പോയകാലം കേരളം ജീവിച്ചതിങ്ങനെ
(ഓര്‍മ, ചരിത്രം)
മുരളീധരന്‍ തഴക്കര
പരിധി പബ്ലിക്കേഷന്‍സ് 2024
മലയാളിയുടെ ജീവിതചര്യയില്‍ ഉള്‍ച്ചേര്‍ന്ന സംസ്‌കാരം ഇന്നെവിടെപ്പോയൊളിച്ചു? ഗ്രാമീണ വിശുദ്ധിയില്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ക്ക് കാവലായി നിന്നവ, പോയകാലത്തിന്റെ വേദനകളായി മാറുന്നു! കേരളത്തിന്റെ പഴയകാലം ഓര്‍മ്മയില്‍ സുഗന്ധമായി നിറയുമ്പോള്‍ അവയുടെ സൗരഭ്യം നുകരുകയാണ് ഈ കൃതി. ഇഴവിടര്‍ത്തി പോയകാലത്തിന്റെ നേരും നെറിയും സര്‍വോപരി നന്മകളും കാട്ടിത്തരുകയാണ് ഇത്. ചരിത്രവും സംസ്‌കാരവും മാനവികതയില്‍ മയില്‍പ്പീലി ചൂടിയ കാലത്തിന്റെ ചിത്രമാണ് ഇതിലെമ്പാടും.
മുഖമൊഴി
ജീവിതത്തില്‍നിന്നും ജീവിത പരിസരത്തുനിന്നും പകര്‍ന്നുകിട്ടിയ അറിവും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളുടെയും രചനയ്ക്ക് പ്രേരണയായത്. ജനിച്ചുവളര്‍ന്ന ഗ്രാമത്തിലെ എന്റെയും എന്റെ തലമുറയില്‍പ്പെട്ടവരുടെയും ജീവിതം തന്നെയാണീ പുസ്തകം. കേവലം പഴമ്പുരാണമോ ഗൃഹാതുരതയോ പങ്കുവയ്ക്കുകയല്ല, മറിച്ച് മൂന്നുനാല് പതിറ്റാണ്ടുമുമ്പുള്ള കേരളം മണ്ണിനും മനുഷ്യനും ഭാരമാകാതെ, പ്രകൃതിയെ ഹനിക്കാതെ എങ്ങ നെയെല്ലാമാണ് ജീവിച്ചതെന്ന് പറയാതെ പറയുകയാണീ പുസ്തകമെന്ന് വിനീതമായി പറയട്ടെ!
വന്നവഴി മറക്കാതിരിക്കുക, ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ജനിച്ചുവളര്‍ന്ന നാടിന്റെ നാരായവേര് മുറിച്ചു മാറ്റാതിരിക്കുക- ഏതൊരാളിന്റെ കാര്യത്തിലും ഇതൊരു ജീവിതനന്മയാണ്. എന്നോ മറന്നുകളയേണ്ട പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കാര്യങ്ങളൊക്കെ വീണ്ടുംവീണ്ടും ഓര്‍ത്തെടുക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നതിലര്‍ത്ഥമുണ്ടോ? കാലം വല്ലാതെ മാറിയില്ലേ- വിസ്മയകരമായ മാറ്റങ്ങളല്ലേ സംഭവിച്ചത്, ഈ ശാസ്ത്രപുരോഗതിയെക്കുറിച്ചല്ലേ പറയേണ്ടത്. പലപ്പോഴും ഈ ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ട്. വീടുകളെക്കാളേറെ വൃദ്ധസദനങ്ങളുണ്ടാകുകയും ജീപ്പുകകയും ചെയ്യുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ പോയകാലത്തിന്റെ നന്മകളെ മനസ്സിലിട്ട് ചിക്കി കൊഴിക്കുന്നതെന്തിനെന്ന ചോദ്യവും പ്രസക്തമാണ്. ഉപയോഗിക്കുക ഉപേക്ഷിക്കുക എന്നതാണല്ലോ ജീവിതവേഗം കൂടിയ പുതിയകാലത്തിന്റെ പൊതുസമീപനം!
ഈ തിരിച്ചറിവാണ് ഇരുപത്തിയേഴ് അധ്യായങ്ങളുള്ള ‘പോയകാല കേരളം ജീവിച്ചതിങ്ങനെ’ എന്ന ഈ പുസ്തകത്തിന് പ്രേരണയായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരിന്റെ പഞ്ചായത്ത് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘പഞ്ചായത്ത് രാജ്’ മാസികയിലും, ചെന്നിത്തലയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ചാലകം’ മാസികയിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹരണമാണീ പുസ്തകം. ഏറെ ലാളിത്യത്തോടെ മണ്ണിന്റെ നന്മ തിരിച്ചറിഞ്ഞ് പ്രകൃതിയോടു ചേര്‍ന്ന് എങ്ങനെയാണ് ജീവിച്ചതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ പുസ്തകം.
ഈ പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ചത് പ്രശസ്ത കഥാകൃത്തായ ഡോ.എം.രാജീവ്കുമാറിന്റെ ചുമതലയില്‍ തിരുവനനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, പ്രസാധനരംഗത്ത് ചിരപ്രതിഷ്ഠ നേടിയ ‘പരിധി’ പബ്ലിക്കേഷന്‍സാണ്. എന്റെ പ്രിയ സുഹൃത്തും ആകാശവാണിയില്‍ ദീര്‍ഘകാല സഹപ്രവര്‍ത്തകനുമായിരുന്ന രാജീവ് കുമാറിനോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്.
മുരളീധരന്‍ തഴക്കര
20-07-2023
Leave a Reply