ജാതി ഉന്മൂലനം
(സാമൂഹ്യചരിത്രം)
ബി.ആര്‍.അംബേദ്കര്‍
വിവര്‍ത്തനം: ആര്‍.കെ ബിജുരാജ്
ഡി.സി ബുക്‌സ് 2014
ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍.അംബേദ്കറിന്റെ ജാതി ഉന്മൂലനം (അിിശവശഹമശേീി ീള ഇമേെല. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു പരിഷ്‌കരണ സംഘടന അംബേദ്കറെ തങ്ങളുടെ വാര്‍ഷിക പ്രസംഗത്തിനായി ക്ഷണിച്ചു. എന്നാല്‍, അദ്ദേഹം നടത്താന്‍ പോകുന്ന പ്രഭാഷണത്തിന്റെ പകര്‍പ്പ് മുന്‍കുട്ടി കാണാനിടയായ സംഘടന അതിലെ അസഹനീയമായ ഉള്ളടക്കം കാരണം തങ്ങളുടെ ക്ഷണംതന്നെ റദ്ദാക്കി. ആ പ്രഭാഷണത്തിന്റെ ലിഖിതരൂപം അംബേദ്കര്‍ സ്വയം പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും അധികാര ശ്രേണീപരമായതും അസമത്വങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ച ഹിന്ദുമതത്തിലെ വേദങ്ങളുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും പണ്ഡിതോചിതമായ വിമര്‍ശനമാണ് ജാതി ഉന്മൂലനം. ഈ പ്രകോപനത്തോട് പ്രതികരിച്ചതാകട്ടെ ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഹിന്ദുവായ മഹാത്മാഗാന്ധിയും.
ജാതി ഉന്മൂലനത്തിനും മഹാത്മാഗാന്ധിയുടെ പ്രതികരണത്തിനും വ്യാഖ്യാന-വിമര്‍ശനക്കുറിപ്പുകളോടെയുള്ള പ്രത്യേക പതിപ്പ്. ആധുനിക ഇന്ത്യയില്‍ ജാതി അതിന്റെ വേഷം പലതരത്തില്‍ എടുത്തണിയുമ്പോള്‍, അംബേദ്കര്‍-ഗാന്ധി സംഘര്‍ഷം ഇന്നത്തെ സമൂഹത്തില്‍ തുടര്‍സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്ന വഴികള്‍ വിശദമാക്കിക്കൊണ്ട് അരുന്ധതി റോയിയുടെ അവതാരിക ‘ഡോക്ടറും വിശുദ്ധനും:
ജാതി ഉന്മൂലനം ഒരു സമാധാന ലംഘനമാകുന്നു എന്ന അവതാരികയില്‍ അരുന്ധതി റോയി
എഡിറ്ററുടെ കുറിപ്പ്
ഡോ.ബി.ആര്‍. അംബേദ്കറുടെ ജാതി ഉന്മൂലനം (Annihilation of Caste) എന്ന ഗ്രന്ഥം, ആര്‍ക്കുവേണ്ടിയാണോ അതെഴുതിയത് ഇന്നും ആ വായനക്കാരെ തേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ആദ്യകാലങ്ങളിലെ ഉന്മൂലനശ്രമത്തെ അതിജീവിച്ചുകൊണ്ടാണ് ഈ രചന ഇന്ന് അതെന്താണോ ആ നിലയിലെത്തിയിരിക്കുന്നത്, ഒരു ഇതിഹാസമായിത്തീര്‍ന്നിരിക്കുന്നത്. 1936ല്‍, ലാഹോറിലെ ഹിന്ദു പരിഷ്‌കരണ സംഘടനയും ജാതിവിച്ഛേദനം നടത്തിയവരുടെ വേദിയുമായ ജാത്പാത് തോഡക് മണ്ഡല്‍ അംബേദ്കറെ തങ്ങളുടെ വാര്‍ഷികയോഗത്തിലൊരു പ്രഭാഷണത്തിനായി ക്ഷണിച്ചു. പ്രസംഗത്തിന്റെ ലിഖിതരൂപം മുമ്പേതന്നെ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതു വായിച്ച മണ്ഡലിന് പ്രസംഗത്തിന്റെ ഉള്ളടക്കം ‘അസഹനീയമായി’ തോന്നി.
അംബേദ്കര്‍ ലാഹോറിലെ വാര്‍ഷികവേദി ഉപയോഗിക്കുന്നത് ജാതിസമ്പ്രദായത്തെ കേവലം വിമര്‍ശിക്കാന്‍വേണ്ടിയല്ല, പകരം ഹിന്ദുയിസത്തെത്തന്നെ തള്ളിപ്പറയാനാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ മണ്ഡല്‍ ക്ഷണം പിന്‍വലിച്ചു. 1936 മെയ് മാസത്തില്‍ അംബേദ്കര്‍ ഈ പ്രസംഗത്തിന്റെ 1500 കോപ്പികള്‍ സ്വന്തം ചെലവില്‍ അച്ചടിച്ചിരുന്നു. അത് ഉടന്‍ ആറു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. സവര്‍ണജാതികളിലെ ഭൂരിപക്ഷവും ബോധപൂര്‍വം അതിനെ അവഗണിച്ചെങ്കിലും ജാതി ഉന്മൂലനം അച്ചടിക്കുകയും വീണ്ടും വീണ്ടും അച്ചടിക്കുകയും ചെയ്തു. അംബേദ്കറുടെ വിപുലമായ രചനകള്‍ എല്ലാംപോലെതന്നെ ജാതി ഉന്മൂലനവും മുഖ്യമായും ദലിതുകളുടെ ഉടമസ്ഥതയിലുള്ള ചെറുപ്രസുകളാണ് അച്ചടിച്ചത്. ഏഴു ദശാബ്ദങ്ങളില്‍ അവ ഏറ്റവും കൂടുതല്‍ വായിച്ചതും ദലിത് വായനക്കാരാണ്. ഏറ്റവും കൂടുതല്‍ മറഞ്ഞുകിടക്കുന്നതും എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചെയ്ത പുസ്തകങ്ങളില്‍ ഒന്ന് എന്ന വിചിത്രമായ വൈശിഷ്ട്യമുണ്ട് ഈ പുസ്തകത്തിന്. ഈയൊരു വസ്തുത തന്നെ ജാതിവ്യവസ്ഥയുടെ ഇരുമ്പഴികളെ പ്രകാശിപ്പിക്കുന്നു.
ജാതി ഉന്മൂലനം എന്നത് അംബേദ്കര്‍ പ്രാഥമികമായി സവര്‍ണജാതി സദസ്സിനെ അഭിമുഖീകരിക്കാന്‍വേണ്ടി എഴുതിയ പ്രസംഗമാണ്. ഈ സദസ്സ് ഒഴിഞ്ഞുമാറിക്കളഞ്ഞു. ഈ വ്യാഖ്യാനക്കുറിപ്പുകളുള്ള, വിമര്‍ശനാത്മക പതിപ്പ് അദ്ദേഹത്തിന്റെ രചനയ്ക്ക് അത് അര്‍ഹിക്കുന്ന വിമര്‍ശനാത്മകവും പണ്ഡിതപരവുമായ ശ്രദ്ധനല്‍കാനുള്ള ശ്രമമാണ്.
ഈ രചന പല ആവര്‍ത്തി വായിച്ചപ്പോള്‍, ഇത് എത്രമാത്രം സമ്പുഷ്ടമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ പ്രബന്ധത്തെ ചരിത്രപരമായ ഉള്ളടക്കത്തില്‍ സ്ഥാപിച്ചാല്‍ ഇന്നത്തെ വായനക്കാര്‍ക്ക് എത്രമാത്രം ആസ്വാദ്യകരവും അവര്‍ക്ക് അതില്‍നിന്ന് എത്രമാത്രം പഠിക്കാനാവുമെന്നും മനസ്സിലായി.
ആരാണ് ജാത്-പാത് തോഡക് മണ്ഡല്‍ സ്ഥാപിച്ചത്? ആര്യസമാജത്തിന്റെ ശക്തമായ നിലപാടുകള്‍ക്ക് നേരേ ഉജ്ജ്വലമായി നിലകൊണ്ട സന്ത് റാം ആരായിരുന്നു? അംബേദ്കര്‍ സൂചിപ്പിക്കുകയും എന്നാല്‍, വിശദമാക്കുകയും ചെയ്യാത്ത കവിതയില്‍ നടന്ന സംഭവം എന്താണ്? എവിടെ നിന്നാണ് അംബേദ്കര്‍ ‘സാമൂഹികകാര്യക്ഷമത’, സംഘടിത ജീവിതരീതി’, അഥവാ ‘സാമൂഹിക അന്തര്‍വ്യാപനം’ (സോഷ്യല്‍ എന്‍ഡോസ്‌മോസിസ്) എന്നീ ആശയങ്ങള്‍ എടു ക്കുന്നത്? എന്താണ് അദ്ദേഹം റോമന്‍ കോമിറ്റിയ സെന്റിയതയും 1932 ലെ കമ്യൂണല്‍ അവാര്‍ഡും തമ്മില്‍ കാണുന്ന ബന്ധം? എന്താണ് അമേരിക്കന്‍ ഫെമിനിസ്റ്റും അരാജകവാദിയുമായ വോള്‍ട്ടറിന്‍ ഡി ക്ലെയറും അംബേദ്കറുടെ നേരിട്ടുള്ള പ്രവര്‍ത്തന ആഹ്വാനവും തമ്മിലുള്ള ബന്ധം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകത്തിന് വ്യാഖ്യാനക്കുറിപ്പുകള്‍ എഴുതുന്നതിന്റെ തുടക്കം.
ഈ പ്രക്രിയയ്ക്കിടയില്‍, 1937 ല്‍ രണ്ടാം പതിപ്പ് പുറത്തിറക്കുമ്പോള്‍ ആദ്യ പതിപ്പില്‍നിന്നും വളരെ ചെറുതും സൂക്ഷ്മവുമായ മാറ്റങ്ങള്‍ അംബേദ്കര്‍ വരുത്തിയിരുന്നു എന്നു വ്യക്തമായി. അദ്ദേഹം രണ്ടാം പതിപ്പില്‍ എം.കെ. ഗാന്ധിയുമായുള്ള സംവാദം ഉള്‍പ്പെടുത്തി. 1944-ലെ പതിപ്പില്‍ അംബേദ്കര്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി. ആവശ്യമായ സ്ഥലങ്ങളില്‍ ഇവയൊക്കെ എടുത്തുപറഞ്ഞിട്ടുണ്ട്. അംബേദ്കര്‍ ആദ്യം തയ്യാറാക്കിയ പതിപ്പില്‍ നീണ്ട ഖണ്ഡികകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും പല താളുകള്‍ വരുന്നവയുമായിരുന്നു. അവ ഉചിതമായ ഇടങ്ങളില്‍വച്ച് വിവിധ ഖണ്ഡികകളായി തിരിച്ചിട്ടുണ്ട്.
അംബേദ്കര്‍ നല്‍കിയ ഖണ്ഡങ്ങള്‍ അഥവാ വിഭാഗങ്ങളുടെ ക്രമനമ്പര്‍ അതുപോലെ നിലനിര്‍ത്തുകയും അതിലെ പുതിയ ഖണ്ഡികകള്‍ക്ക് നമ്പര്‍ നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. അതുപോലെ അക്ഷരങ്ങള്‍ക്കും ഇംഗ്ലിഷ് വലിയ അക്ഷരങ്ങള്‍ക്കും പൊതു മാനദണ്ഡം കൊണ്ടുവന്നു.
ജാതി ഉന്മൂലനം സംസ്‌കൃത ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരുന്നത്. അംബേദ്കര്‍ക്ക് അതില്‍ ആധികാരികമായ അറിവുണ്ടായിരുന്നു. സവര്‍ണ ജാതിയില്‍പ്പെടുന്ന തന്റെ കേള്‍വിക്കാര്‍ക്ക് അതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കേണ്ട ആവശ്യം അദ്ദേഹത്തിനു സ്വാഭാവികമായും ഉണ്ടായിരുന്നില്ല. ആ സംസ്‌കൃത ശ്ലോകങ്ങള്‍ വിവര്‍ ത്തനം ചെയ്യാന്‍ ഞാന്‍ ബിബേക് ദേബ്‌റോയി എന്ന പണ്ഡിതനെ സമീപിച്ചു. അദ്ദേഹം അപൂര്‍വമായ ഉത്സാഹത്തോടെയാണ് പ്രതികരിച്ചത്. ഓരോ ശ്ലോകവും ഒരു സമസ്യ പരിഹരിക്കുന്നതുപോലെ അദ്ദേഹം പരിഗണിച്ചു.
അരുന്ധതി റോയിയുടെ ആമുഖമായ, ഒരു പുസ്തകത്തിനു തുല്യം ദൈര്‍ഘ്യമുള്ള ‘ഡോക്ടറും വിശുദ്ധനും’ എന്ന പ്രബന്ധം വായനക്കാര്‍ക്ക് ജാതിയെയും അത് സമകാലിക ഇന്ത്യയില്‍ വഹിക്കുന്ന പങ്കിനെയും പരിചിതമാക്കും. ജാതി ഉന്മൂലനം പ്രസിദ്ധീകരിച്ചതിനുശേഷം അംബേദ്കറും ഗാന്ധിയും തമ്മിലുണ്ടായ പരസ്യസംവാദത്തിന്റെ ഉള്ളടക്കവും ഉള്‍പ്പെടുത്തിയാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. തന്റെ ആമുഖത്തില്‍ ഗാന്ധിയുടെ ഒട്ടും അറിയപ്പെടാത്ത വശങ്ങള്‍ അരുന്ധതി റോയി വിശദീകരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ തങ്ങിയിരുന്ന കാലത്ത് ഗാന്ധിക്ക് വര്‍ണത്തെപ്പറ്റിയുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ എന്തായിരുന്നുവെന്നും പിന്നീട് ജാതിയെപ്പറ്റിയുള്ള പരസ്യ പ്രഖ്യാപനം നടത്തുന്ന കാലത്തും അതിനുമിടയിലെയും അദ്ദേഹത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന നിലപാടുകള്‍ എന്തൊക്കെയായിരുന്നു എന്നും അരുന്ധതി റോയി കാണിച്ചുതരുന്നു.
അരുന്ധതി റോയി കൃത്യമായി പറയുന്നു:’അംബേദ്കറായിരുന്നു ഗാന്ധിയുടെ ഏറ്റവും ശക്തനായ എതിരാളി. അദ്ദേഹം ഗാന്ധിയെ ചോദ്യം ചെയ്തത് രാഷ്ട്രീയമായോ, ബൗദ്ധികപരമായോ മാത്രം ആയിരുന്നില്ല. ധാര്‍മ്മികമായിക്കൂടിയായിരുന്നു. നമ്മളെല്ലാം കേട്ടുവളര്‍ന്ന, അംബേദ്കറെ എടുത്തുമാറ്റിയ ഗാന്ധിയുടെ കഥ പരിഹാസ്യമാണ്. അതുപോലെതന്നെ അംബേദ്കറെപ്പറ്റി എഴുതുമ്പോള്‍ ഗാന്ധിയെ അവഗണിക്കുന്നത് അംബേദ്കറോടു ചെയ്യുന്ന അന്യായമാണ്. കാരണം, ഗാന്ധി എണ്ണമറ്റ രീതിയില്‍, സാധാരണമായ രീതിയില്‍ അംബേദ്കറുടെ ലോകത്തെ മൂടിയിരിക്കുന്നു.’
ഈ കൈയെഴുത്തു പ്രതി സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച പണ്ഡിതരായ ക്രിസ്റ്റഫ് ജെഫ്രിലോട്ട്, തോമസ് ബ്ലോം ഹന്‍സെന്‍, അയ്യാതുരൈ ഗജേന്ദ്രന്‍, ആനന്ദ് തെല്‍തുംബ്, സതീഷ് ദേശ്പാണ്ഡെ, ഉമാ ചക്രവര്‍ത്തി എന്നിവര്‍ ശ്രദ്ധയോടെ അവലോകനം ചെയ്തിരുന്നു. ഇവര്‍ ഓരോരുത്തരും തന്മയീഭാവത്തോടെയും ശുഷ്‌കാന്തിയോടെയും ജാഗരൂകതയോടെയും പ്രതികരിക്കുകയും ഈ രചന കൂടുതല്‍ നവീകരിക്കാനും മിനുക്കാനും സമ്പുഷ്ടമാക്കാനും എന്നെ സഹായിക്കുകയും ചെയ്തു.
എസ്. ആനന്ദ്
ജനുവരി 26, 2014
ന്യൂഡല്‍ഹി
Leave a Reply