പാഠം, അറിവ്, അനുഭവം
(ആരോഗ്യ ശാസ്ത്രം)
ഡോ.ബോബന്‍ തോമസ്
സൈന്‍ ബുക്‌സ് കൊല്ലം 2021
ഏത് വീക്ഷണാടിസ്ഥാനത്തില്‍ നോക്കിയാലും ഇന്ന് നിലവിലുള്ള രോഗങ്ങളുടെ ചക്രവര്‍ത്തിപദം കാന്‍സറിന് കല്‍പ്പിച്ചുകൊടുക്കേണ്ടിവരും. Cancer is the emperor of all maladies’. കാന്‍സര്‍ രോഗിയെമാത്രം ബാധിക്കുന്ന ഒരസുഖമല്ല. മറിച്ച്, അതൊരു കുടുംബത്തെ ഒന്നടങ്കം ബാധിക്കുന്ന മഹാവ്യാധിയാണ്. ഇതിന്റെ സാമൂഹ്യമായ പ്രത്യാഘാത തലങ്ങള്‍ നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിതപരിസരങ്ങളില്‍ എപ്പോഴെങ്കിലും കണ്ടുമുട്ടാത്തവരായി ആരും തന്നെയുണ്ടാകില്ല.
കേരളത്തിലെ ക്യാന്‍സര്‍ ചികിത്സാ വിദഗ്ധരില്‍ ഒരാളായ ഡോ. ബോബന്‍ തോമസ് ഈ പുസ്തകത്തിലൂടെ കാന്‍സര്‍ രോഗികള്‍ അറിയേണ്ടതും അവലംബിക്കേണ്ടതുമായ മുഴുവന്‍ കാര്യങ്ങളും വളരെ ലളിതമായും കൃത്യമായും അവതരിപ്പിക്കുന്നു. സ്തനാര്‍ബുദത്തെ സംബന്ധിച്ച ഒരു കൈപ്പുസ്തകമാണ് ഈ ചെറുഗ്രന്ഥം. പുതിയ വൈദ്യശാസ്ത്ര അറിവുകളെ ലളിതവും ഹൃദ്യവുമായാണ് ഇതില്‍ വിവരിക്കുന്നത്. സാധാരണക്കാര്‍ക്കും വായിച്ചു മനസ്സിലാകത്തക്ക വിധമുള്ളതാണ് ഇതിന്റെ രചനാരീതി.
അവതാരിക
ഡോ. അജു മാത്യു
ഏത് വീക്ഷണാടിസ്ഥാനത്തില്‍ നോക്കിയാലും ഇന്ന് നിലവിലുള്ള രോഗങ്ങളുടെ ചക്രവര്‍ത്തിപദം കാന്‍സറിന് കല്‍പ്പിച്ചുകൊടുക്കേണ്ടിവരും. ‘Cancer is the emperor of all maladies’. കാന്‍സര്‍ രോഗിയെ മാത്രം ബാധിക്കുന്ന ഒരസുഖമല്ല. മറിച്ച് അതൊരു കുടുംബത്തെ ഒന്നടങ്കം ബാധിക്കുന്ന മഹാവ്യാധിയാണ്. ഇതിന്റെ സാമൂഹ്യമായ പ്രത്യാഘാത തലങ്ങള്‍ നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിതപരിസരങ്ങളില്‍ എപ്പോഴെങ്കിലും കണ്ടുമുട്ടാത്തവരായി ആരും തന്നെയുണ്ടാകില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലടക്കം നിരന്തരമായി പരാമര്‍ശിക്കപ്പെടുകയും, ചര്‍ച്ചചെയ്തുപോരുകയും ചെയ്യുന്ന ഒരു വിഷയം കൂടിയാണ് ഇത്.
എന്നിട്ടും ഖേദത്തോടെ പറയട്ടെ, ഞങ്ങളെ കാണാന്‍ വരുന്ന രോഗികളില്‍ ഏറിയപങ്കും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത മൂര്‍ധന്യാവസ്ഥയിലാണ് രോഗവുമായി കടന്നുവരുന്നത്. സ്തനാര്‍ബുദം ഇതിനൊരു ഉത്തമ ഉദാ ഹരണമാണ്. അര്‍ബുദ ചികിത്സകന്‍ എന്ന നിലയില്‍ ഓരോ ആഴ്ചയിലും എന്റെ ഒ.പിയിലേക്ക് കടന്നുവരുന്ന നിരവധിയായ സ്തനാര്‍ബുദ രോഗികളുണ്ട്. പ്രാരംഭഘട്ടത്തില്‍ത്തന്നെ ചികിത്സയെടുത്തിരുന്നെങ്കില്‍ വളരെ എളുപ്പത്തില്‍ രോഗവിമുക്തി കൈവരിക്കാന്‍ കഴിയുന്നവരായിരുന്നു അവരില്‍ ഏറിയപങ്കും എന്നാലോചിക്കുമ്പോള്‍ മനോവേദനയുണ്ട്.
എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? രോഗത്തെക്കുറിച്ചുള്ള അകാരണമായ ഭീതി, അജ്ഞത, കൃത്യമായ അവ ബോധത്തിന്റെ അഭാവം എന്നിവയാണ് അതിന്റെ സാമാന്യമായ കാരണങ്ങള്‍.
എന്റെ സുഹൃത്തും കേരളത്തിലെ പ്രഥമഗണനീയരായ കാന്‍സര്‍ ചികിത്സാ വിദഗ്ധരില്‍ ഒരാളുമായ ഡോ. ബോബന്‍ തോമസ് ഈ പുസ്തകത്തിലൂടെ കാന്‍സര്‍ രോഗികള്‍ അറിയേണ്ടതും, അവലംബിക്കേണ്ടതുമായ മുഴുവന്‍
കാര്യങ്ങളും വളരെ ലളിതമായും കൃത്യമായും അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്തനാര്‍ബുദത്തെപ്പറ്റിയുള്ള വിജ്ഞാനത്തിന്റെ വാതില്‍ തുറന്നിടുന്ന ഈ പുസ്തകം രോഗികള്‍ക്കെന്നപോലെ തന്നെ എന്നെപ്പോലെയുള്ള ചികി ത്സകര്‍ക്കും വലിയ തോതില്‍ പ്രയോജനപ്രദമാകുമെന്നതില്‍ സംശയമില്ല.
ചികിത്സാനുഭവങ്ങളില്‍നിന്ന് ആവേശവും പ്രചോദനവും ഉള്‍ക്കൊള്ളുന്ന ചില സന്ദര്‍ഭങ്ങള്‍ ഡോക്ടര്‍ ബോബന്‍ ഈ പുസ്തകത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്. രോഗികളോട് അദ്ദേഹം കാണിച്ചിട്ടുള്ള പരിചരണത്തിന്റെയും വൈകാരികമായ അടുപ്പത്തിന്റെയും അനുകമ്പയുടെയും കാഴ്ചകള്‍ ഈ അനുഭവങ്ങളിലുടനീളം ദൃശ്യമാണ്. അതുതന്നെയായിരിക്കും കേരളം ഏറ്റവും കൂടുതല്‍ തേടുന്ന ഓങ്കോളജിസ്റ്റുകളിലൊരാളായി മാറാന്‍ ഇന്ന് അദ്ദേഹത്തിന് കഴിഞ്ഞത്. ഉദാത്തമായ മൂല്യങ്ങളും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന വിദഗ്ധ ചികിത്സകന്‍ എന്ന നിലയ്ക്ക് ഡോ. ബോബന്‍ ലോകത്തിനുതന്നെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന കേരളത്തിന്റെ ഒരു മാതൃകയാണ്. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ തോളോട് ചേര്‍ന്നുനില്‍ക്കുന്ന പങ്കാളി എന്നു പറയുന്നതില്‍ എനിക്ക് ആദരവും ചാരിതാര്‍ത്ഥ്യവുമുണ്ട്.
അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന ഔദ്യോഗികജീവിതത്തില്‍ ഇതൊരു വലിയ തുടക്കമാകട്ടെ എന്നാശംസിക്കുന്നതോടൊപ്പം കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരാന്‍ എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.
സ്‌നേഹത്തോടെ,
ഡോ. അജു മാത്യു
……
എന്തുകൊണ്ട് ഈ പുസ്തകം?
ഡോ.ബോബന്‍ തോമസ്
”സാര്‍… കറുത്ത ബ്രേസിയര്‍ ധരിച്ചതുകൊണ്ടാണോ എനിക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ വന്നത്?’
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാസമ്പന്നയായ ഒരു സ്ത്രീ എന്നോടു ചോദിച്ച ചോദ്യമാണിത്. ഈ ചോദ്യം എന്നില്‍ ആശ്ചര്യവും അതിലേറെ വേദനയും ഉളവാക്കി. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന ഇതുപോലുള്ള തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടത് ഒരു അര്‍ബുദരോഗ ചികിത്സകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം കൂടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ഡോക്ടറുടെ കര്‍ത്തവ്യം രോഗം ചികില്‍സിച്ചുമാറ്റുക മാത്രമല്ലെന്നും, അതിലുപരിയായി അതിനെക്കുറിച്ചുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റുവാനുതകുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കൂടി ഏറ്റെടുക്കുന്ന തരത്തിലാകണമെന്നും ഞാന്‍ കരുതുന്നു. അതിന്റെ ഭാഗമായി 2020 ഒക്ടോബറില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ഫാക്ട് ചെക്ക് (BCFC) എന്ന ബോധവത്കരണ പരിപാടില്‍ പങ്കാളിയാകാന്‍ എനിക്ക് സാധിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ മുപ്പതു ദിവസങ്ങ ളിലായി അവതരിപ്പിച്ച സ്തനാര്‍ബുദത്തെക്കുറിച്ചുള്ള 30 ലഘുവീഡിയോകളായിരുന്നു അത്. അതിന്റെ തുടര്‍ച്ചയാണ് ഈ പുസ്തകം.
എനിക്ക് ക്യാന്‍സര്‍ ഒരു രോഗം മാത്രമല്ല, തീവ്രവും വൈകാരികവുമായ അനുഭവം കൂടിയാണ്. എന്റെ കുടുംബത്തിലെ പലരെയും പല അവസരങ്ങളില്‍ ഈ രോഗം കവര്‍ന്നെടുത്തിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനുമുമ്പ് എന്റെ അച്ചയുടെ മൂത്ത സഹോദരനെ (ചേട്ടായി) ബോണ്‍ ക്യാന്‍സര്‍ തട്ടിയെടുത്തിരുന്നു. മെഡിസിന് പഠിക്കുന്നകാലത്ത് എന്റെ അപ്പച്ചനും, ഓങ്കോളജിസ്റ്റായി സേവനമനുഷ്ഠിക്കുമ്പോള്‍ എന്റെ ചികിത്സയിലായിരുന്ന ജായ്സ്ച്ചായനും ബ്ലഡ് ക്യാന്‍സര്‍ മൂലം മരണപ്പെടുകയുണ്ടായി. വിവാഹത്തിനുശേഷം എന്റെ വലിയ അമ്മായിയപ്പനെയും (പാപ്പ) ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കാനുള്ള നിയോഗം എനിക്കുണ്ടായി. അതിനുശേഷം ഇപ്പോഴും എന്റെ കുടുംബത്തിലെ പലരെയും ക്യാന്‍സര്‍ രോഗത്തിന് ചികിത്സിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ഈ രോഗത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ വേണ്ടി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് കിട്ടിയ പ്രേരണയും ഊര്‍ജവും.
ക്യാന്‍സര്‍ ചികിത്സകന് ഓരോ രോഗിയും ഓരോ അനുഭവങ്ങളാണ്. ചികിത്സക്കിടെ അവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയും, കടുത്ത ജീവിതയാഥാര്‍ഥ്യങ്ങളിലൂടെയും കടന്നുപോകേണ്ടിവരും. ഡോക്ടറായിരിക്കുമ്പോള്‍ തന്നെ പലപ്പോഴും സാന്ത്വനിപ്പിക്കുന്ന മകനായും സഹോദരനായും കുട്ടികളുടെ കൂട്ടുകാരനായുമൊക്കെ മാറേണ്ടിവന്നിട്ടുണ്ട്. കേവലമായ കൗതുകത്തിന് ചില നിരീക്ഷണങ്ങളും നടത്തിയിട്ടുമുണ്ട്. അത്തരം അനുഭവങ്ങള്‍ കൂടി ചേര്‍ത്തതാണ് ഈ പുസ്തകം.
അര്‍ബുദരോഗ ചികില്‍സാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞാന്‍ തയ്യാറാക്കിയ ഒരു പ്രത്യേക പരിപാടിക്ക് പേര് നിര്‍ദേശിച്ചത് ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ് ചീഫ് എഡിറ്ററായ എം.ജി. രാധാകൃഷ്ണന്‍ ആയിരുന്നു. ഇപ്പോള്‍ ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ അന്ന് രാധാകൃഷ്ണന്‍ സാര്‍ നിര്‍ദേശിച്ച പേര് ഈ പുസ്തകത്തിന് ഏറ്റവും അനുയോജ്യമെന്ന് ഞാന്‍ കരുതുന്നു. ‘അര്‍ബുദം: അറിഞ്ഞതിനുമപ്പുറം’ എന്ന നാമകരണത്തിന് ഞാന്‍ എം.ജി. രാധാകൃഷ്ണന്‍ സാറിന് കടപ്പെട്ടിരിക്കുന്നു എന്നറിയിക്കട്ടെ.
ഈ പുസ്തകം പുറത്തിറക്കുവാന്‍ വേണ്ടി നിരവധിപ്പേരുടെ സഹായം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് അവതാരിക എഴുതിത്തന്ന ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. അജു മാത്യു, എന്നോടൊപ്പം ആദ്യവസാനം കൂടെനിന്ന ഡോ. അരുണ്‍ പണിക്കര്‍, ഡോ. ഗണേഷ് നായര്‍, എന്റെ പ്രിയസുഹൃത്ത് മാത്യു ജേക്കബ് എന്നിവരെ ഈ അവസരത്തില്‍ നന്ദിയോടെയും സ്‌നേഹത്തോടെയും ഓര്‍ക്കുന്നു. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിച്ച പ്രസാധകന്‍ മാസിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എല്‍.ആര്‍.ഷാജിയെയും പുസ്തകരചനയില്‍ എന്നെ സഹായിച്ച ബിജു കൃഷ്ണന്‍കുട്ടിയെയും പുസ്തക രചനാവേളയില്‍ എല്ലാ സഹായങ്ങളുമായി എപ്പോഴുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിം, എല്ലാ പ്രോത്സാഹനവും തന്ന എന്റെ ഭാര്യ വിനയ, മക്കളായ ഇമ്മാനുവേല്‍, മിഖേല്‍, ഹേയ്സല്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെയും ഈ അവസരത്തില്‍ ഓര്‍ക്കുകയും അവരോട് കടപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ഏവര്‍ക്കും നന്ദി.
ഡോ. ബോബന്‍ തോമസ്