(മലയാള ഭാഷാന്തരണം)
ഡോ.പ്രീമൂസ് പെരിഞ്ചേരി
ഡി.സി ബുക്‌സ്  2024
മലയാളഭാഷയിലെഴുതപ്പെട്ട ഏറ്റവും പഴയ സമ്പൂര്‍ണ ഗദ്യമാതൃക 1599-ലെ ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളാണ്. ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിലെ നഷ്ടപ്പെട്ടുപോയ ഒരധ്യായമാണ്. അതു വീണ്ടെടുക്കാനുള്ള പ്രതിജ്ഞാബദ്ധമായ ശ്രമമാണിത്. നാലേകാല്‍ നൂറ്റാണ്ടിനുമുമ്പുള്ള ശൈലീ വിന്യാസങ്ങളും നാട്ടുവഴക്കങ്ങളും പ്രചാരലുപ്തമായ പദപ്രയോഗങ്ങളും സാരംപറഞ്ഞും വകതിരിച്ചും തയ്യാറാക്കിയ ആധുനിക മലയാളഭാഷാന്തരണമാണ് ഈ പുതിയ പുസ്തകം. പ്രാചീനപദങ്ങളുടെ അര്‍ഥനിര്‍ണയവും സംഭവസൂചകങ്ങളുമടക്കം അറുനൂറ്റിഎഴുപതില്‍പരം അടിക്കുറിപ്പുകള്‍ വായനയെ ലഘൂകരിക്കുന്നു.
ഭാഷാഗവേഷണ-ചരിത്രരചനാ ഭൂമികയില്‍ നിഷ്ണാതരായ ഡോ. ചെറിയാന്‍ കുനിയന്തോടത്ത്, ഡോ. കുര്യാസ് കുമ്പളക്കുഴി. ഡോ.ആന്റണി പാട്ടപ്പറമ്പില്‍ എന്നിവരുടെ പഠനങ്ങള്‍ ഇതിന് മാറ്റുകൂട്ടുന്നു.
മുഖക്കുറിമാനം
1599 ജൂണ്‍ 20 മുതല്‍ 26 വരെ നടന്ന ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ (തീര്‍പ്പുകള്‍) സംഘാടകനായ ഗോവാ മെത്രാപ്പോലീത്ത ഡോ. അലക്സിസ് മെനെസിസ് പോര്‍ച്ചുഗീസ് ഭാഷയില്‍ ആദ്യമേ തയ്യാറാക്കുകയായിരുന്നു. ഈ മൂലരൂപം അന്നു നിലവിലുണ്ടായിരുന്ന മലയാളഗദ്യരൂപത്തിലേക്ക് മൊഴിമാറ്റം നടത്തിയത് പള്ളുരുത്തിക്കാരന്‍ ചാക്കോ കത്തനാരാണ് (ഫാ. ജേക്കബ് വെളിപ്പറമ്പില്‍). ബഹുഭാഷാപണ്ഡിതനായ ബിഷപ് ഫ്രാന്‍സിസ് റോസിന്റെ സഹായം ഇതിനുണ്ട്. 425 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള നാട്ടുവഴക്കങ്ങളും ശൈലീവിന്യാസങ്ങളും ഇന്നത്തെ വീക്ഷാപഥങ്ങളിലൂടെ നോക്കുമ്പോള്‍ തികച്ചും ദുര്‍ഗ്രഹങ്ങളോ അഗ്രാഹ്യംതന്നെയോ ആയി അനുഭവപ്പെടും. സൂനഹദോസ് കാനോനകളെപ്പറ്റി എത്രയോ സംവാദങ്ങളും വിചിന്തനങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും അവയുടെ സമ്പൂര്‍ണവും സമഗ്രവുമായ മലയാളഭാഷാന്തരണം ഇന്നോളമുണ്ടായിട്ടില്ല. ഭാഷാപഠിതാക്കളുടെയും ഗവേഷകരുടെയും ചിരകാലാര്‍ഥിതമായ ഈ ആവശ്യമാണിപ്പോള്‍ സഫലീകരിക്കപ്പെടുന്നത്.
ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളുടെ വിശ്വസ്തവും ആധികാരികവുമായ ഭാഷാന്തരണത്തിന് എന്നെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചത് പ്രസിദ്ധ സഭാചരിത്രകാരനും കെ.ആര്‍.എല്‍.സി.ബി.സി. ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറിയുമായ ഡോ. ആന്റണി പാട്ടപ്പറമ്പിലും ഗവേഷകാചാര്യനും ഭാഷാപണ്ഡിതനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി സാറുമാണ്. അവര്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. ഈ ഉത്തരവാദിത്വം എന്നെ ഏല്പിച്ചിട്ട് വര്‍ഷങ്ങള്‍ നാലുകഴിഞ്ഞെങ്കിലും കുടുംബബന്ധിയായ ഒരുപാട് അസൗകര്യങ്ങള്‍ മൂലം എനിക്കത് നിവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ 2024-ലെങ്കിലും ഇതു പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരി താര്‍ഥ്യമുണ്ട്.
നാല് നൂറ്റാണ്ടിനപ്പുറമുള്ള മലയാളഭാഷയിലെ രൂപവിധാന ങ്ങൾ അപരിചിതമായിക്കഴിഞ്ഞതിനാലും ശൈലീവിശേഷങ്ങൾ സുഗ്രഹമല്ലാത്തതിനാലുമാവാം ആരും ഇതുവരെ കാനോനക ളുടെ സമ്പൂർണ ആധുനികഭാഷാന്തരണത്തിന് ശ്രമിക്കാതിരു ന്നത്. ആ കുറവു പരിഹരിക്കാനാണ് എന്റെ വിനീതശ്രമം.
പ്രചാരലുപ്തമായ ഭാഷാപദങ്ങൾക്കു പുറമേ മതബന്ധിയായ നിരവധി പ്രയോഗങ്ങളും സുറിയാനി, ലത്തീൻ ആരാധനാഭാഷയും അറബി, പോർച്ചുഗീസ് പദങ്ങളുമൊക്കെ അർഥം പറഞ്ഞും വകതി രിച്ചും കുറ്റമറ്റ രീതിയിൽ ഭാഷാന്തരണം നടത്താൻ ഏറെ ക്ലേശ ങ്ങളുണ്ടായി. അതു പരിഹരിക്കാൻ പ്രഗല്ഭരായ ഭാഷാപണ്ഡി തന്മാരുടെ ഉദാരസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ലത്തീൻ ഭാഷാപദങ്ങ ളുടെ സാരം ഗ്രഹിക്കാൻ ഡോ. പാട്ടപ്പറമ്പിലും സുറിയാനിപദങ്ങ ൾക്ക് അർഥം നിർണയിക്കാൻ ഡോ. ചെറിയാൻ കുനിയന്തോ ടത്ത്, ഫാ. ജോയ് ചെഞ്ചേരി എന്നിവരും സഹായിച്ചത് കൃതജ്ഞ തയോടെയാണ് അനുസ്‌മരിക്കുന്നത്. കാനോനകളുടെ സൂക്ഷ്മ‌ സംശോധനം നടത്തിയത് ഡോ. കുര്യാസ് കുമ്പളക്കുഴി സാറാണ്; നന്ദി.
ഈ ഭാഷാന്തരണത്തിന് ആധികാരിക മൂലപാഠ(Text)മായി സ്വീകരിച്ചിരിക്കുന്നത് 1998-ൽ രണ്ടാം പതിപ്പായി ഓശാന മൗണ്ട് ഇടമറ്റം പ്രസാധനം ചെയ്‌തതും ഭാഷാഗവേഷണരംഗത്തെ അഗ്ര ഗാമിയായ ഡോ. സ്‌കറിയാ സക്കറിയ സാർ എഡിറ്റുചെയ്‌തതു മായ ഉദയംപേരൂർ സൂനഹദോസ് കാനോനകളാണ്. അതിനെ ഞാൻ ഇവിടെ വിളിക്കുന്നത് RT-1 (Reference Text-1) എന്നാണ്. താരതമ്യനിരീക്ഷണാർഥം കെ.എൻ. ഡാനിയേൽ സാറിന്റെ 1952-ലെ പുസ്തകവും സ്വീകരിച്ചിട്ടുണ്ട്. അതാണ് RT-2 (Reference Text-2) എന്നു കാണിച്ചിരിക്കുന്നത്. യശഃശരീരികളായ ഇരുവ രെയും പ്രാർഥനാപൂർവം ഓർക്കുന്നു.
മൂലപാഠത്തിൽ (Text) ഒന്നുംതന്നെ കൂട്ടിച്ചേർക്കുകയോ ഉപേ ക്ഷിക്കുകയോ ചെയ്തിട്ടില്ല. ആശയവ്യക്തതയ്ക്കും ദുർഗ്രഹതാ നിവാരണത്തിനും വേണ്ടി ഞാൻ എഴുതിച്ചേർത്തവ വലയിതഭാഗ (Bracket)മായി കാണിച്ചിരിക്കുന്നു.
എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാൻ പറ്റാതെപോയ ചില വീഴ്ച‌കൾ ഈ ഭാഷാന്തരണത്തിൽ ഉണ്ടാവാം. പണ്ഡിതന്മാരായ ആചാര്യ ന്മാർ അവ സദയം ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷ. അവയെല്ലാം അടുത്തൊരു പതിപ്പ് ഇറങ്ങുകയാണെങ്കിൽ ഉൾച്ചേർ ക്കാവുന്നതാണല്ലോ.
പ്രോത്സാഹനവും അനുഗ്രഹവുമായി എന്നും കൂടെയുള്ള എന്റെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് കളത്തി പ്പറമ്പിൽ പിതാവിനും എന്നെ ഏറെ സ്നേഹിക്കുന്ന കെ.ആർ.എൽ.
സി.ബി.സി. ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. അലക്‌സ് വടക്കുംതല പിതാവിനും ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു കാണണമെന്ന ആഗ്രഹത്തോടെ പ്രവർത്തിച്ച റവ. ഫാ. ഫ്രാൻസിസ് താന്നിക്കാപ്പറമ്പിൽ, റവ. ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ എന്നി വർക്കും സാങ്കേതികസഹായങ്ങൾ ചെയ്‌തുതന്ന സിബി ജോയി എഴുമാന്തുരുത്തിൽ, ശ്യാം ചിറയ്ക്കൽ, വിനോഷ് പൊന്നുരുന്നി, മെൽട്ടൺ പുന്നയ്ക്കൽ എന്നിവർക്കും എൻ്റെ സ്നേഹവും ആദരവും. ഈ പുസ്തകത്തിൻ്റെ പ്രസാധനം സദയം ഏറ്റെടുത്ത ഡി സി ബുക്‌സിനും പ്രവർത്തകർക്കും എൻ്റെ നന്ദിയും കടപ്പാടും.
ഡോ.പ്രീമൂസ് പെരിഞ്ചേരി
പനങ്ങാട്
9 ജൂൺ 2024