ ഗ്രന്ഥത്തില്‍ കുറവാണ്. ഫാക്കനൂര്‍, ബദ്ഫത്തന്‍, കുഞ്ചിക്കരി തുടങ്ങിയ ചുരുക്കം ചിലതിനെപ്പറ്റി മാത്രമേ ഈ ബുദ്ധിമു് നേരിടുന്നുള്ളൂ. ഏതായാലും പരിഭാഷകന്‍ ആ പേരുകള്‍ മൂലഗ്രന്ഥത്തില്‍ കണ്ടതുപോലെതന്നെ കൊടുത്തതു നന്നായി.
കേരള ചരിത്രകാരന്മാര്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ് മുസ്ലിംസഞ്ചാരികളുടെ യാത്രാവിവരണങ്ങള്‍. മറിച്ചായാല്‍ ആശയക്കുഴപ്പങ്ങളിലും പൂര്‍വാപരവൈരുധ്യങ്ങളിലും അയഥാര്‍ത്ഥ നിഗമനങ്ങളിലും അവര്‍ അറിഞ്ഞും അറിയാതെയും ചെന്നുപെട്ടുപോകും. കേരളചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഈ ഗ്രന്ഥം നേരാംവണ്ണം വിവര്‍ത്തനം ചെയ്ത സുഹൃത്ത് ഏതുകൊണ്ടും അനുമോദനമര്‍ഹിക്കുന്നു. ഇംഗ്ലീഷില്‍ ഞാന്‍ വായിച്ചിട്ടുള്ള സാമുവല്‍ ലിയുടെ പരിഭാഷ അറബിയില്‍ത്തന്നെയുള്ള സംഗ്രഹത്തെ ആശ്രയിച്ചുള്ളതാണ്. അതില്‍നിന്നു കൂടുതലായി പലതും ഈ ഗ്രന്ഥത്തിലുണ്ട്.
തര്‍ജമ ലളിതമാണ്. ക്ലേശാവഹമായ ഈ പരിശ്രമത്തില്‍ തങ്ങളുടെ ഭാഷാവിജ്ഞാനങ്ങളെ സഹകരിപ്പിക്കാന്‍ സന്മനസ്സു തോന്നിയ അബ്ദുല്‍ റശീദ് മൗലവിയെയും വേലായുധന്‍ പണിക്കശ്ശേരിയെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. കേരളചരിത്രത്തിലും സാഹിത്യത്തിലും താത്പര്യമുള്ള എല്ലാ കേരളീയരെയും ഈ ഗ്രന്ഥത്തിലേക്കു സ്വാഗതം ചെയ്യാനും ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ.
ഇളംകുളം കുഞ്ഞന്‍പിള്ള
Leave a Reply