(തന്ത്രശാസ്ത്ര പഠനസഹായി)
രമേഷ് ശ്രീലകം
ഓതന്റിക് ബുക്‌സ് 2024
തന്ത്രശാസ്ത്ര രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരത്യപൂര്‍വ രചന. തന്ത്രശാസ്ത്രത്തിന്റെ നിഗൂഢതകളിലേക്ക് വഴികാണിക്കുന്ന വിഷയവിവരണം. താന്ത്രികപൂജയും സൂക്ഷ്മ തന്ത്രസാധനയും ആഗ്രഹിച്ചവര്‍ക്കായുള്ള ഉപഹാരം. തൊട്ടുകൂടായ്മയും ബഹുദൈവാരാധനയും തന്ത്രശാസ്ത്ര വീക്ഷണത്തില്‍ വിലയിരുത്തുന്നു. മന്ത്രശാസ്ത്രത്തിലെ സൂക്ഷ്മ സമീപനതലവും കുണ്ഡലിനീ ശക്തിയുടെ ഉപദേശക്രമവും വെളിവാക്കുന്നു. ജാതിലിംഗഭേദമില്ലാതെ സര്‍വരെയും ശ്രീകോവിലില്‍ താന്ത്രിക പൂജചെയ്യാന്‍ പ്രാപ്തമാക്കുന്നു.
ആമുഖം
തന്ത്രശാസ്ത്രത്തിന് കേരളത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. ഈ വിഷയത്തില്‍ ശ്രീ ശങ്കരാചാര്യര്‍ ശ്രീ. ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് മുതല്‍ നിരവധി ഗ്രന്ഥകാരന്മാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പാണ്ഡിത്യ ഗരിമകൊണ്ട് ഇവരുടെ മഹാഗ്രന്ഥങ്ങള്‍ സാധാരണജനങ്ങള്‍ക്ക് അപ്രാപ്യമാണ്. ക്രിയാപ്രാധാന്യമുള്ള കര്‍മ്മങ്ങളാണ് തന്ത്രവിദ്യയിലെ മുഖ്യഘടകം. അവയിലെ മന്ത്രങ്ങളോ ക്രിയകളോ മുദ്രകളോ സാധാരണഭക്തര്‍ക്ക് മനസ്സിലാകണമെന്നില്ല. അമ്പലത്തിലെ ശ്രീകോവിലില്‍ ആരാധന നടത്തുന്ന ശാന്തിക്കാരന്‍ ഉച്ചരിക്കുന്ന മന്ത്രങ്ങളുടെ അര്‍ത്ഥമോ ക്രിയകളോ ഒരു സാധാരണ ഭക്തന് മനസ്സിലാവുന്നില്ല. അതുപോലെ, ശാക്തേയപൂജ ചെയ്യുമ്പോള്‍ ഗുരുനാഥന്‍ ചൊല്ലുന്ന മന്ത്രമോ ക്രിയകളോ മുദ്രകളോ സാധാരണ സാധകനു ഗ്രഹിക്കാനാവുന്നില്ല. ഒരു ഭക്തന് ഈശ്വര സാക്ഷാത്കാരത്തിനുതകുന്ന വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്.
തന്ത്രശാസ്ത്രത്തില്‍ ക്രിയാപ്രാധാന്യമുള്ള പൂജകളും സമ്പ്രദായങ്ങളും നിരവധിയുണ്ട്. ശ്രീചക്രപൂജയും ശ്രീവിദ്യാസമ്പ്രദായവും കേരളത്തിന്റെ തനതു സംഭാവനകളാണ്. ജീവിതത്തിന് മഹത്തായ ലക്ഷ്യമുണ്ടെന്നും ഈശ്വരസാക്ഷാത്കാരമാണ് പരമമായ ലക്ഷ്യമെന്നും ഭക്തന്മാര്‍ വിശ്വസിക്കുന്നു. ഗര്‍ഭാധാനം മുതല്‍ മരണപര്യന്തം ഒരു മനുഷ്യന് നിരവധി സംസ്‌കാരങ്ങള്‍ ആചരിക്കേണ്ടതുണ്ട്. ആത്മാവിന്റെ ശുദ്ധിക്കും മുക്തിക്കും കാമ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. വേദാദിഗ്രന്ഥങ്ങളിലെ കര്‍മ്മങ്ങള്‍ സാധാരണജനങ്ങള്‍ക്ക് പ്രാപ്യമല്ല. എന്നാല്‍ , മുഖ്യമായും ആഗമങ്ങളെയും പുരാണങ്ങളെയും ആശ്രയിച്ചുള്ള ദര്‍ശനമാണ് തന്ത്രശാസ്ത്രത്തിലേക്കു നയിക്കുന്നത്. അതുകൊണ്ട് തന്ത്രശാസ്ത്രത്തെക്കുറിച്ചുള്ള സാമാന്യബോധം ഭക്തന് ഉണ്ടാവേണ്ടതുണ്ട്.
രമേഷ് ശ്രീലകം രചിച്ച തന്ത്രബോധിനി എന്ന ഈ ഗ്രന്ഥത്തില്‍ താന്ത്രികജ്ഞാന പദ്ധതി, താന്ത്രിക ക്രിയാപദ്ധതി, താന്ത്രിക സാധനാപദ്ധതി എന്നീ ശീര്‍ഷകങ്ങളില്‍ തന്ത്രശാസ്ത്രത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. വ്യക്തിയെ ഈശ്വരപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് ഇതിലൂടെ ദര്‍ശനീയമാവുന്നത്. മനുഷ്യത്വത്തില്‍നിന്നും ഉയര്‍ന്ന് ഈശ്വരത്വത്തിലേക്ക് എത്തിച്ചേരുകയാണ് ഇതിന്റെയൊക്കെ അന്തസാരം.
ഒരു ഭക്തന്‍ തന്ത്രശാസ്ത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടുന്ന പ്രാഥമിക വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. കൂട്ടത്തില്‍ തന്ത്രശാസ്ത്രത്തിന്റെ പ്രയോജനം പ്രാധാന്യം, പാരമ്പര്യം എന്നിവയും സാധകന്‍ അനുഷ്ഠിക്കേണ്ടുന്ന ക്രിയകള്‍, മുദ്രകള്‍ എന്നിവയും മന്ത്രങ്ങള്‍ സഹിതം ലളിതമായി ഗ്രന്ഥകര്‍ത്താവ് വിവരിച്ചിരിക്കുന്നു. സാധനാപദ്ധതി എന്ന ശീര്‍ഷകത്തില്‍ വരുന്ന ഭാഗം വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നു.
സാധാരണ വായനക്കാര്‍ക്ക് മനസ്സിലാവുന്ന വിധത്തിലുള്ള ചിട്ടയായ വിഷയാവതരണമാണ് നിര്‍വഹിച്ചിരിക്കുന്നത്. തന്ത്രശാസ്ത്രത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളില്‍ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നിശ്ചയമായും ഈ ഗ്രന്ഥം ഉപകരിക്കും. ശാസ്ത്രത്തിന്റെ അടിത്തറ വിപുലപ്പെടുത്താനാഗ്രഹിക്കുന്നവര്‍ ഒരു വിജ്ഞാനഗ്രന്ഥമായി ഇത് സ്വീകരിക്കുമെന്നുറപ്പാണ്.
രമേഷ് ശ്രീലകം ഇത്തരം ഒരു ഗ്രന്ഥം രചിക്കുന്നതിന് നന്നായി പരിശ്രമിച്ചിട്ടുണ്ട്. വളരെ ഉത്തരവാദിത്വം ഉള്ളതും അതിലേറെ സാഹസികത നിറഞ്ഞതുമായ ഔദ്യോഗികമായ ചുമതല നിര്‍വഹിക്കുന്നതിനിടയ്ക്കും ഒരു ഗ്രന്ഥരചന നടത്തിയതിന് അദ്ദേഹം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
ഡോ.എന്‍.കെ.ശങ്കരന്‍
(മുന്‍ പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റ്റഡീസ്,
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി)
……
അവതാരിക
ഡോ.ടി. എസ്. വിജയന്‍ 
പുണ്യഭൂമിയായ നമ്മുടെ ഭാരതവര്‍ഷത്തില്‍ അനേകം വിശുദ്ധജ്ഞാനങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. അവയുടെയെല്ലാം ആത്യന്തികലക്ഷ്യംതന്നെ മാനവജീവിതത്തെ സഫലവും സമ്പൂര്‍ണവുമാക്കുകയാണ്. അതുകൊണ്ടാണ് ഈ വിജ്ഞാനധാരകള്‍ ‘ശാസ്ത്രം’ എന്ന പേരില്‍ അറിയപ്പെടുന്നത്. (ശാസനേന ത്രായതേ ഇതി ശാസ്ത്രം). ശാസ്ത്രങ്ങള്‍ ഭൗതികമായാലും അധ്യാത്മികമായാലും പരസ്പരപൂരകങ്ങളും പ്രേരകങ്ങളുമായി വര്‍ത്തിക്കുന്നു എന്നതാണ് ഭാരതീയ വിജ്ഞാനങ്ങളുടെ സവിശേഷത. സാമാന്യമായി ഭാരതീയ ശാസ്ത്രങ്ങള്‍ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയെ ലക്ഷ്യമാക്കുന്നതാണ്. പുരുഷാര്‍ത്ഥ പ്രാപ്തിക്കുള്ള അറിവുകളാണ് അവയില്‍ നിറഞ്ഞിരിക്കുന്നത്.
സ്വാംശീകരണത്തിനു വേണ്ടി ഈ ലക്ഷ്യങ്ങളെ ഒന്നുകൂടി സംഗ്രഹിച്ചാല്‍ സ്വര്‍ഗാപവര്‍ഗങ്ങള്‍ സിദ്ധിക്കുന്നു. ഐഹിക ജീവിതത്തിലെ ഐശ്വര്യങ്ങളാണ് ‘അഭ്യുദയം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമാണ് നിഃശ്രേയസം അഥവാ മോക്ഷം (സുഖദുഃഖരഹിതമായ അവസ്ഥ). ലക്ഷ്യങ്ങള്‍ സമാനങ്ങളായാലും അവയ്ക്കുള്ള മാര്‍ഗങ്ങള്‍ കാലികപ്രധാനങ്ങളായി ഉപദേശിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ കാലികപ്രാധാന്യമുള്ള ഒരു ശാസ്ത്രമാണ് തന്ത്രശാസ്ത്രം അഥവാ ആഗമം. പരമപുരുഷാര്‍ത്ഥ പ്രാപ്തിക്ക് കൃതയുഗത്തില്‍ തപസ്സും, ത്രേതായുഗത്തില്‍ യാഗവും, ദ്വാപരയുഗത്തില്‍ പൗരാണിക മാര്‍ഗങ്ങളും ഉപദേശിക്കുന്ന ഗുരുക്കന്മാര്‍ കലിയുഗത്തില്‍ തന്ത്രമാണ് നിര്‍ദേശിക്കുന്നത്.
കൃതേ ശ്രുത്യുക്ത ആചരഃ
ത്രേതായാം സ്മൃതി സംഭവഃ
ദ്വാപരേതു പുരാണോക്ത
കലാവാഗമ സമ്മതഃ
ആഗമം എന്നാല്‍, പഞ്ചവക്ത്രനായ പരമേശ്വരന്‍ (ആദിഗുരുവായ ശിവന്‍) ശക്തിയായ പാര്‍വതിക്ക് ഉപദേശിക്കുന്ന അറിവ് എന്നാണര്‍ത്ഥം. ഇതുപോലെ പാര്‍വതി ശിവനുപദേശിക്കുന്ന നിഗമവും ഇതില്‍ അന്തര്‍ഭവിക്കുന്നു. ഇതിന്റെ സമഷ്ടിയാണ് തന്ത്രശാസ്ത്രം എന്നത്.
തന്യതേ വിസ്താര്യതേ ജ്ഞാനം
അനേന ഇതി തന്ത്രം
എന്ന വൈശദ്യമനുസരിച്ച് അറിവിന്റെ വിസ്താരമാണ് തന്ത്രം.
സര്‍വ്വേ അര്‍ത്ഥഃയേന തന്യന്തേ
ഇതി തന്ത്രസ്യ തന്ത്രത്വം
എന്ന് മഹാത്മാക്കള്‍ ഉപദേശിക്കുന്നു. ധര്‍മ്മച്യുതി അധികരിച്ച കലിയുഗത്തില്‍ (ജ്ഞാനം, ദാനം, ശമം, ദമം ഇവ കുറഞ്ഞുവരുന്ന കാലഘട്ടത്തില്‍) സാര്‍വജനീനമായ ഒരു രക്ഷാമാര്‍ഗം കൂടിയാണ് തന്ത്രമാര്‍ഗ്ഗം. ഇത് എല്ലാ വിജ്ഞാനങ്ങള്‍ക്കുംകൂടി ആധാരമായതുകൊണ്ടാകാം അവയ്ക്കെല്ലാം തന്ത്രം എന്ന പേരുകൂടി ചേര്‍ത്തിരിക്കുന്നത്. (ഉദാഹരണം, രസതന്ത്രം, ഊര്‍ജതന്ത്രം, അഗദതന്ത്രം, കാതന്ത്രം മുതലായവ) തന്ത്രം അറിയുന്നവരെയാണ് ‘താന്ത്രികന്‍’ എന്നു പറയേണ്ടത്. അറിവ് അധീതി ബോധാചരണ പ്രചരണങ്ങളില്‍ അധിഷ്ഠിതമാണല്ലോ. ഇങ്ങനെ
ആശ്രയഃ സര്‍വ്വധര്‍മ്മാണാം
ഉപായഃ സര്‍വ്വകര്‍മ്മാണാം
എന്ന സ്ഥിതിവിശേഷത്തില്‍ തന്ത്രം ഇന്ന് എത്തിനില്‍ക്കുന്നു. ഭാരതീയശാസ്ത്രങ്ങളില്‍ ചിലവ കേവലം ഭൗതിക വിഷയങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. (യാവജ്ജീവഃ സുഖം ജീവേത് എന്ന ചാരുവായ വചനം ഉദാഹരണം) ചിലതെല്ലാമാകട്ടെ ശുഷ്‌കമായ ആധ്യാത്മികതയിലും (ഉദാഃ ബ്രഹ്മസത്യം ജഗത് മിഥ്യ). ഇവിടെ സാധാരണക്കാരന് രണ്ടും ഗുണം ചെയ്യുന്നില്ല. അപ്പോള്‍ ഏതൊരു ശ്രേണിയിലുള്ളവര്‍ക്കും യോഗ്യമായ ഒരു ശാസ്ത്രത്തിന്റെ ആവശ്യകത മുന്നിട്ട് നില്‍ക്കുന്നു. ഇതാണ് ആഗമം അഥവാ തന്ത്രശാസ്ത്രം.
തന്ത്രശാസ്ത്രം ജനസാമാന്യത്തിന് അന്യമായ എന്തോ ആണെന്നും, അന്ധവിശ്വാസ ജഡിലമാണെന്നും മറ്റും ധരിച്ചുവശായിട്ടുള്ളവര്‍ക്ക് അത്യന്തം പ്രയോജനപ്പെടുന്ന ഒരു അനര്‍ഘനിധിയാണ് ‘തന്ത്രബോധിനി’.
പ്രഥമഭാഗത്തില്‍ തന്ത്രശാസ്ത്രത്തെക്കുറിക്കുന്ന വിശദപഠനം പണ്ഡിതപാമര ഭേദമെന്യേ ഏവര്‍ക്കും അത്യന്തം പ്രയോജനപരമാണ്. മലയാളികളായ നമ്മുടെ താന്ത്രിക പാരമ്പര്യവും കേരളത്തിലെ ആചാര വിശേഷങ്ങളും, താന്ത്രിക സാധനകളും ദേവ്യൂപാസനയുടെ മഹിമയും ഇതിലൂടെ മനസ്സിലാക്കാം. മന്ത്രസിദ്ധിക്ക് പ്രധാനപ്പെട്ട കേരളചര്യകളും, മന്ത്രസാധനകളും, കേരളീയ താന്ത്രികക്രിയകളും (കേരളീയ പൂജാവിധാനവും) പിന്‍തുടരാന്‍ ആഗ്രഹിക്കുന്ന ജിജ്ഞാസുവിന് സ്വയമേവ പൂജാവിധാനം പഠിച്ച്, ഇഷ്ടദേവതയെ പൂജിച്ച് നിര്‍വൃതിയടയാന്‍ രണ്ടാംഭാഗം പ്രയോ ജനപ്പെടുന്നു. ഇതിലെ ചിത്രങ്ങള്‍ താന്ത്രികപൂജ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് വലിയൊരനുഗ്രഹമാണ്.
തന്ത്രശാസ്ത്രത്തില്‍ താന്ത്രികസാധന സാധ്യമാക്കേണ്ടതിന്റെ വിധാനങ്ങളും, വൈവിധ്യമാര്‍ന്ന താന്ത്രികചര്യകളും അവയുടെ പൊരുളെന്തെന്ന് ധരിപ്പിക്കുന്നതുമാണ് മൂന്നാംഭാഗമായ താന്ത്രിക സാധനാപദ്ധതി. ഇങ്ങനെ താന്ത്രികചര്യകളുടെ പൂങ്കാവനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് അത്യന്തം ഉപകാരപ്രദമായ ഒന്നാണ് രമേഷ് ശ്രീലകത്തിന്റെ ‘തന്ത്രബോധിനി’. ‘നല്ലതു കിട്ടിയാല്‍ നാലുപേര്‍ക്ക് കൊടുക്കണ’മെന്ന മലയാളിയുടെ മഹാവാക്യം ഇവിടെ സാഫല്യം പ്രാപിക്കുന്നു. താന്ത്രികോദ്യാനത്തിലെ സൗരഭ്യമാസ്വദിച്ച് സഞ്ചരിക്കുവാന്‍ ഈ മാര്‍ഗദര്‍ശകന്‍ നമുക്കു നല്‍കുന്ന സഹായം അനിര്‍വചനീയമാണ്. ആത്യന്തികമായി തന്ത്രമധുര ഫലങ്ങള്‍ നമ്മെ ഭുജിപ്പിച്ച് നിര്‍വൃതിയുടെ നിലയിലെത്തിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചു, ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു.
തന്ത്രബോധിനിയിലൂടെ ശ്രീ രമേഷ് ശ്രീലകം, ഭാസ്‌കര രായരുടെയും, പരശുരാമ പ്രഭ്യതി ഗുരുക്കന്മാരുടെയും മാര്‍ഗത്തെ പിന്തുടരുന്നു. ഇനിയും അദ്ദേഹത്തിനിതുപോലെ പരോപകാരപ്രദങ്ങളായ ഗ്രന്ഥതല്ലജങ്ങള്‍ രചിക്കുവാന്‍ ഇവിടത്തെ ഗുരുപരമ്പര അനുഗ്രഹങ്ങളേകട്ടെ.
ഡോ.ടി. എസ്. വിജയന്‍ 
ഗുരുപദം, കാരുമാത്ര,
കൊടുങ്ങല്ലൂര്‍