(ചരിത്രം)
ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍
രണ്ടാം പതിപ്പ്
ആദ്യപതിപ്പിന്റെ ആമുഖം
ഇന്ന് 2020 മാര്‍ച്ച് 28. വരാപ്പുഴ അതിരൂപതയുടെ ആത്മീയ കെട്ടുറപ്പിന് അടിസ്ഥാനമിട്ട ‘ഭവനസന്ദര്‍ശനത്തിന്’ ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് 70 വര്‍ഷംമുമ്പ് (1950 – ല്‍) തുടക്കംകുറിച്ച സുദിനമാണ് മാര്‍ച്ച് 28. ഇതിനുമുമ്പോ പിമ്പോ ലോകത്തിലെ ഒരു മെത്രാനും ചെയ്തതായി കേട്ടറിവില്ലാത്ത ഒരു മഹദ്കര്‍മ്മം.
പുരാതനമായ ഈ അതിരൂപത, കേരളസഭയ്ക്കും കേരള ജനതയ്ക്കും നല്‍കിയത് ഈടുറ്റ അനവധി സംഭാവനകളാണ്. വിശിഷ്ടമായ ഒരു പൈതൃകത്തിന്റെ ദൃഢമായ അടിവേരുകളാണ് കര്‍മ്മലീത്താ മിഷണറിമാരായ വികാരി അപ്പസ്‌തോലിക്കമാരും മെത്രാപ്പോലീത്തമാരും വൈദികരും പാകിയത്. നമ്മുടെ സംസ്‌കാരത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സേവനങ്ങളാണ് അവര്‍ നല്‍കിയത്. നിരവധി വ്യാകരണഗ്രന്ഥങ്ങള്‍, നിഘണ്ടുക്കള്‍, മലയാളഭാഷയില്‍ സംക്ഷേപവേദാര്‍ത്ഥം, സുറിയാനി തക്‌സ, പുത്തന്‍പാന, ഇന്നും കേരളസഭ തുടരുന്ന ആത്മീയചൈതന്യത്തിന് കാരണമായ അനേകം ഭക്തകൃത്യങ്ങള്‍…അങ്ങനെ എന്തെല്ലാം എന്തെല്ലാം…
മൂന്നരനൂറ്റാണ്ടിനപ്പുറം 1659-ല്‍ സ്ഥാപിതമായ, മൂന്നരലക്ഷത്തില്‍പരം അംഗങ്ങള്‍ ഇന്നുള്ള, വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തെക്കുറിച്ചുള്ള ജിജ്ഞാസ എന്നെ ഒരന്വേഷണത്തിലേക്ക് നയിച്ചു. ചരിത്രത്തെയും പൈതൃകത്തെയും കുറിച്ചുള്ള അവബോധം സ്വത്വബോധത്തിലേക്കും ആത്മാഭിമാനത്തിലേക്കും വ്യക്തികളെയും സമൂഹത്തെയും നയിക്കുന്നു. അതുകൊണ്ട് കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞ പുണ്യാത്മക്കളായ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെക്കുറിച്ചും, ഈ നാടിന് വലിയ സേവനങ്ങള്‍ കാഴ്ചവച്ച അതിരൂപതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് പുസ്തകരൂപം നല്‍കണമെന്ന ബോധ്യത്തിലേക്കാണ് ആ ജിജ്ഞാസ എന്നെ നയിച്ചത്.
ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ ഭവനസന്ദര്‍ശന യജ്ഞത്തിന് ആരംഭംകുറിച്ചിട്ട് 70 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദിനത്തില്‍, ‘റോമന്‍ ലൈറ്റ്’ എന്ന പേരില്‍ പരമ്പരയായി, കുറച്ച് പുസ്തകങ്ങളുടെ രചനയ്ക്ക് ഇവിടെ ആരംഭം കുറിക്കുകയാണ്. സഭാചരിത്ര വിഷയങ്ങളില്‍ മികച്ച ഗ്രന്ഥങ്ങളുടെ ചുവടുപിടിച്ച്, ലളിതമായ ഭാഷയില്‍ ഏവര്‍ക്കും, പ്രത്യേകിച്ച് സാധാരണക്കാര്‍ക്കും മതബോധനാര്‍ത്ഥികളായ പുതുതലമുറയ്ക്കും വഴിവിളക്കായി തീരണമെന്ന മോഹത്തോടെ തെളിയുന്ന ‘റോമന്‍ ലൈറ്റ്’ പരമ്പര, പരക്കെ പ്രകാശം പരത്താന്‍ നിങ്ങളേവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
അതോടൊപ്പം വരാപ്പുഴ അതിരൂപതയുടെ അസ്തിത്വത്തെ മറച്ചുപിടിച്ച്, വരാപ്പുഴ മിഷണറിമാരുടെ സംഭാവനകളെ തങ്ങളുടേതാക്കി മേനി ചമഞ്ഞുനടക്കുന്നവരുടെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ അശ്രദ്ധയെ മുതലെടുത്തുകൊണ്ട്, പൊതുസമൂഹത്തിലും സര്‍ക്കാര്‍ തലത്തിലുമെല്ലാം അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ച് ചിലര്‍ നേടിയ മേല്‍ക്കൈക്ക്, ലഭ്യമായ തെളിവുകള്‍ നിരത്തിക്കൊണ്ട് മറുപടിനല്‍കാനുള്ള ഒരു ചെറിയ ശ്രമംകൂടി ആണിത്.
രേഖകളുടെ ലഭ്യതക്കുറവും ലഭ്യമായവയുടെ ചേര്‍ച്ചക്കുറവും കൃത്യതയ്ക്ക് അനുകൂലമായിട്ടില്ല എന്ന തിരിച്ചറിവോടെയാണ് നിങ്ങളുടെ കൈകളില്‍ ഈ പുസ്തകം എത്തുന്നത്. ഏറ്റക്കുറച്ചിലുകളും പൊരുത്തക്കേടുകളും ഉണ്ടാകാം. ഓരോ അധ്യായത്തിലുമുള്ള അടിക്കുറിപ്പുകളിലെ വിവരണംകൂടി ചേര്‍ത്തുവായിച്ചാല്‍ ഇക്കാര്യങ്ങളിലുള്ള വ്യക്തത ലഭിക്കും.
വരാപ്പുഴ എന്റെ അതിരൂപത എന്ന ഈ പുസ്തകം അതിരൂപതയിലെ അനേകംപേര്‍ വായിച്ചുകഴിയുമ്പോള്‍ ‘എന്റെ അതിരൂപതയുടെ’ മഹത്ത്വം എന്താണെന്ന് ചെറിയ അളവിലെങ്കിലും മനസ്സിലാക്കാന്‍, ഓരോരുത്തര്‍ക്കും സാധ്യമാകുമെന്ന ഉത്തമബോധ്യത്തോടെ വരാപ്പുഴ അതിരൂപതാ മക്കളുടെ മുന്നില്‍ ഒരു തുടക്കം എന്നനിലയില്‍ സമര്‍പ്പിക്കുന്നു.
ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍
….
ആദ്യപതിപ്പിന്റെ അവതാരിക
ജോസഫ് കളത്തിപ്പറമ്പിൽ 
വരാപ്പുഴ മെത്രാപ്പോലീത്ത
ചരിത്രം മനുഷ്യനെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു. ചരിത്രബോധമില്ലായ്മയും അജ്ഞതയും മനുഷ്യനെയും സമൂഹത്തെയും പിന്നോക്കാവസ്ഥയിലേക്കു തള്ളിയിടും. പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും സ്വന്തം ചരിത്രം മനസ്സിലാക്കിയിരിക്കേണ്ടത് പ്രകൃതിയുടെ അനിവാര്യതയാണ്.
രൂപതകളുടെ മാതാവ് എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ചിരപുരാതനമായ വരാപ്പുഴ അതിരൂപതയ്ക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിനെയും 1653-ലെ കൂനന്‍കുരിശ് ശപഥത്തെയും തുടര്‍ന്ന് 1659 ഡിസംബര്‍ മൂന്നാംതീയതി സ്ഥാപിതമായ മലബാര്‍ വികാരിയത്ത് അതിന്റെ നീണ്ട 361 സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു. വരാപ്പുഴ അതിരൂപതയായി രൂപപ്പെട്ട പ്രസ്തുത വികാരിയത്തിന്റെ അനുസ്യൂതമായ ചരിത്രം പ്രതിപാദിക്കുന്ന ശ്രീ. ജോസഫ് മാനിഷാദിന്റെ ‘വരാപ്പുഴ എന്റെ അതിരൂപത’ എന്ന ഈ ഗ്രന്ഥം കൈരളിക്ക് സമര്‍പ്പിക്കുവാന്‍ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്.
കര്‍മ്മലീത്താ സന്ന്യാസിയായ പ്രഥമ വികാരി അപ്പസ്‌തോലിക്ക മോണ്‍. ജോസഫ് സെബസ്ത്യാനിയിലൂടെ ആരംഭിച്ച മലബാര്‍ വികാരിയത്ത്, ചരിത്രപ്രക്രിയയില്‍ വരാപ്പുഴ വികാരിയത്തായും വരാപ്പുഴ അതിരൂപതയായും വളര്‍ന്ന് വികസിച്ച് ഇന്ന് വിശിഷ്ടമായ പൈതൃകത്തോടെ കേരളമണ്ണില്‍ നിലകൊള്ളുന്നു. ഈ സഭാസമൂഹത്തിന്റെ ചരിത്രത്തെ ആധികാരികമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന ഗ്രന്ഥകാരന്‍ നമ്മുടെ ഏവരുടെയും അഭിനന്ദനങ്ങള്‍ക്ക് പാത്രമാകുന്നു.
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തെയും അതിന്റെ നിര്‍മ്മിതിയില്‍ പ്രധാനികളിലൊരാളായ മല ബാര്‍ വികാരിയത്തിലെ അപ്പസ്‌തോലിക് കമ്മിസാറി മത്തേവൂസ് പാതിരിയുടെ പങ്കിനെയും തീര്‍ത്തും തമസ്‌ക്കരിക്കുന്ന സമീപകാല പ്രവണതയെയും, ഹോര്‍ത്തുസ് മലബാറിക്കൂസിന്റെ രചനയ്ക്ക് ഡച്ച് ഗവര്‍ണര്‍ ഹെന്റിക്ക് വാന്റീഡിന് പ്രചോദനമായ മത്തേവൂസ് പാതിരിയുടെതന്നെ വിരിദാരിയും ഓറിയന്താലെ എന്ന കൈയെഴുത്തു ഗ്രന്ഥത്തെയും സംബന്ധിച്ചുള്ള പഠനവും നിരീക്ഷണവും നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
വികാരിയത്തില്‍ ശുശ്രൂഷ ചെയ്ത എല്ലാ വികാരി അപ്പസ്‌തോലിക്കമാരുടെയും മിഷണറിമാരുടെയും സംഭാവനകള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിലും, വിവാദവിഷയമായ പള്ളിക്കൊരു പള്ളിക്കൂടത്തിന്റെ ഉത്ഭവത്തെപ്പറ്റി വിവരിക്കുന്നതിലും, അതു നടപ്പാക്കിയ വര്‍ഷം 1865 അല്ല, 1857 ആണ് എന്ന് ആധികാരികരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കുന്നതിലും ശ്രീ. ജോസഫ് മാനിഷാദ് പുലര്‍ത്തുന്ന സത്യസന്ധമായ ചരിത്രാന്വേഷണശൈലി പ്രശംസനീയംതന്നെ. ഭാരതത്തിലെ ആദ്യ തദ്ദേശീയ കര്‍മ്മലീത്താ സന്ന്യാസി-സന്ന്യാസിനി സഭകളുടെ സ്ഥാപനചരിത്രങ്ങളെ സംബന്ധിച്ച് ചില കോണുകളില്‍നിന്നും ഉയരുന്ന അടിസ്ഥാനരഹിതങ്ങളായ അവകാശവാദങ്ങളുടെ അര്‍ത്ഥശൂന്യതയിലേക്ക് ഗ്രന്ഥകര്‍ത്താവ് തെളിവുകളിലൂടെ വെളിച്ചം വീശുന്നുണ്ട്.
റീത്തുഭേദമെന്യേ കേരളസഭയ്ക്കു കെട്ടുറപ്പുനല്‍കിയ 1894-ലെ വരാപ്പുഴ അതിരൂപതാ പ്രൊവിന്‍ഷ്യല്‍ സിനഡുമുതല്‍ ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലിത്ത 70 വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ അതിരൂപതാ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ, അതിരൂപതയെ തീക്ഷ്ണതയോടെ നയിച്ചുകൊണ്ടിരിക്കുന്ന സമകാലീന വൈദിക-അല്മായ നേതൃത്വംവരെയുള്ള ചരിത്രവസ്തുതകള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, വായനക്കാരുടെ ചിന്താമണ്ഡലങ്ങളില്‍ വരാപ്പുഴ എന്റെ അതിരൂപത എന്ന അനുഭവം ഉളവാക്കാന്‍ പ്രാപ്തമാകും എന്നെനിക്കുറപ്പുണ്ട്. ചരിത്രപഠിതാക്കള്‍ക്കു മാത്രമല്ല, സമുദായനന്മയും പുരോഗതിയും കാംക്ഷിക്കുന്ന ഏവര്‍ക്കും ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു. ഗ്രന്ഥകര്‍ത്താവിന് അനുമോദനങ്ങളും ഗ്രന്ഥത്തിന് പ്രചുരപ്രചാരവും ആശംസിക്കുന്നു.