നല്ല ഹൈമവതഭൂവില്‍
(ഹിമാലയ യാത്രാവിവരണം)
എം.പി.വീരേന്ദ്രകുമാര്‍
മാതൃഭൂമി 2009
അമ്പതിലേറെ പതിപ്പുകള്‍ ഇറങ്ങിയ വിഖ്യാത ഹിമാലയ യാത്രാവിവരണ ഗ്രന്ഥമാണ് നല്ല ഹൈമവതഭൂവില്‍. ഗ്രന്ഥകര്‍ത്താവ് എം.പി.വീരേന്ദ്രകുമാര്‍ എഴുതിയ ആമുഖം ചുവടെ കൊടുക്കുന്നു:
ആമുഖം
വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ആല്‍പ്സ് തുടങ്ങിയ പര്‍വതങ്ങളുടെ താഴ്വരകളിലും മെക്കോങ്, ആമസോണ്‍, നൈല്‍, സിംബാസി, റൈന്‍, മിസ്സിസിപ്പി, നയഗാര, വോള്‍ഗ, തെയിംസ് ആദിയായ നദികളുടെ തീരങ്ങളിലും ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അന്യനാടുകളിലെ നഗരികളും പട്ടണങ്ങളും ഗ്രാമങ്ങളും എന്നെ ആകര്‍ഷിക്കുകയുണ്ടായി. അവ അവിസ്മരണീയങ്ങളായ യാത്രാനുഭവങ്ങളുടെ ഭാഗമായി ഇന്നും മനസ്സിലുണ്ട്.
എന്നാല്‍, നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രകള്‍ ഇവയില്‍ നിന്നൊക്കെ വ്യതിരിക്തമായി നില്‍ക്കുന്നു. ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയും ഹിമാലയ ഗിരിനിരകളിലൂടെയും താഴ്വരകളിലൂടെയും നദീതടങ്ങളിലൂടെയും സഞ്ചരിച്ചപ്പോള്‍ അനുഭവവേദ്യമായ ആത്മനിര്‍വൃതി മറ്റൊരിടത്തു നിന്നും ലഭിച്ചിട്ടില്ല. ഹിമാലയം വെറുമൊരു പര്‍വതരാജന്‍ മാത്രമല്ല; മഹത്തായൊരു സംസ്‌കൃതിയുടെ ഭാഗവും കൂടിയാണ്. ദര്‍ശനങ്ങള്‍, കവിത, സംഗീതം, ചിത്രമെഴുത്ത്, ശില്പവിദ്യ തുടങ്ങിയ നാനാതുറകളില്‍ സര്‍ഗാത്മകസൃഷ്ടികള്‍ക്ക് പ്രചോദനമരുളിയ പ്രകൃതിയുടെ അനുപമ വരദാനമാണ് ഹിമാലയം. ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു: ‘പര്‍വതങ്ങളില്‍ ഞാന്‍ ഹിമാലയം!’
സമ്പന്നവും വൈവിധ്യപൂര്‍ണവുമായ നമ്മുടെ സംസ്‌കൃതിയുടെ സ്രോതസ്സുകളിലേക്കുള്ള അന്വേഷണങ്ങളാണ് ഈ പഥങ്ങളിലൂടെയുള്ള യാത്രകള്‍. പലതവണ ഹൈമവതഭൂവില്‍ പോകാന്‍ എനിക്കു ഭാഗ്യമുണ്ടായി. ചില യാത്രകളില്‍ എന്റെ പത്‌നി ഉഷയും ‘മാതൃഭൂമി’യിലെ ഏതാനും സഹപ്രവര്‍ത്തകരും സഹയാത്രികരായിരുന്നു. ഈ യാത്രാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുകയെന്നതാണ് ഈ രചനയുടെ ലക്ഷ്യം. എത്രതന്നെ വിവരിച്ചാലും വര്‍ണിച്ചാലും ഈ പുണ്യഭൂമി മനസ്സില്‍ സൃഷ്ടിക്കുന്ന വികാരപ്രപഞ്ചം വാക്കുകളിലൊതുക്കുക പ്രയാസമാണ്.
ഭാഗീരഥി, അളകനന്ദ, മന്ദാകിനി, പിണ്ടാര്‍, നന്ദാകിനി തുടങ്ങിയ നദികളും അവയൊന്നായി സംഗമിച്ചൊഴുകുന്ന വിശുദ്ധ ഗംഗയും, നദീമോഹിനിയായ യമുനയും ഹിമവല്‍ ഹിമാനികളില്‍ നിന്നുത്ഭവിക്കുന്നു. അവയുടെ തടങ്ങളില്‍, മന്വന്തരങ്ങളിലൂടെ, ജനപഥങ്ങള്‍ രൂപപ്പെട്ടു. അവയൊരു മഹാസംസ്‌കൃതിക്ക് ജന്മം നല്ലി. ഭൂമിശാസ്ത്രപരമായ വൈജാത്യങ്ങളും ജീവിതരീതികളിലെ വ്യത്യസ്തതകളും വര്‍ഗ-ജാതി വ്യത്യാസങ്ങളും വിവിധ ഭാഷകളും ഋതുഭേദങ്ങളും ഈ മഹാസംസ്‌കൃതിയുടെ ഒഴുക്കിന് വിഘാതം സൃഷ്ടിച്ചില്ല. ഇന്നും അനുസ്യൂതമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഇത്തരമൊരു സംസ്‌കാരം ലോകത്തില്‍ മറ്റെവിടെയാണ് ദര്‍ശിക്കുവാന്‍ കഴിയുക!
യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ ചതുര്‍ധാമങ്ങള്‍ സ്ഥിതിചെയ്യുന്ന ഹിമാലയ ഗിരിനിരകളെയും താഴ്വരകളെയും അവയിലൂടെയൊഴുകുന്ന നദികളെയുമൊക്കെ ബന്ധപ്പെടുത്തുന്ന ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും നാടന്‍പാട്ടുകളും നൃത്തരൂപങ്ങളും ശില്പവൈഭവങ്ങളുമൊക്കെ ഭാരതത്തിന്റെ ആത്മ സത്തയുടെ ഭാഗമാണ്. ശിവ-പാര്‍വതിമാരുടെ ആവാസസ്ഥാനമത്രെ ഹിമാലയം; കൃഷ്ണന്റെ കേളീരംഗമോ, യമുനാതീരവും.
രാമനും സീതയും, കൃഷ്ണനും രാധയും, ശിവനും പാര്‍വതിയുമടക്കമുള്ള പുരാണേതിഹാസ കഥാപാത്രങ്ങള്‍ ഈ പ്രദേശത്തുമാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഹിമാലയം മുതല്‍ കന്യാകുമാരിവരെ അവരുടെ ഗാഥകള്‍ അലയടിക്കുന്നു. നമ്മുടെ ദര്‍ശനങ്ങളുടെയും ചിന്താധാരകളുടെയും സര്‍ഗാത്മകസിദ്ധികളുടെയും ജീവിതത്തിന്റെതന്നെയും ഊടും പാവു മാണ് പുരാണേതിഹാസങ്ങളും മിത്തുകളും നാടോടിശീലുകളും മറ്റും മറ്റും. പ്രവിശാലമായ ഭാരതഭൂഖണ്ഡത്തിലെ നാനാവിധമായ വൈരുധ്യ-വൈജാത്യങ്ങളെ അതിജീവിച്ചുകൊണ്ട് അവ തലമുറകളായി ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്.
ഹിമവല്‍സാനുക്കളിലൂടെയുള്ള യാത്രയ്ക്കിടയില്‍ നേടിയ അറിവുകളുടെയും അനുഭവങ്ങളുടെയും നിറവിലും കേരളമടക്കമുള്ള ഭൂപ്രദേശങ്ങളും അവയില്‍ തുടികൊട്ടി നില്‍ക്കുന്ന മിത്തുകളും നാടോടിക്കഥകളും ഐതിഹ്യങ്ങളുമൊക്കെ സ്മൃതികളില്‍ തെളിഞ്ഞത് ഈ പാരസ്പര്യത്തിന്റെ സ്വാധീനം കൊണ്ടുതന്നെയാണ്.
ഡല്‍ഹിയില്‍നിന്നാരംഭിച്ച യാത്രയില്‍, മയന്‍ തീര്‍ത്ത ഇന്ദ്രപ്രസ്ഥത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പുരാണേതിഹാസങ്ങള്‍ വാഴ്ത്തിപ്പാടിയതോര്‍ത്തു. മയനില്‍നിന്ന് നവദില്ലിയുടെ ശില്പികളായ ല്യൂട്യന്‍സിലേക്കും ബേക്കറിലേക്കുമുള്ള പ്രയാണത്തിനിടെ മുഗള്‍ ചക്രവര്‍ത്തിമാരുടെ സംഭാവനകളും മറ്റും സ്മൃതിയില്‍ തെളിഞ്ഞു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകന്‍ ദാരാ ശുക്കോവും മകള്‍ ജഹനാരയും മുഗളകാലചരിത്രകഥനത്തിനിടയ്ക്ക്, മനസ്സിന്റെ നൊമ്പരവും അസ്വസ്ഥതയുമായി. ചരിത്രസ്പന്ദനങ്ങള്‍ യാത്രാനുഭവങ്ങള്‍ക്ക് പതിഞ്ഞ പശ്ചാത്തലസംഗീ തമൊരുക്കുന്നതുപോലെ തോന്നി.
നിരവധി തവണ ഹരിദ്വാറിലും ഹൃഷീകേശിലും പോയിട്ടുണ്ട്. ഈ വിശുദ്ധഭൂമി നമ്മിലുണര്‍ത്തുന്ന ചിന്തകള്‍ നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നമ്മെയെത്തിക്കുന്നു. ഹരിദ്വാറിലെ വിശുദ്ധസ്‌നാനഘട്ടമായ ഹര്‍-കി-പൗരിയുമായി, സര്‍ഗധനനായ ഭര്‍തൃഹരിയും സഹോദരന്‍ വരരുചിയും പത്‌നി പഞ്ചമിയും അവരുടെ മക്കളായ ‘പറയിപെറ്റ പന്തിരുകുല’വും നിളയും വേദഭൂമിയായ തൃത്താലയുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നു.
ഹരിദ്വാറിനോട് ബന്ധപ്പെടുത്തിത്തന്നെ ഗംഗ അടക്കമുള്ള നദികള്‍ കച്ചവടതാത്പര്യങ്ങളുടെ അധിനിവേശത്തിലകപ്പെട്ട് നാശോന്മുഖമായ്‌ക്കൊണ്ടിരിക്കുന്നതിന്റെ ആകുലതകള്‍ നമ്മെ ഗ്രസിക്കുന്നു. പരിസ്ഥിതിത്തകര്‍ച്ച, കുടിവെള്ള മേഖലയിലേക്കുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം, അണക്കെട്ടുകള്‍, കുടിവെള്ള മേഖലയിലേക്കുള്ള കടത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയൊക്കെ വ്യഥകളായിത്തീരുന്നു.
രാമലക്ഷ്മണന്‍മാര്‍ കടന്നുപോയ വിശുദ്ധഭൂമിയാണ് ഗംഗാതീരത്തുള്ള ഹൃഷീകേശ്. ഡൂണ്‍ താഴ്വരയും മുസ്സൂറിയും കാഴ്ചവെക്കുന്നത് പ്രകൃതിയുടെ അനവദ്യസൗന്ദര്യമാണ്. മുസ്സൂറിയുടെ ഗാഥാകാരനായ റസ്‌കിന്‍ ബോണ്ടിനെ ഓര്‍ക്കാതെ ഈ പ്രദേശത്തുകൂടി കടന്നുപോകാനാവില്ല. ദേവപ്രയാഗിനും ഹൃഷീകേശിനുമിടയ്ക്കുളള വസിഷ്ഠഗുഹ സന്ദര്‍ശിച്ചതും വേറിട്ടൊരനുഭവമായി. കേരളീയനായ ചൈതന്യാനന്ദസ്വാമികളാണ് വസിഷ്ഠ ഗുഹാധിപതി.
യമുനോത്രി ക്ഷേത്രവിശുദ്ധിയുടെ ഭാഗം തന്നെയാണ് യമുന. ആ പുണ്യപ്രവാഹിനി തൊട്ടുണര്‍ത്തുന്നതോ, മുഗ്ധമായ രാധ-കൃഷ്ണ സങ്കല്പവും അതുമായി ബന്ധപ്പെട്ട ചാരുതയാര്‍ന്ന കഥകളും. ഗംഗോത്രിയുടെ പശ്ചാത്തലത്തില്‍ ഗംഗയുടെ കഥകളും വ്യഥകളും ഇതള്‍വിരിയുന്നു. അതോടനുബന്ധിച്ചാണ് ഹിമാനികള്‍ തകരുന്നതടക്കമുള്ള ആഗോളതാപനത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ യാത്രാനുഭവങ്ങളുടെ ഭാഗമായിത്തീരുന്നത്. വികസനത്തിന്റെ നാനാര്‍ഥങ്ങള്‍ ഗഢ്വാളിലെ അണക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ ചോദ്യചിഹ്നങ്ങളാകുന്നു.
വിശുദ്ധ നദീസംഗമ സ്ഥലികളായ ദേവപ്രയാഗ്, രുദ്രപ്രയാഗ്, സോണപ്രയാഗ്, കര്‍ണപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ്, കേശവപ്രയാഗ് എന്നിവ അവിസ്മരണീയ ദൃശ്യാനുഭവങ്ങളായിരുന്നു. ഈ ഏഴു നദീസംഗമങ്ങള്‍ ‘സപ്തപ്രയാഗ്’ എന്നറിയപ്പെടുന്നു.
കേദാര്‍നാഥില്‍നിന്നുത്ഭവിക്കുന്ന മന്ദാകിനിയുടെയും ബദരീനാഥില്‍നിന്നൊഴുകിയെത്തുന്ന അളകനന്ദയുടെയും സംഗമസ്ഥാനമായ രുദ്രപ്രയാഗ് സൃഷ്ടിക്കുന്ന നാദ-രാഗ-താളലയങ്ങള്‍ നമ്മെ മറ്റൊരു ലോകത്തിലേക്കാനയിക്കുന്നു. നാദസ്വരൂപനായ ശിവനെയും നാദസ്വരൂപിണിയായ പരാശക്തിയെയും സംഗീതജ്ഞനായ നാരദനെയും മുന്‍നിര്‍ത്തിയുള്ള സംഗീതസംബന്ധിയായ അന്വേഷണത്തിന് രുദ്രപ്രയാഗ് നിമിത്തമാവുകയായിരുന്നു. അഗസ്ത്യമുനിയും ഗുപ്തകാശിയും മ റ്റും സ്ഥലചരിതങ്ങളോടൊപ്പം വൈയക്തികസ്മരണകളും അനാവൃതമാക്കാന്‍ പ്രേരകമായി.
ഹിമം പുതച്ച ഗിരിശൃംഗങ്ങളുടെ പശ്ചാത്തലത്തില്‍, മന്ദാകിനീ താഴ്‌വരയെ അഭിമുഖീകരിച്ച് നിലകൊള്ളുന്നു കേദാരധാമം. മഹാഭാരതയുദ്ധാനന്തരം പാണ്ഡവന്മാര്‍ നിര്‍മിച്ചതത്രെ ഈ ശിവക്ഷേത്രം. ഇവിടെയെത്തുമ്പോള്‍, തന്ത്രവിദ്യയെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നിന്റെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമാണ് കേദാര്‍നാഥ്.
രുദ്രപ്രയാഗിനെപ്പോലെത്തന്നെ വിഖ്യാതമായ നദീസംഗമ സ്ഥലിയാണ് പിണ്ടാര്‍ നദിയും അളകനന്ദയും ഒത്തുചേരുന്ന കര്‍ണപ്രയാഗ്. മഹാഭാരതകഥയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കഥാപാത്രമായ കര്‍ണന്റെ ജീവിതാനുഭവങ്ങള്‍ എന്നും മനസ്സിന്റെ നൊമ്പരമാണ്. ‘സൂതപുത്രാ! വരിക്കില്ല നിന്നെ ഞാന്‍’ എന്ന ദ്രൗപദിയുടെ അവഹേളനവും, ”മകനേ, കര്‍ണാ! സൂര്യപുത്രനാണു നീ’ എന്ന കുന്തിയുടെ പശ്ചാത്താപവും, ‘കര്‍ണാ, നീ അര്‍ധരഥിയല്ല, മഹാരഥിയാണ്’ എന്ന ഭീഷമരുടെ സാക്ഷ്യവും കര്‍ണസംബന്ധിയായ മൂന്ന് അധ്യായങ്ങളുടെ ശീര്‍ഷകങ്ങളാണ്. ആര്‍ദ്രവും ദുഃഖപൂര്‍ണവുമായ കര്‍ണകഥയുടെ സൂചനകള്‍ കൂടിയാണ് ഇവ. ‘കൃഷ്ണന്‍ ചിത കൊളുത്തി; കര്‍ണന്‍ അനശ്വരനായി! എന്ന അധ്യായമാകട്ടെ, കര്‍ണജീവിതത്തിന്റെ ശോകപൂര്‍ണമായ അന്ത്യത്തെ പ്രതിപാദിക്കുന്നു. കര്‍ണപ്രയാഗ തീരത്തെ കര്‍ണക്ഷേത്രത്തില്‍ ഏറെനേരമിരുന്നപ്പോള്‍ മനസ്സിലുയര്‍ന്നുവന്ന കര്‍ണസ്മൃതികളാണ് എന്നും ദുര്‍വിധി വേട്ടയാടിയ ആ കൗന്തേയനെക്കുറിച്ചെഴുതാന്‍ പ്രചോദനം നല്‍കിയത്. നമ്മിലോരുത്തരിലുമുണ്ട് കര്‍ണഭാവങ്ങള്‍.
ബദരിനാഥിലെത്തിയതോടെ ചതുര്‍ധാമ ദര്‍ശനത്തിന്റെ നിറവിലായി യാത്രികരുടെ മനസ്സ്. ക്ഷേത്രത്തിലെ മുഖ്യപൂജാരി (റാവല്‍ജി)യായ പയ്യന്നൂര്‍ സ്വദേശി ബദരിപ്രസാദ് ഏവരുടെയും ആദരമര്‍ഹിക്കുന്നു. സരസ്വതിയും അളകനന്ദയും സംഗമിക്കുന്ന ബദരിയിലെ കേശവപ്രയാഗില്‍ വച്ചാണത്രെ വ്യാസ മഹര്‍ഷി ചൊല്ലിക്കൊടുത്ത മഹാഭാരതകഥ ഗണപതി പകര്‍ത്തിയെടുത്തത്.
ബദരീനാഥില്‍നിന്നു മടങ്ങുന്ന വഴിക്കാണ് വിഷ്ണുപ്രയാഗ തീരത്തുള്ള ജ്യോതിര്‍മഠ് അഥവാ ജോഷിമഠിലെത്തിയത്. ശ്രീശങ്കരന്‍ സ്ഥാപിച്ച മഠങ്ങളിലൊന്നത്രെ ജോഷിമഠ്. ഇവിടെവച്ച് ശങ്കരദര്‍ശനങ്ങള്‍ ചേതനയിലുണര്‍ന്നു. കൗസാനിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ട ആദി ബദ്രി, ബൈജ്‌നാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ പല സവിശേഷതകളുമു ള്ളവയാണ്. കൗസാനിയിലെ അനാസക്തി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജിയുടെ വര്‍ത്തമാനകാല പ്രസക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാതിരിക്കാനായില്ല. പ്രശസ്ത ഹിന്ദികവിയായ സുമിത്രാനന്ദന്‍ പാന്തിന്റെ ജന്മദേശമെന്ന പ്രശസ്തി കൂടിയുണ്ട്, പ്രകൃതിസൗന്ദര്യത്താല്‍ അനുഗൃഹീതമായ കൗസാനിക്ക്. ഇതോടെ, യാത്രാനുഭവകഥനത്തിന് താത്കാലികമായി തിരശ്ശീല വീഴുന്നു.
പ്രകൃതിമനോഹരമായ നൈനിറ്റാള്‍, ഗസലുകള്‍ക്ക് പേരുകേട്ട ചരിത്രനഗരിയായ ലഖ്നൗ, സരയൂതീരത്ത് ജൈന-ബൗദ്ധ-ഹൈന്ദവ സംസ്‌കാരങ്ങളുടെ സ്മരണകള്‍ തുടിച്ചുനില്ക്കുന്ന, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ച അയോധ്യ, പുണ്യഗ്രന്ഥങ്ങളുടെ പ്രസാധന കേന്ദ്രമായ ഗോരഖ്പൂര്‍, ഹിമവല്‍ശൃംഗങ്ങളുടെ മനോഹാരിതയെ ഒപ്പിയെടുക്കുന്ന നേപ്പാളിലെ പൊഖ്‌റ, ശ്രീബുദ്ധന്റെ ജനനത്താല്‍ അനുഗൃഹീതമായ ലുംബിനി, രക്തച്ചൊരിച്ചില്‍ ഏറെക്കണ്ട കാഠ്മണ്ഡു, ഗംഗാതീരത്ത് കാശി വിശ്വനാഥക്ഷേത്ര സാന്നിധ്യത്തിന്റെ നിര്‍വൃതിയനുഭ വിക്കുന്ന വാരാണസി, ത്രിവേണീസംഗമത്തിന്റെ വിശുദ്ധിയാല്‍ ധന്യമായ അലഹബാദ്, ബുദ്ധന് ജ്ഞാനോദയമുണ്ടായ ബുദ്ധഗയ, ബീഹാറിന്റെ തലസ്ഥാനമായ പാട്ന എന്ന പൗരാണികനഗരിയായ പാടലീപുത്രം….
ഒരു മാസത്തിലേറെ നീണ്ട യാത്രയ്ക്കിടെ ഈ പ്രദേശങ്ങളിലൂടെയൊക്കെ സഞ്ചരിച്ചു. അവകൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഈ യാത്രാവിവരണം പൂര്‍ണമാകൂ. എന്നാല്‍, വിസ്തരഭയത്താല്‍ അത്രയും ഭാഗം ബോധപൂര്‍വം ഒഴിവാക്കുകയാണ്. യാത്രാവേളകളില്‍, ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. മനസ്സിന്റെ സീമാതീതമായ പ്രയാണങ്ങള്‍കൂടി ഞങ്ങളുടെ യാത്രാനുഭവങ്ങളുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. തദനുസൃതമായൊരു ശൈലിയാണ് ഈ രചനയില്‍ ആദ്യന്തം സ്വീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ല്‍, ‘തളരുന്ന താഴ്വരകളും വരളുന്ന നദികളും’ എന്ന ശീര്‍ഷകത്തില്‍ ഈ യാത്രാനുഭവ വിവരണം പ്രസിദ്ധീകൃതമായി. പുസ്തകരൂപത്തിലാക്കുന്നതിനെക്കുറിച്ച് എന്റെ മാന്യസുഹൃത്ത് ഡോ. സുകുമാര്‍ അഴിക്കോടുമായി സംസാരിച്ച വേളയില്‍, ‘ഹൈമവതഭൂവില്‍’ എന്ന ശീര്‍ഷകം ഈ രചനയ്ക്ക് അന്വര്‍ഥമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് ഞാന്‍ സസന്തോഷം സ്വീകരിക്കുകയും പുസ്തകമാക്കിയപ്പോള്‍ ചില അധ്യായങ്ങളില്‍, അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യാത്രാവിവരണ രചനയ്ക്കിടെ ചില യാത്രകളില്‍ കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ പുതൂര്‍, കന്നഡ സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുള്ള സി.രാഘവന്‍, ജൈനദര്‍ശനത്തില്‍ പ്രത്യേക താത്പര്യം പുലര്‍ത്തുന്ന വി.വി. ജിനേന്ദ്രപ്രസാദ് (കടമന ബാബു), സുവര്‍ണ നാലപ്പാട്ട്, പ്രദീപ് ഗുരുവായൂര്‍ തുടങ്ങിയ പലരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. കൂടാതെ സഹയാത്രികരുമായും അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ സമ്പന്നമായ ഗ്രന്ഥാലയം, വിവരങ്ങള്‍ ശേഖരിക്കുന്നതിന് എനിക്കു തുറന്നുത രികയായിരുന്നു. അവരില്‍നിന്നൊക്കെ ലഭിച്ച സഹകരണങ്ങള്‍ കൃതജ്ഞതാപൂര്‍വം ഇവിടെ സ്മരിക്കട്ടെ. കുറിപ്പുകള്‍ തയ്യാറാക്കുന്നതില്‍ എന്നെ സഹായിച്ച ഡോ. എം.ആര്‍.രാജേഷ്, പി.എം.സുധാകരന്‍ എന്നിവരെയും ഞാന്‍ നന്ദിപൂര്‍വം ഓര്‍ക്കുന്നു. സുദീര്‍ഘമായ യാത്ര വീഡിയോയിലും ക്യാമറയിലും പകര്‍ത്തിയത് എം.നന്ദകുമാറും ടി.കെ. ശ്രീകുമാറുമാണ്. സുഗമമായി രചന നിര്‍വഹിക്കുന്നതില്‍ കുറച്ചൊന്നുമല്ല അവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നെ സഹായിച്ചിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോള്‍, ചില അധ്യായങ്ങള്‍ക്കുവേണ്ടി ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച ചിത്രങ്ങള്‍ ആഖ്യാനസന്ദര്‍ഭങ്ങള്‍ക്ക് ഏറെ മിഴിവ് നല്‍കുകയുണ്ടായെന്നും ഇവിടെ അനുസ്മരിക്കട്ടെ. പലപ്പോഴും ഗൈഡായി കൂടെയുണ്ടായിരുന്ന ‘വിവേകാനന്ദ ട്രാവല്‍സി’ലെ രാമദാസിനെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. പുസ്തകത്തിന്റെ കവര്‍ രൂപകല്പന ചെയ്തത് സൈനുല്‍ ആബിദ് ആണ്. അദ്ദേഹത്തോടും, ‘മാതൃഭൂമി ബുക്സ്’ ഡെവലപ്മെന്റ് മാനേജര്‍ ഒ.കെ. ജോണിയോടും നന്ദി പ്രകാശിപ്പിക്കട്ടെ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ യാത്രാനുഭവ വിവരണം ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോള്‍ വായനക്കാരില്‍നിന്ന് ആശാവഹമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ പുസ്തകരൂപത്തില്‍ ഈ രചന സഹൃദയസമക്ഷം വിനയപുരസ്സരം സമര്‍പ്പിച്ചുകൊള്ളുന്നു.
എം.പി.വീരേന്ദ്രകുമാര്‍
കോഴിക്കോട്
10.09.2007
Leave a Reply