(ജീവചരിത്രം)
എം.കെ.സാനു
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം
പ്രമുഖ നോവലിസ്റ്റ് പി.കേശവദേവിന്റെ ജീവചരിത്രം. അതെപ്പറ്റി ഗ്രന്ഥകാരന്‍ കൃതിയുടെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു:
ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ അവകാശബോധത്തോടുകൂടി സംഘടിക്കുകയും പ്രബുദ്ധതയിലേക്ക് വളരുകയും ചെയ്യുന്ന കാലത്ത് ഞാന്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നെ എപ്പോഴും ആകര്‍ഷിച്ചിരുന്നു. അതിന്റെ കാരണങ്ങള്‍ പലതാണ്. എന്റെ അയല്‍ക്കാരായ തൊഴിലാളികള്‍ ആ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകരായിരുന്നു. ആ അയല്‍ക്കാര്‍ എന്നെയും ഞാന്‍ അവരെയും സ്‌നേഹിച്ചിരുന്നു. ഞങ്ങള്‍ പല നിലകളിലും പരസ്പരം ബന്ധപ്പെട്ടുപോന്നു. ആ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാള്‍ (സഖാവ് ആര്‍.സുഗതന്‍) എന്നെ ഒന്നാംക്ലാസില്‍ സ്‌നേഹവാത്സല്യങ്ങള്‍ വര്‍ഷിച്ച് പഠിപ്പിച്ച സുഗതന്‍സാറായിരുന്നു. പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ (വി.കെ. വേലായുധന്‍) എന്റെ ജ്യേഷ്ഠസഹോദരനായിരുന്നു. എല്ലാറ്റിനുമുപരിയായി ഒരു തൊഴിലാളിയായാണ് ഞാന്‍ എന്നെ കണ്ടിരുന്നത്. വേലചെയ്ത് ജീവിക്കുക എന്ന ജീവിതാദര്‍ശം എന്റെ ജന്മവാസനയുടെ ഭാഗമാണ്. അധ്യാപകവൃത്തിയി ലേര്‍പ്പെട്ടപ്പോഴും തൊഴിലാളിവര്‍ഗത്തിലെ ഒരംഗമായാണ് ഞാന്‍ എന്നെ കണ്ടിരുന്നത്. അതുകൊണ്ട് കയര്‍ത്തൊഴിലാളികളുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ എന്നില്‍ എപ്പോഴും താത്പര്യമുളവാക്കിയിരുന്നു.
ആ താത്പര്യമാണ് കേശവദേവുമായി എന്നെ ആദ്യം ബന്ധപ്പെടുത്തിയത്. അദ്ദേഹമായിരുന്നു സംഘടനയുടെ സെക്രട്ടറി. അക്കാലത്തുതന്നെ അദ്ദേഹം കഥാകൃത്തെന്ന നിലയില്‍ പ്രശസ്തി നേടിയിരുന്നു. ആ കഥകളിലൂടെയാണ് അദ്ദേഹവുമായി ഞാന്‍ ബന്ധപ്പെട്ടത്.
തൊഴിലാളികള്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേശവദേവ് ശ്രദ്ധിച്ചുപോന്നു. അവരില്‍ വാസനയുള്ളവര്‍ക്ക് കഥകളെഴുതാന്‍ പ്രേരണ നല്‍കി. ചിലരെക്കൊണ്ട് നാടകങ്ങള്‍ എഴുതിച്ചു. അവയില്‍ ചിലത് അവതരിപ്പിക്കുകയും ചെയ്തു. ദേവ് രചിച്ച നാടകങ്ങള്‍ അരങ്ങിലവതരിപ്പിച്ച് തൊഴിലാളികളില്‍ വര്‍ഗബോധവും സാംസ്‌കാരികബോധവും വളര്‍ത്തി. നാടകങ്ങള്‍ പലതും കണ്ടാസ്വദിക്കാന്‍ കുട്ടിക്കാലത്തുതന്നെ എനിക്കവസരം കിട്ടിയതങ്ങനെയാണ്. നാടകത്തില്‍ എന്റെ സവിശേഷ താത്പര്യമുണരാന്‍ കാരണമായത് അതായിരിക്കാം.
എന്റെ തറവാട്ടില്‍ അദ്ദേഹം വല്ലപ്പോഴുമൊരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വന്ന സന്ദര്‍ഭങ്ങളും ഞാന്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ വര്‍ത്തമാനവും പൊട്ടിച്ചിരിയും മറ്റും അന്നേ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.
ഒരെഴുത്തുകാരന്റെ നിലനില്ക്കുന്ന വൈശിഷ്ട്യമാണെന്ന വിചാരം എപ്പോഴും എന്നില്‍ വാള്‍ട്ട് വിറ്റ്മാന്‍ എന്ന മഹര്‍ഷിതുല്യനായ കവിയുടെ, Through me many long dumb voices, Voices of the interminable generations of prisoners and slaves, Voices of the diseased and despiring and of thieves and dwarfs, Of the deform’d, trivial, flat, foolish, despised….’
(Song of myself) എന്ന വാക്കുകള്‍ ഒരു പ്രമാണംപോലെ എന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.
കേശവദേവിന്റെ ജീവചരിത്രമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതിലധികം വിശദമാക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലും രാഷ്ട്രീയനിരീക്ഷണങ്ങളിലും ഞാന്‍ പങ്കാളിയല്ലെന്ന വാസ്തവവും ഇതോടൊപ്പം തുറന്നുപറയേണ്ടിയിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ രചനയില്‍ എന്നെ സഹായിച്ചവര്‍ പലരാണ്. അതില്‍ ആദ്യമായി പറയേണ്ടത് ദേവിന്റെ പേരുതന്നെ. പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം ആത്മകഥാപരമായ പലതും പറഞ്ഞിട്ടുണ്ട്. അതു കുറിച്ചുവച്ച ഡയറികള്‍ നഷ്ടപ്പെട്ടിട്ടില്ല. പിന്നെ അദ്ദേഹത്തിന്റെ ആത്മകഥ.
രണ്ടാമതായി പ്രൊഫ.ജി.എന്‍. പണിക്കരുടെ പേര് പറയണം. അദ്ദേഹത്തിന്റെ ‘ദേവ്… കേശവദേവ്..’ എന്ന ഗ്രന്ഥം ഈ രചനയില്‍ അത്യന്തം സഹായകരമായി ഭവിച്ചു. ആ നല്ല ഗ്രന്ഥത്തിന് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയതെന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ശ്രീമതി സീതാ ലക്ഷ്മിദേവിന്റെ ‘കേശവദേവ് എന്റെ നിത്യകാമുകന്‍’ എന്ന സ്മൃതിചിത്രം ദേവിന്റെ ജീവിതത്തിലെ ഉത്തരഭാഗം മനസ്സിലാക്കാന്‍ ഏറെ സഹായകരമായി. സദാചാരത്തെ സംബന്ധിച്ച് ‘മാന്യന്മാര്‍’ പുലര്‍ത്തുന്ന പൊള്ളയായ സങ്കല്പങ്ങളെ ദൂരത്തെറിഞ്ഞുകൊണ്ട് ആര്‍ജവത്തോടെ ആ സഹോദരി നല്‍കിയിരിക്കുന്ന വിവരണം പല നിലകളിലും മെച്ചപ്പെട്ടതാണ്.
ദേവിന്റെ ആദ്യഭാര്യയായ ഗോമതി ദേവിന്റെയും വളര്‍ത്തുമകളായ രേണുകയുടെയും സ്മരണകള്‍ എനിക്കയച്ചുതന്നത് കായംകുളത്ത് അഡ്വക്കേറ്റായ ശ്രീ. ജയദേവനാണ്. മറ്റു വിവരങ്ങളും അദ്ദേഹം ശേഖരിച്ചുതന്നു. അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത് ആലപ്പുഴയിലെ അഡ്വക്കേറ്റ് ജയന്‍ സി.ദാസ്. ആ രേഖകള്‍ എനിക്ക് അത്യധികം ഉപകരിച്ചു. പഴയ കാലരേഖകള്‍ കുറച്ചെണ്ണം അയച്ചുതന്നു സഹായിച്ച ശ്രീ. ജി.ബാലചന്ദ്രനെ മറക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസ് നേതാവായ ജി.ബാലചന്ദ്രന്‍ എനിക്ക് സഹോദരതുല്യനാണ്.
എറണാകുളം എസ്.എന്‍.വി. സദനത്തിന് നല്ലൊരു ഗ്രന്ഥശാലയുണ്ട്- കെ.എസ്.ആര്‍.എം. ലൈബ്രറി. അതിലുള്ള പുസ്തകങ്ങള്‍ ഇഷ്ടാനുസരണം കൊണ്ടുപോകുന്നതിന് എനിക്കവസരം തന്നത് സദനം സെക്രട്ടറിയായിരുന്ന ശ്രീമതി എം.ആര്‍. ഗീതയാണ്. അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. അതിനാല്‍ ഗീതയ്ക്ക് കൃതജ്ഞത പറയാന്‍ പ്രയാസം, ആ ഗ്രന്ഥശാലയുടെ ഭാരവാഹികളായ രണ്ടു കുട്ടികള്‍ പുസ്തകങ്ങള്‍ കണ്ടെത്താനും പരിശോധിക്കാനും എന്നെ വളരെയേറെ സഹായിച്ചു. ശ്രീമതി ഷീലയും ശ്രീമതി ദീപയുമാണ് ആ കുട്ടികള്‍. അച്ചടിയിലില്ലാത്ത ചില പുസ്തകങ്ങള്‍ തേടിപ്പിടിച്ച് എനിക്കെത്തിച്ചു തന്നത് ശ്രീ. എസ്.രമേശനാണ്. കവിയായ അദ്ദേഹവും ഞാനും നിരന്തരം കാണുന്നു, സൗഹൃദം പങ്കുവയ്ക്കുന്നു. എന്റെ സന്തതസഹചാരിയായ ശ്രീ. കെ.എസ്.രാജേഷും പലതരം സഹായങ്ങള്‍ ചെയ്തുതന്നു.
ഇവരുടെ സഹായസഹകരണങ്ങള്‍ കിട്ടാതിരുന്നെങ്കില്‍ ഈ വാര്‍ധക്യത്തില്‍ ഇതുപോലൊരു ഗ്രന്ഥം രചിക്കുന്നതിന് എനിക്ക് കഴിയുമായിരുന്നില്ല. ഇവരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു.
എന്റെ ഗ്രന്ഥങ്ങളില്‍ സ്ഥിരമായ താത്പര്യം കാണിച്ചുപോരുന്ന ഒരു സംഘം വായനക്കാരുണ്ടെന്ന് എനിക്കറിയാം. ഈ ഗ്രന്ഥത്തിനും അവര്‍ സ്വാഗതമരുളുമെന്ന് എനിക്കുറപ്പാണ്. അവരെ പ്രത്യേകം ഓര്‍മിച്ചുകൊണ്ട് ഈ കൃതി സഹൃദയസമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു. പ്രസാധനം ഏറ്റെടുത്ത സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനു നന്ദി.
എം.കെ. സാനു
സന്ധ്യ, കാരിക്കാമുറി
എറണാകുളം – 682011