(പഠനം)
പോള്‍ ചിറക്കരോട്
നാഷണല്‍ ബുക്ക്സ്റ്റാള്‍
അടിത്തട്ടുകാരുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവും മാനവീയവുമായ അവകാശങ്ങളെ ലക്ഷ്യവേധിയാക്കിയ കര്‍മ്മധീരനായ അംബേദ്കറുടെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആധികാരികമായ പഠനഗ്രന്ഥം.
മുഖവുര
അംബേദ്കറുടെ ജീവചരിത്രക്കുറിപ്പും സമരോജ്ജ്വലമായ ആ ജീവിതത്തിലെ നാടകീയനിമിഷങ്ങളും ഉള്‍ക്കൊള്ളുന്നതൊഴിച്ചാല്‍ ഇതൊരു ജീവചരിത്രമല്ല-നിയതമായ അര്‍ത്ഥത്തില്‍ അംബേദ്കറുടെ വിക്ഷോഭകരമായ ബൗദ്ധികതയുടെ ആസ്വാദന പ്രവണമായ പഠനമാണ് ഈ കൃതി. നാനാഭാവ ബഹുലമായ ആ ബൗദ്ധികജീവിതത്തിലെ മുഖ്യമായ അന്തര്‍ദ്ധാരകളെ ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നുതന്നെയാണ് ഈ ഗ്രന്ഥകാരന്റെ വിശ്വാസം. അതു പോലെ, ഇക്കാലത്ത് പ്രാമുഖ്യം നേടിവരുന്ന ‘കീഴാള പഠന om'(Sabaltern Studies)ത്തിന് ഈ ഗ്രന്ഥം ആശ്രയിക്കാവുന്ന ഒരു അടിത്തറയാകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.
റവ. കെ.ജെ. ജോണ്‍, ശ്രീമാന്മാരായ സൈമണ്‍ ജോണ്‍, പി. മാത്യു ജോസഫ്, ടി.ജെ. പീറ്റര്‍, ഡി.പി. കാഞ്ഞിരം, ഡോ. കെ. നാണു, ഡോ. രാജന്‍ ബാബു, പാണയം ബേബി, സോമദാസന്‍ താമരക്കുടി എന്നിവര്‍ പലവിധത്തില്‍ എനിക്കു സഹായികളായി. അമേരിക്കയിലുള്ള എന്റെ സുഹൃത്തും മനുഷ്യസ്‌നേഹിയുമായ ശ്രീ ടി.ടി. തോമസിനും അകൈതവമായ നന്ദി.
അടിത്തട്ടുകാരുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവും മാനവീയവുമായ അവകാശങ്ങളെ പടച്ചട്ടയണിയിച്ച മഹാനായ അംബേദ്കറെ തൊട്ടറിയാന്‍ സഹായകമാവണമെന്ന നിഷ്ഠയോടെ ഈ പുസ്തകം ഇങ്ങനെയൊക്കെ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ സഹിച്ച ഉദ്വേഗവും ഉത്കണ്ഠകളും പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം ചേര്‍ന്നുണ്ടാക്കിയ അനുഭവവും സംതൃപ്തിയും എനിക്കു മതിയായ പ്രതിഫലമായിട്ടുണ്ട്.
എല്ലാറ്റിനും ഒടുവില്‍, ഈ ഗ്രന്ഥം വായിക്കാന്‍ തെരഞ്ഞടുത്ത അജ്ഞാതനായ സുഹൃത്തേ, നിങ്ങള്‍ക്കും നന്ദി.
പോള്‍ ചിറക്കരോട്
മാരാമണ്‍