(ചരിത്രാന്വേഷണം)
എന്‍.പി.നായര്‍
നേതാജി സുഭാസ് ചന്ദ്രബോസിന്റെ ആകസ്മികമായ തിരോധാനം ഉയര്‍ത്തിവിട്ട ഊഹാപോഹങ്ങള്‍ ഉത്തരം കാണേണ്ട പ്രഹേളികയായി അവശേഷിക്കുന്നു. വിമാനാപകടത്തില്‍ അന്തരിച്ചു എന്നൊരു വാര്‍ത്ത പ്രചരിപ്പിച്ച് തന്ത്രപരമായി മറയാനും ഒളിസങ്കേതത്തില്‍ നിന്നുകൊണ്ട് ഭാരതസ്വാതന്ത്ര്യസമരം തുടരാനും നേതാജി പദ്ധതി ആസൂത്രണം ചെയ്തിരുന്നു എന്ന് ഇന്ത്യക്കാരും ജപ്പാന്‍കാരുമായ ഉന്നതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ നാടകത്തിന്റെ നടത്തിപ്പിനിടയില്‍, നേതാജി യഥാര്‍ഥമായും മരിച്ചു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. നേതാജി എവിടെ എന്ന ചോദ്യത്തിന്റെ യുക്തിസഹമായ നിര്‍ധാരണമാണ് ഈ കൃതിയുടെ ഉള്ളടക്കം. സ്വാതന്ത്ര്യസമരസേനാനിയും ഐ.എന്‍.എ. ഭടനുമായിരുന്ന ഗ്രന്ഥകര്‍ത്താവിന്റെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റ ഫലമാണ് ഈ പുസ്തകം. അനുബന്ധത്തില്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍, നേതാജിയുടെ വിടവാങ്ങല്‍സന്ദേശം തുടങ്ങിയവയും.
അവതാരിക
ഡി.സി കിഴക്കേമുറി
ഭാവനയില്‍ അല്പം പിറകോട്ടു സഞ്ചരിച്ച്, ഞാന്‍ എന്റെ സ്വന്തം ഗ്രാമത്തിലെത്തി. മുപ്പതിലേറെ പ്രായമുണ്ടായിരുന്ന ഈ നൂററാണ്ട് അന്ന് യൗവനത്തിന്റെ പാരമ്യത്തില്‍. ഞാന്‍ യുവത്വത്തിലേക്ക് കാലൂന്നിനില്‍ക്കുന്ന കാലം. കാഞ്ഞിരപ്പള്ളി പ്രദേശത്ത് പരക്കെ അറിയപ്പെടുന്ന ആദ്യകാല കോണ്‍ഗ്രസ് നേതാവ് ശ്രീ.കെ.ജെ.തോമസിന്റെ വസതിയില്‍ പോവുകയും ദേശീയനേതാക്കളുടെ ഛായാചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച സ്വീകരണമുറിയിലിരുന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തെപ്പറ്റി സംസാരിക്കുകയും പതിവായിരുന്നു. മഹാത്മാഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും സുഭാസ് ചന്ദ്രബോസിന്റെയും ചിത്രങ്ങളോടായിരുന്നു എനിക്ക് കൂടുതല്‍ പ്രതിപത്തി. അന്നത്തെ ആരാധനാഭാവം ക്രമേണ വര്‍ദ്ധമാനമാവുകയും ചെയ്തു. അക്കാലത്തുതന്നെ ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നാലണമെമ്പറായി ചേര്‍ന്നു. അതിനപ്പുറമൊന്നും അന്ന് എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇദംപ്രഥമമായി തിരഞ്ഞെടുപ്പ് വേണ്ടിവന്ന 1939-ലെ സംഭവങ്ങള്‍ മനോമുകുരത്തില്‍ തെളിയുന്നു. മഹാത്മജിയുടെ അനുഗ്രഹാശിസ്സുകള്‍ ലഭിച്ച പട്ടാഭി സീതാരാമയ്യയും യുവഭാരതത്തിന്റെ മൂര്‍ത്തിമദ്ഭാവം പൂണ്ട സുഭാസും തമ്മിലായിരുന്നു മത്സരം. നല്ല ഭൂരിപക്ഷത്തോടെ സുഭാസ് വിജയിച്ചപ്പോള്‍ എന്താഹ്ലാദമായിരുന്നു! അനന്തരസംഭവങ്ങള്‍ ചരിത്രത്തില്‍ ലയിച്ചു.
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന് ക്വിററിന്ത്യാപ്രക്ഷോഭണ വേളയില്‍ ഉറപ്പിച്ചുപറഞ്ഞ മഹാത്മജിയുടെയും, ‘സ്വാതന്ത്യത്തിന്റെ ബലിപീഠത്തില്‍ സര്‍വ്വസ്വവും സമര്‍പ്പിക്കുക’എന്ന ആഹ്വാനം മുഴക്കിയ നേതാജിയുടെയും ആശയങ്ങള്‍ ഫലത്തില്‍ സമമല്ലേ?
‘രാഷ്ട്രപിതാവേ!’ എന്ന് ഗാന്ധിജിയെ ആദ്യമായി അഭിസംബോധനചെയ്ത (1944) നേതാജിക്കും ‘ദേശഭക്തര്‍ക്കിടയിലെ രാജകുമാരന്‍’ എന്ന് ബോസിനെ വിശേഷിപ്പിച്ച (1947) മഹാത്മജിക്കും ഇടയില്‍ നിലനിന്നിരുന്ന ബഹുമാനവും വാത്സല്യവും പലരും വേണ്ടത്ര മനസ്സിലാക്കിയിരുന്നോ എന്ന് സംശയമുണ്ട്.
അപൂര്‍വമായിമാത്രം ലഭ്യമാകുന്ന യുദ്ധസന്ദര്‍ഭം സമര്‍ഥമായി വിനിയോഗിച്ച് ‘അവിഭാജ്യഭാരതത്തിന്റെ നിരുപാധിക സ്വാതന്ത്ര്യം’ നേടണം എന്ന സേവനവ്യഗ്രതയാണ് അപകടങ്ങള്‍ പതിയിരിക്കുന്ന അതിസാഹസിക സംരംഭങ്ങള്‍ക്കു ബോസിനെ പ്രേരിപ്പിച്ചത്.
‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന ചാണക്യ ന്യായേന ജര്‍മ്മന്‍ സര്‍ക്കാരുമായി സഹകരിച്ച് ബര്‍ലിനില്‍ ‘സ്വതന്ത്രഭാരതകേന്ദ്രം’ സ്ഥാപിച്ച് യൂറോപ്പിലും പുറംരാജ്യങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും, യുദ്ധത്തടവുകാരായി ജര്‍മ്മനിയില്‍ എത്തിയ ഇന്ത്യന്‍ ഭടന്മാരെ ദേശാഭിമാനികളാക്കിയതും, അവരെയും യൂറോപ്പിലെ ഇന്ത്യന്‍ പൗരന്മാരെയും ചേര്‍ത്ത് ഇന്ത്യന്‍ ലീജന്‍’ (ഇന്ത്യന്‍ സൈനികഘടകം) രൂപീകരിച്ചതും, ഭാരതീയരുടെ പരസ്പരാഭിവാദനത്തിന് അര്‍ത്ഥപുഷ്ടിയുള്ള ‘ജയ്ഹിന്ദ്’ എന്ന മാന്ത്രികപദം ഏര്‍പ്പെടുത്തിയതും ബോസിന്റെ നയചാതുരിയും സാമര്‍ഥ്യവും ആത്മാര്‍ഥതയും പ്രസ്പഷ്ടമാക്കുന്നു.
അദ്ദേഹത്തിന്റെ ആദ്യസൈന്യമായ ഇന്ത്യന്‍ ലീജന്റെ പതാക -കുതിച്ചുചാടുന്ന വ്യാഘ്രം-അങ്കനംചെയ്ത മൂവര്‍ണക്കൊടിയെപ്പറ്റി ഇവിടെ ഓര്‍മ്മിക്കുന്നത് നന്ന്. ദേശീയഗാനം (‘ജനഗണമന..’) സ്വതന്ത്രഭാരതത്തിന്റെ ദേശീയഗാനമായി; വ്യാഘ്രം ദേശീയമൃഗവും.
സുഭാസിന്റെ അചഞ്ചലമായ ദേശഭക്തിയും അനന്യസാധാരണമായ ആത്മധൈര്യവും കിടയറ്റ കര്‍മ്മകുശലതയും നേരില്‍ കണ്ട ബര്‍ലിന്‍ ഭാരതീയരുടെ സ്‌നേഹാദരങ്ങള്‍ ആരാധനയുടെ പരിവേഷത്തോടെ, ഒറ്റവാക്കില്‍ പ്രകടിതമായി. നേതാജിയുടെ ആ ബഹുമതിപദം പിന്നീട് രാജ്യാന്തരപ്രശസ്തി നേടി.
രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കക്ഷിചേര്‍ന്നതോടെ (8-12-1941) പൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ പാടെ തകിടം മറിഞ്ഞു. മിന്നല്‍വേഗത്തില്‍ മുന്നേറിയ ജപ്പാന്‍സേനകളുടെ മുന്നില്‍ ബ്രിട്ടീഷ്-ഫ്രഞ്ച്-ഡച്ച് സാമ്രാജ്യങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ആ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ധനജീവനാദികള്‍ സംരക്ഷിക്കുക എന്ന അടിയന്തരലക്ഷ്യത്തോടെ, സുപ്രസിദ്ധ പ്രവാസ വിപ്ലവകാരി രാഷ്ബിഹാരി ബോസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ഐ.ഐ.എല്‍.) പിന്നീട് ദക്ഷിണ പൂര്‍വേഷ്യയിലെ ഭാരതസ്വാതന്ത്യ പ്രസ്ഥാനമായി. മലയായില്‍ കീഴടങ്ങിയ ബ്രിട്ടീഷിന്ത്യന്‍ സൈന്യത്തിലെ ക്യാപ്‌ററന്‍ മോഹന്‍സിംഗ്, ഒരു പ്രത്യേക സാഹചര്യത്തില്‍, ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ.) എന്ന പേരില്‍ ഒരു സേനാഘടകം രൂപീകരിച്ച് മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍ തീരുമാനിച്ചത് ഭാരതവംശജരെ സന്തോഷിപ്പിച്ചു. ആ സേനാഘടകം അനുക്രമം വളര്‍ന്ന് ഐ.ഐ.എല്‍-ന്റെ സൈന്യമായി; മോഹന്‍സിംഗ് ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു.
ക്രമേണ, മലയായിലെ ജപ്പാന്‍ കമാണ്ടര്‍ക്കും ഇന്ത്യന്‍ നേതാക്കള്‍ക്കുമിടയില്‍ പൊരുത്തക്കേടുകള്‍ പൊന്തിവന്നു. സര്‍വസമ്മതനായ ഒരു നേതാവിന്റെ അഭാവം എല്ലാവര്‍ക്കും ബോധ്യമായി; പൂര്‍വേഷ്യാ പ്രസ്ഥാനത്തെ നയിക്കാന്‍ നേതാജി ക്ഷണിക്കപ്പെട്ടു.
‘മാതൃഭൂമിയുടെ മോചനത്തിനുവേണ്ടിയുള്ള സംരംഭത്തില്‍ മരണംഭവിച്ചാല്‍ അത് ശ്രേയസ്‌കരമാണ്’ എന്ന ദൃഢനിശ്ചയത്തോടെ, അത്യന്തം ആപത്കരമായ അന്തര്‍വാഹിനിയിലൂടെയുള്ള യാത്ര വിജയകരമായി നിര്‍വഹിച്ച്, നേതാജി വിദൂരപൂര്‍വ ദേശത്തെത്തി. ഇന്ത്യക്ക് അഭിമാനകരമായ കരാറുകള്‍ അദ്ദേഹം നേടിയെടുത്തു. ”ഇന്ത്യയുടെ സ്വാതന്ത്ര്യം കൈവരിക്കാന്‍ നേതാജി ബോസിന് സാധ്യമായ എല്ലാ സഹായങ്ങളും ജപ്പാന്‍ നിരൂപാധികം നല്‍കുന്നതാണ്” എന്ന് പ്രധാനമന്ത്രി ജനറല്‍ ടോജോ ജപ്പാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് രാജ്യാന്തര തലസ്ഥാനങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് സിംഗപ്പൂരിലെത്തിയ നേതാജി പൂര്‍വേഷ്യാ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറെറടുത്തു (4-7-1943). പൂര്‍വേഷ്യയില്‍ പുതിയ ഉണര്‍വും ഉന്മേഷവും സംജാതമായി. ആളും അര്‍ത്ഥവും നേതാജിയുടെ പാളയത്തിലേക്ക് അനുസ്യൂതം ഒഴുകിയെത്തി. സ്വതന്ത്രഭാരത താല്ക്കാലിക സര്‍ക്കാര്‍ (പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഫ്രീ ഇന്ത്യ) സ്ഥാപിച്ചതോടെ (1943 ഒക്ടോബര്‍ 21) പ്രസ്ഥാനത്തിന് പുതിയ ഭാവമാനങ്ങളും അന്തസ്സും കൈവന്നു. ഇനി ഇടപാടുകള്‍ നേരിട്ട് ടോക്കിയോ സര്‍ക്കാരുമായാണ്. ആസാദ് ഹിന്ദ് സര്‍ക്കാരിന് നിരവധി രാജ്യങ്ങളുടെ അംഗീകാരം നേടുകവഴി ഭാരത സ്വാതന്ത്ര്യ പ്രശ്‌നം അന്താരാഷ്ട്ര മണ്ഡലത്തില്‍ സമര്‍ഥമായും ശക്തമായും കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമായി. ഈ തന്ത്രപ്രധാനമായ നേട്ടമാണ് നേതാജിയുടെ സേവനങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്നത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് (1915)ബര്‍ക്കത്തുള്ള, ചെമ്പകരാമന്‍പിള്ള തുടങ്ങിയ ദേശസ്‌നേഹികളുടെ സഹകരണത്തോടെ കാബൂള്‍ ആസ്ഥാനമാക്കി രാജാ മഹേന്ദ്രപ്രതാപ് രൂപീകരിച്ചതാണ് ആദ്യത്തെ സ്വതന്ത്രഭാരത സര്‍ക്കാര്‍ എന്നത് മറക്കാതിരിക്കുക. എന്നാല്‍, ഒരു ആധുനിക ഭരണകൂടത്തിന് ആവശ്യമായ എല്ലാ വകുപ്പുകളും ഉള്‍ക്കൊണ്ടതായിരുന്നു നേതാജി രൂപീകരിച്ച സ്വതന്ത്രഭാരത സര്‍ക്കാര്‍.
1945 മേയ് ആദ്യം ജര്‍മ്മനി കീഴടങ്ങിയപ്പോള്‍ ജപ്പാന്റെ പതനം ആസന്നമാണെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം ബോധ്യമായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരാന്‍ റഷ്യയിലേക്കു പോകണമെന്ന ആഗ്രഹം നേതാജിക്കുണ്ടായെങ്കിലും, അനിശ്ചിതകാലത്തേക്ക് പിടിച്ചുനില്‍ക്കാം എന്ന ആത്മധൈര്യം കൊണ്ടാകാം, ജപ്പാന്‍ അധികാരികള്‍ ആ ആശയത്തെ അനുകൂലിച്ചില്ല. എന്നാല്‍, ആറ്റംബോംബുകള്‍ ഹിറോഷിമ, നാഗസാക്കി നഗരങ്ങളെ നിശ്ശേഷം നശിപ്പിച്ചപ്പോള്‍ (1945 ആഗസ്‌ററ് 6, 9) ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. ആ സന്ദര്‍ഭത്തില്‍ നേതാജിയുടെ ആഗ്രഹപ്രകാരം സഹായിക്കാന്‍ അവര്‍ തയ്യാറായി.
ജപ്പാന്‍ കീഴടങ്ങിയ ദിവസം നേതാജി മദ്ധ്യമലയായിലെ സെറമ്പാനില്‍ ആയിരുന്നു. സ്വന്തം സൈനികരോടൊപ്പം കീഴടങ്ങാന്‍ അദ്ദേഹം നിശ്ചയിച്ചെങ്കിലും സ്വന്തം മന്ത്രിമാരും സൈനികോപദേഷ്ടാക്കളും മറിച്ചാണ് ഉപദേശിച്ചത്: ‘യാതൊരു കാരണവശാലും ശത്രുസൈന്യത്തിന്റെ പിടിയില്‍പ്പെടരുത്; റഷ്യയില്‍ കടന്നുകൂടി ഭാരതസ്വാതന്ത്ര്യ യത്‌നങ്ങള്‍ തുടരണം’
”നേതാജി സെയ്ഗോണില്‍ എത്തണം’ എന്ന രഹസ്യസന്ദേശവുമായി ഒന്നിനുപിറകെ ഒന്നായി, മൂന്ന് ഓഫീസര്‍മാരെ ജപ്പാന്‍ ഹൈക്കമാണ്ട് അയച്ചു. അതിന്‍പടി അനുയായികളുമൊത്ത് അദ്ദേഹം സെയ്ഗോണിലെത്തി (ആഗസ്റ് 17). അന്നു വൈകിട്ട് 5 മണിക്ക് ജനറല്‍ ഷിദേയ് ഉള്‍പ്പെടെ ചില ഓഫീസര്‍മാരോടൊപ്പം നേതാജിയും കേണല്‍ ഹബീബുര്‍ റഹ്മാനും ‘അജ്ഞാതത്തിലേക്ക്’ യാത്രയായി. ആ രാത്രി അവര്‍ ഇന്തോ-ചൈന (ഇന്നത്തെ വിയററ്‌നാം)യിലെ തൗറേന്‍ വിമാനത്താവളത്തില്‍ നിരുപായം എത്തിച്ചേര്‍ന്നു. പിന്നത്തെ വിവരങ്ങള്‍ വിശ്വാസയോഗ്യമായി നമുക്കു ലഭിച്ചിട്ടില്ല.
നേതാജിയോടൊപ്പം യാത്രചെയ്ത ഏക ഭാരതീയന്‍ കേണല്‍ ഹബീബുര്‍ റഹ്മാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സത്യവാങ്മൂലപ്രകാരം, ആഗസ്ററ് 18-ാം തീയതി രാവിലെ നേതാജി ഉള്‍പ്പെടെയുള്ള യാത്രികര്‍ സെയ്ഗോണില്‍നിന്നും വിമാനമാര്‍ഗം യാത്ര തുടര്‍ന്നു. മദ്ധ്യാഹ്നത്തോടെ ഫര്‍മോസ (ഇന്നത്തെ തെയ്വാന്‍)യിലെ തെയ്ഹോകു വിമാനത്താവളത്തില്‍ ഇറങ്ങി, വിശ്രമത്തിനുശേഷം പറന്നുപൊങ്ങിയ വിമാനം യന്ത്രത്തകരാറുമൂലം താവളത്തില്‍ തന്നെ ‘മൂക്കുകുത്തിവീണ് തീപിടിച്ചു’, പലരും തല്‍ക്ഷണം മരിച്ചു. നേതാജിക്കും തനിക്കും പൊള്ളലേററു, അടുത്തുള്ള സൈനികാശുപത്രിയില്‍ ചികിത്സ ലഭിച്ചു. അന്നുരാത്രി നേതാജി അന്തരിച്ചു. 22-ാം തീയതി ശവദാഹം നടന്നു, ചിതാഭസ്മം 23-ാം തീയതി ശേഖരിച്ചു എന്നൊക്കെയാണ്. ഇക്കഥ ശരിയല്ലെന്ന് സൂക്ഷ്മാവലോകനത്തില്‍ സ്പഷ്ടമായിട്ടുണ്ട്. അനന്തരം നടന്ന അന്വേഷണത്തിലും ഇതു കൂടുതല്‍ വ്യക്തമായി.
നേതാജിയുടെ മരണവാര്‍ത്ത അഞ്ചുദിവസത്തിനുശേഷം ഒരു ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് 23-ാം തീയതി ടോക്കിയോ റേഡിയോ പ്രക്ഷേപണം ചെയ്തു. നേതാജിയെ ജപ്പാനിലെ ഒരാശുപത്രിയില്‍ ചികിത്സിച്ചുവെന്നും അവിടെ അന്തരിച്ചുവെന്നും ആയിരുന്നു റേഡിയോ വാര്‍ത്ത. പിന്നെ രണ്ടുദിവസം കഴിഞ്ഞ് തെയ്‌ഹോകുവിലെ ഇംഗ്ലീഷ് പത്രം അറിയിച്ചത്, നേതാജിയെ തെയ്‌ഹോകു ആശുപത്രിയില്‍ ചികിത്സിച്ചുവെന്നും അവിടെവച്ച് മരിച്ചുവെന്നുമാണ്. രണ്ടു
തരത്തില്‍ വാര്‍ത്ത വന്നതുതന്നെ ശ്രദ്ധിക്കേണ്ട കാര്യമത്രെ. എന്തുകൊണ്ട്? സുപ്രധാനമായ ഈ വാര്‍ത്ത വയര്‍ലസ് യുഗത്തില്‍ അഞ്ചുനാള്‍ വച്ചുതാമസിപ്പിച്ചതിന് യാതൊരു ന്യായീകരണവും കാണുന്നില്ല. നേതാജിയുടെ പരുക്കുകളെപ്പറ്റി റഹ്മാനും ‘ചികിത്സിച്ച’ ഡോക്ടറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണ്.
ഒരു രാഷ്ട്രത്തലവനായ നേതാജിയും ജപ്പാനിലെ ഏററവും പ്രശസ്തനായ ജനറലും മരിക്കാനിടയായ വിമാനാപകടത്തെപ്പറ്റി ജപ്പാന്‍ അവശ്യം വേണ്ടതായ അന്വേഷണത്തിന് ഉത്തരവിട്ടില്ല; വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.
നേതാജിയുടെ മൃതദേഹം അടക്കംചെയ്ത പേടകം എന്ന ഭാവത്തില്‍ ഒരു ശവപ്പെട്ടിയുടെ പുറത്ത് ‘ചന്ദ്രബോസ്’ എന്നെഴുതി ആശുപത്രി ഹാളില്‍ പരസ്യമായി വച്ചെങ്കിലും, ശ്മശാനത്തിലെത്തിയപ്പോള്‍, നിലവിലുള്ള നിയമപ്രകാരം ശവപരിശോധന നടത്താന്‍ അനുവദിച്ചില്ല. പെട്ടിയോടെ ശവം ചൂളയില്‍ കയറ്റി ദഹിപ്പിച്ചത്രേ. ഈ അസാധാരണ നടപടിക്രമത്തില്‍ കാപട്യം മുഴച്ചുനില്ക്കുന്നു.
ഗുരുതരമായ മറെറാരു പൊരുത്തക്കേട്: ദഹനാനുമതിക്ക് മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നേതാജിയുടെ ‘ശവദാഹ’ത്തിന് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പേരു രേഖപ്പെടുത്തിയിരിക്കുന്നത് ‘ഇച്ചിറോ ഓക്കുറ’ എന്ന ഏതോ ജപ്പാന്‍ ഭടന്‍േറതാണ്. നേതാജി മരിച്ചുപോയി എന്ന് സഖ്യസേനകളെ ബോദ്ധ്യപ്പെടുത്താന്‍ താത്പര്യപ്പെടേണ്ട ജപ്പാന്‍ സര്‍ക്കാര്‍ സുപ്രധാനമായ ഈ റിക്കാര്‍ഡില്‍ യുക്തിഹീനവും വിഡ്ഢിത്തപൂര്‍ണവുമായ ഈ ‘മറിമായം’ കാട്ടിയതിന്റെ പൊരുള്‍ തികച്ചും ദുരൂഹമാണ്. അതോ, ‘ബുദ്ധിയുണ്ടെങ്കില്‍ സത്യം കണ്ടെത്തുക’ എന്നര്‍ത്ഥം വരുന്ന കടങ്കഥയോ?
ക്രോസ് വിചാരണയില്‍ അന്വേഷണ ഓഫീസര്‍മാര്‍ക്ക് കേണല്‍ റഹ്മാന്‍ നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമത്രെ. മൃതദേഹം സംസ്‌കരിച്ചപ്പോള്‍ താന്‍ സംബന്ധിച്ചുവെന്ന് ജപ്പാനില്‍വച്ചും, ആ ചടങ്ങില്‍ സംബന്ധിക്കാന്‍ ഡോക്ടര്‍ സമ്മതിച്ചില്ല എന്ന് ഡല്‍ഹിയിലും കേണല്‍ മൊഴി കൊടുത്തിട്ടുണ്ട്. ശവദാഹത്തീയതി പലരോടും പലതാണ് അദ്ദേഹം പറഞ്ഞത്. ചുമതലയുള്ള ഒരു സീനിയര്‍ ഓഫീസര്‍ക്ക് അങ്ങനെ ഓര്‍മ്മത്തെററ് വരുമോ? ചില കാര്യങ്ങളില്‍ കേണല്‍ റഹ്മാന്‍ വൈഭവം കാട്ടിയിട്ടുമുണ്ട്. റഷ്യയില്‍ പോയി ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി യത്‌നിക്കാന്‍ നേതാജിക്ക് പദ്ധതിയുണ്ടായിരുന്നു എന്ന് ഇന്ത്യക്കാരും ജപ്പാന്‍കാരുമായ സീനിയര്‍ ഓഫീസര്‍മാര്‍ അന്വേഷകരോട് പറഞ്ഞെങ്കിലും തനിക്കത് അറിയില്ല എന്നൊരു തട്ടിപ്പാണ് റഹ്മാന്‍ സകലര്‍ക്കും നല്‍കിയ മൊഴിയിലുള്ളത്. അടിയന്തര സന്ദേശവുമായി നേതാജിയെ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ ഓഫീസര്‍മാര്‍ എത്തിയ വിവരം ഹബീബുര്‍ റഹ്മാന്‍ സമര്‍ത്ഥമായി മറച്ചുവച്ചു.
1945 ആഗസ്റ്റിനുശേഷം നേതാജിയെ കണ്ടതായി ചില വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. നേതാജി മോസ്‌കോയില്‍ എത്തിയെന്ന് റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞതായി തെഹറാനിലും കാബൂളിലും നിന്ന് ബ്രിട്ടീഷ് രഹസ്യചാരന്മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും അറിയാന്‍ കഴിഞ്ഞിരിക്കുന്നു.
1945-ല്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഹോം മെമ്പര്‍ ആയിരുന്ന ആര്‍.എഫ്. മൂഡി ബോസിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി വിശദമായ ഒരു ലേഖനം തയ്യാറാക്കിയിരുന്നു. ആയാണ്ട് ഒക്ടോബറില്‍ വൈസ്രോയി ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഇത് ക്യാബിനറ്റിന്റെ പരിഗണനയ്ക്കായി കൊണ്ടുപോയിരുന്നു. ‘ചില പ്രത്യേക സാഹചര്യത്തില്‍ റഷ്യ ബോസിനെ സ്വീകരിച്ചെന്നുവരാം. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ വിട്ടുതരണമെന്ന് ആവശ്യപ്പെടേണ്ടതില്ല’ എന്ന നിര്‍ദ്ദേശം പരിഗണിച്ചശേഷം, ‘ബോസ് എവിടെയുണ്ടോ അവിടെ തുടര്‍ന്നുകൊള്ളട്ടെ’ എന്ന് ആറ്റി തീരുമാനിച്ചു. നേതാജിയെപ്പറ്റി ചില രഹസ്യവിവരങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നു എന്നു സ്പഷ്ടം.
സഖ്യകക്ഷികളുടെ ദക്ഷിണപൂര്‍വേഷ്യാ സൈന്യാധിപനായിരുന്ന മൗണ്ട്ബാറ്റന്‍ സിംഗപ്പൂരില്‍ ആസ്ഥാനമുറപ്പിച്ചിരുന്ന 1946-ല്‍ നെഹ്രു അവിടെവച്ച് അദ്ദേഹത്തെ കണ്ടിരുന്നു. മൗണ്ട്ബാററന്‍ നെഹ്രുവിനെ ഇങ്ങനെ ഉപദേശിച്ചു: ”ഐ.എന്‍.എയെ ഏറെ പ്രശംസിക്കുന്നത് സുഭാസ് പ്രത്യക്ഷപ്പെടുമ്പോള്‍ ഭാരതഭരണം വെള്ളിത്തളികയിലാക്കി ബോസിനു സമര്‍പ്പിക്കുന്നതിനു തുല്യമാണ്. സുഭാസ് മരിച്ചിട്ടില്ല. റഷ്യയില്‍ ഉണ്ടാകാം.’ അതിനുശേഷം പണ്ഡിറ്റ്ജി ഐ.എന്‍.എയെപ്പറ്റി സംസാരിച്ചിട്ടില്ല.
നേതാജിയുടെ തിരോധാനത്തെപ്പറ്റി സ്വതന്ത്രഭാരതം രണ്ടന്വേഷണങ്ങള്‍ നടത്തി, 1956-ലും 1970-ലും. രണ്ടും അപൂര്‍ണം, അപര്യാപ്തം, അവിശ്വസനീയം.
ദുരൂഹസാഹചര്യങ്ങളില്‍ അപ്രത്യക്ഷനായ നേതാജിയെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രശസ്ത പാര്‍ലമെന്റേറിയന്‍ എച്ച്.വി.കമ്മത്ത് ലോക്സഭയില്‍ പ്രസംഗിച്ചെങ്കിലും, കേണല്‍ ഹബീബ് റഹ്മാന്റ പത്രികയില്‍നിന്ന് ചില ഭാഗങ്ങള്‍ വായിച്ച് വഴുതിമാറുകയാണ് പ്രധാനമന്ത്രി നെഹ്രു ചെയ്തത്. സഭയ്ക്കുള്ളില്‍ സമ്മര്‍ദ്ദങ്ങള്‍ ഏറെ വന്നപ്പോള്‍ അര്‍ദ്ധമനസ്സോടെ ഷാനവാസ് കമ്മിറ്റിയെ ഏര്‍പ്പെടുത്തി. കമ്മിറ്റിയുടെ പ്രവര്‍ത്തനപരിധി ഏറെ ചുരുക്കിയെന്നുമാത്രമല്ല, അപകടസ്ഥലമായ തെയ്‌ഹോകു സന്ദര്‍ശിക്കാന്‍ അനുവദിച്ചതുമില്ല. ഈ കമ്മിററിയുടെ പ്രവര്‍ത്തനസമയത്തും നേതാജി മരിച്ചുപോയത് അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണെന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രഖ്യാപിച്ച് പണ്ഡിറ്റ്ജി കമ്മിഷന് മാനസികമായ സമ്മര്‍ദ്ദമുണ്ടാക്കുകയാണു ചെയ്തത്.
1952-ല്‍ ടോക്കിയോ സന്ദര്‍ശിച്ച ബോംബെ സര്‍ക്കാരിന്റെ പ്രചാരണ വകുപ്പുതലവന്‍ എസ്.എ. അയ്യര്‍ (എസ്.എ. അയ്യര്‍ നേതാജിയുടെ പ്രചാരണ മന്ത്രിയായിരുന്നു) നെഹ്രുവിനു ബോസിനെപ്പറ്റി ഒരു സ്വകാര്യ കുറിപ്പ് നല്‍കിയിരുന്നു. ഖോസ്ലാ കമ്മിഷന്‍ മുമ്പാകെ എത്തിയ പ്രസ്തുത കുറിപ്പ് ഇങ്ങനെയാണ്: ‘ഇത്തവണ വളരെ പ്രധാനപ്പെട്ട വിവരം ശേഖരിക്കാന്‍ എനിക്കു കഴിഞ്ഞു… ദറിയന്‍വരെ ജനറല്‍ ഷിദേയ് ചന്ദ്രബോസിന് വേണ്ടതൊക്കെ ചെയ്യും. അതിനപ്പുറം ബോസ് സ്വന്തനിലയില്‍ റഷ്യന്‍ അധികാരികളുമായി സമ്പര്‍ക്കം പുലര്‍ത്തണം. ദറിയനില്‍നിന്ന് ബോസ് അപ്രത്യക്ഷനായി എന്ന് ജപ്പാന്‍ ലോകത്തോടു പ്രഖ്യാപിക്കും…’
നേതാജിയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന കോലാഹലങ്ങള്‍ ഉണ്ടായിട്ടും ഈ സുപ്രധാന വാര്‍ത്ത പണ്ഡിറ്റ് നെഹ്രു പാര്‍ലമെന്റിനെ അറിയിച്ചില്ല. നേതാജിയെപ്പറ്റി അദ്ദേഹം സൂക്ഷിച്ചിരുന്ന രഹസ്യഫയല്‍ അന്വേഷണക്കമ്മിറ്റിക്കു കൊടുത്തതുമില്ല.
വീണ്ടും അന്വേഷണം വേണമെന്ന് കക്ഷിഭേദമെന്യേ അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഖോസ്ലാ കമ്മിഷന്‍ ഏര്‍പ്പെടുത്തപ്പെട്ടു. മുന്‍വിധിയോടെയാണ് കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെ പ്രധാനപ്പെട്ട പല തെളിവുകളും കമ്മിഷന്‍ തള്ളിക്കളയുകയാണു ചെയ്തത്.
ഖോസ്ലാ കമ്മിഷന്‍ മുമ്പാകെ മീററ്റുകാരന്‍ ശ്യാംലാല്‍ ജയിന്‍ സത്യപ്രതിജ്ഞ ചെയ്തു ബോധിപ്പിച്ച മൊഴിയുടെ ചില ഭാഗങ്ങള്‍ ചുവടെ:
*1945 ആഗസ്‌റ് 23-ാം തീയതി (തീയതി ആഗസ്റ് 23 ശ്രദ്ധിക്കുക. അന്നാണ് നേതാജിയുടെ മരണവാര്‍ത്ത ടോക്കിയോ റേഡിയോ പ്രക്ഷേപണം ചെയ്തത്. നേതാജി റഷ്യയില്‍ പ്രവേശിക്കുന്നതുവരെ വാര്‍ത്ത പൂഴ്ത്തിവച്ചു)
ഉച്ചകഴിഞ്ഞ് 1.30 ന് മഞ്ചൂറിയായിലെ ദറിയനില്‍ എത്തി. ആ വിമാനം ഒരു ജപ്പാന്‍ ബോംബറായിരുന്നു. അതില്‍ ധാരാളം സ്വര്‍ണം (ബാര്‍രൂപത്തിലും ആഭരണമായും) ഉണ്ടായിരുന്നു. നേതാജി കൈയില്‍ ഓരോന്നുവീതം രണ്ട് അറ്റാഷെ ബാഗുകള്‍ വഹിച്ചിരുന്നു. വിമാനത്തില്‍നിന്നും ഇറങ്ങിയശേഷം അദ്ദേഹം വാഴപ്പഴവും ചായയും കഴിച്ചു. പിന്നീട് അദ്ദേഹവും മറ്റു നാലുപേരും (അതിലൊരാള്‍ ഷിദേയ് എന്ന ജപ്പാന്‍ ഓഫീസറായിരുന്നു മറ്റുള്ളവരുടെ പേരുകള്‍ മറന്നുപോയി) ഒരു ജീപ്പില്‍ കയറി. ആ വാഹനം റഷ്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങി. ഏകദേശം മൂന്നുമണിക്കൂര്‍ കഴിഞ്ഞ് ആ ജീപ്പ് മടങ്ങിവന്ന്, വിമാനത്തിന്റെ പൈലറ്റിന് ടോക്കിയോയിലേക്കു മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശം കൊടുത്തു.’
”അതിനുശേഷം ശ്രീ. നെഹ്രു അദ്ദേഹത്തിന്റെ റൈറ്റിംഗ്പാഡില്‍ നിന്നും നാലു ഷീററ് എടുത്ത് ഒരു കത്തിന്റെ നാലു പ്രതി, അദ്ദേഹം പറഞ്ഞുതരുംപടി, ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് അതേസമയം ഞാന്‍ ടൈപ്പ് ചെയ്തു. അതിന്റെ രൂപം എന്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നത് ഇങ്ങനെയാണ്:
”മിസ്‌ററര്‍ ക്ലെമന്റ് ആറ്റ്‌ലി, ബ്രിട്ടീഷ് പ്രധാനമന്ത്രി, 10 ഡൗണിംഗ് സ്ട്രീറ്റ്, ലണ്ടന്‍.
”പ്രിയപ്പെട്ട ആറ്റ്‌ലി,
സുഭാസ് ചന്ദ്രബോസ് റഷ്യയില്‍ പ്രവേശിക്കാന്‍ സ്ററാലിന്‍ അനുവദിച്ചതായി വിശ്വസനീയമായ ഒരു സ്ഥാനത്തുനിന്ന് എനിക്ക് അറിവുകിട്ടി. ആംഗ്ലോ-അമേരിക്കന്‍ ചേരിയിലെ ഒരു സഖ്യരാഷ്ട്രമെന്ന നിലയില്‍ റഷ്യ കാണിച്ചത് വിശ്വാസ വഞ്ചനയാണ്. ഇത് കണക്കിലെടുത്ത് താങ്കളുടെ പരിഗണനയില്‍ യുക്തമായത് ചെയ്യുക.
സ്‌നേഹപൂര്‍വ്വം,
ജവാഹര്‍ലാല്‍ നെഹ്രു.”
‘മഹാനായ’ നെഹ്രുവിന്റെ ‘സത്യസന്ധത’യെപ്പറ്റി അനുവാചകര്‍ വിലയിരുത്തട്ടെ.
ജസ്റ്റിസ് ഖോസ്ല 1974 ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ഇന്ദിരസര്‍ക്കാര്‍ അതിന്റെ കോപ്പികള്‍ പാര്‍ലമെന്റില്‍ മേശപ്പുറത്തു വച്ചു. പക്ഷപാതപരവും സത്യവിരുദ്ധവുമായ ആ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ച മെമ്പര്‍ സമര്‍ഗുഹ ഒരു പ്രതി പിച്ചിച്ചീന്തി പ്രധാനമന്ത്രിയുടെ മുഖത്തേക്കെന്നപോലെ സഭാതലത്തില്‍ വലിച്ചെറിഞ്ഞു. അവഹേളനാത്മകമായ ഈ നടപടിക്കെതിരെ അംഗങ്ങളോ സ്പീക്കറോ ഒരക്ഷരംപോലും മിണ്ടിയില്ല. എല്ലാവര്‍ക്കും ഗുഹയുടെ നടപടി ഇഷ്ടപ്പെട്ടിരിക്കണം. ഈ റിപ്പോര്‍ട്ട് നിരാകരിക്കണമെന്ന് ഗുഹ പ്രമേയം അവതരിപ്പിച്ചു. അതിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയാകുംമുമ്പേ വെള്ളിടിപോലെ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കപ്പെട്ടു, പ്രമേയാവതാരകന്‍ ജയിലിലുമായി.
1977-ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അധികാരത്തിന്റെ അലകുംപിടിയും മാറി. ഖോസ്ലാ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ സഭയുടെ പൊതുവായ വിമര്‍ശനമുയര്‍ന്നു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു: ”ഷാനവാസ് കമ്മിറ്റിയുടെയും ഖോസ്ലാ കമ്മിഷന്റെയും നിഗമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.’ (3-9-1978)
ജയ്പൂരിലെ ‘നേതാജി സുഭാസ് ചന്ദ്രബോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍’ ഫയല്‍ചെയ്ത ഒരു കേസിന്റെ വിധിയില്‍ നേതാജിയുടെ തിരോധാനം സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിയാന്‍ സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതാണ് എന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് (18-1-1986). അതിനിയും നടന്നിട്ടില്ല.
നേതാജിയുടെ ജന്മശതാബ്ദി നാം ആഘോഷിക്കുന്ന ഈയവസരത്തില്‍തന്നെ ആ അന്വേഷണത്തിന് ജനനേതാക്കള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ആയത് പൂര്‍ത്തീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം, ചരിത്രവും ഭാവിതലമുറകളും നമുക്ക് മാപ്പ് തരികയില്ല.
സ്ഥിതിഗതികള്‍ പരിഗണിക്കുമ്പോള്‍ ഔദ്യോഗികമായി നേതാജി മരിച്ചിട്ടില്ല. അപ്പോള്‍ പൊന്തിവരുന്ന ചോദ്യമിതാണ്: ‘നേതാജി എവിടെ?’ അന്വര്‍ത്ഥമായ ഒരു പേരാണ് പുസ്തകത്തിന് ഗ്രന്ഥകാരന്‍ നല്കിയിരിക്കുന്നത്. ശ്രീ എന്‍.പി.നായര്‍ നേതാജിയെപ്പറ്റി എഴുതുന്ന അഞ്ചാമത്തെ ഗ്രന്ഥമാണിത്, ഒരു തര്‍ജ്ജമ ഉള്‍പ്പെടെ. ഇതിന്റെ സര്‍വ്വാവകാശങ്ങളും നേതാജി സ്മാരകനിധി എന്ന ധര്‍മ്മസ്ഥാപനത്തിനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ശ്രീ എന്‍.പി. നായരുടെ ഉത്സാഹത്തില്‍ രൂപീകൃതമായ നേതാജി സ്മാരകനിധിയുടെ ലക്ഷ്യം വിദ്യാര്‍ത്ഥികളെ ദേശസ്‌നേഹമുള്ള ഉത്തമപൗരന്മാരാക്കുക എന്നതാണ്. നേതാജിയുടെ സേവനങ്ങളെപ്പറ്റി വിദ്യാലയങ്ങളില്‍ പ്രസംഗമത്സരം നടത്തി, വിജയികള്‍ക്ക് ആണ്ടുതോറും സമ്മാനങ്ങള്‍ നല്കുക, സ്‌കോളര്‍ഷിപ്പുകളും എന്‍ഡോവ്‌മെന്റുകളും ഏര്‍പ്പെടുത്തി അര്‍ഹരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നിത്യാദി ദേശസേവനപരമായ പ്രവര്‍ത്തനങ്ങളാണ് ഈ ട്രസ്ററിന്റെ ലക്ഷ്യം.
നേതാജിയുടെ അന്തര്‍ധാനത്തെപ്പറ്റി ലഭ്യമായ രേഖകള്‍ സമഗ്രമായി പരിശോധിച്ച്, ഒരഭിഭാഷകന്റെ ചാതുര്യത്തോടെ വാദമുഖങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ ചരിത്രവിഭാഗത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന വിശ്വാസത്തോടെ സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
ജയ് ഹിന്ദ്!
ഡി.സി. കിഴക്കെമുറി,
പ്രസിഡന്റ്, കേരളാ സ്റേററ്റ് ഫ്രീഡം ഫൈറേറഴ്സ് അസോസിയേഷന്‍
കോട്ടയം
23-1-1997.