(അന്വേഷണം)
ജോണ്‍ മുണ്ടക്കയം
ടോട്ട് ബുക്‌സ് കൊല്ലം 2025
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സോളാര്‍ കേസ് ആസ്പദമാക്കി ‘സോളാര്‍ വിശേഷം’ എന്ന പുസ്തകം എഴുതിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം, കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഉള്ളറകളിലേക്ക് കടന്ന് കേസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടന്ന സംഭവങ്ങളുടെ പിന്നാമ്പുറ കഥകള്‍ വിവരിക്കുന്ന ഗ്രന്ഥമാണ് ഇത്.
ചാരക്കേസില്‍ അവസാന വാക്ക് എന്ന പേരില്‍ പ്രമുഖ എഴുത്തുകാരന്‍ സക്കറിയ ഇങ്ങനെ കുറിക്കുന്നു:
ഇരുപതാം നൂറ്റാണ്ടിലെ കേരള രാഷ്ട്രീയ-മാധ്യമ-സാംസ്‌കാരിക ചരിത്രത്തിലെ ലജ്ജാകരവും പേടിപ്പെടുത്തുന്നതുമായ അധ്യായമാണ് ചാരവൃത്തി കേസ്. അതിന്റെ അവിശ്വസനീയമായ ഉള്ളൊഴുക്കുകളുടെ ഭാഗവും ദൃക്സാക്ഷിയുമായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം ആ നടുക്കുന്ന കഥ ഇവിടെ പറയുന്നു.
രാഷ്ട്രീയ പകപോക്കലും വ്യക്തിഹത്യയും വാര്‍ത്തവേട്ടയും പൊലീസുദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളുമാണ് ചാരവൃത്തി കേസിനെ മാരകവും വിഷംചീറ്റുന്നതുമാക്കി മാറ്റിയത്. അതിന്റെ രക്തസാക്ഷികള്‍ അനവധിയാണ്. രണ്ട് സ്ത്രീകളുടെമേല്‍ കേരളം കോരിച്ചൊരിഞ്ഞ വിദ്വേഷം മലയാളികളുടെ ചരിത്രത്തിന്മേല്‍ എന്നന്നേക്കും ഒരു കളങ്കമായി നിലനില്‍ക്കും.
ജോണ്‍ ഈ പുസ്തകത്തില്‍ നിര്‍മ്മമമായും വസ്തുനിഷ്ഠമായും ചാരവൃത്തിക്കേസിന്റെ രഹസ്യങ്ങളിലേക്ക് പാരായണസുഖ സമ്പുഷ്ടമായ ഒരു വാതില്‍ തുറക്കുന്നു. ചാരവൃത്തി കേസിനെപ്പറ്റിയുള്ള അവസാന വാക്ക് എന്ന് ഈ പുസ്തകത്തെ ഞാന്‍ വിശേഷിപ്പിക്കുന്നു.
പറയാതെവയ്യ
ജോണ്‍ മുണ്ടക്കയം
ഐഎസ്ആര്‍ഒ ചാരക്കേസ് ഇന്ന് ചാരംമൂടിയ ഒരു പഴങ്കഥയാണ്. പക്ഷേ, ഒട്ടേറെ നിഗൂഢതകളുമായി ആ ചാരത്തില്‍ കനലുകള്‍ ഇപ്പോഴും എരിയുന്നുണ്ട്. ഇടയ്ക്കിടക്ക് തീപ്പൊരികള്‍ ചിതറുന്നുമുണ്ട്.
ചാരക്കേസ് നടന്നിട്ട് മൂന്നു പതിറ്റാണ്ടാവുന്നു. 1994ല്‍ മറിയം റഷീദ എന്ന മാലി യുവതിയുടെ അറസ്റ്റിനെത്തുടര്‍ന്നു രൂപംകൊണ്ട കേസ് 96ല്‍ പ്രതികളെല്ലാം കുറ്റവിമുക്തരായി എന്ന സിബിഐയുടെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചതോടെ അവസാനിച്ചു. എങ്കിലും അതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. എന്തൊരു അവിശ്വസനീയമായ പരിണാമമായിരുന്നു അത്. ചാരക്കേസ് അരങ്ങേറിയ കാലത്ത് പ്രതികള്‍ സമൂഹം വെറുത്ത രാജ്യദ്രോഹികളും, അവരെ പ്രതിക്കൂട്ടിലാക്കിയവര്‍ താരപരിവേഷമുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായിരുന്നു. അന്ന് രാജ്യദ്രോഹികളായ പ്രതികള്‍ ഇന്ന് താരപദവിയിലും അവര്‍ക്ക് കുറ്റംചാര്‍ത്തിയ 18 പേര്‍ പ്രതിക്കൂട്ടിലുമായി. ഇതെങ്ങനെ സംഭവിച്ചു? ചാരക്കേസ് ഒരു കെട്ടുകഥയാണെങ്കില്‍ അതു ചമച്ചതിനുപിന്നില്‍ ഒരു ബുദ്ധികേന്ദ്രമുണ്ടായിരുന്നോ? ഗൂഢാലോചന നടന്നിട്ടുണ്ടോ? രണ്ടു മാലി വനിതകളെയും രണ്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും കേന്ദ്രബിന്ദുക്കളാക്കി ചാരക്കേസിന്റെ ഇതിവൃത്തം എങ്ങനെ രൂപംകൊണ്ടു? ഇന്‍സ്‌പെക്ടര്‍ വിജയനും റിട്ട.ഡിജിപി സിബി മാത്യൂസിനും അതില്‍ പങ്കുണ്ടോ? കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ പങ്കെന്ത്? പ്രതികളെ മാറ്റി സ്ഥാപിച്ചതിനു പിന്നില്‍ ആര്? ചാരക്കേസ് റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്ക് പറ്റിയ പാളിച്ചയെന്ത്?
ചീട്ടുകെട്ടില്‍ നിന്ന് കാര്‍ഡുകള്‍ മാറ്റിവയ്ക്കുന്നതുപോലെ സിബിഐ ചാരക്കേസ് അട്ടിമറിക്കുകയായിരുന്നെങ്കില്‍ അതിനുപിന്നില്‍ അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ പങ്കെന്ത്? ഇങ്ങനെ കാലവും സമൂഹവും ചോദിച്ചുകൊണ്ടിരിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പുസ്തകം.
ചാരക്കേസിന്റെ ക്രമാനുഗതമായ ചരിത്രകഥനമല്ലിത്. എന്തുസംഭവിച്ചു എന്നല്ലാതെ എന്തുകൊണ്ട്, എങ്ങനെ സംഭവിച്ചു എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ശ്രമം. രണ്ടുവര്‍ഷം നീണ്ട വിചാരണകള്‍ക്കുശേഷം പ്രതികളെല്ലാം കുറ്റവിമുക്തരായി. പൊലീസും കേന്ദ്ര ഇന്റലിജന്‍സും രാജ്യദ്രോഹികളായി മുദ്രകുത്തിയ പ്രതികള്‍ മോചിപ്പിക്കപ്പെട്ടു. പ്രതിക്കൂടിനു തൊട്ടരികിലെത്തിയ രമണ്‍ ശ്രീവാസ്തവ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പൊലീസ് ഉപദേഷ്ടാവുമായി.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുട്ടുമുറിയിലിട്ടു മര്‍ദിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മഭൂഷന്‍ നല്‍കി രാജ്യവും, കോടികള്‍ നഷ്ടപരിഹാരം നല്‍കി സംസ്ഥാന സര്‍ക്കാരും ആദരിച്ചു. ഇതിനിടയില്‍ പ്രതികളില്‍ മൂന്നുപേര്‍ മരിച്ചു. കര്‍ണാടകക്കാരായ ചന്ദ്രശേഖറും ശര്‍മ്മയും മാലിദ്വീപുകാരി ഫൗസിയ ഹസനും. മറിയം റഷീദയ്ക്കും ഫൗസിയ ഹസനും ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല.
എന്നെ ഒരു പത്രപ്രവര്‍ത്തകനാക്കി വളര്‍ത്തിയത് മനോരമയാണ്. മനോരമയിലെ ചില സഹപ്രവര്‍ത്തകരുടെ കൂടി നിര്‍ദേശപ്രകാരം ഒരു പതിറ്റാണ്ടു മുമ്പ് തയ്യാറാക്കിയ കുറിപ്പുകളാണ് ഇപ്പോള്‍ പുസ്തകമായത്. ഈ സത്യങ്ങള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച, അന്തരിച്ച മനോരമ ആഴ്ചപ്പതിപ്പ് എഡിറ്ററായിരുന്ന കെ.എ.ഫ്രാന്‍സിസ്, കൈയെഴുത്തുപ്രതി വായിച്ചും മറ്റും എനിക്ക് നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കിയ ഫിന്നി ജേക്കബ്, പി.സജികുമാര്‍, ലിപിന്‍ രാജ്, ജസ്സി നാരായണന്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.
ജി.മാധവന്‍ നായര്‍
(ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍)
മൂന്ന് പതിറ്റാണ്ടുമുമ്പ് ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ച് എഴുതിയ ജോണ്‍ മുണ്ടക്കയത്തിന്റെ ‘ചാരം’ എന്ന പുസ്തകം സമഗ്രമായും ഉള്‍ക്കാഴ്ചയോടെയും വിഷയത്തെ സമീപിച്ചിട്ടുണ്ട്. ചാരക്കേസിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള സംഭവപരമ്പരകളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം ഒരു കുറ്റാന്വേഷണ നോവല്‍ പോലെ വായിച്ചുപോകാം. ജോണിന്റെ ഗവേഷണ ബുദ്ധിയോടെയുള്ള അന്വേഷണം ചാരക്കേസിന്റെ പിന്നില്‍ നടന്ന അന്തര്‍നാടകങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്നുമുണ്ട്.
പുതിയ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ള ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്നു കേസില്‍ പെട്ടുപോയ ജീവിതങ്ങളും അവരെ പെടുത്തിയ കരാളഹസ്തങ്ങളെയും അനാവരണം ചെയ്യുകയാണ് പുസ്തകം. കുറ്റാന്വേഷണ രംഗത്തും അന്വേഷണാത്മക പത്രപ്രവര്‍ത്തനരംഗത്തും ഉയര്‍ന്നുവരുന്ന പുതിയ തലമുറയ്ക്ക് ഈ പുസ്തകത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ചാരക്കേസില്‍പ്പെട്ട ഓരോ വ്യക്തിയുടെയും മാനസിക വ്യഥകള്‍ കൂടി മനസ്സില്‍ തട്ടുംവിധം പുസ്തകത്തില്‍ വരച്ചുകാട്ടുന്നുണ്ട്. കേസിന്റെ പരിണാമത്തെക്കുറിച്ച് വായനക്കാരന് ഒരു സംശയവും അവശേഷിക്കാത്തവിധം വ്യക്തവും യുക്തിഭദ്രവുമായാണ് വിശകലനം.
അന്വേഷണത്തില്‍ വിവിധ ഏജന്‍സികള്‍ക്ക് സംഭവിച്ച വീഴ്ചകളും അതിന്റെപേരില്‍ നടന്ന ഗൂഢാലോചനകളും മനുഷ്യാവകാശ ധ്വംസനങ്ങളും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു. ചാരക്കേസിനെ സംബന്ധിച്ച് ഇനിയും പുറത്തു വരാത്ത ചില രഹസ്യങ്ങള്‍ കൂടി പുസ്തകം അനാവരണം ചെയ്യുന്നുണ്ട്.
പുസ്തകത്തില്‍ ഒരിടത്ത്, മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെയുള്ള രഹസ്യങ്ങള്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് ചോര്‍ന്നിട്ടില്ല എന്ന് കേസുണ്ടായ കാലത്ത് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞിരുന്നെങ്കില്‍ ചാരക്കേസ് ഇങ്ങനെ പര്‍വതീകരിക്കപ്പെടില്ലായിരുന്നുവെന്ന് ലേഖകന്‍ പറയുന്നുണ്ട്. ഐഎസ്ആര്‍ഒ മേധാവികള്‍ക്ക് പരസ്യപ്രസ്താവന നടത്താനും മാധ്യമങ്ങളെ കാണാനും പരിമിതികള്‍ ഉണ്ടായിരുന്നു. അതിനു തുനിഞ്ഞില്ലെങ്കിലും ബഹിരാകാശ ഗവേഷ ണവുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്ന് അന്ന് പിഎസ്എല്‍വിയുടെ ചുമതല ഉണ്ടായിരുന്ന താനുള്‍പ്പെടെ ഉത്തരവാദപ്പെട്ടവര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചുകൊണ്ടാണിരുന്നത്. കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ സിബിഐയെ ഏല്‍പ്പിച്ചതും ഒടുവില്‍ സത്യം പുറത്തുവന്നതുമൊക്കെ അതിന്റെകൂടി ഫലമായാണ്.