(പഠനം)
രവിചന്ദ്രന്‍ സി.
ഡിസി ബുക്സ്
കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജുനന്റെ സാരഥിയെങ്കില്‍? ഒരുപക്ഷേ, കുരുക്ഷേത്ര യുദ്ധംതന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെക്കുറിച്ച് ഗീതയും നിശ്ശബ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്ത്വികതലത്തില്‍ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. മൂന്നുഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗമായ ഗീതയും മായയും ഗീതകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ്. വ്യാഖ്യാന ഫാക്ടറിയിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെന്നും, ഗീതാഭക്തിയും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാണെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. രണ്ടാംഭാഗമായ ‘വേദാന്തം എന്ന യക്ഷിക്കഥ’ ഉപനിഷത്തുകളിലെ വേദാന്തദര്‍ശനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ‘ബോധം’ സംബന്ധിച്ച മതവാദങ്ങള്‍ സയന്‍സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി അവസാനഭാഗമായ ബോധത്തിന്റെ രസതന്ത്രത്തില്‍ പരിശോധിക്കപ്പെടുന്നു.